യൂണിഫോം ധരിച്ചു സ്‌കൂൾ വിട്ടു വരുന്ന കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ ? അതുപോലെയാണ് സ്കാന്ഡിനേവിയൻ രാജ്യങ്ങളായ സ്വീഡൻ നോർവേ ഡെൻമാർക്ക് ഫിൻലൻഡ് കൂടാതെ എസ്റ്റോണിയയുടെ ചില ഭാഗങ്ങളിലെ വീടുകൾ . എല്ലാം കണ്ടാൽ ഏതാണ്ട് യൂണിഫോം ധരിച്ച സ്‌കൂൾ കുട്ടികൾ നിരന്നു നിൽക്കുന്ന ഒരു പ്രതീതി ജനിപ്പിക്കും.
ചുവപ്പു നിറത്തിൽ മുങ്ങി തലയെടുപ്പോടെ നിൽക്കുന്ന , തടിയിൽ നിർമ്മിച്ച ആ വീടുകൾ കാണുവാൻ ഒരു പ്രത്യേക ഭംഗിയാണ്.
ഫലു റെഡ്
ഫിൻലൻഡിൽ punamulta എന്ന പേരിലും സ്വീഡനിൽ rödmylla എന്ന പേരിലും അറിയപ്പെടുന്ന സ്കാന്ഡിനേവിയയുടെ സ്വന്തം പെയിന്റ്. കണ്ടിട്ടില്ലേ സ്കാന്ഡിനേവിയൻ ചിത്രങ്ങളിൽ തടികൊണ്ട് നിർമ്മിച്ച അതി മനോഹരമായ ചുവപ്പു ചായം പൂശിയ വീടുകൾ.
വടക്കൻ സ്വീഡനിലെ ദലാർണ എന്ന കൊച്ചു പട്ടണത്തോടു ചേർന്ന് കിടക്കുന്ന ഫലൂൻ. മഞ്ഞും തണുപ്പും കൊണ്ട് മൂടി കിടക്കുന്ന സ്വീഡിഷ് ലാപ് ലാൻഡിനടുത്തുള്ള ഈ പട്ടണം ഒരുകാലത്തു കോപ്പർ മൈനുകളുടെ ഒരു കേന്ദ്രമായിരുന്നു. ഒരുപക്ഷെ ആയിരക്കണക്കിന് വര്ഷങ്ങള്ക്കു മുൻപ് അവിടെ നിന്നും ചെമ്പു മൈൻ ചെയ്തു എടുക്കാറുണ്ടായിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു.
ചെമ്പ് മൈൻ ചെയ്തു എടുക്കുമ്പോൾ ലഭിക്കുന്ന ഒരു ഉപ ഉത്പന്നം ലിൻ സീഡ് ഓയിലുമായി കലർത്തി ഉണ്ടാക്കുന്ന ഒരു ചുവന്ന പെയിന്റ് കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കുവാനും അതുപോലെ തന്നെ ചെലവ് ചുരുക്കി നിർമ്മിക്കുവാനും കഴിയുന്ന ഒന്നായിരുന്നു. അങ്ങനെ പതിനാറാം നൂറ്റാണ്ടു മുതൽ ഈ ഫലു റെഡ് എന്ന ചുവന്ന പെയ്ന്റിനു പ്രചാരം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ഇന്നും സ്കാന്ഡിനേവിയൻ വീടുകളുടെ പുറം ചുവരുകൾക്കു മോഡി കൂട്ടുവാൻ ഫലു റെഡ് പെയിന്റ് വ്യാപകമായി ഉപയോഗിക്കുന്നു.