ഓടെടാ ഓട്ടം

berlin olympic stadium

———–

“നമുക്ക് എല്ലാവർക്കും സ്വപ്നങ്ങൾ കാണും.അതിനെ യാഥാർഥ്യമാക്കുവാൻ ധാരാളം ദൃഢനിശ്ചയം ,സമർപ്പണം ,അച്ചടക്കം , പരിശ്രമം എന്നിവ വേണം ” ജെസ്സി ഓവൻസ്”

———–

ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്.

പ്രത്യേകം സജ്ജീകരിച്ച റോഡിന്റെ അങ്ങേ തലക്കൽ നൂറു മീറ്റർ ഓട്ടത്തിന്റെ വിജയിയെ കണ്ടെത്താൻ ടീച്ചറുമാർ നൂലും പിടിച്ചു കാത്തു നിൽപ്പുണ്ടായിരുന്നു.

നൂൽ ഒരു നൂലാമാല ആയതുകൊണ്ട് ഞാൻ അതിലൊന്നും ചെന്ന് കുരുങ്ങിയില്ല. എന്റെ കപ്പാസിറ്റി നന്നായി അറിയാവുന്നതുകൊണ്ട് ഇന്ന് ഇതുവരെ ഒരു പട്ടി ഇട്ടു ഓടിച്ചാൽ പോലും കോമ്പ്രമൈസ് ആണ് താല്പര്യം .

ഇങ്ങനെയൊക്കെ ഓടി തളർന്ന എനിക്ക് ഓട്ടക്കാരോട് ഓരു പ്രത്യേക ബഹുമാനമുണ്ട്.പി ടി ഉഷ , ഷൈനി വിൽ‌സൺ ,വത്സമ്മ തുടങ്ങിയ അക്കാലത്തെ ഓട്ടക്കാർ എല്ലാവരും വനിതാ രത്നങ്ങൾ ആയിരുന്നതുകൊണ്ട് കേരളത്തിലെ പുരുഷ കേസരികൾ ഓട്ടത്തിൽ പയറ്റി തെളിഞ്ഞിട്ടില്ല എന്നതും ഒരു ആശ്വാസമായിരുന്നു.

ഓട്ടക്കാരിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ഓട്ടക്കാരൻ രക്തത്തിനായി ദാഹിച്ചു കേരളം മുഴുവൻ ഓടിയ സ്വർണ്ണക്കട മുതലാളി ആയിരുന്നു.

ജർമൻ (അങ്ങനെ പറയാൻ പാടില്ലെന്നാണ് ആംഗലേയ ഭാഷ തീരെ താല്പര്യം ഇല്ലാത്ത ജർമൻകാരുടെ പക്ഷം. ഡോയ്ച്ച് ലാൻഡ് എന്ന് പറയണം പോലും.) തലസ്ഥാനമായ ബെർലിനിൽ ഒരു ഓട്ട പ്രദക്ഷിണം നടത്തിയപ്പോൾ എന്ത് കൊണ്ട് ബെർലിൻ ഒളിപിക്‌സ് സ്റ്റേഡിയം ഒന്ന് ഓടിനടന്നു കണ്ടുകൂടാ എന്നൊരു തോന്നൽ.

റെയിൽവേ സ്റ്റെഷൻ

ഓടിത്തളർന്നു ബെർലിൻ ഒളിമ്പിക്സ്റ്റേഡിയത്തിന്റെ ഒളിമ്പിക്സിന്റെ കൂറ്റൻ വളയം ആലേഖനം ചെയ്ത കൂറ്റൻ കവാടം കടന്നു അകത്തേക്കു കയറി .

ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോൾ സാദാ ടിക്കറ്റ് ഇല്ലപോലും. ഗൈഡഡ് ടൂർ എന്ന പേരിൽ കൂടുതൽ കാശ് പിടുങ്ങാനുള്ള പരിപാടി.

രണ്ടു ഗൈഡഡ് ടൂർ ടിക്കറ്റ് ഓർഡർ ചെയ്തപ്പോൾ അടുത്ത ആഗോള പ്രശ്‍നം ഉടലെടുത്തു.. ഗൈഡ് ഡോയ്ച്ച്ൽ മാത്രമേ സംസാരിക്കൂ എന്ന്.അതായത് ഇംഗ്ലീഷ് നഹി മാലൂം ..!!

ദോശ കഴിക്കുന്ന മലയാളികളായ നമുക്കെന്ത് ഡോയ്ച്ച്. നാക്കു വടിച്ചു സംസാരിച്ചാൽ മലയാളം നാക്കു വടിക്കാതെ സംസാരിച്ചാൽ ഡോയ്ച്ച് .

കൂടെ ഉണ്ടായിരുന്ന സഹോദര പുത്രൻ ആൽവിന് ഡോയ്ച്ച് അറിയാമായിരുന്നു.

കൃത്യം ആറുമണിക്ക് ഞങ്ങളുടെ ഗൈഡ് വിസിലും തലയിൽ ബാലചന്ദ്രമേനോൻ മോഡലിൽ ഒരു തലേക്കെട്ടും അലസമായി ഇട്ടിരിക്കുന്ന നീളൻ മുടിയും ഒക്കെയായി ഓടിക്കിതച്ചെത്തി ..

ഗൈഡ് ആണെന്ന് തിരിച്ചറിയാൻ കുപ്പായത്തിൽ ഗൈഡ് എന്നൊക്കെ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.

ഓരോരുത്തരെയായി ചീട്ടു കീറി അകത്തേക്ക് ആനയിച്ചു.

ഗൈഡ് തന്റെ തള്ളൽ തുടങ്ങി ജർമൻ ഭാഷയിൽ തള്ളിയത് തമാശയാണെന്ന് കൂടെയുള്ള സായിപ്പന്മാരുടെ ചിരിയിൽ നിന്നും മനസിലാക്കിയ ഞാനും ഫ്രെണ്ട്സ് സിനിമയിൽ ശ്രീനിവാസൻ മോഡലിൽ അവരോടൊപ്പം നന്നായി കുലുങ്ങി ചിരിച്ചു.

ബെർലിൻ ഒളിപിക്‌സ് സ്റ്റേഡിയത്തിനും പറയാനുണ്ട് ഒരു ഓട്ടകഥ.1936ലെ സമ്മർ ഒളിമ്പിക്സ് കാലം. ജർമൻ ഏകാധിപതി ഹിറ്റ്ലറിന്റെ കൂർമ്മ ബുദ്ധിയിൽ ഉരുത്തിരിഞ്ഞതാണു ബെർലിൻ ഒളിമ്പിക് സ്റ്റേഡിയം. ഒളിപിക്‌സിലുടനീളം ജർമൻ ഏകാധിപത്യം ആയിരുന്നു ഹിറ്റ്ലറിന്റെ ലഷ്യം.

അമേരിക്കയെ പ്രതിനിധീകരിച്ചു സമ്മർ ഒളിംപിക്സ് ഓട്ട മത്സരത്തിൽ പങ്കെടുത്തത് കറുത്ത വർഗക്കാരനായ ജെസ്സി ഓവൻസ്. പൊതുവെ കറുത്ത വർഗക്കാർ അവഗണിക്കപ്പെടുന്ന ഒരു കാലം.അതും പോരാഞ്ഞു അമേരിക്കയും ജർമനിയും ബദ്ധ ശത്രുക്കൾ.

ജെസ്സി ഓവൻസ് ഓട്ടത്തിലെ ഒളിപിപിക്‌സ് സ്വർണ മെഡലുകൾ തൂത്ത് വാരി. ഇത് കണ്ടു സഹിക്കവയ്യാതെ മെഡൽ പോലും നൽകാതെ ഹിറ്റ്ലർ കണ്ടം വഴി ഓടി.

ബെർലിൻ സ്റ്റേഡിയം രണ്ടു ലോകകപ്പ് ഫുട്ബാൾ മാമാങ്കങ്ങൾക്കും നിരവധി അന്തർദേശിയ മത്സരങ്ങൾക്കും വേദിയായി.

ഗൈഡ് ഞങ്ങളെ സ്റ്റേഡിയം മുഴുവൻ ഓടിനടന്നു കാണിക്കുന്നു.ഞങ്ങളെ സ്റ്റേഡിയത്തിന്റെ അകവും പുറവും എല്ലാം നന്നായി ചുററി നടത്തി കാണിച്ചു.

ഫുട്ബോൾ മത്സരം നടക്കുമ്പോൾ ഉപയോഗിക്കാനുള്ള ടീമിന്റെ ചെയ്ഞ്ചിങ് റൂം, സ്ട്രാറ്റജി ബിൽഡിംഗ് റൂം ,പൂള് ,ഇഞ്ചുറി ഉണ്ടായാൽ പരിചരിക്കുന്ന ഇടം , പ്രാർത്ഥിക്കുവാനുള്ള ചാപ്പൽ,പ്രസ് കോൺഫ്രൻസ് നടത്താനുള്ള മുറി ,എന്നുവേണ്ട എല്ലാത്തിനെയും ഓടിനടന്നു നടന്നു കാണിച്ചു തന്നു.

വംശീയത തലയ്ക്കു പിടിച്ച ഒരു ജനതയ്ക്ക് മുൻപിൽ വേണ്ടവിധം ആദരിക്കാത്തതിന്റെ കുറവ് നികത്താനെന്നോണം ജെസ്സി ഓവന്റെ ഓർമക്കായി ഒരു ഗാലറിയും ബെർലിൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്ന് സജ്ജമാക്കിയിട്ടുണ്ട്.

രസികനായ ഞങ്ങളുടെ ഗൈഡ് ജർമൻ ഭാഷയിൽ തമാശ പറഞ്ഞു എല്ലാരേയും രസിപ്പിച്ചുകൊണ്ടേയിരുന്നു.

തലേ ദിവസത്തെ ഫുട്ബോൾ മത്സരം സ്റ്റേഡിയത്തെ നന്നേ അവശയാക്കിയിരുന്നു.

സമയം വൈകുന്നേരം എട്ടുമണിയോടടുക്കുന്നു.ഗൈഡ് തന്റെ ജർമൻ വിവരണങ്ങൾ അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നു.

ഞങ്ങൾ എല്ലാവരും ഗൈഡഡ് ടൂറ് കഴിഞ്ഞു സ്റ്റേഡിയത്തിനു പുറത്തു എത്തി.

അസ്തമയ സൂര്യൻ ഓടിമറയുന്നതിനു മുൻപ് തന്നെ ഞങ്ങൾ തിരികെയുള്ള ട്രെയിൻ പിടിക്കാനുള്ള ഓട്ടം തുടങ്ങികഴിഞ്ഞിരുന്നു.