Auschwitz
ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കഥകൾ
പകൽ വെളിച്ചം മുഖത്തേക്ക് അടിച്ചപ്പോൾ ഇരട്ടകളായ ഇവാ മോസസും മറിയ മോസസും ഞെട്ടലോടെ കണ്ണ് തുറന്നു. റോമനിയയിലെ തങ്ങളുടെ നാട്ടിൽ നിന്ന് ദിവസങ്ങൾക്കു മുൻപ് നാസി പട്ടാളക്കാർ ബലപ്രയോഗം നടത്തി കുടുംബത്തോടൊപ്പം കൊണ്ടുവന്നതാണ് ജൂത വംശത്തിൽ പിറന്ന ഇരട്ടകളായ മരിയയും ഇവയും.
വെള്ളവും വെളിച്ചവും ഇല്ലാത്ത നരകയാത്രയിൽ ഇവരെ കൂടാതെ അനേകം ജൂതന്മാർ ഉണ്ടായിരുന്നു .ക്യാമ്പിലേക്ക് ജോലിക്കു എന്നും പറഞ്ഞാണ് നാസി പട്ടാളക്കാർ ഇവരെയെല്ലാം കൊണ്ടുവന്നത്.
തണുപ്പ് നിറഞ്ഞ ആ പ്രഭാതത്തിൽ ട്രെയിനിന് പുറത്തേക്കിറങ്ങുമ്പോൾ ഇവാ തന്റെ ഇരട്ട സഹോദരി മറിയയുടെകൈയ്യിൽ ഒന്ന് മുറുകെ പിടിച്ചു .
പുറത്തേക്കിറങ്ങിയ അവർ കണ്ടത് ഉയരമുള്ള, കൂർത്ത, മുള്ളുവേലി വേലികൾ. നാസി പട്ടാളക്കാരുടെ പട്രോളിംഗുള്ള ഉയർന്ന ഗാർഡ് ടവറുകൾ, ജർമ്മൻ ഭാഷയിലുള്ള ആക്രോശങ്ങൾ, കൂർത്ത പല്ലുകളുള്ള കാവൽ നായ്ക്കളുടെ കുരയും മുരൾച്ചകളും. ട്രെയിനിൽ നിന്ന് പുറത്തേക്കിറങ്ങിയ എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടി കൂടി വന്നു.
ഇവയും മരിയയും അമ്മ ജാഫാ മോസസ് അച്ഛൻ അലക്സാണ്ടർ മോസസ് മൂത്ത സഹോദരിമാരായ എഡിറ്റുംഅലിസും ഒരുമിച്ചു തന്നെ നിൽപ്പുറപ്പിച്ചു., അതിനിടക്ക് ജാഫാ മോസസ് തന്റെ ഭർത്താവിന്റെ കാതിൽ ഉറക്കെ മന്ത്രിക്കുന്നത് ഇവയും മറിയയും കേട്ടു..“ഓഷ്വിറ്റ്സ്”… “ഓഷ്വിറ്റ്സ് “
തങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവന്നത് ജോലി ചെയ്യാനല്ല, മറിച്ച് നാസി കോൺസെൻട്രേഷൻ ക്യാമ്പിലെ മരണത്തിലേക്ക് തള്ളിയിടാൻആയിരുന്നു എന്നറിഞ്ഞു ട്രെയിനിൽ നിന്ന് ഇറങ്ങിയവർ കണ്ണീരൊഴുക്കി
ട്രെയിനിൽ വന്നവരെ ഇടത്തും വലത്തുമായി തരം തിരിക്കുന്നത് മറിയവും ഇവയും ശ്രദ്ധിച്ചു. എന്തിനുവേണ്ടി? എന്ന ചോദ്യം അവരുടെ മനസ്സിൽ അലയടിച്ചുകൊണ്ടേയിരുന്നു.പുരുഷന്മാർ സ്ത്രീകളിൽ നിന്നുംകുട്ടികൾ മാതാപിതാക്കളിൽ നിന്നും വേർപെട്ടു. പിന്നീട് ഇവർ ആരും തന്നെ തമ്മിൽ കണ്ടിട്ടില്ല.
അതിനിടയിൽ ഒരേ വസ്ത്രം ധരിച്ച ഇവയെയും മിറിയത്തെയും തുറിച്ചുനോക്കികൊണ്ട് ജാഫാമോസസിനോട് ചോദിച്ചു . “ഇവർ ഇരട്ടകളാണോ?”
ആദ്യമൊന്നു മടിച്ചു നിന്ന അവർ അതെയെന്ന് ഉത്തരം പറഞ്ഞതും പട്ടാളക്കാരൻ ഇവയെയും മറിയയെയുംമാതാ പിതാക്കളിൽനിന്നു എന്നന്നേക്കുമായി പിടിച്ചു വലിച്ചുകൊണ്ടു പോയി . മരണത്തിന്റെ മാലാഖഎന്നറിയപ്പെട്ടിരുന്ന കുപ്രസിദ്ധ നാസി ഡോക്ടർ ജോസഫ് മെൻഗലയുടെ ഇരട്ടകളിലുള്ളപരീക്ഷണത്തിനായി..ഇവയും മിറിയവും കുഞ്ഞു കൈകൾ നീട്ടി, ഉച്ചത്തിൽ ഉള്ള നിലവിളിക്കും ആപട്ടാളക്കാരനിൽ യാതൊരു ചലനവും ഉണ്ടാക്കിയില്ല.പിന്നീടൊരിക്കലും
ഇവയും മരിയയും അമ്മ ജാഫാ മോസസിനേയും അച്ഛൻ അലക്സാണ്ടർ മോസസിനെയും മൂത്തസഹോദരിമാരായ എഡിറ്റും അലിസിനേയും കണ്ടിട്ടില്ല.
1945 ജനുവരി മാസം ഇരുപത്തിയേഴാം തീയതി, റെഡ് ആർമി സ്വാതന്ത്രമാക്കുന്നതിനു മുൻപായി ഏതാണ്പന്ത്രണ്ടു ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ മരണത്തിന്റെ ഫാക്ടറി ആയിരുന്നു ഓഷ്വിറ്റ്സ് . ജൂതന്മാർആയിരുന്നു അവരിൽ ഏറിയ പങ്കും. പോളിഷുകാർ ,റഷ്യൻ യുദ്ധ തടവുകാർ , ജിപ്സികൾ , സ്വവർഗാനുരാഗികൾ തുടങ്ങി 23 ഭാഷകൾ സംസാരിച്ചിരുന്ന 28 രാജ്യങ്ങളിൽ നിന്നുള്ളവർ ഓഷ്വിറ്റ്സിൽഒരുപിടി ചാരമായി മാറി.
“ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത കഥകൾ”
തെക്കൻ പോളണ്ടിലെ ഒരു പോളിഷ് സൈനിക ബാരക്കായിരുന്നു ഓഷ്വിറ്റ്സ്. 1939 സെപ്റ്റംബറിൽ നാസിജർമ്മനി പോളണ്ടിന്റെ അധിനിവേശത്തിനു ശേഷം 1940 മെയ് മാസത്തോടെ ഈ സ്ഥലം രാഷ്ട്രീയതടവുകാർക്കുള്ള ജയിലാക്കി മാറ്റി.
രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം.നാസി ഭരണകൂടം ഈ സ്ഥലം വികസിപ്പിച്ചുതുടങ്ങി.
1941 സെപ്റ്റംബറിൽ ഒരു കൂട്ടം പോളിഷ്, സോവിയറ്റ് തടവുകാരെ വിഷവാതകം പ്രയോഗിച്ചുകൊലപ്പെടുത്തുന്നതോടു കൂടിയാണ് ഇവിടുത്തെ കൂട്ടക്കൊലയുടെ കുപ്രസിദ്ധി ആരംഭിക്കുന്നത്.
മാസങ്ങൾക്കപ്പുറം ഓഷ്വിറ്റ്സ് II-ബിർകെനൗ എന്ന പുതിയ ക്യാമ്പിന്റെ പണി ആരംഭിച്ചു.
നവംബറിലെ , തണുപ്പും ഇരുട്ടും മൂടിയ ഒരു വാരാന്ത്യത്തിലാണ് ഞങ്ങൾ പോളണ്ടിന്റെ ചരിത്ര പട്ടണമായക്രാക്കോവിലേക്കു യാത്ര തിരിക്കുന്നത്. ജർമനി ഏൽപ്പിച്ച പ്രഹരത്തിൽ നിന്നും, പിന്നീട് സോവിയറ്റ് യൂണിയന്റെസ്വാധീനത്തിൽ നിന്നുമെല്ലാം മുക്തമായി വരുന്ന പോളണ്ടിന്റെ മനോഹര പട്ടണങ്ങളിൽ ഒന്നാണ് ക്രാക്കോവ്
ഞങ്ങളുടെ യാത്രയുടെ പ്രധാന ഉദ്ദേശ്യം മനുഷ്യ മനസാക്ഷിയെ ഇന്നും മരവിപ്പിച്ചു നിർത്തുന്ന ,ലോകം കണ്ടഏറ്റവും വലിയ വംശഹത്യയുടെ നേർക്കാഴ്ചയായ ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാംപ് ആണ്. ക്രാക്കോവിൽനിന്നും ഏതാനും മണിക്കൂർ അകലെയാണ് ഓഷ്വിറ്റ്സ്.
Arbeit Macht Frei (ജോലി നിങ്ങളെ സ്വതന്ത്രരാക്കുന്നു ) എന്ന കുപ്രസിദ്ധ നുണ ആലേഖനം ചെയ്ത കവാടവുംതാണ്ടി ഞങ്ങൾ ഓഷ്വിറ്റ്സ് ക്യാമ്പിലേക്ക് കടന്നു.
മുള്ളുവേലികൾക്കുള്ളിൽ നമ്പറിട്ടു വെച്ചിരിക്കുന്ന ബ്ലോക്കുകൾ. ഒരുകാലത്തു ഇവിടുത്തെ അന്തേവാസികൾക്കുംവരയൻ കുപ്പായത്തിലും ,കൈത്തണ്ടയിലും നമ്പറുകൾ പതിച്ചിരുന്നു. അവിടുത്തെ കാറ്റിനു പോലും കരിഞ്ഞമാംസത്തിന്റെ ഗന്ധം.
ഗൈഡഡ് ടൂർ ആയിരുന്നു ഞങ്ങൾ ബുക്ക് ചെയ്തിരുന്നത്. ഗൈഡ് ഞങ്ങളെയും കൊണ്ട് ഓഷ്വിറ്റ്സ് -1 ക്യാമ്പ്ചുറ്റി കാണിക്കുകയാണ്.
എന്തുകൊണ്ട് ഓഷ്വിറ്റ്സ്
ഇതിനുള്ള ഉത്തരം ബ്ലോക്ക് നാലിലെ ചിത്രങ്ങൾ പറഞ്ഞു തന്നു
ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒന്നോടുകൂടി ഫ്രാൻസ്, ഗ്രീസ്, നോർവേ ,ഡെൻമാർക്ക്,യുഗോസ്ലോവിയ,ബെൽജിയം, ഹോളണ്ട് ലക്സംബെർഗ് തുടങ്ങി യൂറോപ്പിന്റെ മിക്ക ഭാഗങ്ങളും ജർമൻ അധിനിവേശത്തിലായി. ഓഷ്വിറ്റ്സ് ഈ അധിനിവേശ യൂറോപ്പിന്റെ ഒത്ത നടുവിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അങ്ങനെ ലോകംകണ്ട ഏറ്റവും വലിയ വംശഹത്യയുടെ കേന്ദ്രമായി ഓഷ്വിറ്റ്സ് മാറി.
ഓഷ്വിറ്റ്സിൽ മരണപ്പെട്ട നിരപരാധികൾ
14 ജൂൺ 1940 മുതൽ ജനുവരി 27, 1945 വരെ നാസികൾ 13 ലക്ഷത്തോളം ആളുകളെ ഇവിടേയ്ക്ക്കൊണ്ടുവന്നു . അതിൽ ഏതാണ്ട് പതിനൊന്നു ലക്ഷത്തോളം ജൂതന്മാരും , 140000 പോളിഷുകാരും 23000 റോമാ , 15000 സൊവിയറ്റ്തടവുകാരും, 25000 ആളുകൾ മറ്റു യൂറോപിയൻ രാജ്യങ്ങളിൽ നിന്നുള്ളവരുംആയിരുന്നു.ഏതാണ്ട് ഒൻപതു ലക്ഷത്തോളം ജൂതന്മാർ ക്യാമ്പിൽ എത്തിയപാടെ ഗ്യാസ് ചേംബറുകളിൽപൊലിഞ്ഞു വീണതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ക്യാമ്പുകളിൽ എത്തിയപാടെ ജർമൻ ഡോക്ടർമാർ ആളുകളെ ആരോഗ്യമുള്ളവർ എന്നും ആരോഗ്യംഇല്ലാത്തവർ എന്നും തരം തിരിച്ചിരുന്നു. സ്ത്രീകൾ , ഗർഭിണികൾ , അംഗവൈകല്യം ഉള്ളവർ ,വൃദ്ധർ , കുട്ടികൾതുടങ്ങിയവരെ ആരോഗ്യം ഇല്ലാത്തവർ എന്ന ഗണത്തിൽ ഉൾപ്പെടുത്തി ക്രൂരമായി വിഷവാതകം ശ്വസിപ്പിച്ചുകൊന്നുകളയുകയായിരുന്നു പതിവ്. ബാക്കിയുള്ളവരെ ക്യാമ്പുകളിൽ കഠിന ജോലികൾ ചെയ്യിച്ചു അവരുടെആരോഗ്യം ക്ഷയിക്കുമ്പോൾ ഗ്യാസ് ചേംബറുകളിൽ ക്രൂരമായി കൊന്നു കളയും. ഇവരിൽ മിക്കവരുംക്യാമ്പുകളിൽ രണ്ടോ മൂന്നോ മാസങ്ങളിൽ അധികം ജീവിക്കേണ്ടി വന്നിട്ടില്ല.
Final Solution for the jewish question “All Jews regardless of their age, sex or views were to be killed”
“എല്ലാ ജൂതന്മാരും അവരുടെ പ്രായമോ ലിംഗഭേദമോ വീക്ഷണങ്ങളോ പരിഗണിക്കാതെ കൊല്ലപ്പെടണം” എന്നജർമൻ അജണ്ട അക്ഷരാത്ഥത്തിൽ നടപ്പാക്കുകയായിരുന്നു നാസി സേന ഓഷ്വിറ്റ്സിൽ
ഓഷ്വിറ്റ്സ് മ്യൂസിയം
ബ്ലോക്ക് നമ്പർ നാലിൽ ഒരുക്കിയിരിക്കുന്ന എക്സിബിഷനിൽ നാസി പട്ടാളത്തിന്റെ കൊടും ക്രൂരതകൾവരച്ചുകാട്ടിയിരിക്കുന്നു.
നാസി പട്ടാളം ഒരുപിടി ചാരമാക്കി മാറ്റിയ മനുഷ്യരെ ഓർമ്മിപ്പിക്കുമാറ് ചില്ലു പാത്രത്തിൽസൂക്ഷിച്ചിരിക്കുന്ന ചാരം, സൈക്ളോൺ ബി പോലുള്ള മാരക വിഷം സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ പാട്ടകൾ ,കത്തിച്ചുചാമ്പലാക്കുന്നതിനു മുൻപായി ഇവിടുത്തെ അന്തേവാസികളുടെ തല മുണ്ഡനം ചെയ്യുക പതിവായിരുന്നു. നാസികൾ ഇവിടം വിട്ടൊഴിയുമ്പോൾ ഏതാണ്ട് രണ്ടു ടണ്ണോളം മുടി ആയിരുന്നു ഓഷ്വിറ്റ്സിൽ ഉപേക്ഷിച്ചത്.
ഒരുകാലത്തു പല ജർമൻ കമ്പനികളിൽ വസ്ത്ര നിർമാണത്തിനായി ഈ തലമുടികൾ ഉപയോഗിച്ചിരുന്നു എന്ന് ഗൈഡ് പറഞ്ഞപ്പോൾ ഞങ്ങൾ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി.
നാസികളുടെ ക്രൂരതയുടെ നേർക്കാഴ്ചയാണ് ബ്ലോക്ക് അഞ്ച്. ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് സൂട്ട്കേസുകൾ , കണ്ണടകൾ, പാത്രങ്ങൾ ,ജൂതന്മാർ പ്രാർത്ഥനക്കായി ഉപയോഗിച്ചിരുന്ന ഷാളുകൾ (Tallitot), ക്യാമ്പുകളിൽഅടക്കപ്പെട്ട അംഗവൈകല്യം ബാധിച്ച ആളുകളുടെ കൃത്രിമ കാലുകൾ ,ഷേവിങ്ങ് സെറ്റുകൾ ഇവയെല്ലാം ബ്ലോക്ക്അഞ്ചിലെ മുറികളിൽ കൂന കൂട്ടി ഇട്ടിരിക്കുന്നത് കാണാം.
പെണ്ണുടലിലെ പരീക്ഷണങ്ങൾ
ഏതാണ്ട് ഒരുലക്ഷത്തി മുപ്പതിനായിരം സ്ത്രീകളെയാണ് ആണ് ഓഷ്വിറ്റ്സിൽ രജിസ്റ്റർ ചെയ്തത്. അതിൽഏതാണ്ട് എൺപത്തി രണ്ടായിരം ജൂത സ്ത്രീകളും ബാക്കി പോളിഷ് റോമൻ റഷ്യൻ ഫ്രഞ്ച് തുടങ്ങിയസ്ത്രീകളും ആണുണ്ടായിരുന്നത്.
പ്രായമായ , അംഗവൈകല്യം ബാധിച്ച , ഗർഭിണികളായ , അമ്മമാരായ ജൂത സ്ത്രീകൾ എല്ലാവരും ക്യാമ്പിലെആദ്യ ഘട്ടത്തിൽ തന്നെ ഗ്യാസ് ചേമ്പറുകളിൽ വിഷവാതകത്തിനിരയായി.
ജൂതരെ കൂട്ടത്തോടെ കൊല്ലാൻ താരതമ്യേന ചെലവുകുറഞ്ഞൊരു മാർഗം നാസികൾ വികസിപ്പിച്ചതായിരുന്നുഗ്യാസ് ചേംബറുകൾ.. സൈക്ളോൺ ബി തരികൾ പൊട്ടാസിയം സയനേഡ് പോലുള്ള വിഷവസ്തുക്കളുമായികലർത്തി അടച്ചു ബാന്ധവസുള്ള ഒരു മുറിയിൽ നിസ്സഹായരായ ഈ മനുഷ്യരെ കുത്തി നിറച്ചതിനു ശേഷംമുകളിൽ നിന്നു ഇട്ടു കൊടുക്കുന്നു. മുറിയിലെ ചൂട് ഉയരുന്നതിനനുസരിച്ചു വിഷവാതകം മുറിയിലാകെപടരുന്നു. ഏതാണ്ട് ഇരുപതു മിനിറ്റുകൊണ്ട് എഴുനൂറോളം ആളുകളെ കൊന്നൊടുക്കാനുള്ള ചിലവു കുറഞ്ഞമാർഗമായിരുന്നു ഗ്യാസ് ചേംബറുകൾ.
പ്രശസ്ത ജർമൻ ഗൈനക്കോളജിസ്റ്റ് കാൾ ക്ലോബെർഗ് 1943 ക്യാമ്പിലെ ബ്ലോക്ക് പത്തിൽ ഒരു പരീക്ഷണ ശാലതുടങ്ങുന്നു.നൂറുകണക്കിന് ജൂത സ്ത്രീകളെ അതിക്രൂരമായ പല പരീക്ഷണങ്ങൾക്കും ഗിനിപ്പന്നികളെപ്പോലെവിധേയമാക്കുന്നു.
മരണത്തിന്റെ മാലാഖ എന്നറിയപ്പെട്ട കുപ്രസിദ്ധ നാസി ഡോക്ടറായ ജോസെഫ് മെൻഗലെയുടെ ഇരട്ടകൂട്ടികളുടെ മേലുള്ള ക്രൂരപരീക്ഷണങ്ങൾക്കും ഓഷ്വിറ്റ്സ് സാക്ഷ്യം വഹിച്ചു. പല തരത്തിലുള്ള മരുന്ന്പരീക്ഷണങ്ങൾക്കും ഇരട്ടകൾ വിധേയമായി. പല കുത്തിവയ്പ്പുകൾക്ക് ശേഷം, കടുത്ത പനി പിടിപെട്ടു, കാലുകളും കൈകളും വീർക്കുകയും വേദനിക്കുകയും ചെയ്തു നടക്കാനായി ബുദ്ധിമുട്ടിയ ഇവരിൽ പലരുംഇഴഞ്ഞാണ് ക്യാമ്പിൽ നീങ്ങിയിരുന്നത്.പല ഇരട്ടകളെയും ഒരു മുറിയിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെനഗ്നരാക്കി നിർത്തി അവരുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അളക്കും. രണ്ട് ഇരട്ടകളെയും പിന്നീട് മുൻഅളവുകളുമായി താരതമ്യം ചെയ്യും.
ഇവരിൽ പലരും ഈ പരീക്ഷണങ്ങൾ പൂർത്തീകരിക്കുന്നതിന് മുൻപുതന്നെ മരണത്തിനു കീഴങ്ങുന്നു. ബാക്കിഉള്ളവർ അംഗവൈകല്യം ബാധിച്ചു പിന്നീട് ഗ്യാസ് ചേംബറുകളിലേക്ക് തള്ളിയിടപ്പെട്ടു.
ഇവാ മോസസ്സും അവളുടെ ഇരട്ട സഹോദരിയും ജോസഫ് മൻഗലയുടെ ക്രൂര പരീക്ഷണങ്ങൾക്കു ഏതാണ്ട്ഒൻപതു മാസത്തോളം വിധേയമായി.
ഏതാണ്ട് എഴുനൂറോളം കുട്ടികളാണ് ക്യാമ്പിൽ ജനിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്.അവരിൽ ജൂതകുട്ടികളെ ജനിച്ച ഉടനെ തന്നെ ഫിനോൾ പോലുള്ള രാസവസ്തുക്കൾ കുത്തിവെച്ചു കൊന്നുകളയുകയായിരുന്നു പതിവ്. അറുപതോളം കുട്ടികൾ മാത്രമാണ് ക്യാമ്പിൽ നിന്നും ജീവനോടെ പുറത്തു വന്നത്എന്ന കണക്കുകൾ ക്യാമ്പിലെ ശിശുക്കളുടെ മേലുള്ള ക്രൂരത വെളിവാക്കുന്നു.
ബ്ലോക്ക് പത്തിനോട് ചേർന്നാണ് ഡെത്ത് വാൾ )മരണ മതിൽ) സ്ഥിതി ചെയുന്നത്. ക്യാമ്പിൽ നിന്ന് പുറത്തു കടക്കാൻശ്രമിക്കുന്നവരെയും നിയമങ്ങൾ ലംഘിക്കുന്നവരെയും പരസ്യമായി വെടിവെച്ചു കോന്നിരുന്നതു അവിടെവെച്ചായിരുന്നു.
ക്യാമ്പിലെ ക്രൂരതയുടെ കേന്ദ്രം – മരണമതിൽ
ഓഷ്വിറ്റ്സ് ക്യാമ്പ് ഒന്നിലെ കാഴ്ചകൾ ഞങ്ങൾക്ക് വിവരിച്ചു തന്നതിന് ശേഷം ഗ്യാസ് ചേംബറും സന്ദർശിച്ചതിനുശേഷം ഗൈഡ് ഞങ്ങളെയും കൂട്ടി ഓഷ്വിറ്റ്സ് II ബീർകനൗ ക്യാമ്പിലേക്ക് ബസ് കയറി.
ഏതാണ്ട് മൂന്ന്കിലോമീറ്റർ ദൂരമുണ്ട് ഇവിടം തമ്മിൽ. ബീർകനൗ താരതമ്യേന വലിയ ക്യാമ്പ് ആണ്. തടികൾ കൊണ്ട് നിർമ്മിച്ചമുന്നൂറോളം ബാരക്കുകളിൽ മിക്കവയും റെഡ് ആർമി പിടിച്ചെടുക്കുന്നതിനു മുൻപായി നാസികൾ ബോംബിട്ടുനശിപ്പിച്ചിരുന്നു .
യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും തീവണ്ടി മാർഗം ആളുകളെ എത്തിച്ചിരുന്നത് ബീർകനൗവിലേക്കാണ്. ഓഷ്വിറ്റ്സ് ഒന്നുമായി താരതമ്യം ചെയുമ്പോൾ ബീർകനൗവിലെ ജീവിതം അതികഠിനം ആയിരുന്നു. കൊടുംശൈത്യം അനുഭവപ്പെടുന്ന ഇവിടുത്തെ താൽക്കാലികമായി കെട്ടിയുയർത്തിയ ബാരക്കുകളിൽ പലതിനുംവേണ്ടത്ര ഹീറ്റിംഗ് സൗകര്യങ്ങളോ , ടോയ്ലറ്റ് സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല.
മരണത്തിന്റെ ഫാക്ടറി എന്ന് വിളിക്കുന്ന ബീർകനൗവിലെ ഏറ്റവും വലിയ മൂന്ന് ഗ്യാസ് ചേംബറുകൾപകലന്തിയോളം മനുഷ്യരെ കൊന്നുതള്ളുന്ന ഫാക്ടറി പോലെ പ്രവർത്തിച്ചു വന്നിരുന്നു. ഇവയെല്ലാം തന്നെനാസികൾ പരാജയത്തിന് ദിവസങ്ങൾ മുൻപ് ബോംബിട്ടു നശിപ്പിച്ചിരുന്നു.
തീവണ്ടിമാർഗം തടവുകാരെ എത്തിച്ചിരുന്ന ട്രെയിനിന്റെ ഒരു ബോഗി ചരിത്രത്തിന്റെ കറുത്ത നാളുകളുടെഅടയാളമായി ബീർകനൗ ക്യാമ്പിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു. വായൂ സഞ്ചാരം പോലുമില്ലാത്ത ആബോഗിയിൽ ഏതാണ്ട് എൺപതോളം ആളുകളും അവരുടെ സ്വകാര്യ സമ്പാദ്യങ്ങളും തിക്കി നിറച്ചുള്ള യാത്രചിന്തിക്കാവുന്നതിനും അപ്പുറത്താണ്. ഇവയുടെയും മറിയത്തിന്റെയും നിലവിവിളി അവിടം സന്ദർശിച്ചപ്പോൾഞങ്ങളുടെ കാതിൽ മുഴങ്ങി കേട്ടുകൊണ്ടേയിരുന്നു.
വെള്ളം പോലും കിട്ടാതെ , ശരിയായ വായൂ സഞ്ചാരം ഇല്ലാതെ ഏഴുമുതൽ പന്ത്രണ്ടു ദിനങ്ങൾ പ്രതീക്ഷയുടെഭാണ്ഡവും പേറി അവർ യാത്ര ചെയ്തിരുന്നത് ഗ്യാസ് ചേംബറുകളിൽ ജീവിതം അവസാനിപ്പിക്കാൻ ആണെന്ന്ഓർക്കുമ്പോൾ നാസികളുടെ ക്രൂരത എത്രമാത്രമാണെന്നു നമുക്ക് മനസിലാവും.
ഏതാണ്ട് അഞ്ചു ലക്ഷത്തോളം ആളുകൾ ആണ് ബീർകനൗവിലെ ഗ്യാസ് ചേംബറിലും പിന്നീട് ഇവിടുത്തെക്രിമറ്റോറിയത്തിൽ ഒരുപിടി ചാരമായി മാറിയത്. എരിഞ്ഞടങ്ങിയ ചാരവും വഹിച്ചു നാസി ട്രക്കുകൾ പോളണ്ടിലെവിസ്റ്റുല നദി ലക്ഷ്യമാക്കി പാഞ്ഞത് ദിവസം പലതവണയാണ്.
1945-ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും യൂറോപ്പിലെ ഏതാണ്ട് 67 ശതമാനം ജൂതരും ഒരുപിടി ചാരമായിമാറിയിരുന്നു.ഓഷ്വിറ്റ്സ് ക്യാമ്പ് സന്ദർശിക്കുന്ന ഏതൊരാൾക്കും രണ്ടു തുള്ളി കണ്ണീർ വീഴ്ത്താതെ ക്യാംപിന്റെപടി ഇറങ്ങാൻ സാധിക്കില്ല.
വംശവെറിയുടെയും ഏകാതിപത്യത്തിന്റെയും ഇരയായി ഓഷ്‌വിറ്സിൽ പിടഞ്ഞു വീണ മനുഷ്യജീവികളുടെ ഓർമ്മയ്ക്ക് മുന്നിൽ ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു.
ജീവൻ മാത്രമായി പുറത്തേക്കു
ക്യാമ്പിൽ നിന്ന് രക്ഷപെട്ട അപൂർവം ചില കുട്ടികളിൽ ഇവാ മോസസും സഹോദരി മിറിയം മോസസുംഉണ്ടായിരുന്നു. ക്യാമ്പിലെ കഠിന പരീക്ഷണങ്ങൾക്കു വിധേയമായ അവർ ജീവിതകാലം മുഴുവൻ ഓഷ്‌വിറ്റ്സിന്റെനടുക്കുന്ന ഓർമ്മകളുമായി ജീവിതം തള്ളി നീക്കി.
പ്രായപൂർത്തിയായപ്പോൾ, ഈവയ്ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നു, ഓഷ്വിറ്റ്സിലെ അവളുടെചികിത്സയുടെയും പരീക്ഷണങ്ങളുടെയും ഫലമായി ആയിരുന്നു അതെന്നു അവർ ഉറച്ചു വിശ്വസിച്ചിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന മറിയത്തിന് , “എനിക്ക് ഒരു സഹോദരിയും രണ്ട് വൃക്കകളുംഉണ്ട്, അതിനാൽ ഇത് എളുപ്പമുള്ള തീരുമാനം ” എന്ന് പറഞ്ഞുകൊണ്ട് ഇവാ തന്റെ വൃക്കകളിലൊന്ന് ദാനംചെയ്തു. 1993-ൽ കിഡ്നി ക്യാൻസർ ബാധിച്ച് മിറിയം അന്തരിച്ചു . ഔഷ്വിറ്സിലെ വൈദ്യ പരീക്ഷണങ്ങൾലോകത്തിന്റെ മുൻപിൽ തുറന്നു കാട്ടുന്ന പുസ്തകം Surviving the angel of death : the story of a Mengele twin in Auschwitz എന്നൊരു പുസ്തകവും ഇവാ പ്രസിദ്ധീകരിച്ചു. ക്യാൻഡിൽസ് എന്ന സന്നദ്ധ സംഘടനക്ക് രൂപംനൽകിയ ഇവ 2019 ൽ ഓഷ്വിറ്സ് സന്ദർശനത്തിനിടയിൽ ക്രാക്കോവിൽ വെച്ച് അന്തരിച്ചു.
നമുക്കിടയിൽ ഇനിയും ഹിറ്റ്ലറുകൾ തലപൊക്കാം. ജാതിയുടെയും മതത്തിന്റെയും വംശവെറിയുടെയുംവിത്തുകൾ നമ്മളിൽ പാകുമ്പോൾ നമുക്കതു തിരിച്ചറിയേണം എങ്കിൽ ചരിത്രം ´അറിഞ്ഞിരിക്കേണ്ടത്ആവശ്യമാണ്.ഹോളോകോസ്റ്റ് പോലുള്ള വംശഹത്യകൾ നേരിടുവാനുള്ള ശക്തിഇനി നമുക്ക് ഉണ്ടായെന്നുവരില്ല.
Those who cannot remember the past are condemned to repeat it.”–George Santayana