ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കുന്ന സര്‍ക്കാര്‍, മതത്തില്‍ നിന്നും മാറി നില്‍ക്കുന്ന ചെറുപ്പക്കാര്‍; ഈ നഗരത്തിലെ വിശേഷങ്ങള്‍

ജനങ്ങളുടെ ക്ഷേമം ഉറപ്പിക്കുന്ന സര്‍ക്കാര്‍, മതത്തില്‍ നിന്നും മാറി നില്‍ക്കുന്ന ചെറുപ്പക്കാര്‍; ഈ നഗരത്തിലെ വിശേഷങ്ങള്‍

നോർവീജിയൻ വീടുകൾ

നോർവേയിൽ അടുത്തിടെ കണ്ട ഒരു കാഴ്ച ഡ്രൈവർലെസ്സ് ബസ്സിന്റെ പരീക്ഷണ ഓട്ടമാണ്. അടുത്ത ഒന്ന് രണ്ടു വർഷത്തിനിടയിൽ ഡ്രൈവർ ഇല്ലാ ബസ്സുകൾ നോർവീജിയൻ നിരത്തിൽ തലങ്ങും വിലങ്ങും പായുമെന്നു ചുരുക്കം.

തലസ്ഥാന നഗരമായ ഓസ്ലോയിൽനിന്ന് ‘നരക’ത്തിലേക്ക് ഒൻപതു മണിക്കൂർ  യാത്ര മാത്രമേ ഉള്ളൂ. ഞെട്ടേണ്ട… വിസ്തൃതി കൊണ്ട് അത്ര വലുതല്ലെങ്കിലും പേരുകൊണ്ട് പ്രസിദ്ധമായ Hell എന്ന പടിഞ്ഞാറൻ നോർവീജിയൻ പട്ടണത്തിന്റെ കാര്യമാണ് പറയുന്നത്. ഇനി ആരോടും “ഗോ ടു ഹെൽ” എന്നൊന്നും പറഞ്ഞു കളയരുത് എന്ന് ചുരുക്കം.

കൊടും ശൈത്യം അനുഭവപ്പെടുന്ന ഓസ്ലോയിൽ ശൈത്യകാലത്ത് നമ്മുടെ പാതിരാ സൂര്യൻ പകലുപോലും മടിയനാണ്. ആദ്യത്തെ ഒരു ആവേശം ഒക്കെ കെട്ടടങ്ങിയാൽ പിന്നെ മഞ്ഞു മാറിക്കിട്ടാനുള്ള ഒരു കാത്തിരിപ്പാണ്. നാല് മാസത്തോളം മഞ്ഞിന്റെ പുതപ്പിൽ മൂടികിടക്കുന്ന ഓസ്ലോ നഗരം, മെയ് മാസം ആകുന്നതോടുകൂടി  മഞ്ഞിന്റെ ആവരണം ഉപേക്ഷിച്ച് വേനലിനെ വരവേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തും. ശൈത്യകാലത്ത് ജോലിത്തിരക്ക് കഴിഞ്ഞാൽ നോർവീജിയൻസ് നേരത്തെ കൂടണഞ്ഞു കുടുംബത്തോടൊപ്പം ചെലവഴിക്കാൻ താൽപര്യപ്പെടുന്ന പ്രകൃതക്കാരാണ്. സ്കിയിങ്ങും സ്ലെഡ്ജിങ്ങും ആണ് ഇവരുടെ പ്രധാന വിനോദം. പൊതുവെ കായികക്ഷമത നിലനിർത്തുന്ന ഇവിടുത്തുകാർ വേനൽകാലമായാൽ അമ്പതും അറുപതും കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ജോലിക്കെത്തുന്നത്.

വാടകക്കൊരു സൈക്കിൾ

വേനൽ തുടങ്ങിയാൽ ഓസ്ലോയിൽ എമ്പാടും ഓസ്ലോ ബൈസിക്കിൾ കമ്പനി തങ്ങളുടെ ആയിരക്കണക്കിന് സൈക്കിളുകൾ നിരത്തി വെക്കും. നാനൂറു നോർവീജിയൻ ക്രൊനെർ അടച്ചു കഴിഞ്ഞാൽ സൈക്കിൾ നമുക്ക് ഒരു സീസണിലേക്ക് (ഏപ്രിൽ മുതൽ നവംബർ വരെ) ഉപയോഗിക്കാം. നാല്‍പത്തിഞ്ചു മിനിറ്റിനകം അടുത്ത പിക്ക് അപ്പ് പോയിന്റിൽ സൈക്കിൾ വെച്ചിട്ട് അടുത്ത സൈക്കിൾ എടുക്കണം. സൈക്കിൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും മൊബൈൽ ആപ്പുകൾ. നോർവീജിയൻസിന്റെ സൈക്കിൾ ഭ്രാന്ത് കണ്ടിട്ട് കഴിഞ്ഞ സീസണിൽ ഞാനും ഈ സൈക്കിൾ യജ്ഞത്തിൽ പങ്കാളിയായി. സത്യം പറയട്ടെ, വര്‍ഷങ്ങള്‍ക്ക് ശേഷം സൈക്കിൾ ഉപയോഗിക്കുന്ന എനിക്ക് ‘ആന വാ പൊളിക്കുന്നതു കണ്ടിട്ട് അണ്ണാൻ വാ പൊളിക്കരുത്’ എന്ന തിരിച്ചറിവ് ഉണ്ടായത് ആ സൈക്കിൾ എടുത്തതിനു ശേഷമാണ്. പിന്നീടിങ്ങോട്ട് അങ്ങനൊരു ആഗ്രഹം എന്റെ മനസ്സിന്റെ ഏഴയലത്തുപോലും എത്തിയിട്ടില്ല.

ഒരു വികസിത രാഷ്ട്രം എന്നത് പാവപ്പെട്ടവൻ കാറു വാങ്ങുന്നതിലല്ല മറിച്ച് പണക്കാരൻ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നതിലാണ് എന്ന് പറഞ്ഞത് കൊളംബിയൻ രാഷ്ട്രീയ നേതാവ് Gustavo Petro. ആ വാക്കുകളെ അന്വർത്ഥമാക്കുന്ന രീതിയിലാണ് ഓസ്ലോയിൽ പൊതുഗതാഗത സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടായിരത്തിപത്തൊൻപതോടുകൂടി ഓസ്ലോ നഗരത്തിൽ നിന്നും ഡീസൽ കാറുകളെ പുകച്ചു പുറത്തുചാടിക്കാനുള്ള തന്ത്രവിദ്യകൾ മെനയുകയാണ് നോർവീജിയൻ ഭരണാധികാരികൾ. വൈദ്യുത കാറുകൾക്ക് സബ്സിഡി, ടോൾ നിരക്കിൽ ഇളവ് എന്ന് വേണ്ട മലിനീകരണ മുക്ത ഒസ്ലോയാണ് അവർ വിഭാവനം ചെയ്യുന്നത്. ഇലക്ട്രിക്ക് കാർ നിമ്മാണത്തിലെ വമ്പന്മാരായ നിസ്സാൻ, ടെസ്ല, ബെൻസ് തുടങ്ങിയ കാർ നിർമ്മാതാക്കൾ ഓസ്ലോയിൽ ചുവടുറപ്പിക്കാൻ കാരണം മറ്റൊന്നല്ല. ഇതിനെല്ലാം പുറമെ ഇവിടുത്തെ പൊതു ഗതാഗത സംവിധാനം മുഴുവൻ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾക്ക് കൂടുതൽ വില ചുമത്തുന്ന ലോക രാഷ്ട്രങ്ങളിൽ മുൻപന്തിയിലാണ് പ്രകൃതിവാതക നിർമ്മാതാക്കളായ നോർവേ. പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ചു മലിനീകരണ മുക്ത രാജ്യം എന്ന നേട്ടത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ വമ്പൻ വിലയുടെ പിന്നിൽ.

ഇനി പരമമായ ഒരു രഹസ്യം പറയാം… ഹ്രസ്വദൂര യാത്രാ വിമാനങ്ങൾ എല്ലാം വൈദ്യുതിയിലേക്കു മാറ്റുവാനുള്ള പരീക്ഷണങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണ് നോർവേ. അതായതു ഫോസിൽ അധിഷ്ഠിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ അധികം കഴിയാതെ നോർവേയിൽ നിന്ന് പടിയടച്ചു പിണ്ഡം വെക്കുമെന്ന് ചുരുക്കം. 

നോർവീജിയൻ ട്രെയിൻ

നോർവേയിൽ അടുത്തിടെ കണ്ട ഒരു കാഴ്ച ഡ്രൈവർലെസ്സ് ബസ്സിന്റെ പരീക്ഷണ ഓട്ടമാണ്. അടുത്ത ഒന്ന് രണ്ടു വർഷത്തിനിടയിൽ ഡ്രൈവർ ഇല്ലാ ബസ്സുകൾ നോർവീജിയൻ നിരത്തിൽ തലങ്ങും വിലങ്ങും പായുമെന്നു ചുരുക്കം.

കൊച്ചി മെട്രോയും KSRTC -യും ഒക്കെ നഷ്ടത്തിലാണ് എന്ന് വിലപിക്കുന്നവർക്ക് ഒരുത്തമ മാതൃകയാണ് ഓസ്ലോയിലെ പൊതു ഗതാഗത സംവിധാനം. എന്നുവെച്ചാൽ ഇതൊന്നും ലാഭത്തിലാണ് എന്ന് ഞാൻ ഉദ്ദേശിച്ചില്ല. ഇത് നഷ്ടത്തിലാണ് ഓടുന്നത് എങ്കിലും ഉപഭോക്താക്കളുടെസംതൃപ്തിയാണ് ഇവയുടെ മുഖമുദ്ര. സോൺ അധിഷ്ഠിതമായ ഇവിടുത്തെ ടിക്കറ്റിങ് സംവിധാനം ഒരു സോണിലെ എല്ലാ വാഹനങ്ങളിലും യാത്ര ചെയ്യാനുള്ള സംവിധാനം നമുക്ക് ഒരുക്കിത്തരുന്നു. ഇനി ട്രെയിൻ അല്ലെങ്കിൽ ബസ് ക്യാൻസൽ ചെയ്തു എന്നിരിക്കട്ടെ, ടാക്സി വിളിച്ചു നമ്മളെ വീട്ടിൽ എത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ്  ഇവിടുത്തെ പൊതുഗതാഗത സംവിധാനത്തിന്റെ നടത്തിപ്പുകാർ. customer is king എന്നതിനെ അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇവിടുത്തെ പൊതു ഗതാഗത സംവിധാനം പ്രവർത്തിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം ഉപഭോക്ത സംതൃപ്തി അളക്കുന്നതിനെ പറ്റി നമ്മുടെ നാട്ടിൽ സ്വപനത്തിൽ പോലും ചിന്തിക്കാൻ കഴിയില്ല.

ഒരു ദിവസം യാത്രയിൽ കണ്ടത് ഉപഭോക്താക്കളുടെ സംതൃപ്തി സർവ്വേ നടത്തുന്ന ഒരു ചെറുപ്പക്കാരനെയാണ്. ബസ്സിന്റെ ഡ്രൈവറുടെ ഡ്രൈവിങ്ങിന്റെ നിലവാരം മുതൽ ബസ്സിനകത്തെ ചൂടിൻറെ അളവ് വരെ  ചോദിച്ചറിഞ്ഞു ഉപഭോക്ത സംതൃപ്തിഅളക്കുവാനായി ബസ് കമ്പനിക്കാരൻ ഏർപ്പെടുത്തിയതാണ്. ഭിന്ന ശേഷിയുള്ളവർക്കും  കുട്ടികൾക്കും ഒരുപോലെ സൗഹൃദപരമാണ് ഇവിടുത്തെ നടപ്പാതകളും പൊതു ഗതാഗത സംവിധാനവും എന്നത് ശ്ലാഘനീയം ആണ്.

പള്ളിയുടെ ഒരു വശത്തു വ്യാപാരകേന്ദ്രങ്ങൾ

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന കാൾ മാര്‍ക്‌സിന്റെ സിദ്ധാന്തം ശരിവെക്കുന്ന രീതിയിലാണ് നമ്മുടെ നാടിൻറെ ഇന്നത്തെ പോക്ക്. താരതമ്യേന കുറ്റകൃത്യങ്ങൾ കുറഞ്ഞ നോർവേയിൽ മതാധിഷ്ഠിതമായ സംവിധാനങ്ങളൊന്നും തന്നെയില്ല എന്ന് പറയാം. പഴയ തലമുറയിൽനിന്നു വ്യത്യസ്തമായി പുതുതലമുറ പലരും മതത്തിൽനിന്നു മാറി നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്. മതത്തിൽ അധിഷ്ഠിതമായ യാതൊരു വേർതിരിവും ഇവിടെ കാണുവാൻ കഴിയില്ല. മതമെന്നത് പൗരന്റെ സ്വകാര്യ കാര്യമാണെന്നും അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല എന്നും ഇവിടുത്തെ ജനത ഉറച്ചു വിശ്വസിക്കുന്നു.

നോർവേ ചരിതം ഭാഗം 1 വായിക്കാൻ മറക്കല്ലേ


പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇