നിറമണിഞ്ഞു ഗ്രാസ്

graz austria

പൊടുന്നനെയാണ് ട്രാമിലേക്കു ഒരു ഓസ്ട്രിയൻ വനിത ചുട്ടെടുത്ത ചൂട് പിസ്സയുമായി കയറി വന്നത്. പിസ്സയുടെ മണം ട്രാമിലാകെ പടർന്നു. വെള്ളിയാഴ്ച്ച വൈകിട്ട് ജോലി ഒക്കെ കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിയായിരുന്നിരിക്കണം അവർ. വൈകിട്ടത്തെ ഭക്ഷണം പാകം ചെയ്യൽ ഒഴിവാക്കാനായിരിക്കാം പിസ്സ വാങ്ങിയത്.

അടുത്ത രണ്ടു സ്റ്റോപ്പ് കഴിയുമ്പോൾ എനിക്ക് ഇറങ്ങണം. കഴിഞ്ഞ രണ്ടു ദിവസം ഗ്രാസ് പട്ടണത്തിന്റെ കാഴ്ചകൾ കണ്ടതിനു ശേഷം ഓസ്ട്രിയയിലെ മനോഹര പട്ടണമായ ഹാൾസ്റ്റാറ്റിനു ട്രെയിൻ പിടിക്കാനുള്ള യാത്രയിലാണ് ഞാൻ.

യൂറോപ്യൻ ക്യാപിറ്റൽ ഓഫ് കൾച്ചർ

2003-ൽ ‘യൂറോപ്യൻ ക്യാപിറ്റൽ ഓഫ് കൾച്ചർ’, 2009-ൽ ‘സിറ്റി ഓഫ് ഡിസൈൻ’ എന്നീ ബഹുമതികൾ ലഭിച്ച ഗ്രാസ് ,ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമാണ്. മർ നദിയുടെ കരയിൽ സ്ഥിതി ചെയ്യൂന്ന ഈ പട്ടണം യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സംരക്ഷിത ചരിത്ര പ്രദേശങ്ങളിൽ ഒന്നാണ്.

പ്രശസ്ത ഹോളിവുഡ് താരം അർനോഡ് ഷ്വാർസിംനെഗറുടെ ജന്മ സ്ഥലവുമാണ് ഈ കൊച്ചു പട്ടണം. അദ്ദേഹത്തിന്റെ ബാല്യത്തെയും കരിയറിനെയും കുറിച്ചുള്ള മ്യൂസിയയവും ഗ്രാസ്സിൽ ഒരുക്കിയിട്ടുണ്ട്.

യുനെസ്കോയുടെ ലോക പൈതൃക നിരയിൽ ഗ്രാസ്സിലെ സിറ്റി സെന്ററും എഗൻബെർഗ് കൊട്ടാരവും ഇടം പിടിച്ചിട്ടുണ്ട്.

യൂറോപ്പിലെ ഏറ്റവും മികച്ച പട്ടണങ്ങളിൽ ഒന്നാണ് ഗ്രാസ്. ഓസ്ട്രിയയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഹംഗേറിയൻ, സ്ലോവേനിയൻ അതിർത്തികൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗ്രാസ്, ഏതാണ്ട് ഏഴ് ലക്ഷത്തോളം മനുഷ്യർ താമസിക്കുന്ന ,ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്.ഓസ്ട്രിയയുടെ വിദ്യാഭ്യാസ തലസ്ഥാനം കൂടിയാണ് ഈ പട്ടണം. ഏതാണ്ട് അറുപതിനായിരത്തോളം കുട്ടികൾ വിവിധ സർവകലാശാലകളിലായി ഇവിടെ പഠിക്കുന്നു.

മനോഹരമായ പള്ളികൾ, ചരിത്രപരമായ കാഴ്ചകൾ, ടൂറിസ്റ്റ് സൗഹൃദരായ തദ്ദേശീയർ ,എന്നിവ കൊണ്ട് ഈ പട്ടണം വേറിട്ട്നിൽക്കുന്നു.

ഞാൻ ഗ്രാസ്സിൽ എത്തുന്നത് വൈകുന്നേരം നാല് മണിക്കാണ്. മഞ്ഞു മൂടിയ ആ സായാഹ്നത്തിൽ ആദ്യം പോയത് മനോഹരമായ ഷ്ലോസ്ബർഗും ക്ലോക്ക് ടവറും കാണുവാനാണ് . 

ഷ്ലോസ്ബർഗ്എന്നജർമ്മൻവാക്കിന്റെഅർത്ഥംമലമുകളിലെഒരു കോട്ട എന്നാണ്

.ഓൾഡ്ടൗണിനകത്തുഗ്രാസിന്റെഹൃദയഭാഗത്ത്സ്ഥിതിചെയ്യുന്നനഗരത്തിലെഏറ്റവുംപ്രശസ്തമായഇടമാണ്ഷ്ലോസ്ബർഗ്

മുന്നൂറൊളം പടികൾ ചവുട്ടി വേണം കോട്ടയുടെ മുകളിൽ എത്താൻ. പടി കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് രണ്ടു യൂറോ കൊടുത്താൽ ലിഫ്റ്റിൽ മുകളിൽ കോട്ടയുടെ എത്താം .അവിടെ എത്തി കഴിഞ്ഞാൽ ഗ്രാസ് പട്ടണത്തിന്റെ ഒരു ഹെലിക്കോപ്റ്റർ കാഴ്ച കണ്ട പ്രതീതിയാണ് സന്ദർശകർക്കായി കാത്തിരിക്കുന്നത്. ചുവപ്പൻ ചായം പൂശിയ മധ്യകാല കെട്ടിടങ്ങൾക്കിടയിൽ ഗോത്തിക് ശൈലിയിൽ നിർമ്മിച്ച പള്ളികളും പുതിയ കാലത്തിന്റെ ശില്പചാതുര്യം വിളിച്ചോതുന്ന നിർമ്മിതികളും എല്ലാം ചേർന്ന ഒരു കാഴ്ച.

28 മീറ്റർ ഉയരമുള്ള ക്ലോക്ക് ടവറാണ് ഷ്‌ലോസ്‌ബെർഗിലെ മറ്റൊരു ഹൈലൈറ്റ്, ഗ്രാസിന്റെ ലാൻഡ്‌മാർക്ക് എന്ന് വേണമെങ്കിൽ ക്ലോക്ക് ടവറിനെ വിശേഷിപ്പിക്കാം. നഗരത്തിന്റെ ഏതു കോണിൽ നിന്ന് നോക്കിയാലും കാണാവുന്ന രീതിയിലാണ് ഇതിന്റെ നിർമ്മിതി.

1560ൽ ആണ് ഈ മധ്യകാല ക്ലോക്ക് ടവർ പണി കഴിപ്പിച്ചത് .കൂറ്റൻ ഘടികാരമുഖം ഇന്നും ഗ്രാസ് പട്ടണത്തിന്റെ മുഖശ്രീ ആയി ഇങ്ങനെ തലയെടുപ്പോടെ നിൽക്കുന്നു. ഇനി ഈ കോട്ടയുടെ മുകളിൽ ഗ്രാസ് പട്ടണത്തിന്റെ കാഴ്ചകളും കണ്ടു അല്പം ഭക്ഷണം ആസ്വദിക്കേണം എങ്കിൽ അതിനുള്ള ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നിന്നും തീവണ്ടി മാർഗമാണ് ഗ്രാസ്സിൽ എത്തിയത്. ട്രെയിനിന്റെ ചില്ലു ജാലകങ്ങളിൽ മാറി മറഞ്ഞത് ഓസ്ട്രിയൻ ഗ്രാമങ്ങളുടെ നയന മനോഹരമായ കാഴ്ചകൾ മറക്കാനാവാത്ത അനുഭവമാണ്. 

ക്ലോക്ക് ടവർ കണ്ടു കഴിഞ്ഞപ്പോൾ വിശപ്പിന്റെ വിളിയെത്തി. സ്റ്റിറിയെൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഗ്രാസ്സ് പട്ടണം ഈ പ്രവിശ്യയുടെ തനതായ വിഭവങ്ങൾ പലതും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

സ്റ്റിറിയയിൽ നിന്നുള്ള ഏറ്റവും പരമ്പരാഗത വിഭവങ്ങളിൽ ഒന്നാണ് കെഫെർബോനെൻസലാറ്റ്(Käferbohnensalat)സ്റ്റീറിയൻ സ്കാർലറ്റ് റണ്ണർ ബീൻസ് ആണ് കെഫെർബോനെൻ, പതിനാറാം നൂറ്റാണ്ട് മുതൽ സ്റ്റിറിയയിൽ ഈ ബീൻസ് കൃഷിചെയ്യുന്നു.

വളരെ ലളിതമായ ഈ സാലഡിൽ, വേവിച്ച ബീൻസ് വിനാഗിരി, പംപ്കിൻ സീഡ്‌ ഓയിൽ, ഉള്ളി,ഉപ്പ്, കുരുമുളക്, ഒരു നുള്ള് പഞ്ചസാര എന്നിവ ചേർത്താണ് തയാറാക്കുന്നത്.

ഓസ്ട്രിയയുടെ ഏറ്റവും തനത് വിഭവമാണ് സ്നിസ്ചെൽ. കനം കുറഞ്ഞ മാംസം

മാവിൽ മുക്കി വറത്തെടുക്കുന്ന ഈ വിഭവം ഓസ്ട്രിയയിലെ ഏറ്റവും പ്രശസ്തമായ വിഭവമാണ്. ഗ്രാസ് ഉൾപ്പെടുന്ന സ്റ്റിറിയൻ പ്രവിശ്യയിലെ ഭക്ഷണ സംസ്കാരത്തിനും പ്രത്യേകതകൾ ഏറെയുണ്ട്. 

മത്തങ്ങായുടെ കുരുവിൽ നിന്നും വേർതിരിച്ചെടുക്കുന്ന പംപ്കിൻ സീഡ് ഓയിൽ ഇവിടുത്തുകാരുടെ മേശപ്പുറത്തു എപ്പോഴും കാണും. സലാഡിലും മറ്റു വിഭവങ്ങളിലും അതൊഴിച്ചാണ് ഭക്ഷണം കഴിപ്പ് എന്ന് ഓസ്ട്രിയൻ സുഹൃത്ത് പറഞ്ഞപ്പോൾ എനിക്കതൊരു പുത്തൻ അറിവായിരുന്നു. 

ഓസ്ട്രിയൻ സുഹൃത്ത് ലണ്ടനിൽ ജോലി ചെയ്തപ്പോൾ കാണുവാൻ ചെന്ന സുഹൃത്തുക്കൾ സമ്മാനമായി നൽകിയത് പംപ്കിൻ സീഡ്‌ ഓയിൽ ആയിരുന്നു അത്രേ .ഇവരുടെ ഭക്ഷണ സംസ്കാരത്തിൽ പംപ്കിൻ സീഡ്‌ ഓയിലിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഭവമായി എനിക്കത് അനുഭവപ്പെട്ടു.

ഗ്രാസ്സിൽ ആകെയുള്ളതു ഒരു ദിവസമാണ്. ഓസ്ട്രിയയിലെ മനോഹര ഗ്രാമമായ ഹാൾസ്റ്റാറ്റിലേക്കു പോകുന്ന വഴിയിലെ ഒരു ഇടത്താവളമാണ് ഗ്രാസ്. ഈ വർഷത്തെ ടൂറിസം സീസൺ ഇനിയും ആരംഭിക്കാത്ത ഗ്രാസ്സിൽ പല പ്രധാന കാഴ്ചകളും വാർഷിക അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. യൂറോപ്പിലെ വേനൽകാലമായ ജൂൺ മുതലാണ് ഗ്രാസ് സന്ദർശിക്കാൻ മികച്ച സമയം. രണ്ടാം ദിവസം രാവിലെ തന്നെ എഴുന്നേറ്റു ഗ്രാസ് പട്ടണത്തിന്റെ മറ്റു കാഴ്ചകൾ കാണുവാൻ നടന്നു.

ഗ്രാസ്സ് ഓൾഡ് ടൌൺ

യുനെസ്‌കോയുടെ പൈതൃക ലിസ്റ്റിൽ ഇടം പിടിച്ച ഓൾഡ് ടൗൺ ചരിത്രപരമായ വാസ്തുവിദ്ദ്യകൾകൊണ്ട് മനോഹരമാണ്, തിരക്കൊഴിഞ്ഞ രാവിലെ ചെറിയ തണുപ്പിൽ ഓൾഡ് ടൗണിൽകൂടിയുള്ള നടത്താം നല്ലൊരു അനുഭവമാണ്. മർ നദിയുടെ ഇടത് കരയിലുള്ള ഹാപ്റ്റ്പ്ലാറ്റ്സ്, മെയിൻ സ്ക്വയർ എന്നിവ ഓൾഡ് ടൗണിലെ പ്രധാന കാഴ്ചകളാണ്. 1893-ൽ പണികഴിപ്പിച്ച ടൗൺ ഹാൾ (റാത്തൗസ്) ഓൾഡ് ടൗണിലെ മറ്റൊരു പ്രധാന ആകർഷണമാണ്.

സ്റ്റിറിയൻ ആയുധപ്പുര

1642 നും 1645 നും സ്റ്റിറിയ ഓട്ടോമൻ രാജവംശത്തിന്റെ ആക്രമണം പ്രതീക്ഷിച്ചിരുന്നു.അതിനായിട്ടു തദ്ദേശീയരെ സജ്ജരാക്കുന്നതിന്റെ ഭാഗമായിട്ടു ഒരു ആയുധപ്പുര നിർമ്മിച്ചു.അങ്ങനെയാണ് ഇന്നത്തെ സ്റ്റിറിയൻ ആയുധപ്പുരയുടെ ആരംഭം.

സ്റ്റിറിയൻ പ്രവിശ്യയുടെ ഒരു സൈനിക കേന്ദ്രമെന്ന നിലയിൽ ഗ്രാസിന് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്.

ഓൾഡ് ടൗണിന്റെ തൊട്ടടുത്ത്, മനോഹരമായ ഇറ്റാലിയൻ വാസ്തുവിദ്യയിലാണ് സ്‌റ്റിറിയൻ ആയുധപ്പുര സ്ഥിതിചെയ്യുന്നത്.

1642 മുതൽ സ്റ്റിറിയൻ പ്രവിശ്യയുടെ ആസ്ഥാനമായിരുന്ന ഈ ആയുധപ്പുര ഇന്നൊരു ചരിത്ര മ്യൂസിയമാണ്.

സ്‌റ്റിറിയൻ രാജാക്കന്മാരുടെ പ്രതാപകാലത്തെ ആയുധങ്ങൾ ഉൾപ്പെടുന്ന ആയുധപ്പുരയിൽ 4,259 പിസ്റ്റളുകൾ ഉൾപ്പെടെ 13,400 ആയുധങ്ങൾ ഉൾപ്പെടുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരിത്ര ആയുധശാലയാണ് ഗ്രാസ്സിലെ സ്റ്റിറിയൻ ആർമറി മ്യൂസിയം.

ആർട്ട് മ്യൂസിയം

ഗ്രാസിന്റെ അതിമനോഹരമായ പഴയ വാസ്തുവിദ്യയുടെ നടുവിൽ വ്യത്യസ്തമായ വാസ്തു വിദ്യയിൽ പണികഴിപ്പിച്ച ഗ്രാസ് ആർട്ട് മ്യൂസിയം , 2003-ൽ ഈ നഗരത്തെ യൂറോപ്യൻ സാംസ്കാരിക നഗരമായി തിരഞ്ഞെടുത്തതിന്റെ അടയാളമായി നിർമ്മിച്ചതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ സമകാലിക കലയുടെ സൃഷ്ടികളിൾ കൊണ്ട് മനോഹരമായ ആർട്ട് മ്യൂസിയം പല കലാ പ്രദര്ശനങ്ങൾക്കും വേദിയാകാറുണ്ട്.

സെന്റ് ഗൈൽസ് കത്തീഡ്രൽ

1438-62 കാലഘട്ടത്തിലാണ് ഈ കത്തീഡ്രൽ പണി കഴിപ്പിച്ചത്. ഗോത്തിക് ശൈലിയിൽ പണികഴിപ്പിച്ച ഈ ദേവാലത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

കത്തീഡ്രലിനോട് തൊട്ടു ചേർന്ന് നിൽക്കുന്ന ഫെർഡിനാൻഡ് രണ്ടാമൻ ചക്രവർത്തിയുടെ ശവകുടീരം സന്ദര്ശകരുടെ പ്രധാന ആകർഷണമാണ്. 1600-കളുടെ തുടക്കത്തിൽ നിർമ്മിച്ച അതിമനോഹരമായ ഈ ശവകുടീരത്തിലേക്കുള്ള പടികൾ മികച്ച ഒരു ഫോട്ടോ സ്പോട്ടും കൂടിയാണ്.

എഗ്ഗൻബെർഗ് കൊട്ടാരം

ഗ്രാസിന്റെ നഗര കേന്ദ്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് ഒരു കുന്നിൻ ചരുവിലുള്ള എഗ്ഗൻബെർഗ് കൊട്ടാരം ഗ്രാസ്സിലെ മനോഹര കാഴ്ചകളിൽ ഒന്നാണ്.

1635 ബറോക്ക് ശൈലിയിൽ നിർമിച്ച കൊട്ടാരത്തിന്റെ ആർട്ട് ഗാലറി നിരവധി ബറോക്ക് ശിൽപങ്ങളും പെയിന്റിംഗുകളും കൊണ്ട് പ്രൗഢ ഗംഭീരമാണ്. നിർഭാഗ്യവശാൽ വാർഷിക അറ്റകുറ്റപ്പണിക്ക് വേണ്ടി കൊട്ടാരം അടച്ചിട്ടിരുന്നതിനാൽ പുറമെ നിന്നുള്ള കാഴ്ചകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഒന്നോ അല്ലെങ്കിൽ രണ്ടു ദിവസങ്ങൾ കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്ന മികച്ച യൂറോപ്യൻ മധ്യകാല പട്ടങ്ങളുടെ ലിസ്റ്റ് എടുത്താൽ ഗ്രാസ് തീർച്ചയായും ഇടം പിടിക്കും. വളരെ സിംപിൾ ആയ പൊതു ഗതാഗത സംവിധാനവും ഈ വിനോദസഞ്ചാര സൗഹൃദ പട്ടണത്തിന്റെ മുഖമുദ്രയാണ്.

മികച്ച ഭക്ഷണ വൈവിധ്യങ്ങളുടെ കലവറ തന്നെയാണ് ഈ കോച്ചു പട്ടണം. തദ്ദേശീയ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകൾ സന്ദർശിക്കാത്ത ഇവിടുത്തെ സന്ദർശനം പൂർണ്ണമാകില്ല.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വൈറ്റ് വൈൻ ഉൽപ്പാദനത്തിന് പേര് കേട്ട സ്റ്റിറിയൻ പ്രവിശ്യയിലൂടെയുള്ള സെപ്റ്റംബർ ഒക്ടോബർ മാസത്തെ റോഡ് യാത്ര അതി മനോഹരവുമാണ്. 

എങ്ങനെ എത്തിച്ചേരാം

ജർമനിയിലെ മ്യൂണിക്ക് , ഓസ്ട്രിയയിലെ വിയന്ന തുടങ്ങിയ പട്ടണങ്ങളിൽ നിന്നും വിമാന മാർഗം ഗ്രാസ് വിമാനത്താവളത്തിൽ വന്നിറങ്ങാം.ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന എയർപോർട്ടിൽ നിന്നും ,വിയന്ന സെൻട്രൽ സ്റ്റേഷനിൽ നിന്നും തീവണ്ടി മാർഗം മൂന്നര മണിക്കൂർ കൊണ്ട് ഇവിടേയ്ക്ക് എത്തിച്ചേരാം.

ചിലവ് ചുരുക്കി ഗ്രാസ്സിൽ യാത്ര ചെയ്യണം എങ്കിൽ പരിധിയില്ലാതെ ഇരുപത്തിനാലു മണിക്കൂർ യാത്ര ചെയ്യാവുന്ന പൊതു ഗതാഗത യാത്രക്ക് ചിലവ് 5.8 യൂറോ (500 ഇന്ത്യൻ രൂപയ്ക്കു അടുത്ത് ) മാത്രമാണ് ചാർജ്. 

യൂറോപ്പിലെ വേനൽകാലമായ ജൂൺ മുതൽ സെപ്റ്റംബർ മാസം വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. ഓസ്ട്രിയയിലെ ടൂറിസ്റ്റ് പട്ടണമായ സാൽസ്ബർഗ് , മികച്ച മധ്യകാല ഗ്രാമമായ ഹാൾസ്റ്റാറ്റ്‌ തുടങ്ങിയ ഇടത്തേക്കും ഗ്രാസ്സിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ചേരാം. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ https://www.oebb.at/en/

ആർനോൾഡ് ഷ്വാസ്‌നെഗറുടെ ടെർമിനേറ്റർ സിനിമയിലെ പ്രശസ്തമായ വാക്കുകൾ കടമെടുത്താൽ , ” I’ll be back ” . അതെ ഞാൻ തിരികെ വരും ഈ പട്ടണത്തിലേക്കു. കൂടുതൽ കാഴ്ചകൾ കാണുവാനായും രുചികൾ ആസ്വദിക്കാനായും .ഞാൻ ഹാൾസ്റ്റാറ്റിലേക്കുള്ള ട്രെയിനിൽ ഇടം പിടിച്ചു.