പൊസ്നാൻ

poznan

ലോക ടൂറിസം ഭൂപടത്തിൽ മറഞ്ഞിരിക്കുന്ന മനോഹര പട്ടണങ്ങളിൽ ഒന്നാണ് പോസ്നാൻ. പത്താം നൂറ്റാണ്ടിൽ പോളണ്ട് സ്ഥാപിതമായ നഗരം പോസ്സ്നാൻ.

പോളണ്ടിലെ അഞ്ചാമത്തെ വലിയ നഗരമായ പോസ്‌നാൻ, മനോഹരമായ ഒരു പുരാതന പട്ടണവും, വർണ്ണങ്ങൾ വാരി വിതറിയ ഗംഭീര ശൈലിയിലുള്ള കെട്ടിടങ്ങളും,ഭക്ഷണ വൈവിധ്യങ്ങളും ഉള്ള ഒരു കൊച്ചു പട്ടണമാണ്. നിങ്ങളുടെ പോളണ്ട് യാത്രയിൽ പോസ്നാൻ ഉൾപ്പെടുത്തിയില്ല എങ്കിൽ അതൊരു തീരാ നഷ്ടമാണ്.

എന്തുകൊണ്ട് പൊസ്നാൻ

പോളണ്ടിലെ വലിയ പട്ടണങ്ങളായ ക്രാക്കോ വാഴ്‌സോ തുടങ്ങിയവയിൽ നിന്നും വ്യത്യസ്തമായി കുറഞ്ഞ ചിലവിൽ അധികം ടൂറിസ്റ്റുകളുടെ തിക്കും തിരക്കിലും പെടാതെ സ്വസ്ഥമായി അവധികാലം ആഘോഷിക്കുവാൻ പറ്റിയ ഒരിടം.

പോസ്നാനിലെ കാഴ്ചകൾ

പഴയ മധ്യകാല നഗരത്തിന്റെ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പോസ്നാൻ ഓൾഡ് ടൗണിന്റെ ഹൃദയഭാഗമാണ് ഓൾഡ് മാർക്കറ്റ് സ്ക്വയർ. പോസ്നാനിൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന് ഇവിടം സന്ദർശനമാണ്.

പഴയ മാർക്കറ്റ് സ്ക്വയറിൽ മറഞ്ഞിരിക്കുന്ന ആകർഷകമായ റോമൻ കാത്തലിക് ബസിലിക്ക പോസ്‌നാനിൽ കാണേണ്ട ആദ്യ കാഴ്ച തന്നെയാണ്. ബറോക്ക് വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ ബസിലിക്ക ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ്, മേരി മഗ്ദലീൻ, സെന്റ് സ്റ്റാനിസ്ലോസ് എന്നിവർക്ക് സമർപ്പിച്ചിരിക്കുന്നു. പോളണ്ടിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണിത്.

റോയൽ കാസിൽ പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച് രണ്ടാം ലോക മഹായുദ്ധത്തിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ട ഒന്നാണ്. ഇന്ന് കാണുന്ന കെട്ടിടം പിന്നീട് പുനര്നിര്മ്മിച്ച ഒന്നാണെങ്കിലും പോസ് നാനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്

പോസ്നാനിൽ എത്തിയാൽ സെന്റ് മാർട്ടിൻസ് ക്രോസന്റ് (rogale świętomarcińskie) കഴിക്കാതെ മടങ്ങിയാൽ അതൊരു നഷ്ടമായിരിക്കും. വർഷം മുഴുവനും ടൺ കണക്കിന് ക്രൊസോണ്ട് ആണ് ഈ പോളിഷ് പട്ടണത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത്

.ക്രൊസോണ്ടിനായി ഒരു മ്യൂസിയം പോലും ഈ പട്ടണത്തിൽ ഉണ്ട്. കൃത്യം 81 തവണ മടക്കി മുകളിൽ വെളുത്ത പോപ്പി വിത്തുകൾ വിതറി ബദാം, ഉണക്കമുന്തിരി എന്നിവയുടെ പേസ്റ്റ് നിറച്ചു , അതിനുശേഷം ഐസിംഗും അതിലേറെ അണ്ടിപ്പരിപ്പും നിറച്ച ഒരു പ്രത്യേക റെസിപ്പി ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ഇവ നിർമ്മിച്ച് വിൽക്കുവാൻ പ്രത്യേക ലൈസൻസും ആവശ്യമാണ്.

പതിമൂനാം നൂറ്റാണ്ടിൽ നിർമ്മിച്ച പോസ്നാൻ ടൌൺ ഹാളിലെ ക്ളോക്ക് ടവറിൽ ഉച്ചക്ക് കൃത്യം പന്ത്രണ്ടു മണിക്ക് രണ്ടു ആടുകൾ തല കൂട്ടിയിടിക്കുന്ന കാഴ്ചകാണാൻ ആയിരങ്ങൾ ആണ് വരുന്നത്. പോസ്‌നൻ പട്ടണത്തിന്റെ അടയാളങ്ങൾ ആണ് ഈ ആടുകൾ. ഈ മെക്കാനിക്കൽ ക്ളോക്കിലെ ആടുകളുടെ തല കൂട്ടിയിടിക്കുന്ന കാഴ്ച കാണാതെ പോസ്‌നനിൽ നിന്ന് മടങ്ങുന്നത് ഒരു നഷ്ടം തന്നെയാണ്.

ഇനിയുമേറെയുണ്ട് പോസ്നാനിൽ കാണുവാൻ. അപ്പോൾ പോസ്നാൻ യാത്രക്ക് തയ്യാറായിക്കോളു.