ചെക്ക് റിപ്ലബ്ലിക്കിലെ പൈതൃക പട്ടണത്തിലേക്കു

Czech Republic

ചെക് റിപ്പബ്ലിക്കിന്റെ České dráhy ട്രെയിൻ പ്രാഗ് സെൻട്രൽ സ്റ്റേഷനിൽ വന്നപ്പോഴേക്കും ഞങ്ങളുടെ പിരിമുറുക്കവും ആകാംഷയും അല്പം പോലും മാറിയിരുന്നില്ല. പ്രാഗിനോടു ചേർന്ന് കിടക്കുന്ന പട്ടണമായ സെസ്കി ക്രുംലോവിലേക്കാണ് ഞങ്ങളുടെ യാത്ര.

പ്രാഗ് ട്രെയിൻ സ്റ്റേഷൻ

ഒൻപതു ദിവസത്തെ പ്രാഗ് ട്രിപ്പിന് പ്ലാൻ ചെയ്തപ്പോൾ തന്നെ കൂടെ ജോലി ചെയുന്ന പലരും ഒന്ന് നെറ്റി ചുളിച്ചു.പ്രാഗ് ഒന്ന് ഓടിനടന്നു കാണുവാൻ 2-3 ദിവസം ധാരാളം മതി എന്നായിരുന്നു പലരുടെയും അഭിപ്രായം. അങ്ങനെയാണ് സെസ്കി ക്രുംലോവിനു നറുക്കു വീണത്.

ട്രെയിൻ സ്റ്റേഷൻ

പ്രാഗിൽ നിന്ന് മൂന്ന് മണിക്കൂറോളം യാത്ര മാത്രമേ യുനെസ്‌കോ പൈതൃക പട്ടികയിൽ ഉള്ള ഈ പട്ടണത്തിലേക്കുള്ളു. ഡേ ട്രിപ്പുകൾ പലതും ഉണ്ടെങ്കിലും ഒരു പട്ടണത്തിൽ പോയി അവിടെ രണ്ടു ദിവസം തങ്ങി കാഴ്ചകളും സംസ്കാരവും അടുത്തറിയുന്നത് നല്ലൊരു അനുഭവം ആയിരിക്കും എന്നത് കൊണ്ട് തന്നെ, അവിടെ രണ്ടു ദിവസം താമസിക്കുവാൻ തീരുമാനിച്ചു.

പല യൂറോപ്പിയൻ രാജ്യങ്ങളും പൂർണമായും ഇലക്ട്രിക്ക് ട്രെയിനിലേക്ക് മാറിയപ്പോഴും ചെക്കിലെ പല ട്രെയിനുകളും ഡീസൽ എൻജിനിലാണ് ഓടുന്നത്.

ഞങ്ങളുടെ താമസസ്ഥലം

ഏതാണ്ട് ഉച്ച ഉച്ചര സമയത്താണ് ഞങ്ങൾ സെസ്‌കിക്രുംലോവിൽ എത്തിയത്. ഗാന്ധിജി സ്വപ്നം കണ്ട കിനാശേരി പോലെ ഞാൻ കണ്ട സ്വപ്നത്തിലെ പോലൊരു പട്ടണം. എയർ ബിഎൻ ബി വഴി സംഘടിപ്പിച്ച താമസ സ്ഥലം ഏതാണ്ട് അഞ്ഞൂറ് വർഷങ്ങളുടെ പഴക്കമുള്ള മനോഹര കെട്ടിടം ആയിരുന്നു. പഴമ ഒട്ടും തന്നെ ചോരാതെ തന്നെ ആ കെട്ടിടം മനോഹരമായി സംരക്ഷിച്ചിരിക്കുന്നത് ഒരു പക്ഷെ യൂറോപ്പിയൻ രാജ്യങ്ങളുടെ മാത്രം പ്രത്യേകതയാണ് .

ഫ്രീ വാക്കിങ് ടൂർ . താമസ സ്ഥലത്തെ നോട്ടീസിൽ എന്റെ കണ്ണുടക്കി. എന്തും എതും ഫ്രീ എന്ന് കേൾക്കുമ്പോൾ നമുക്ക് പൊതുവെ മനസ്സിൽ ലഡ്ഡു പൊട്ടാറുണ്ട്. ഇത് അതല്ല

യൂറോപ്പിൽ പൊതുവെ കാണപ്പെടുന്ന ഒരു ഏർപ്പാടാണ് ഫ്രീ വാകിംങ്‌ ടൂർ.ഒരു ഗൈഡ് നമ്മളെ സ്ഥലങ്ങൾ ചുറ്റി കാണിക്കുന്നു, സ്ഥലത്തെ പറ്റി നമുക്ക് വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തരുന്നു ശേഷം നമുക്ക് ഇഷ്ടമുള്ള ഒരു തുക ഗൈഡിന് നൽകുന്നു. കേൾക്കുമ്പോൾ ജാവ പോലെ സിംപിൾ ആണെന്ന് തോന്നും എങ്കിലും ഈ സംഗതി എല്ലാ നാട്ടിലും അത്ര പവർഫുൾ ആകേണമെന്നില്ല.

വിനോദ സഞ്ചാരികളെയും കാത്തു നിൽക്കുന്ന ഗൈഡ്

മൂന്നു മണിക്ക് ഗൈഡ് പട്ടണത്തിലെ ചത്വരത്തിൽ കുടയും ചൂടി നിൽക്കുമെന്നും താല്പര്യമുള്ളവർ മൂന്നു മണിക്ക് അവിടെ എത്തിയാൽ സംഗതി നടക്കും എന്നും നോട്ടീസിൽ നിന്നും എനിക്ക് മനസിലായി. അങ്ങനെ ഞങ്ങളും പുറപ്പെട്ടു ഫ്രീ വാക്കിങ് ടൂറിനു.

പള്ളിയുടെ അകം

ഗൈഡ് ഞങ്ങളെയും കൊണ്ട് പട്ടണം ചുറ്റുകയാണ്. കല്ല് പാകിയ നടപാതകളും മധ്യകാലഘട്ടത്തിലേക്കു നമ്മളെ കൂട്ടികൊണ്ടു പോകുന്ന പലതരം ചായം പൂശിയ മനോഹര കെട്ടിടങ്ങളും ,ദേവാലയങ്ങളും താണ്ടി ഞങ്ങൾ ഈ കൊച്ചു പട്ടണത്തിന്റെ കഥകളിലേക്ക് ഇറങ്ങി ചെന്നു.

തെരുവിൽ നിന്നുള്ള കാഴ്ചകൾ
ഗൈഡ് ഞങ്ങൾക്ക് എല്ലാം വിശദമായി വിവരിക്കുന്നു

പതിമ്മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു കാസിൽ ആണ് ഈ പട്ടണത്തിന്റെ മുഖ്യ ആകർഷണം. പല തവണയായി മോഡി പിടിപ്പിച്ചിട്ടുണ്ട് എങ്കിലും ബാറാക്ക് ശൈലിയിലുള്ള ഈ കോട്ട ഇന്നും ഈ കൊച്ചു പട്ടണത്തിന്റെ മുഖമുദ്രയാണ്.

ഇവിടുത്തെ കോട്ട
കാസിലിന്റെ മുകളിൽ നിന്നുള്ള പട്ടണത്തിന്റെ കാഴ്ചകൾ

ഗൈഡ് ഞങ്ങൾക്ക് ചെക് ബിയറിന്റെ മാഹാത്മ്യം വിളമ്പുകയാണ്. സെസ്‌കി ക്രുംലോവിനും സ്വന്തമായി ബ്രൂവറിയുണ്ട്. ഒരിക്കൽ അവിടെ ഒരു തീപിടുത്തമുണ്ടായി.

ബിയർ കുടിക്കുന്നവരുടെ നാട്ടിൽ ചെന്നാൽ വലിയ ഗ്ലാസ് ഒരെണ്ണം നോക്കി

അവിടെ ഉണ്ടായിരുന്ന ബാർലിയും ഹോപ്പും എല്ലാം തീപിടുത്തത്തിൽ കരിയുകയും അബദ്ധവശാൽ അതുപയോഗിച്ചു പിന്നീട് ബിയർ നിർമ്മിക്കുകയും ചെയ്തു. അങ്ങനെ യാദൃശ്ചികമായി അവർ നിർമ്മിച്ച സ്‌മോക്ക്‌ട് ബിയർ ഇന്നാട്ടിൽ പ്രസിദ്ധമാണ്. പോകുന്നതിനു മുൻപ് അതൊന്നു രുചിക്കേണം എന്ന് ഞാൻ മനസ്സിൽ കുറിച്ചു.

ഗൈഡിനോടപ്പം കൊച്ചു വർത്തമാനം – സ്റ്റീവ്

ബിയർ കുടിയിൽ ഒരു പക്ഷെ ഒന്നാമതാണ് ചെക് റിപ്പബ്ലിക്. 2019 ലെ കണക്കു പ്രകാരം ഓരോ ചെക് പൗരനും വർഷം കുടിച്ചു തള്ളുന്നത് ശരാശരി 142 ലിറ്റർ ബിയറാണ്. അതുകൊണ്ടു തന്നെ ചെക്കിൽ മുക്കിനു മുക്കിനു ബ്രൂവെറികൾ നമുക്ക് കാണുവാൻ സാധിക്കും. ലോക പ്രശസ്ത ബഡ്വൈസർ കമ്പനിയുടെ ആസ്ഥാനവും സെസ്‌കി ക്രുംലോവിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയാണ്.

ചുട്ടമീൻ

ഗൈഡ് ഇവിടുത്തെ ഭക്ഷണത്തെ പറ്റി വാചാലനാവുകയാണ്. ചുട്ട മീൻ ഇവിടെ പ്രസിദ്ധമാണത്രെ. ട്രൗട്ട് ഫിഷ് ചുട്ടതിനെ പറ്റി കേട്ടപ്പോൾ തന്നെ വായിൽ ടൈറ്റാനിക് ഓടി. കഴിച്ചിട്ട് തന്നെ കാര്യം. മുൻപ് കുളു മനാലി പോയപ്പോൾ കഴിച്ചിട്ടുണ്ട് ചുട്ട ട്രൗട്ട് ഫിഷ്.

ഭക്ഷണശാല ചുട്ടമീൻ കഴിക്കാൻ ഉള്ള തിരക്ക്

സ്കാന്ഡിനേവിയൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെക്കിലെ ആളുകൾ ഭക്ഷണപ്രിയരാണ്. പൊതുവെ ഭക്ഷണ കാര്യത്തിൽ മിതത്വം പാലിക്കുന്നവർ ആണ് സ്കാന്ഡിനേവിയക്കാർ.അതിന്റെ കാരണവും ഗൈഡ് പറഞ്ഞു തന്നു. ഒരുകാലത്തു പാടത്തും പറമ്പത്തും പണിയെടുത്തിരുന്ന ഇവിടുത്തെ ആളുകൾ നന്നായി ഭക്ഷണം അകത്താക്കുന്നവർ ആണ്.

മൂന്നു മണിക്കൂർ ഗൈഡഡ് ടൂറും കഴിഞ്ഞു ഗൈഡിനോട് ടാറ്റാ പറയുന്നതിന് മുൻപായി അല്പം കുശലാന്വേഷണം ഒക്കെ നടത്തി. ഗൈഡിന്റെ ഇന്ത്യക്കാരെ പറ്റിയുള്ള വിലയിരുത്തൽ അല്പം മോശമാണ് എന്ന് സംസാരത്തിൽ നിന്നും മനസിലായി. ഇഷ്ടമുള്ള തുക കൊടുത്താൽ മതി എന്ന നിർവചനത്തിൽ കടിച്ചു തൂങ്ങി പലരും പൈസ കൊടുക്കാതെയോ അല്ലെങ്കിൽ നാമമാത്രമായ തുക കൊടുക്കുകയോ ആണ് പതിവ്. അങ്ങനെ ചെയ്യുന്നവരിൽ ഏറെയും നമ്മുടെ നാട്ടുകാർ ആണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ജാള്യത മറച്ചു വെച്ച് ഞാൻഗൈഡിനോട് യാത്രപറഞ്ഞു ചുട്ടമീൻ തട്ടാൻ പോയി.

പട്ടണത്തിലെ സ്‌ക്വയറിൽ ഉണക്ക ഇറച്ചി വിൽക്കുന്നവർ
പ്രാദേശികമായി നിർമ്മിച്ച സോപ്പ് കച്ചവടം സ്‌ക്വയറിലെ കാഴ്ച
ടൌൺ സ്‌ക്വയറിലെ കച്ചവടക്കാരൻ

ടൂറിസം എങ്ങനെ ഒരു നാടിന്റെ വളർച്ചയിൽ ചെറുതല്ലാത്ത പങ്കു വഹിക്കാം എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ നാട്. സഞ്ചാരികൾക്കായി പ്രാദേശിക ഭക്ഷണങ്ങൾ പാനീയങ്ങൾ ഒക്കെ വിളമ്പുന്ന ഭക്ഷണ ശാലകൾ. മ്യൂസിയം , ബ്രൂവെറി , പട്ടണത്തിന്റെ ചത്വരത്തിന്റെ ഒത്ത നടുക്ക് ടൂറിസ്റ്റുകളെ മാത്രം ഉദ്ദേശിച്ചുള്ള എക്സിബിഷൻസ്,

പുരാതന കച്ചവട രീതികളുടെ പുനരാവിഷ്കരണം
വിനോദ സഞ്ചാരികൾക്കായി പുരാതന രീതി പുനരാവിഷ്കരിച്ചിരിക്കുന്നു
സാധനങ്ങൾ വാങ്ങുവാൻ പഴയകാല നാണയങ്ങൾ

പുരാതന കാലത്തേ വിപണന രീതികൾ ഒക്കെ വിളിച്ചോതുന്ന കച്ചവട കേന്ദ്രങ്ങൾ ഇവയെല്ലാം ഈ കൊച്ചു പട്ടണത്തിന്റെ ടൂറിസം സാദ്ധ്യതകൾക്കു പകിട്ടേകുന്നു.

അടുത്ത ദിവസത്തെ പരിപാടി ബ്രൂവെറി സന്ദർശനമാണ്. സെസ്‌കികറുംലോവിന്റെ ചരിത്രത്തോളം പഴക്കമുണ്ട് ഇവിടുത്തെ ബിയർ സംസ്കാരത്തിന്. പലതവണ കൈമാറി വന്നു ഈ ബ്രൂവെറിയുടെ ഉടമസ്ഥാവകാശം . ഇന്ന് തദ്ദേശീയമായി ഉൽപാദിപ്പിക്കപ്പെടുന്ന ഈ ബിയറുകൾ രുചിക്കാതെ ഇവിടം സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ മടങ്ങാറില്ല. ഞാനും ബ്രൂവറിയിലേക്ക് ഒരു ഗൈഡഡ് ടൂർ ബുക്ക് ചെയ്തു.

നിർഭാഗ്യവശാൽ ഹങ്കെറിയൻ ഭാഷയിലുള്ള ടൂർ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. നമുക്ക് എന്ത് ഭാഷ “നാക് വടിച്ചു സംസാരിച്ചാൽ മലയാളം നാക് വടിക്കാതെ സംസാരിച്ചാൽ ഹങ്കേറിയൻ”. ഞാൻ ഇടംവലംനോക്കാതെ ഇടിച്ചു കയറി.

ഗൈഡഡ് ടൂറിൽ എന്നെ സഹായിച്ച ഹങ്കറിക്കാർ അല്ലെങ്കിൽ സഹായത്തിനു എന്ത് ഭാഷ

ഹാങ്കറിയിൽ നിന്നുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന യുവ മിഥുനങ്ങൾ എന്നോടൊപ്പം ടൂറിൽ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് എല്ലാം ഇംഗ്ലീഷിൽ തർജ്ജിമ ചെയ്തു മാതൃക കാട്ടി.

ബ്രൂവെറിയിൽ ഹോപ്പും ബാർലിയും സൂക്ഷിച്ചിരിക്കുന്നു

മിൽമയുടെ കാലിതീറ്റ ചാക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പെല്ലറ്റ് രൂപത്തിൽ ഹോപ്പും ബാർലിയും പ്ലാസ്റ്റിക് ചാക്കുകളിൽ അടുക്കി വെച്ചിരിക്കുന്നു.

ഗൈഡിന്റെ വക ബിയർ നിർമ്മാണത്തിന്റെ സ്റ്റഡി ക്‌ളാസ്
പെല്ലെറ്റ്‌ രൂപത്തിൽ ആക്കിയ ഹോപ്
എല്ലാം ഞാൻ പറഞ്ഞു തരാം ഹങ്കേറിയൻ ഭാഷയിൽ ഗൈഡിന്റെ കസർത്ത്

ബിയർ ഉണ്ടാക്കുന്ന പ്രോസസും ബ്രൂവെറിയുടെ ഹിസ്റ്ററിയും ജോഗ്രഫിയും എല്ലാം അരച്ച് കലക്കി പഠിപ്പിച്ചതിനു ശേഷം ബിയർ ടേസ്റ്റിങ് ചടങ്ങിലേക്ക് ഞങ്ങൾ കടന്നു.

സ്മോക്ഡ് ബിയർ

സ്‌മോക്ക്ഡ് ബിയർ , ഫിൽറ്റർ ചെയ്തത് , ഫിൽറ്റർ ചെയ്യാത്തത് അങ്ങനെ പല കുപ്പികളുമായി ഗൈഡ് കടന്നു വന്നു. അങ്ങനെ ഞങ്ങളുടെ ബ്രൂവറി സന്ദർശനത്തിനും വിരാമമായി.

വിൽട്ടവ നദിയുടെ കരയിൽ

ചെക്ക് റിപ്പബ്ലിക്കിലെ വിൽട്ടാവ നദിയുടെ കരയിൽ തല ഉയർത്തി നിൽക്കുന്ന ഈ കൊച്ചു പട്ടണത്തിന്റെകാഴ്ചകൾക്കു വിരാമം ഇട്ടുകൊണ്ട് ഞങ്ങൾ തിരികെ പോകുവാനുള്ള ട്രെയിൻ പിടിച്ചു …