2021 നവംബർ 9, മതിലുകൾ തകർന്നിട്ടു ഇന്ന് 32 വർഷം

1945 -ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയത്തിനുശേഷം ജർമനിയെ പടിഞ്ഞാറൻ ജർമനിയെന്നും കിഴക്കൻ ജര്മനിയെന്നും രണ്ടായി വിഭജിച്ചു .പടിഞ്ഞാറൻ ജർമനിയുടെ നിയന്ത്രണം അമേരിക്കൻ സഖ്യകക്ഷികൾ ഏറ്റെടുത്തപ്പോൾ കിഴക്കൻ ജർമനി സോവിയറ്റ് നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ഏറ്റെടുത്തത്.

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ അന്തരിച്ച വൈക്കം മുഹമ്മദ് ബഷീർ “മതിലുകൾ” എന്ന നോവൽ എഴുതുന്നത് 1964 -ൽ. അവിടെ  നാരായണിയേയും ബഷീറിനെയും മതിലുകൾ വേർപ്പെടുത്തിയെങ്കിൽ ഒരു മതിൽ രണ്ടു ജനതകളെ തമ്മിൽ വേർപ്പെടുത്തിയ ചരിത്രം തേടിയാണ് എന്റെ യാത്ര. മുപ്പതു വർഷങ്ങൾക്ക് മുൻപ് തകർന്നു വീണ ഒരു മതിലിന്റെ ചരിത്രം തേടി.. 

berlin journey travelogue by ginu samuel

പോകുന്നത്  പേരുകൊണ്ട് ഏറെ സുപരിചിതമായ  ജർമനിയിലെ ബെർലിനിലേക്കാണ്. സോവിയറ്റ് ചായ്‌വുള്ള കിഴക്കൻ ജർമനിയെന്നും അമേരിക്കൻ ചായ്‌വുള്ള പടിഞ്ഞാറൻ ജർമനിയെന്നുമുള്ള വേർതിരിവിന്റെ  മതിൽക്കെട്ട്  അഴിഞ്ഞുവീണിട്ട്  2019  നവംബർ ഒൻപതാം തീയതി മുപ്പതു വര്‍ഷം.

ചില യാത്രകൾ അങ്ങനെയാണ് ചരിത്രത്തിന്റെ കറുത്ത അദ്ധ്യായം തേടി യാത്ര ചെയ്യുമ്പോൾ  തയ്യാറെടുപ്പുകൾ അധികം വേണ്ടി വരാറില്ല. നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിൽനിന്നും നോർവീജിയൻ എയർ ഷട്ടിൽ പിടിച്ചു നേരെ ബെർലിനിലേക്ക്. അവിടെ ചേട്ടന്റെ മകൻ ആൽവിൻ എഞ്ചിനീയറിംഗ് പഠനസംബന്ധമായി ചേക്കേറിയത് എന്റെ ചരിത്രം തേടിയുള്ള യാത്ര എളുപ്പമുള്ളതാക്കി. ജർമൻ അത്യാവശ്യം കൈകാര്യം  ചെയ്യാനറിയാവുന്ന ആൽവിൻ ആണ് അടുത്ത മൂന്ന് നാല് ദിവസം എന്റെ സന്തത സഹചാരിയും വേണമെങ്കിൽ ഗൈഡും എന്ന് പറയാം.

വൈകുന്നേരം ആറ് മണിയോടുകൂടി  ബെർലിൻ എയർപോർട്ടിൽ വന്നിറങ്ങിയ എന്നെ  സ്വീകരിക്കാൻ ആൽവിൻ വളരെ മുമ്പേ തന്നെ എയർപോർട്ടിന്റെ കവാടത്തിൽ ഇടം പിടിച്ചിരുന്നു. എയർപോർട്ടിലെ കണ്ണാടിക്കൂടിനുള്ളിനിന്നു പുറത്തിറങ്ങിയപ്പോൾതന്നെ വിശപ്പിന്റെ വിളി ഫ്ളൈറ്റും പിടിച്ചെത്തി. നോർവീജിയൻ എയർ ഷട്ടിലിന്റെ ഏറ്റവും വലിയ പ്രത്യേകത പച്ചവെള്ളം പോലും കാശുകൊടുത്തു വാങ്ങണം എന്നതാണ്. കിലുക്കത്തിലെ കിട്ടുണ്ണിയേട്ടന്റെ ഡയലോഗ് ഞാൻ ആൽവിന്റെ മുൻപിൽ അവതരിപ്പിച്ചു, “എനിക്ക് വിശക്കുണൂ…” ആൽവിൻ മുൻകൂട്ടി തീരുമാനിച്ചതുപോലെ കറി വൂസ്റ്റ് (സോസേജ് കറി ) എന്ന തനി  ബെർലിൻ വിഭവം എന്ന ലക്ഷ്യത്തിലേക്കു  എന്നെ കൂട്ടികൊണ്ടു പോയി. അരിഞ്ഞിട്ട സോസേജിൽ ചൂട് തക്കാളി സോസും മേമ്പൊടിക്ക് ഒരുതരം കറിപ്പൊടിയും വിതറിയ ഒരു ഐറ്റം.. കീശ കാലിയാക്കാതെ ഒരുനേരം വിശപ്പടക്കണമെങ്കിൽ ഐറ്റം ബെസ്റ്റാണ്.

വിശപ്പു കെട്ടടങ്ങിയതിനു ശേഷം  നേരെ താമസസ്ഥലത്തേക്ക്. ബെർലിൻ കാഴ്ചകൾ കാണുവാനുള്ള എല്ലാ  പ്ലാനുകളും തയ്യാറാക്കിയിരിക്കുന്നത് ആൽവിൻ ആണ്. പോകേണ്ട സ്ഥലങ്ങളും സമയയവും ഒക്കെ ആൽവിൻ മുൻകൂട്ടി തയാറാക്കി വെച്ചിരുന്നു. നാളെ രാവിലെ ബെർലിൻ നഗരം ചുറ്റിക്കാണാനുള്ള യാത്ര തുടങ്ങുകയാണ്. യാത്രയുടെ ക്ഷീണം കാരണം നന്നേ നേരത്തെ നിദ്രയിലാണ്ടു.
 
കണ്ണിൽ വെയിലിന്റെ ചൂട് അടിച്ചപ്പോൾ ചാടിയുണർന്ന് അന്നത്തെ യാത്രക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി. മൂന്ന് ദിവസത്തേക്കുള്ള പൊതു ഗതാഗതത്തിനുള്ള  ടിക്കറ്റ് മുൻകൂട്ടി എടുത്തു വെച്ചിരുന്നു. ആദ്യ യാത്ര ജർമൻ പാർലമെന്‍റ് മന്ദിരം തേടിയാണ്.  ട്രാമിൽ കയറി പാർലമെന്‍റ് മന്ദിരത്തെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ സമയം പാഴാക്കേണ്ട എന്ന് കരുതി ഫോണെടുത്തു ബെർലിൻ ചരിത്രത്തിന്റെ മേൽ കുറച്ചു ചുണ്ണാമ്പു തേച്ചു.

berlin journey travelogue by ginu samuel

പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ പകുതിയിൽ സ്ഥാപിക്കപ്പെട്ടതാണ്  ജർമൻ തലസ്ഥാനമായ ബെർലിൻ. ജർമൻ ഏകാധിപതിയായ ഹിറ്റ്ലറുടെ സ്വപ്നനഗരിയായ ബെർലിൻ, ഹിറ്റ്ലർ വിഭാവനം ചെയ്ത  രീതിയിലേക്ക് ഒരിക്കലും ഉയരാൻ കഴിഞ്ഞിരുന്നില്ല.1935 -ൽ തന്റെ സ്വപ്നനഗരി പടുത്തുയർത്തുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിവെക്കുകയും, യുദ്ധം  ആസന്നമായ 1937 ഓടെ കൂടി പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ നിര്‍ബന്ധിതനാവുകയും ചെയ്തു.

ജർമൻ  പാർലമെൻറ് മന്ദിരത്തിനും പറയാനുണ്ട് ചില ചരിത്രങ്ങൾ. പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഇതിന്റെ രൂപരേഖ ഒട്ടേറെ മത്സരങ്ങളിലൂടെയാണ് തയ്യാറാക്കിയത്. 1933 -ൽ ഹിറ്റ്ലറിന്റെ നേതൃത്വത്തിൽ നാസികൾ ഭരണം പിടിച്ചടക്കുന്ന സമയത്ത് ഒരു വൻ തീപിടിത്തത്തിലൂടെ കടന്നു പോയ ഈ മന്ദിരം പിന്നീട് നാസിഭരണം അസ്തമിച്ചതിനു ശേഷമാണ് ഇന്നത്തെ പ്രതാപത്തിലേക്കു തിരികെ വന്നത്. 

നമ്മുടെ നാട്ടിലും, ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികൾ അഭിമാന പൂർവം പ്രചരിപ്പിക്കുന്ന ഒരു ചിത്രം നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? വലിയ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഒരു സോവിയറ്റ് ഭടൻ അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ഒരു ചെങ്കൊടി പാറിക്കുന്നത്? ആ ചിത്രത്തിനും ഒരു കഥ പറയാനുണ്ട്.

berlin journey travelogue by ginu samuel

സോവിയറ്റ് യൂണിയൻ ഫോട്ടോഗ്രാഫർ ആയിരുന്ന യവ്ജനി ഖൽദേയി ആണ് ആ ചിത്രത്തിന് പിന്നിൽ. യവ്ജനി ഖൽദേയി രണ്ടാം ലോക മഹായുദ്ധ സമയത്ത് റെഡ് ആർമി എന്നറിയപ്പെട്ടിരുന്ന സോവിയറ്റ് ആർമിയുടെ കൂടെ യാത്ര ചെയ്യുകയും യുദ്ധത്തിലെ വിജയ മുഹൂർത്തങ്ങൾ അഭ്രപാളിയിൽ പകർത്തുകയും ചെയ്തു പോന്നിരുന്നു. 

ഈ ചിത്രങ്ങൾ സോവിയറ്റ് ആർമിക്ക് യുദ്ധത്തിൽ മുന്നേറാനുള്ള ഒരു ഊർജ്ജമായിരുന്നു. അങ്ങനെയിരിക്കെ നല്ലൊരു പതാകയുടെ കുറവ് അനുഭവപ്പെടുകയും യവ്ജനി ഖൽദേയി റഷ്യയിലേക്ക് തിരികെപ്പോയി മൂന്ന് വലിയ ചുവന്ന മേശവിരി തുന്നിച്ചേർത്ത് അതിൽ അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത കമ്മ്യൂണിസ്റ്റ് പതാകയുമായി തിരികെവന്നു. 

സോവിയറ്റ് പട്ടാളം 1945 -ൽ  ജർമൻ പാർലമെന്റ് മന്ദിരം പിടിച്ചടക്കി. കത്തിയെരിയുന്ന ബെർലിൻ നഗരം പശ്ചാത്തലമാക്കി പാർലമെന്‍റ് മന്ദിരത്തിന്റെ മുകളിൽ ചെങ്കൊടി പാറിക്കുന്ന സോവിയറ്റ് പട്ടാളക്കാരന്റെ ലോക പ്രശസ്ത ചിത്രം പകർത്തിയത് യവ്ജനി ഖൽദേയി ആയിരുന്നു. അന്നും ഇന്നും വൈറൽ ആണ് ആ ചിത്രം. ‘Raising a Flag over the Reichstag’ എന്ന പേരിൽ അറിയപ്പെടുന്ന ആ ചിത്രം കമ്മ്യൂണിസ്റ്റ് വിജയത്തിന്റെ പ്രതീകമായി ഇന്നും കമ്മ്യൂണിസ്റ്റ് അനുഭാവികൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നു. ആ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞ യവ്ജനി ഖൽദേയി, 1997 -ൽ തന്റെ എൺപതാം വയസിൽ താനെടുത്ത ചരിത്ര പ്രസിദ്ധ ചിത്രങ്ങൾ ബാക്കിയാക്കി ഇഹലോകവാസം വെടിഞ്ഞു. എങ്കിലും യവ്ജനി ഖൽദേയി എടുത്ത ചിത്രങ്ങളും യവ്ജനി ഖൽദേയി -യും ഇന്നും  ചരിത്രത്തിന്റെ ഭാഗമായി ജനഹൃദയങ്ങളിൽ നിലകൊള്ളുന്നു.
  
നിർഭാഗ്യവശാൽ പാർലമെന്‍റ് സന്ദര്ശനത്തിനുള്ള ടിക്കറ്റ് അടുത്ത രണ്ടുമാസത്തേക്കുള്ളത് എല്ലാം വിറ്റു തീർന്നിരുന്നു. അതുകൊണ്ടു തന്നെ പാർലമെന്‍റിന്‍റെ പുറത്തുനിന്നു ചിത്രങ്ങൾ എടുത്തു തൃപ്തിപ്പെടേണ്ടി വന്നു. അതിനിടയ്ക്കാണ് ഒരു സ്മാരകം ശ്രദ്ധയിൽ പെടുന്നത് . 1990 കളിൽ നിർമിക്കപ്പെട്ട സ്മാരകത്തിന്റെ ചരിത്രം ചികഞ്ഞപ്പോൾ അറിയാൻ കഴിഞ്ഞത് 1933 മുതൽ 1945 വരെ കൊല്ലപ്പെട്ട പാർലമെന്‍റ് അംഗങ്ങളുടെ സ്മരണക്കായി നിർമിച്ചതാണ് ആ സ്മാരകം എന്നാണ്.. ഏകദേശം തൊണ്ണൂറോളം ഫലകങ്ങൾ വരിവരിയായി കുത്തനെ നിർത്തിയിരിക്കുന്നു. ഓരോന്നിന്റെയും മുകളിൽ ഓരോ അംഗങ്ങളുടെയും പേരുകൾ ആലേഖനം ചെയ്തിരിക്കുന്നു.

berlin journey travelogue by ginu samuel

പാർലമെന്റ് മന്ദിരത്തിനു തൊട്ടടുത്തുള്ളതും ഒട്ടേറെ ചരിത്ര സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചതുമായ  ഒരു ഇടമാണ് ബ്രാൻഡൻബർഗ് ഗേറ്റ് (Brandenburg Gate). രണ്ടാം ലോക മഹായുദ്ധകാലത്തു ഒട്ടേറെ നാശനഷ്ടങ്ങളെ അതിജീവിച്ച ഈ ഗേറ്റ് ഇന്നും ബെർലിൻ പട്ടണത്തിൽ ഇങ്ങനെ തല ഉയർത്തി നിൽക്കുന്നു. നാസി ഭരണത്തിന് അറുതി വരുത്തിയ യുദ്ധത്തിന്റെ വിജയം ആഘോഷിക്കാൻ പതിനായിരക്കണക്കിന് ജനങ്ങൾ ഇവിടെ ഒത്തുകൂടിയിരുന്നു. ജർമനിയെ പടിഞ്ഞാറും കിഴക്കുമായി വിഭജിച്ചപ്പോൾ പ്രതിക്ഷേധിക്കാനും പിന്നീട് ജർമനിയുടെ ഏകീകരണം ആഘോഷിക്കാനും ആയിരങ്ങൾ ഇവിടെ ഒത്തുകൂടിയതായി ചരിത്രത്തിൽ കാണുവാൻ കഴിയും. ജർമൻ മതിൽ പൊളിഞ്ഞു വീണതിന്റെ ഇരുപതാം വാർഷികം സ്വാതന്ത്ര്യത്തിന്റെ ഉത്സവം എന്ന പേരിൽ കൊണ്ടാടിയപ്പോഴും ബ്രാൻഡൻബർഗ് ഗേറ്റ് ആണ് അതിനു സാക്ഷ്യം വഹിച്ചത്.

ഇതുവരെ മതിലിനെപ്പറ്റി പറഞ്ഞില്ലല്ലോ എന്നൊരു സംശയം ഇത്രയും വായിച്ചപ്പോഴുണ്ടാവാം. മതിലിലേക്കു എത്തുന്നതിനു മുൻപ് മറ്റു ചിലതുകൂടെ കാണാനുണ്ട്. ബ്രാൻഡൻബർഗ് ഗേറ്റിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന യഹൂദന്മാരുടെ സ്മാരകം സന്ദര്‍ശിക്കുവനാണ് പിന്നീട് പോയത്. ഏകദേശം രണ്ടുലക്ഷം ചതുരശ്ര അടിയിൽ പണിതീർത്തിട്ടുള്ള ഈ സ്മാരകം രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് ഏകദേശം അറുപത് വർഷങ്ങൾക്ക് ശേഷം 2004 -ൽ ആണ് നിർമിച്ചത്. നാസികൾ കൊന്നൊടുക്കിയ ലക്ഷക്കണക്കിന് യഹൂദന്മാരുടെ ഓർമ്മയ്ക്ക് പല ഉയരങ്ങളിലുള്ള 2711 കോൺക്രീറ്റ് സ്ലാബുകളിൽ നിർമിച്ച ഈ സ്മാരകം ഇന്നും ലോക മഹാ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള ഒരു ഓർമ്മ പുതുക്കലായി നിലകൊള്ളുന്നു.

berlin journey travelogue by ginu samuel

1945 -ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയത്തിനുശേഷം ജർമനിയെ പടിഞ്ഞാറൻ ജർമനിയെന്നും കിഴക്കൻ ജര്മനിയെന്നും രണ്ടായി വിഭജിച്ചു .പടിഞ്ഞാറൻ ജർമനിയുടെ നിയന്ത്രണം  അമേരിക്കൻ സഖ്യകക്ഷികൾ ഏറ്റെടുത്തപ്പോൾ കിഴക്കൻ ജർമനി സോവിയറ്റ് നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് ഏറ്റെടുത്തത്. 

വിഭജനത്തിനു ശേഷം സമ്പത്തിലും സ്വാതന്ത്ര്യത്തിലും മുന്നിട്ടു നിന്നിരുന്ന പടിഞ്ഞാറൻ ജർമ്മനിയിലേക്ക് കിഴക്കൻ ജർമനിയിൽനിന്നുള്ള ഒഴുക്ക് തുടർന്നുകൊണ്ടിരുന്നു. ഇതിനു തടയിടേണ്ടത് തങ്ങളുടെ രാജ്യത്തിന്‍റെ വളർച്ചക്കും വ്യാവസായിക സ്ഥാപനങ്ങളുടെ നിലനിൽപ്പിനും അത്യന്താപേക്ഷിതമാണെന്ന് കമ്മ്യൂണിസ്റ്റ് സർക്കാർ  ഉറച്ചു വിശ്വസിച്ചു. അങ്ങനെ, 1961 -ൽ കിഴക്കൻ ജർമനിയെയും പടിഞ്ഞാറൻ ജർമനിയെയും വേർതിരിച്ച് 155 കിലോമീറ്റർ നീളത്തിൽ നിര്‍മ്മിച്ച മതിലാണ് ചരിത്രത്തിൽ ഇടം പിടിച്ച ബെർലിൻ മതിൽ.

ലോകത്തിൽ ഇന്ന് നിർമ്മിച്ചിട്ടുള്ള ഒട്ടു മിക്ക മതിലുകളും അനധികൃത കുടിയേറ്റം തടയാൻ ആണെങ്കിൽ, സ്വന്തം രാജ്യത്തെ ജനങ്ങൾ രാജ്യം വിട്ടുപോകാതിരിക്കാൻ മതിൽ പണിതതാണ് ബെർലിൻ മതിലിനെ  മറ്റു മതിലുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

വിമാനത്താവളങ്ങളിലെ ഇമ്മിഗ്രേഷൻ ചെക്കിങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നിർമിച്ചതാണ് മതിലിനോട് ചേർന്നുള്ള ചെക്പോയിന്‍റ് ചാർലി. കിഴക്കൻ ജര്‍മ്മനിയിൽനിന്നും തിരിച്ചും ഈ ചെക്പോയിന്‍റ് കടന്നുവേണമായിരുന്നു യാത്രചെയ്യാൻ. ഇന്ന് ഇത് ബെർലിന്‍ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. യഥാർത്ഥ ചെക്പോയിന്‍റ്  പൊളിച്ചുമാറ്റിയെങ്കിലും അതിനെ വെല്ലുന്ന രീതിയിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന ചെക്പോയിന്‍റിൽ നിന്ന് ഫോട്ടോ പിടിക്കണമെങ്കിൽ മൂന്നു യൂറോ നൽകേണ്ടിവരും. ഞാനും അൽവിനും മൂന്ന് യൂറോ നൽകി ഒരു ചിത്രമെടുത്തു.

ബെർലിൻ മതിലിന്‍റെ നിര്‍മ്മാണത്തിനുശേഷം അനേകം ജനങ്ങൾ പടിഞ്ഞാറൻ ജർമനിയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. മതിൽ തകർക്കുന്നതുവരെ നൂറ്റിമുപ്പത്തിയെട്ടോളം കിഴക്കൻ ജർമൻ പൗരന്മാർ തങ്ങളുടെ ഉദ്യമത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതിലേറെപ്പേരെയും തങ്ങളുടെ രാജ്യത്തിന്‍റെ സ്വന്തം സൈനികർ വെടിവെച്ചു കൊന്നു എന്നത് മറ്റൊരു വിരോധാഭാസം. 

ബെർലിൻ മതിൽതേടി നടന്നിട്ടു ആട് കിടന്നിടത്തു പൂട പോലുമില്ലാത്ത അവസ്ഥ.. വിനോദ സഞ്ചാരത്തെ മുൻനിർത്തിയാവണം ചുരുക്കം ചില സ്ഥലങ്ങളിൽ മതിലിന്റെ ചില ഭാഗങ്ങൾ ഇന്നും പൊളിക്കാതെ സൂക്ഷിച്ചിരിക്കുന്നത്. ജർമനിയുടെ വിഭജനത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ ആണ് വിനോദസഞ്ചാരികൾക്ക് ഇത് പകർന്നു നൽകുന്നത്.

മതിലിന്റെ  അവശിഷ്ടങ്ങൾ പല കെട്ടിടങ്ങളും നിർമ്മിക്കാൻ പുനരുപയോഗിക്കുകയും ചില ഭാഗങ്ങൾ ലേലത്തിൽ വെക്കുകകയും ചെയ്തു.അമേരിക്കൻ ചൂതാട്ട കേന്ദ്രമായ ലാസ് വേഗാസിലെ മൂത്രപ്പുരയിൽ സ്ഥാപിച്ചിരിക്കുന്ന ബെർലിൻ മതിലിന്റെ ഭാഗം ‘pee at the berlin wall’ എന്ന പേരിൽ അറിയപ്പെടുന്നു. ബെർലിൻ മതിലിനെ ജനങ്ങൾ എത്രമാത്രം വെറുത്തിരുന്നു എന്നതിന് ഇതിലും നല്ലൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാൻ ഇല്ല. ബെർലിൻ സന്ദർശനവേളയിൽ വിൽപ്പനകേന്ദ്രങ്ങളിൽ പലയിടത്തും മതിലിന്റെ കോൺക്രീറ്റ് ശകലങ്ങൾ ഫ്രെയിം ചെയ്ത സുവനീറുകൾ വിൽപ്പനക്കായി വെച്ചിരിക്കുന്നത് കാണാം.

berlin journey travelogue by ginu samuel

1989 -90 കളിൽ കിഴക്കൻ യൂറോപ്പിൽ കമ്യൂണിസത്തിനുണ്ടായ തളർച്ച  ജർമനിയുടെ എകീകരണത്തിനു വഴി തെളിച്ചു. കിഴക്കും പടിഞ്ഞാറും എന്ന വേർതിരിവ് ഇല്ലാതെയായി. തങ്ങളുടെ സർക്കാർ അക്ഷരാർത്ഥത്തിൽ തടവിൽ പാർപ്പിച്ചിരുന്ന കിഴക്കൻ ജർമനി നിവാസികൾ ആഹ്ളാദാരവങ്ങളോടുകൂടിയാണ് ബെർലിൻ മതിലിന്റെ പതനത്തെ വരവേറ്റത്. വികസനം തൊഴിൽ സ്വാതന്ത്ര്യം  ഇവയിലെല്ലാം ഇന്നും പടിഞ്ഞാറൻ ജർമനി ഒരുപടി മുന്നിൽ നിൽക്കുന്നു. ഏകീകരണം ശരിക്കും തളർത്തികളഞ്ഞത് കിഴക്കൻ ജർമനിയിലെ വ്യവസായ സ്ഥാപനങ്ങളെയാണ്. പടിഞ്ഞാറൻ ജർമനിയിലെ സ്ഥാപനങ്ങളോട് മത്സരിക്കാൻ കഴിയാതെ കിഴക്കൻ ജർമനിയിലെ പല വ്യവസായ സ്ഥാപനങ്ങളും പൂട്ടിക്കെട്ടേണ്ടി വന്നു. അടുത്തയിടെ നടത്തിയ ഒരു സർവ്വേ വ്യക്തമാക്കുന്നത് ജർമനിയുടെ ഏകീകരണം ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് കിഴക്കൻ ജര്‍മ്മനിയിൽ നിന്നുള്ളവരെയാണ്. മതിൽ ഇല്ലാതെയായി എങ്കിലും കിഴക്കും പടിഞ്ഞാറും തമ്മിൽ ഇന്നും അദൃശ്യമായ ഒരു മതിൽ നിലനിൽക്കുന്നു. 

berlin journey travelogue by ginu samuel

ചരിത്രം തേടിയുള്ള യാത്രയുടെ ആദ്യ ദിനത്തിന് വിരാമമായി. വിശപ്പിന്റെ മതിക്കെട്ടു പൊളിച്ചടുക്കാൻ ഞാനും ആൽവിനും തീരുമാനിച്ചു. മുതലാളിത്തത്തിന്റെ പ്രതീകമായ  KFC കഴിക്കുവാൻ അവൈലബിൾ പോളിറ്റ് ബ്യൂറോ കൂടി തീരുമാനിച്ചു. വറുത്ത കോഴിക്കാൽ കടിച്ചുപറിക്കുന്നതിനിടക്കും ഞാൻ ഫോണിൽ ബെർലിൻ മതിലിന്റെ ചരിത്രങ്ങൾ ചികഞ്ഞുകൊണ്ടേയിരുന്നു.

ബെർലിൻ യാത്രയുടെ അനുഭവം നമുക്ക് പകർന്നു നൽകുന്നത് ഒരു ജനതയുടെ അതിജീവനത്തിന്റെ നേർക്കാഴ്ചയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മൾ ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും അതിർവരമ്പുകൾ കെട്ടാൻ വെമ്പൽ കൊള്ളുമ്പോൾ, മതിലുകൾ പൊളിച്ചെറിഞ്ഞ ഒരു ജനത നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നു എന്നത് ഭാവിയിൽ ചരിത്രത്തിന്റെ താളുകളിൽ തീർച്ചയായും ഇടം പിടിക്കും.

https://www.facebook.com/journeywithGinu/