Jews In Krakow
ക്രാക്കോയിലെ ജൂതരുടെ കഥ
കാസിമിയർസ് – ജൂത സമൂഹത്തിന്റെ സ്പന്ദനം ഏറ്റു വാങ്ങുന്ന ഒരിടം . ഈ ചരിത്ര ദേശത്തിന്റെ കാഴ്ചകളിലേക്ക് നമുക്കൊന്നു പോയി വരാം.
ക്രാക്കോവിലെ ജൂതന്മാരുടെ ഹ്രസ്വ ചരിത്രം
ജൂതർ പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രാക്കോവിൽ സ്ഥിരതാമസമാക്കാൻ തുടങ്ങി. പതിനഞ്ചാം നൂറ്റാണ്ട് മുതൽ അവർ വ്യാപിച്ചു തുടങ്ങിയ സ്ഥലമാണ് കാസിമിയർസ്.
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ക്രാക്കോവിലെ ജൂതന്മാർ
ഏകദേശം 64,000 ജൂതന്മാർ യുദ്ധത്തിന് മുമ്പ് ക്രാക്കോവിൽ താമസിച്ചിരുന്നു.
അവർ ബാങ്കർമാരായും വ്യാപാരികളായും ജോലി ചെയ്തു, അക്കാലത്തെ പല ജനപ്രിയ റെസ്റ്റോറന്റുകൾ, കഫേകൾ, ബാറുകൾ എന്നിവയുടെ ഉടമകളായിരുന്നു, അവർ നഗരത്തിലെ മികച്ച കരകൗശല വിദഗ്ധരായിരുന്നു.
ഹീബ്രു, യീദിഷ് ഭാഷകളിൽ സംസാരിക്കുകയും എഴുതുകയും ചെയ്തിരുന്ന അവർ സമ്പന്നമായ സാംസ്കാരികവും മതപരവുമായ ജീവിതം നയിച്ചു പൊന്നു. ഇക്കാലയളവിൽ അവർ 6 സിനഗോഗുകൾ നിർമ്മിച്ചു. അതിനിടയിൽ പോളണ്ടിന്റെ മറ്റു ദേശങ്ങളിലുള്ള ജൂത സമൂഹത്തിന്റെ സ്വപ്ന ഭൂമി ആയി മാറിയിരുന്നു ക്രാക്കോവിലെ ജൂത ഡിസ്ട്രിക്ട് കാസിമിയർസ്.
രണ്ടാം ലോകമഹായുദ്ധം
പോളണ്ടിലെ ജൂതന്മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നടുക്കുന്ന കാലയളവാണിത്.
1939 മുതൽ അവർ ക്രാക്കോവിൽ നിന്ന് കുടിയിറക്കപ്പെട്ടു.
1941-ൽ ജൂതന്മാരെ അവരുടെ വീടുകളിൽ നിന്ന് ബലമായി നീക്കം ചെയ്യുകയും ഗേറ്റോയിലേക്കു മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ഗേറ്റോയിൽ പട്ടിണിയും മരണവും ദുരിതവും ഒഴിഞ്ഞില്ല.അതിജീവിച്ചവരിൽ ഭൂരിഭാഗവും തടങ്കൽപ്പാളയങ്ങളിലേക്ക് (ഓഷ്വിറ്റ്സ്, ഡാചൗ)മാറ്റപ്പെട്ടു. പിന്നീടവർ ലോകം കണ്ടിട്ടില്ല
യുദ്ധത്തിനു ശേഷം
ക്രാക്കോവിയൻ ജൂതന്മാരിൽ 10 ശതമാനം (3 000-4 000) മാത്രമാണ് യുദ്ധത്തെ അതിജീവിച്ചത്, അവരിൽ പലരും ഓസ്കാർ ഷിൻഡ്ലറുടെ സഹായത്തോടെയാണ് രക്ഷപെട്ടത്.ഹോളോകോസ്റ്റ് ജൂത വംശത്തെ തന്നെ പിഴുതെറിഞ്ഞു. അതിജീവിച്ച മിക്ക ജൂതന്മാരും പിന്നീട് പോളണ്ടിലേക്ക് മടങ്ങിയില്ല.
ക്രാക്കോവിലെ അവശേഷിച്ച വളരെ കുറച്ചു ജൂതന്മാർ തങ്ങളുടെ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന സ്ഥലമാക്കി മാറ്റി കാസിമിയർസ്.
പഴയ സിനഗോഗ്
ക്രാക്കോവിലെ തന്നെ ഏറ്റവും പഴയ സിനഗോഗു സ്ഥിതി ചെയുന്നത് കാസിമിയർസിലാണ്.
ഗെറ്റോ ഹീറോസ് സ്ക്വയർ
ഒരുകാലത്ത് ക്രാക്കോ ഗെറ്റോയിലെ ഏറ്റവും വലിയ തുറസ്സായ സ്ഥലമായിരുന്നു ഇവിടം .മരണ ക്യാമ്പുകളിലേക്കുള്ള കൂട്ട നാടുകടത്തൽ, മർദനങ്ങൾ, വധശിക്ഷകൾ എന്നിവയുടെ വേദി കൂടിയായിരുന്നു ഇവിടം .
ജൂത വംശത്തിന്റെ മേലുള്ള വലിയ ഭീകരതയുടെയും അപമാനത്തിന്റെയും ഒരു അടയാളപ്പെടുത്തൽ ആണ് ഗെറ്റോ ഹീറോ സ്‌ക്വയർ .
കൊല്ലപ്പെട്ടവരുടെ പ്രതീകമായി നിരനിരയായി നിരനിരയായി ഇട്ടിരിക്കുന്ന ആളൊഴിഞ്ഞ 33 കസേരകൾ കാസിമിയർസിലെ വേദനിക്കുന്ന ഓർമ്മകൾ ആണ്.
കാസിമിയർസ് ജൂത ക്വാർട്ടറിലെ തെരുവുകൾ
കാസിമിയർസ് തെരുവുകൾ നമ്മളെ ഏതാനും പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൂട്ടി കൊണ്ട് പോകും.
സ്റ്റീവൻ സ്പിൽബർഗ് ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഇവിടെയാണ്.
ക്രാക്കോയിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളുടെ ഒരു നിര തന്നെയാണ് കാസിമിയർസ് ഒരുക്കിയിരിക്കുന്നത്.
ക്രാക്കോ സന്ദർശിക്കുമ്പോൾ ഈ ജൂത സ്മ്രിതികളിലൂടെയുള്ള നടത്തം ഒഴിവാക്കാനാവാത്ത ഒന്നാണ്.