കടും നിറമുള്ള ഹാൾസ്റ്റാറ്റ്

Hallstatt

പുറത്തു മഴ ചന്നം പിന്നം പൊഴിയുന്നുണ്ട്. മഴത്തുള്ളികൾ ട്രെയിനിലെ ചില്ലു ജാലകങ്ങളിൽ കൂടി ഊർന്നിറങ്ങുന്നു. മഞ്ഞു പുതച്ച ആൽപ്സ് പർവത നിരകൾ ട്രെയിനിന്റെ കൂറ്റൻ കണ്ണാടി ചില്ലിലൂടെ ഒരു ബിഗ് സ്‌ക്രീനിലെ സിനിമപോലെ കാഴ്ചകളുടെ വിസ്മയം ഒരുക്കുന്നു. ട്രയിനിലെ ചുവപ്പൻ ഇരിപ്പിടത്തിൽ ഇരുന്നു കാഴ്ചകളിൽ ഞാൻ മതി മറന്നു. ഇരുട്ട് മൂടിയ ഓസ്ട്രിയൻ സായാഹ്നത്തിനു ഒരു പ്രത്യേക സൗന്ദര്യമാണ്. ട്രെയിൻ ബാഡ് ഗോയ്‌സൺ ലക്ഷ്യമാക്കി കൂകി പായുകയാണ്…

സമയം വൈകിട്ട് 6:45. ട്രെയിൻ ബാഡ്ഗോയ്‌‌സൺ എത്തുന്നു എന്ന അറിയിപ്പ് ട്രയിനിലെ സ്‌ക്രീനിൽ തെളിഞ്ഞു വന്നു.ശൈത്യകാലത്തെ ഇരുട്ട് ബാഡ് ഗോയ്‌‌സനെ മൂടികഴിഞ്ഞു . ആളൊഴിഞ്ഞ ബാഡ് ഗോയ്‌സൺ സ്റ്റേഷനിൽ ട്രെയിൻ ചൂളം വിളിച്ചു നിന്നു. ട്രെയിനിന് പുറത്തേക്കിറങ്ങിയ എന്റെ പരിഭവത്തെ വകവെക്കാതെ മഴ നിർത്താതെ പെയ്തുകൊണ്ടേയിരുന്നു.

ജൂലൈ 2023 മനോരമ ട്രാവലറിൽ പ്രസിദ്ധീകരിച്ച യാത്ര അനുഭവം

നമ്മുടെ നാട്ടിൻ പുറങ്ങളിലെ റെയിൽവേ സ്റ്റേഷനുകളെ ഓർമ്മിപ്പിക്കുന്ന നിർമ്മിതി. സ്റ്റേഷനിൽ ആകെയുള്ള ആഡംബരം ടിക്കറ്റ് എടുക്കാനുള്ള മെഷീൻ ആണ്. വിശപ്പാണെങ്കിൽ സഹിക്കാൻ വയ്യ. ഞാൻ അടുത്ത് കണ്ട കട ലക്ഷ്യമാക്കി നടന്നു. കടയുടെ വാതിൽ തുറന്നു അകത്തേക്ക് കയറിയ എന്നെ സ്വാഗതം ചെയ്തത് ആന്ദ്രേ ആണ്.

റെസ്റ്റോറന്റ്

welcome ..!! lets drink beer ..!!കടയിൽ ബിയർ കുടിച്ചുകൊണ്ടിരുന്ന ആന്ദ്രേ സ്വയം പരിചയപ്പെടുത്തികൊണ്ട് എന്നെ അകത്തേക്ക് സ്വാഗതം ചെയ്തു.

കടയിൽ നമ്മുടെ നാട്ടിൻ പുറത്തെ ഒരു കള്ളു ഷാപ്പിനെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം…!!ഉച്ചത്തിലുള്ള സംസാരവും , താളവും ,പാട്ടും ബിയറിന്റെ രൂക്ഷ ഗന്ധവും. ബാഡ്ഗോയ്‌സണിലെ സായാഹ്നങ്ങൾക്ക് താളമേളങ്ങളുടെ കൊഴുപ്പു പകരുന്ന ഒരിടം ആയിരുന്നു അവിടം എന്ന് ആദ്യ കാഴ്ചയിൽ തന്നെ ഞാൻ ഉറപ്പിച്ചു. ഇവിടുത്തെ മനുഷ്യർ ബിയർ കുടിച്ചു ഉല്ലസിക്കാൻ എത്തുന്ന ഒരിടം.

കട നടത്തിപ്പുകാരി ഒരു ഓസ്ട്രിയൻ മധ്യവയസ്കയാണ്. ഭക്ഷണം വല്ലതും ലഭിക്കുമൊ എന്ന് ഞാൻ ചോദിച്ചു.

എന്റെ ദയനീയത കണ്ടിട്ടാവാം ഗ്ലാസ്സിലേക്കു ബിയർ പകരുന്ന തിരക്കിനിടയിൽ മുഖം ഉയർത്തി അവർ പറഞ്ഞു.

വേണമെങ്കിൽ സോസേജ്‌ ഉണ്ടാക്കി തരാം “.

എന്റെ വിശപ്പ്, ഗ്ലാസ്സിലേക്കു ഒഴിക്കുന്ന ബിയർ പോലെ പതഞ്ഞു പൊങ്ങി ഓരോ നിമിഷവും കൂടി വരുന്നു. ഉച്ചക്ക് ഗ്രാസിൽ നിന്നും ട്രെയിൻ കയറുന്നതിന് മുൻപ് ഭക്ഷണം കഴിച്ചതാണ്. പിന്നീടിങ്ങോട്ട് ഒരേ യാത്ര ആയിരുന്നു.അതിനിടയിൽ കാര്യമായി ഒന്നും കഴിക്കാനുള്ള സമയം കിട്ടിയില്ല.

എന്റെ നന്ദി വാക്കുകൾ ബിയറിൽ കുടിയിൽ മുഴുകി ഇരിക്കുന്ന മനുഷ്യരുടെ ഇടയിൽ യാതൊരു ചലനവും ഉണ്ടാക്കിയില്ല. bagപതിയെ അവിടെ നിന്നും പുറത്തേക്കിറങ്ങി.ഗൂഗിൾ മാപ്പ് നോക്കി താമസ സ്ഥലം ലക്ഷ്യമാക്കി നടന്നു. നിശബ്ദതയും ഇരുട്ടും ചാറ്റൽ മഴയും കൂടി കൂടി വന്നു.ഇട്ടിരുന്ന ജാക്കെറ്റും കൈയിൽ ഇരുന്ന് ബാഗും എല്ലാം നനഞ്ഞു കുതിർന്നിരുന്നു. മുന്നോട്ട് പോകുമ്പോൾ വഴി രണ്ടായി പിരിയുന്നു. ഗൂഗിൾ മാപ്പിനെ കണ്ണുമടച്ചങ്ങു വിശ്വസിക്കാൻ പറ്റില്ല. മുൻപ് പലപ്പോഴും ചതിച്ച അനുഭവമുണ്ട്. ഞാൻ ഇടതു വസത്തേക്കുള്ള വഴി തിരഞ്ഞെടുത്തു. എങ്ങനെഎങ്കിലും താമസ സ്ഥലത്തു എത്തി ബാഗു ഒന്ന് വെച്ചാൽ മതിയെന്നായി ചിന്ത.

രണ്ടായി പിരിയുന്ന വഴി

മുന്നിൽ ഒരു കടയുടെ വെളിച്ചം തെളിഞ്ഞു വന്നു. ഒരു ഭക്ഷണശാല ആണെന്ന് ദൂര നോട്ടത്തിൽ തന്നെ മനസ്സിലായി. അതൊരു കബാബ് ഷോപ്പ് ഷോപ്പ് ആണ്. ഞാൻ പെട്ടിയും വലിച്ചു വീണ്ടും മുന്നോട്ട് നടന്നു. നല്ല വിശപ്പുമുണ്ട് ഷോപ്പിൽ നിന്നും എന്തെങ്കിലും കഴിക്കെണം ഹോസ്റ്റലിലെക്കുള്ള വഴി ചോദിക്കേണം ലഷ്യങ്ങൾ രണ്ടാണ്. ഷൊപ്പിന്റെ വാതിലിൽ കസ്റ്റമേഴ്സ് വരുന്നത് അറിയിക്കാൻ ഒരു മണി തൂക്കിയിട്ടുണ്ട്. വാതിൽ തുറക്കുമ്പോൾ മണി ഉച്ചത്തിൽ കിലുങ്ങും. എന്റെ വരവറിയിച്ചുകൊണ്ട് മണി ഉച്ചത്തിൽ കിലുങി.

ഷോപ്പുടമക്ക് ഇംഗ്ലീഷ് അത്ര വശമില്ല എന്ന് ആദ്യത്തെ ചോദ്യത്തിൽ നിന്നും മനസിലായി.അറിയാവുന്ന ഭാഷയിൽ ഗൂഗിൾ ട്രാൻസ്ലേട്ടറിന്റെ സഹായത്തോടെ ഞാൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കഴിക്കുവാൻ ഒരു കാബാബ് റോളും ഓർഡർ ചെയ്തു.

മുസ്തഫ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. തുർക്കി സ്വദേശിയാണ്. ഓസ്ട്രിയയിൽ വന്നിട്ട് പത്തു വർഷത്തോളമായി. ഒരു കബാബ് റോളും വാങ്ങി പുറത്തേക്കിറങ്ങി.

മുസ്തഫയോടൊപ്പം

അറിയാവുന്ന ഇംഗ്ലീഷിൽ “I will show you the hostel ” എന്നും പറഞ്ഞു എനിക്ക് ഹോസ്റ്റൽ കാണിച്ചു തരുവാൻ മുസ്തഫ കൂടെ ഇറങ്ങി.

കാബാബ് കടയുടെ തൊട്ടടുത്ത സ്ട്രീറ്റിൽ ആണ് ഹോസ്റ്റൽ. ഹോസ്റ്റൽ കാണിച്ചു തന്ന മുസ്തഫക്കു നന്ദി പറഞ്ഞു ഞാൻ ഹൊസ്റ്റലിലെക്കു നടന്നു.

ബാഡ് ഗോയ്‌സൺ ഹോസ്റ്റൽ താരതമ്യേന ചെറിയ ഒരു താമസസ്ഥലമാണ്. ബഡ്ജറ്റ് ട്രാവൽ ഇഷ്ടപ്പെടുന്നവർക്ക് താമസിക്കാൻ പറ്റിയ ഒരിടം. ടൂറിസം സീസൺ അല്ലാത്തത് കാരണം വലിയ തിരക്കൊന്നുമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കെട്ടിടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.

അനേയോടൊപ്പം

പുറമെ പിടിപ്പിച്ചിരിക്കുന്ന ബെൽ അമർത്തി ..!!ഹോസ്റ്റൽ മുതലാളി ഡോർ തുറന്നു അകത്തേക്ക് ക്ഷണിച്ചു . ഒന്നാം നിലയിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. അനേ എന്നാണ് അദ്ദേഹത്തിന്റെ പേര് .റിട്ടയർമെന്റ് സമയത്തെ നേരമ്പോക്കിന് തുടങ്ങിയ ഹോസ്റ്റൽ ആണെന്നാണ് ഒറ്റനോട്ടത്തിൽ എനിക്ക് തോന്നിയത്. അഡ്മിഷൻ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പൂരിപ്പിക്കാനുള്ള ഫോമും പൂരിപ്പിച്ചു ലോക്കൽ ടാക്സ് ആയ 7 യൂറോയും അടച്ചു കഴിഞ്ഞപ്പോൾ അനേ എനിക്കുള്ള മുറി കാണിച്ചു തന്നു. നാല് പേർക്കുള്ള മുറിയിൽ തല്ക്കാലം രണ്ടുപേരെ ഉള്ളു. കിച്ചൺ ,ടോയ്‌ലെറ്റ് എല്ലാം കോമ്മൺ ആണ്.

ഹോസ്റ്റൽ

സീസൺ അല്ലാത്തതിനാൽ തിരക്ക് തീരെ കുറവാണ്. മെയ് മുതൽ ഓഗസ്റ്റ്‌ വരെയുള്ള വേനൽക്കാലം ആണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. ആ സമയങ്ങളിൽ ഇവിടെങും സൂചി കുത്താൻ ഇടം കാണില്ല..!.എന്റെ യാത്രയുടെ ഉദ്ദേശം യൂറോപ്പിലെ തന്നെ മികച്ച സംരക്ഷിത ഗ്രാമമായ ഹാൾസ്റ്റാറ്റ് കാണുകയാണ്. നല്ല ക്ഷീണം ഉണ്ട്. റൂമിലെ രണ്ടാമൻ ആരാണ് എന്നറിയാനുള്ള ആകാംഷ കൂടി വന്നു. ആള് പുറത്തു പോയിരിക്കുകയാണ്. തിരികെ വരുന്നതുവരെ കാത്തിരിക്കേണം. ഞാൻ പതിയെ കട്ടിലിലേക്ക് ചാഞ്ഞു. സമയം ഏതാണ്ട് ഒൻപതു മണി ആയപ്പോൾ രണ്ടാമൻ എത്തി. ആള് ഇന്ത്യക്കാരൻ തന്നെ .. കൽക്കട്ട സ്വദേശിയാണ്. ജർമനിയിൽ ജോലി ചെയ്യുന്നു പേര് സബീർ. കഴിഞ്ഞ രണ്ടാഴ്ച്ച ആയിട്ടു യൂറോപ്പിലെ പല പട്ടണങ്ങളിൽ ബാക്ക് പാക്ക് ട്രിപ്പ് നടത്തുകയാണ് സബീർ . ഉച്ച കഴിഞ്ഞപ്പോൾ എത്തിയതാണ് ഇവിടെ . അടുത്ത മുറിയിലെ ചൈനീസ് യാത്രികൻ ജെറിയോടൊപ്പം ഒന്ന് ചുറ്റി കറങ്ങി അത്താഴവും കഴിച്ചിട്ടുള്ള വരവാണ്.

ബാഡ് ഗോയ്‌സണിലെ തെരുവ്

“whats your plan for tomorrow ? ” സബീറും ഹാൾസ്റ്റാറ്റ്‌ കാണുവാൻ വന്നതാണ്. പ്ലാൻ അറിഞ്ഞാൽ ഒരുമിച്ചു പോകാമായിരുന്നു. ഞാൻ ചോദ്യങ്ങൾ തുടങ്ങി.

ബാഡ്ഗോയ്‌സൺ

സബീർ രാവിലെ ജെറിയോടൊപ്പം ഹാൾസ്റ്റാറ്റ് കാണുവാൻ പോകുന്നുണ്ട് ജെറി കാർ വാടകക്ക് എടുത്താണ് വന്നിരിക്കുന്നത്.

ഞാൻ രാവിലെ പോകാനുള്ള ട്രെയിൻ സമയം ഒക്കെ നോക്കി. നാളത്തെ കാലാവസ്ഥ പ്രവചനം കാണിക്കുന്നത് മഞ്ഞും കാറ്റുമാണ്. കാഴ്ചകൾ മനോഹരമാക്കുന്നതിൽ കാലാവസ്ഥക്ക് വലിയ ഒരു പങ്കുണ്ട്. വന്ന സ്ഥിതിക്ക് ഇനിയിപ്പോൾ അതോർത്തു പരിഭവിച്ചിട്ടു കാര്യമില്ല. രാവിലെ തന്നെ ഹാൾസ്‌റ്റേറ്റിലേക്കു പോകണം എന്ന് മനസ്സിൽ ഉറപ്പിച്ചു ഞാൻ ഉറക്കത്തിലേക്കു പ്രവേശിച്ചു.

ഒരു കാപ്പി കുടിക്കാനുള്ള പ്രഭാത നടത്തം

രാവിലെ ആറു മണിക്ക് തന്നെ അലാറം വെച്ച് എഴുന്നേറ്റു. സബീർ നല്ല ഉറക്കത്തിലാണ് ഞാൻ വിളിച്ചു ശല്യപ്പെടുത്താൻ തുനിഞ്ഞില്ല. തയ്യാറായി ബാഡ് ഗോയ്‌സൺ കാഴ്ചകൾ കാണുവാനിറങ്ങി. സബീറിന്റെ വാട്സാപ്പ് നമ്പർ ഇന്നലെ തന്നെ വാങ്ങിയിരുന്നു.

ബാഡ് ഗോയ്‌സൺ – പിന്നിൽ ആൽപ്സ് പർവത നിരകൾ

ഒരു കാപ്പി കുടിക്കേണം ബാഡ് ഗോയ്‌സണിലൂടെ ഒന്ന് നടക്കണം . ചിത്രങ്ങൾ എടുക്കേണം. നല്ല രീതിയിൽ മഞ്ഞു പെയ്യുന്നുണ്ട്.രാവിലെ നടക്കുമ്പോൾ വഴിയിലെങ്ങും അധികം ആളുകളെ കാണാൻ ഇല്ല. ചിലർ വളർത്തു നായ്ക്കളെകൊണ്ട് നടക്കാൻ ഇറങ്ങിയിട്ടുണ്ട്. എന്നെ കണ്ടതും പലരും ഗുഡ് മോർണിംഗ് പറഞ്ഞു അഭിവാദ്യം ചെയുന്നുണ്ട്. വളരെ മനോഹരമായ ഒരു ഗ്രാമ കാഴ്ച .. എത്ര വിനോദസഞ്ചാര സൗഹൃദമായ സ്ഥലം എന്ന് ഞാൻ മനസ്സിൽ കരുതി കാപ്പി കട ലക്ഷ്യമാക്കി നടന്നു.

കാപ്പി കടയിലും വലിയ തിരക്കൊന്നും ഇല്ല. ” എക്സ്ട്രാ വാം ലാറ്റെ പ്ലീസ്.. എന്നും പറഞ്ഞു ഞാൻ കാർഡ് നീട്ടി.. യൂറോപ്പിൽ ചൂട് കാപ്പി വേണേൽ എക്സ്ട്രവാം വേണമെന്ന് ഞാൻ സ്കാന്ഡിനേവിയൻ ജീവിതത്തിൽ പടിച്ചതാണ് . യൂറോപ്പിയൻസ് പൊതുവെ നമ്മളെ പോലെ ചൂടുള്ള കാപ്പി ഊതി കുടിച്ചു ശീലമുള്ളവരല്ല… സോറി വീ ഡോണ്ട് അക്സെപ്ട് കാർഡ്. കാപ്പികടയിലെ പെൺകുട്ടി നയം വ്യക്തമാക്കി. ഞാൻ കയ്യിലിരുന്ന അഞ്ചര യൂറോ നുള്ളി പെറുക്കി കൊടുത്തു കാപ്പിയും വാങ്ങി പുറത്തേക്കിറങ്ങി. കാപ്പി ഗ്ലാസ്സിൽ മുറുകെ പിടിച്ചു കൈ വെള്ള ഒന്ന് ചൂടാക്കി…

ബാഡ്ഗോയ്‌സൺ പള്ളി

രാവിലെ കൃത്യം 8:13നു ഹാൾസ്റ്റാറ്റിലേക്കു ട്രെയിൻ ഉണ്ട്.മഞ്ഞു വീഴ്ചക്ക് ഒരു ശമനവുമില്ല. സ്റ്റോക്ക്ഹോമിൽ വീഴുന്ന് പോലെ അത്ര കട്ടിക്കല്ല മഞ്ഞു പെയ്യുന്നത്.യാത്രക്കും കാഴ്ചകൾ ആസ്വദിക്കുന്നതിനും മഞ്ഞു ഒരു ശല്യക്കാരൻ തന്നെയാണ്.

റെയിൽവേ സ്റ്റേഷൻ

എട്ടു മണിക്ക് മുൻപായി തന്നെ ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി. മനോഹരമായ ഒരു കുഞ്ഞൻ സ്റ്റേഷൻ വിരലിൽ എണ്ണവുന്ന അത്രയും യാത്രികർ മാത്രമേ ട്രെയിൻ കാത്തു നില്ക്കുന്നുല്ലു. ഓസ്ട്രിയൻ റയിൽവെയുടെ മൊബൈൽ ആപ്പ് വഴി ഞാൻ അഞ്ചു യൂറോ കൊടുത്തു ടിക്കറ്റ് എടുത്തു. മഞ്ഞിനെ വകഞ്ഞു മാറ്റികൊണ്ട് ചുവപ്പൻ ചായം പൂശിയ ട്രെയിൻ ആൽപ്സ് താഴ്വാരതിലൂടെ കൂകി പാഞ്ഞു വന്നു.

ഓസ്ട്രിയൻ ട്രെയിൻ

പുറത്തു മഞ്ഞുവീഴ്ചയുടെ ശക്തി കൂടി വന്നു. കാണാൻ പോകുന്ന കാഴ്ചകൾ മഞ്ഞിൽ മൂടിപ്പോകുമോ എന്ന ആശങ്ക എന്നെ നന്നായി അലട്ടിക്കൊണ്ടിരുന്നു.

ഹാൾസ്റ്റാറ്റ് ഒരു നദിയുടെ അങ്ങേ കരയിൽ മലയുടെ താഴ്വാരത്താണ്. ട്രെയിൻ പോകുന്നത് ഇങ്ങേ കരയിൽ കൂടിയും. അങ്ങേ കരയിലേക്ക് എത്താൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ബോട്ട് സർവീസ് ഉണ്ട്. രണ്ടു യൂറോ ആണ് ടിക്കറ്റ് നിരക്ക്. നിർഭാഗ്യവശാൽ വാർഷിക അറ്റകുറ്റ പണി കാരണം ബോട്ട് സർവീസ് താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.

ഹാൾസ്റ്റാറ്റ് നദിക്കു കുറുകെയുള്ള ബോട്ട് യാത്ര അതി മനോഹരമായ ഒരു അനുഭവമാണ് എന്ന് പലയിടത്തും വായിച്ചിരുന്നു. വളരെ പ്രതീക്ഷയോടെയാണ് വന്നതെങ്കിലും ബോട്ട് യാത്ര താത്കാലികമായി നിർത്തി വെച്ചിരിക്കുന്നത് എന്റെ പ്രതീക്ഷക്കു തെല്ലൊന്നുമല്ല നിഴൽ വീഴ്ത്തിയത്.

ഗോസാവൂ സ്റ്റേഷനിൽ ഇറങ്ങി കൊടും മഞ്ഞത്തു ബസ് കയറി വേണം ഹാൾസ്റ്റാറ്റിൽ എത്താൻ.ഞാൻ ട്രെയിൻ ഇറങ്ങി സ്റ്റേഷനിൽ ബസ്സ് കാത്തു നിന്നപ്പോൾ രണ്ടു ചെറുപ്പക്കാർ രണ്ടുപേരും സിംഗപ്പൂർ സ്വദേശികളാണ്. ഒരാൾ ഓസ്ട്രിയയിലും മറ്റെയാൾ നെതെർലാൻഡ്‌സിലും സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി വന്നതാണ്. അവരോടൊപ്പം ഞാൻ ബസ്സിൽ ഹാൾസ്റ്റാറ്റ് ലക്ഷ്യമാക്കി നീങ്ങി.

മഞ്ഞിൽ മൂടിയ ഹാൾസ്റ്റാറ്റ്

ഹാൾസ്റ്റാറ്റിൽ ബസ് ഇറങ്ങിയപ്പോൾ സന്ദര്ശകരുടെ നീണ്ട ഒരു നിരതന്നെ കാണാം. മോശം കാലാവസ്ഥയിലും ടൂറിസം സീസൺ അല്ലാത്ത സമയത്തും ഇത്രയും തിരക്കെങ്കിൽ വേനൽക്കാലത്തു എന്തായിരിക്കും ഇവിടുത്തെ തിരക്കു എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു നിന്ന് പോയി. പലരും വന്നിരിക്കുന്നത് സാൽസ്ബെർഗ് പോലുള്ള സ്ഥലങ്ങളിൽ നിന്നും വലിയ ടൂർ ഓപ്പറേറ്റർമാർ പാക്കേജ് ടൂറിന്റെ ഭാഗമായി കൊണ്ടുവന്നതാണ്. ഏഷ്യൻ വൻകരയിൽ നിന്നുള്ള ആളുകൾ ആണ് മിക്കവരും. ഓസ്ട്രിയൻ സർക്കാർ വലിയ തോതിലുള്ള പ്രചാരണം ആണ് ഈ ചെറു പട്ടണത്തെ പറ്റി ഏഷ്യൻ മീഡിയകളിൽ കൊടുക്കുന്നത് എന്ന് ഹോസ്റ്റൽ നടത്തിപ്പുകാരൻ അനേ പറഞ്ഞത് ഞാനോർത്തു. ചൈനയിൽ ഹാൾസ്റ്റാറ്റിന്റെ കോപ്പി ആയി ലയോലാങ്ങിൽ ഒരു പട്ടണം തന്നെ നിർമ്മിച്ചിട്ടുണ്ട്.

തെരുവിൽ വളർത്തു നായയോടൊപ്പം നടക്കാനിറങ്ങിയ ആൾ

ഹാൾസ്റ്റാറ്റിൽ വന്നിറങ്ങിയ ഞാൻ അല്പനേരത്തേക്കു ഈ ചെറു പട്ടണത്തിന്റെ മനോഹാരിത ആസ്വദിച്ചു അങ്ങ് നിന്നുപോയി.

ലോകമെമ്പാടുമുള്ള യാത്രികരെ പോലെ എന്നെയും ഹാൾസ്റ്റാറ്റിലേക്ക് വരാൻ പ്രേരിപ്പിച്ച ഘടകം ഹാൾസ്റ്റാറ്റിന്റെ മനോഹര കാഴ്ചകൾ പതിഞ്ഞ ചിത്രങ്ങൾ ആണ്. ഈ പട്ടണത്തിന്റെ ഫോട്ടോ ഇന്റർനെറ്റിൽ ഒരിക്കൽ സ്ക്രോൾ ചെയ്തപ്പോൾ തന്നെ അത് എന്നെന്നേക്കുമായി എന്റെ മനസ്സിൽ പതിഞ്ഞിരുന്നു.പർവതങ്ങളാൽ ഫ്രെയിം ചെയ്ത തടാകകരയിലുള്ള പള്ളി നദിയിലെ വെള്ളത്തിൽ പ്രതിഫലിക്കുന്ന അതിന്റെ പ്രതിബിംബം, തലയ്ക്ക് മുകളിലൂടെ പറക്കുന്ന ചെറിയ മേഘങ്ങൾ… ഒരു യാത്രികനെ സംബന്ധിച്ച് സ്വർഗത്തിൽ എത്തിയ പ്രതീതിയാണ് ഹാൾസ്റ്റാറ്റിൽ എത്തിയാൽ ലഭിക്കുന്നത്.

മെയിൻ സ്‌ക്വയർ

ഹാൾസ്റ്റാറ്റിലെ മെയിൻ സ്‌ക്വയറിലേക്കാണ് ആദ്യം നടന്നെത്തുന്നത്.1750 സെപ്റ്റംബറിൽ മെയിൻ സ്‌ക്വയറിൽ ഒരു തീപിടുത്തം ഉണ്ടാകുന്നു. അന്നിവിടെ പ്രവർത്തിച്ചിരുന്ന ഒരു ബേക്കറിയിൽ നിന്ന് പടർന്നു പിടിച്ച തീയിൽ മുപ്പത്തി അഞ്ചോളം വീടുകൾ നശിച്ചു. പിന്നീട് അവ പുനർനിർമ്മിച്ചപ്പോൾ തീപിടുത്തത്തിന്റെ ഓർമ്മക്കായിട്ടു രണ്ടു കെട്ടിടങ്ങൾക്കു ചുവപ്പു ചായം പൂശി. ഇന്നും ഈ സ്ക്വയറിലേക്കു എത്തുന്നവരെ ആദ്യം വരവേൽക്കുന്നത് ഈ തീപിടുത്തത്തിന്റെ ഓർമ്മകൾ പേറുന്ന ചുവപ്പൻ കെട്ടിടങ്ങളാണ്. .

ചുവപ്പൻ കെട്ടിടം

ഹാൾസ്റ്റാറ്റിലെ എല്ലാ ചെറു വഴികളും സംഗമിക്കുന്നത് മെയിൻ സ്ക്വയറിലാണ്.

മെയിൻ സ്ക്വയറിനോട് ചേർന്നുള്ള ഭക്ഷണശാലകളിൽ ഒന്നിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചപ്പോഴേക്കും ജെറിയും സബീറും കൂടെ കൂടി. പിന്നീട് ഞങ്ങൾ ഒരുമിച്ചായി നടത്തം. ഇപ്പോഴും മഞ്ഞു നല്ലരീതിയിൽ പൊഴിയുന്നുണ്ട്. വീശിയടിക്കുന്ന കാറ്റ് കൂടി ആയപ്പോൾ കൈകൾ മരവിച്ചു തുടങ്ങി.

ഞങ്ങൾ ഹാൾസ്റ്റാറ്റിലെ ഫോട്ടോ പോയിന്റുകൾ ലക്ഷ്യമാക്കി നടന്നു.തണുപ്പ് അസഹനീയമായപ്പോൾ ഞങ്ങൾ ഹാൾസ്റ്റാറ്റ് ഇവാഞ്ചലിക്കൽ പള്ളിയിലേക്ക് കയറി.

ഇവാഞ്ചലിക്കൽ ദേവാലയം

ഹാൾസ്റ്റാററ്റിന്റെ ചിത്രങ്ങളിൽ എല്ലാം തല ഉയർത്തി നിൽക്കുന്ന ഈ പള്ളി ഹാൾസ്റ്റാറ്റിന്റെ മുഖമുദ്ര ആണെന്ന് വേണമെങ്കിൽ പറയാം നിയോ ഗോത്തിക് ശൈലിയിൽ നിർമ്മിച്ച ഈ പള്ളി 1785 ഒക്ടോബർ 30-ന് ഒരു പ്രാർത്ഥനാലയമായി ആണ് തുടക്കം. 1863 ഒക്ടോബറിൽ, അഞ്ച് വർഷത്തെ നിർമ്മാണത്തിന് ശേഷം, ഇന്നത്തെ പള്ളി പൂർത്തീകരിച്ചു. വേനൽക്കാലത്തു

ലോകമെമ്പാടുമുള്ള നിരവധി സംഗീതജ്ഞർ ഈ പള്ളിയിൽ സംഗീത പരിപാടികൾക്കായി വന്നെത്താറുണ്ട്.

അധികം തിരക്കില്ലാത്ത ഈ കോച്ചു പള്ളിയിൽ കയറുമ്പോൾ തന്നെ ഒരു ശാന്തത അനുഭവപ്പെടും. അല്പനേരം അവിടെ ഇരുന്നപ്പോൾ തന്നെ തണുപ്പിന് ഒരല്പം ശമനമായി. ഞങ്ങൾ വീണ്ടും ഫോട്ടോ പോയിന്റുകൾ തേടി പുറത്തേക്കിറങ്ങി. എവിടെ കാമറ വെച്ചാലും മനോഹരമായ ഫ്രെയിമുകൾ ഞങ്ങൾ ചിത്രമെടുപ്പ് തുടർന്നു.

ശ്മശാനം

ഹാൾസ്റ്റാറ്റിലെ പ്രധാന കാഴ്ചയായ ബോൺഹൌസ് ആണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം.രണ്ടു യൂറോ കൊടുത്താൽ അകത്തേക്ക് പ്രവേശിക്കാം.

പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ നില നിന്ന് പോരുന്നതാണ് ബോൺ ഹൗസ് ഓഫ് ഹാൾസ്റ്റാറ്റ്. മനോഹരമായി അടുക്കി സൂക്ഷിച്ചിരിക്കുന്ന 1200 മനുഷ്യ തലയോട്ടികളാണ് ബോൺ ഹൗസിനുള്ളിലേക്ക് അകത്തേക്ക് പ്രവേശിച്ച ഞങ്ങളെ വരവേറ്റത്. അവയിൽ 610 എണ്ണം കൈകൊണ്ട് ചിത്രങ്ങൾ ഒക്കെ പെയിന്റ് ചെയ്ത് കുടുംബ ഗ്രൂപ്പുകൾക്കനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഓരോ തലയോട്ടിയിലും സൂക്ഷിച്ചു നോക്കിയാൽ മരണത്തീയതികൾ എഴുതി വെച്ചിരിക്കുന്നത് കാണാം.

ബോൺ ഹൗസിലെ തലയോട്ടികൾ

ഹാൾസ്റ്റാറ്റിലെ ശ്മശാനം വിസ്തൃതി വളരെ കുറഞ്ഞതാണ്. അങനെയിരിക്കെ അവിടെ പുതിയതായി ആളുകളെ സംസ്കരിക്കാൻ നിർവാഹം ഇല്ലാത്ത അവസ്ഥ സംജാതമായി .അങ്ങനെ പുതിയ ശവസംസ്കാരം നിരോധിച്ചു. ഹാൾസ്റ്റാറ്റ് നിവാസികൾക്കാകട്ടെ തങ്ങളുടെ ജീവിതാവസാനം ഹാൾസ്റ്റാറ്റിൽ തന്നെ അന്തിയുറങ്ങാൻ ആയിരുന്നു ആഗ്രഹം. അങ്ങനെ പത്ത് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ശ്മശാനം വീണ്ടും തുറന്നു, ഏറ്റവും കൂടുതൽ സ്ഥലമെടുത്ത തലയോട്ടികളും നീളമുള്ള അസ്ഥികളും നീക്കം ചെയ്തു. തലയോട്ടികൾ “വൃത്തിയാക്കുകയും” പിന്നീട് മനോഹര ചിത്രങ്ങൾ വരച്ചു ഇന്ന് കാണുന്ന ബോൺഹൗസിലേക്ക് മാറ്റി.

ബോൺഹൗസിൽ തലയോട്ടി സൂക്ഷിക്കേണ്ടവർ തങ്ങളുടെ വിൽപത്രത്തിൽ അക്കാര്യം വ്യക്തമാക്കണം.മരണശേഷം ഏതാണ്ട് പത്തു വർഷങ്ങൾക്കു ശേഷം തലയോട്ടിയും അസ്ഥിയും പുറത്തെടുത്തു വൃത്തിയാക്കി ചിത്രങ്ങൾ വരച്ചു ചേർത്ത് ബോൺ ഹൗസിലേക്ക് മാറ്റും. ഇന്ന് ഇവിടുത്തെ ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ സ്ഥലപരിമിതികൾ ഇല്ല. സാൽസ്ബെർഗിലെ ഇലക്ട്രിക്ക് ശ്മശാനത്തിന്റെ വരവോടെ ബോൺ ഹൌസിലേക്കുള്ള പുതിയ തലയോട്ടികളുടെ വരവ് നിലച്ചു. 1995ൽ ആണ് ബോൺ ഹൗസിൽ ഏറ്റവും അവസാനം ഒരു തലയോട്ടി എത്തിപ്പെട്ടത്.

ബോൺ ഹൌസിനു മുന്നിൽ ആണ് ഹാൾസ്റ്റാറ്റ് ശ്മശാനം.ശ്മശാനത്തിനുള്ളിലൂടെ ഞങ്ങൾ പുറത്തേക്കിറങ്ങി. സമയം ഉച്ച കഴിഞ്ഞിട്ടും തണുപ്പിനും മഞ്ഞിനും അല്പം പോലും ശമനം ഉണ്ടായിരുന്നില്ല. നിർത്താതെ പെയ്യുന്ന മഞ്ഞു ഹാൾസ്റ്റാറ്റ് കാഴ്ചകൾക്ക് മങ്ങൽ ഏൽപ്പിച്ചു തുടങ്ങിയിരുന്നു.

ഹാൾസ്റ്ററ്റിന്റെ പ്രധാന വരുമാനം ഒരുകാലത്തു ഉപ്പ് ഖനനം ആയിരുന്നു.ഇവിടുത്തെ ഉപ്പ് ഖനി ഒരു പ്രധാന ആകർഷണം കൂടിയാണ്.പല ഉപ്പ് ഖനികളും മുൻപ് കണ്ടത് കാരണം ഇത്തവണ കാണേണ്ട എന്ന് മുൻകൂട്ടി തീരുമാനിച്ചു ഉറപ്പിച്ചിട്ടാണ് ഞാൻ വന്നിരിക്കുന്നത്. അതുകൊണ്ടു മ്യൂസിയം കാണാം എന്ന തീരുമാനത്തിൽ ഞങ്ങൾ മൂവരും എത്തിച്ചേർന്നു.

മ്യൂസിയം

ഹാൾസ്റ്റാറ്റ് മ്യൂസിയം ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ടു നടന്നു. മ്യൂസിയത്തിലേക്കുള്ള പ്രവേശന ഫീസ് ആയ പത്തു യൂറോ അടച്ചു ഞങ്ങൾ മ്യൂസിയത്തിലെ കാഴ്ചകളിലേക്ക് പ്രവേശിച്ചു.

ധനാഢ്യരെ അടക്കം ചെയ്തിരുന്ന ഭരണി

പ്രാദേശിക ഉപ്പ് ഖനികളിൽ നിന്നുമുള്ള അമൂല്യ വസ്തുക്കളുടെ സമാനതകളില്ലാത്ത ശേഖരമുണ്ട് ഈ മ്യൂസിയത്തിൽ. ഇരുപത്തിയാറു മുറികളിലായി ഒരുക്കിയിരിക്കുന്ന പ്രദർശനം മലഞ്ചെരിവിലെ ഉപ്പ് ഖനികൾക്ക് താഴെയുള്ള ഹാൾസ്റ്റാറ്റ് പട്ടണത്തിന്റെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തി വെക്കുന്ന ഒരിടമാണ് ഹാൾസ്റ്റാറ്റ് മ്യൂസിയം. പ്രദർശനവും കണ്ടു ഞങ്ങൾ പതിയെ പുറത്തേക്കിറങ്ങി.

മ്യൂസിയത്തിലെ കാഴ്ചകൾ

“shall we go to five fingers ” ജെറി ഫൈവ് ഫിംഗേഴ്‌സ് എന്ന മനോഹര വ്യൂ പോയിന്റ് കാണുന്നതിനെ കുറിച്ച് ആരാഞ്ഞു. മൂന്ന് കിലോമീറ്റർ യാത്രയുണ്ട് ഫൈവ് ഫിംഗേഴ്‌സ് കാണുവാൻ. അഞ്ചു വിരലുകളുടെ ആകൃതിയിൽ നിർമ്മിച്ചിട്ടുള്ള വ്യൂ പോയിന്റ് ആണ് ഫൈവ് ഫിംഗേഴ്‌സ്.ജെറിയുടെ കാറിൽ പോയി അവിടെ നിന്നും കേബിൾ കാർ കയറി വേണം വ്യൂ പോയിന്റിൽ എത്താൻ. അവിടെ ചെന്നാൽ ഹാൾസ്റ്റാറ്റിന്റെ ഒരു ഹെലികൊപ്ടർ കാഴ്ചയാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

കേബിൾ കാർ യാത്ര തുടങ്ങുന്നത് ഇവിടെനിന്നാണ്

ജെറിയും ഞാനും സബീറും ഫൈവ് ഫിംഗേഴ്‌സ് കാണുവാനായി ടിക്കറ്റ് കൗണ്ടറിലേക്ക് എത്തി. ഇന്ന് മുകളിൽ തണുപ്പും മഞ്ഞു വീഴ്ചയും മൂടൽ മഞ്ഞും കാഴ്ചകൾ മറച്ചിരിക്കുന്നു. ടിക്കറ്റ് കൗണ്ടറിലെ യുവതി ടിക്കറ്റ് വാങ്ങുന്നതിനു മുൻപ് കാര്യങ്ങൾ വ്യക്തമാക്കി. വേണമെകിൽ മുകളിലെ കോഫീ ഷോപ്പിൽ പോയി കാപ്പി കുടിച്ചു തിരികെ വരാം. അമ്പതു യൂറോ ആണ് കേബിൾ കാറിന്റെ ഫീസ്. അതും കൊടുത്തു മുകളിൽ പോയി കാപ്പി കുടിച്ചു തിരികെ വരാൻ മനസ് അനുവദിക്കാത്തത് കാരണം ഞങ്ങൾ നിരാശരായി ടിക്കറ്റ് കൗണ്ടറിൽ നിന്നും പുറത്തേക്കിറങ്ങി.

ഹാൾസ്റ്റാറ്റ് തെരുവിന്റെ കാഴ്ച്ച

മ്യൂണിക്കിലേക്ക് ആണ് ജെറിയുടെ യാത്ര. മൂടൽ മഞ്ഞു ഹാൾസ്റ്റാറ്റിലെ കാഴ്ചകൾ മറച്ചിരിക്കുന്നു. പോകുന്ന വഴി ഞങ്ങളെ ബാഡ്ഗോയ്‌സണിൽ ഇറക്കാമെന്നു ഏറ്റു. മണിക്കൂറുകളുടെ മാത്രം പരിചയമുള്ള സഹയാത്രികന്റെ ഹൃദയവിശാലതയിൽ അകമഴിഞ്ഞ നന്ദി തോന്നി. ജെറിയോടു യാത്ര പറഞ്ഞു ഞങ്ങൾ ബാഡ്ഗോയ്‌സണിൽ ഇറങ്ങി.

ജെറിയോടും സബീറിനോടും ഒപ്പം