ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്

ഭൂമുഖത്തു ഏറ്റവും സന്തോഷമുള്ള മനുഷ്യർ വസിക്കുന്ന ദേശങ്ങൾ. അറിയാം അവരുടെ ആഹ്ലാദത്തിന്റെ കാരണങ്ങൾ

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ആഗ്രഹിച്ചിട്ടും എന്താണ് പല നാട്ടിലും സന്തോഷം എത്താത്തത്. ഈ രാജ്യങ്ങൾക്കൊക്കെ ഇത് എന്ത് പറ്റി ? എന്താണ് ലോക സന്തോഷത്തിന്റെ അളവുകോലായ ഹാപ്പിനെസ്സ് ഇൻഡക്സിൽ സ്കാന്ഡിനേവിയൻ രാജ്യങ്ങളായ ഫിൻലൻഡ്‌ നോർവേ ഡെൻമാർക്ക്‌ സ്വീഡൻ ഐസ്ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ആദ്യ പത്തു സ്ഥാനങ്ങളിൽ തുടർച്ചയായി ഇടംപിടിക്കുന്നത് ?

കഠിനമായ കാലാവസ്‌ഥതയും വർഷത്തിൽ പകുതി സമയം മഞ്ഞുമൂടിയും ഇരുട്ട് വീണും കിടക്കുന്ന ഈ രാജ്യത്തെ ജനങ്ങളെ സന്തുഷ്ടരാക്കുന്നതിന്റെ പ്രധാന കാരണം എന്താണ് ?

ലോക സന്തോഷദിനം കടന്നുപോയിട്ടു ഏതാനും ദിനങ്ങളെ ആയിട്ടുള്ളു ഇത്തവണയും ഒന്നാം സ്ഥാനം ഫിൻലൻഡ്‌ എന്ന കൊച്ചു രാജ്യം അടിച്ചെടുത്തു. നോർവെയും ഡെന്മാർക്ക് സ്വീഡനും ഒക്കെ തന്നെ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകത്തിലെ വൻ ശക്തിയായ അമേരിക്ക ആദ്യ പത്തിൽ പോലുമില്ല. ഭാരതം പട്ടികയിൽ വളരെയധികം പിന്നിലാണ്.
എന്തുകൊണ്ടാണ് തുടർച്ചയായി ഇവർ സന്തോഷപട്ടികയിൽ ഇടം പിടിക്കുന്നത് ? അതിന്റെ ചില വസ്തുതകളിലേക്കു നമുക്കൊന്നു പോയി നോക്കാം.

1.സന്തുലിത ജീവിതം

അപ്പോൾ നമുക്ക് ജോലിയിൽ നിന്ന് തന്നെ തുടങ്ങാം. ഈ രാജ്യങ്ങളിൽ എല്ലാം തന്നെ ജോലിയും ജീവിതവും തമ്മിൽ കൃത്യമായ വേർതിരിവുണ്ട്. എട്ടു മണിക്കൂർ ജോലി ചെയ്യുകയും ബാക്കി സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുകയും ചെയ്യുക എന്നത് ഇവിടുത്തെ സംസ്കാരത്തിന്റെ ഭാഗമാണ്. ഒരു പക്ഷെ നിയമം മൂലം അത് നടപ്പിലാക്കിയിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ചിലതാണ് ഈ രാജ്യങ്ങൾ. പല രാജ്യങ്ങളിലും നിയമം നിലവിലുണ്ട് എങ്കിൽ പോലും അത് കൃത്യമായി പാലിക്കപ്പെടുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല എന്ന് തന്നെ പറയാം. അവധിക്കാലം ആഘോഷിക്കുന്ന ഏർപ്പാട് സ്കാന്ഡിനേവിയൻ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളിൽ അവധിക്കാലം ആഘോഷിക്കുകയും സർക്കാർ അത് നിയമം മൂലം ഉറപ്പു വരുത്തുകയും ചെയ്യുന്നു.

അമേരിക്കയുടെ കാര്യം എടുത്താൽ  ഇരുപതോളം ദിവസം വാർഷിക അവധി ഉണ്ടെങ്കിലുംഅതിന്റെ നാലിലൊന്നു മാത്രമാണ് അവിടുത്തുകാർ എടുക്കുന്നത് എന്ന് അടുത്തിടെ നടത്തിയ  ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇരുപത്തിയഞ്ചോളം വാർഷിക അവധി ദിനങ്ങൾ ഉള്ള സ്കാന്ഡിനേവിയക്കാർ അതുമുഴുവൻ ചിലവഴിച്ചു ജീവിതം ഉല്ലാസപൂർണമാക്കുന്നതും ഇവരുടെ സന്തോഷത്തിന്റെ കാരണങ്ങളിൽ ഒന്നാണ്.

പലപ്പോഴും സൈക്കിളിൽ വളരെ നേരത്തെ ജോലി സ്ഥലങ്ങളിലേക്ക് പുറപ്പെടുകയും നേരത്തെ തന്നെ ഓഫീസിൽനിന്നു തിരികെ വരുന്ന ശീലമുള്ള ഇവിടുത്തുകാർ വെകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നു. ഇവരുടെ സന്തോഷത്തിന്റെ അളവുകോൽ ഉയർന്നിരിക്കുന്നതിനു ഇതൊരു കാരണം തന്നെ ആയിരിക്കാം. ഇനി പൊതു ഗതാഗതം ഉപയോഗിച്ചാണ് യാത്ര എങ്കിൽ കൃത്യസമയത്തു വീട്ടിൽ എത്താനുള്ള പൊതുഗതാഗത സംവിധാനം ഇവിടുത്തെ സർക്കാർ ഒരുക്കിയിട്ടുണ്ട്.

നമ്മുടെ നാട്ടിൽ മെട്രോ റെയിൽ നിലവിൽ വന്നപ്പോൾ അത് നഷ്ടമാണെന്ന് വിലപിച്ച പലരെയും സാമൂഹീക മാധ്യമങ്ങളിൽ കാണുവാൻ കഴിഞ്ഞു. ഒരുപക്ഷെ മെട്രോ റെയിൽ നേരിട്ട് ഉണ്ടാക്കുന്ന ലാഭത്തിന്റെ നൂറുമടങ്ങു വരും മെട്രോ കാരണം ഏതാനും മണിക്കൂർ നേരത്തെ വീട്ടിൽ എത്തി കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന സമയവും അതുമൂലമുണ്ടാവുന്ന സന്തോഷവും. പലപ്പോഴും ഇങ്ങനെയുള്ള ലാഭ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ  ഈ സന്തോഷങ്ങൾ നമ്മൾ ഉൾപ്പെടുത്താറില്ല. ഇവിടങ്ങളിലുള്ള പൊതു ഗതാഗത സംവിധാനങ്ങളും ഒരുപക്ഷെ സർക്കാരിന്റെ കാരുണ്യത്തിൽ ,നഷ്ടത്തിൽ തന്നെയായിരിക്കും പ്രവർത്തിക്കുന്നത്. എന്നാൽ ഇതെല്ലം ജീവിക്കാൻ ആവശ്യമുള്ളത് ആണെന്നും ലാഭ നഷ്ടത്തെക്കാൾ ഉപരി ഇവ എങ്ങനെ കാര്യക്ഷമമായി കൊണ്ടുനടത്താം എന്നും ഇവർ ചിന്തിക്കുന്നു.

2.ശിശു പരിപാലനം

ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കേണം എങ്കിൽ മാതാപിതാക്കൾ നല്ലൊരു സമയം കുട്ടികളുടെ കൂടെ ചിലവഴിക്കേണം എന്ന് ഇവർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പ്രസവ അവധി ,പിതൃത്വ അവധി തുടങ്ങിയവയെല്ലാം ലോകത്തിലെ തന്നെ മികച്ചതാണ്. 480 ദിവസം പ്രസവ/ പിതൃത്വ അവധി കൊടുക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് സ്കാന്ഡിനേവിയൻ രാജ്യമായ സ്വീഡൻ. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് രോഗം വന്നാൽ അവരെ പരിപാലിക്കുന്നതിനായി മാതാപിതാക്കൾക്ക് ശമ്പളത്തോടെയുള്ള അവധി , 16 വയസ്സുവരെ കുട്ടികളെ പരിപാലിക്കുന്നതിനു അലവൻസ് , 6 വയസുമുതൽ സൗജന്യ വിദ്യാഭ്യാസം തുടങ്ങി ശിശു സൗഹൃദ രാജ്യങ്ങളാണ് ഇവയെല്ലാം. ഇതിനെല്ലാം പുറമെ കുട്ടികൾക്കായി പ്രാം സൗഹൃദ നടപ്പാതകൾ പാർക്കുകൾ എല്ലാം ഒരുക്കിയിട്ടുണ്ടിവിടെ.

3.ഔട്ട്ഡോർ ഭ്രാന്ത്

വീടിനു വെളിയിൽ അല്ലെങ്കിൽ അടുത്തുള്ള വനത്തിൽ സമയം ചിലവഴിക്കുക എന്നത് സ്കാന്ഡിനേവിയക്കാർക്കു ഒരുതരം ഭ്രാന്താണ്. കഠിനമായ കാലാവസ്ഥയുള്ള ഇവിടെ തണുപ്പാണ് എന്ന കാര്യം പറഞ്ഞു മടിപിടിച്ചിരിക്കാൻ ഇവരെ കിട്ടില്ല. കിട്ടുന്ന അവസരങ്ങൾ എല്ലാം വ്യായാമത്തിനും ഔട്ഡോർ ആക്റ്റിവിറ്റിക്കും മാറ്റി വെക്കുന്ന ഇവിടുത്തുകാർ  ചെറു പ്രായം മുതലേ അത് ശീലിക്കുന്നു. അതുകൊണ്ടുതന്നെ കുടുംബമായി വീടിനു വെളിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ഇവരുടെ മാനസിക സന്തോഷത്തിന്റെ മറ്റൊരു കാരണമാണ്.വ്യായാമം ഒരു ജീവിത ശൈലി ആക്കിയ ഇവിടുത്തുകാർക്കു  സൈക്കിൾ ആണ് പ്രധാന വാഹനം . ലോകത്തിൽ ഏറ്റവും അധികം സൈക്കിളുകൾ ഉപയോഗിക്കുന്ന നഗരങ്ങളിൽ ഒന്നാണ് കൊച്ചു രാജ്യമായ ഡെന്മാർക്കിന്റെ തലസ്ഥാനം കൊപ്പെൻഹേഗെൻ.

3.ലിംഗ സമത്വം

ലിംഗ സമത്വത്തിനു വേണ്ടി നിലവിളി കൂട്ടുകയും അത് പ്രാബല്യത്തിൽ വരുത്താതിരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ രീതി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ പ്രാതിനിധ്യം.

സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ എല്ലാം തന്നെ ലിംഗ സമത്വം നടപ്പിൽ വരുത്തിയിട്ടുണ്ട്.

സ്വീഡനിൽ  ലിംഗഭേദമില്ലാതെ, എല്ലാവർക്കും സ്വയം പ്രവർത്തിക്കാനും പിന്തുണയ്ക്കാനും, കരിയറും കുടുംബജീവിതവും സന്തുലിതമാക്കാനും, അക്രമം ഭയപ്പെടാതെ ജീവിക്കാനും ഉള്ള അവകാശം ഉറപ്പു വരുത്തിയിട്ടുണ്ട്.

 ലിംഗസമത്വം എന്നത് സമൂഹത്തിലെ എല്ലാ മേഖലകളിലും പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള തുല്യത മാത്രമല്ല  സൂചിപ്പിക്കുന്നത്.  സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉള്ള പുരോഗതിയിൽ  പുരുഷന്മാരുടെയും സ്ത്രീകളുടെയും അറിവും അനുഭവവും ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഗുണപരമായ വശങ്ങളെക്കുറിച്ചും ഇവർ ചിന്തിക്കുന്നു.

സ്വീഡിഷ് പാർലമെന്റ് ഏതാണ്ട് 47 ശതമാനം സ്ത്രീകൾ ആണ്. യൂറോപ്പിയൻ യൂണിയനിൽ മുഴുവനായി നോക്കിയാൽ അത് 32 ശതമാനവും നോർത്ത് അമേരിക്കയിൽ അത് 26 ശതമാനവും മാത്രമാണ്.ഭാരതത്തിൽ ഇത് 13 ശതമാനം മാത്രമാണ് എന്ന് അറിയുമ്പോൾ ആണ് നമ്മൾ എവിടെ നിൽക്കുന്നു എന്ന് മനസിലാവുന്നത്.  

ജോലിസ്ഥലത്ത് സ്ത്രീകളെയും പുരുഷന്മാരെയും തുല്യമായി പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കുവാനായി 1980 ൽ ജോലിസ്ഥലത്ത് ലിംഗവിവേചനം നിയമവിരുദ്ധമാക്കി കൊണ്ട് നിയമം പാസ്സാക്കി. ഈ നിയമം നടപ്പിൽ വരുത്തുവാൻ ഒരു ഓംബുഡ്സ്മാനെയും നിയമിച്ചിട്ടുണ്ട്.

4.അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സംവിധാനം.

Diagram

Description automatically generated

ചിത്രം : വിക്കിപീഡിയ 
 അമേരിക്കൻ സൈക്കോളജിസ്റ്റ് ആയ എബ്രഹാം മാസ്ലോ 1943-ൽ എഴുതിയ “എ തിയറി ഓഫ് ഹ്യൂമൻ മോട്ടിവേഷൻ” എന്ന പ്രബന്ധത്തിൽ അദ്ദേഹം മനുഷ്യരുടെ ആവശ്യങ്ങളുടെ ഒരു പിരമിഡ് അവതരിപ്പിക്കുന്നുണ്ട്. അതിൽ അദ്ദേഹം അടിസ്ഥാന ആവശ്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഭക്ഷണം വെള്ളം പാർപ്പിടം വിശ്രമം ആണ് ഒരു മനുഷ്യന് ഏറ്റവും അടിസ്ഥാമാനമായി വേണ്ടത്. രണ്ടാമതായി സുരക്ഷയും. ഇവ മനുഷ്യനെ മോട്ടിവേഷന്റെ ഏറ്റവും പ്രധാന ഘടകങ്ങൾ ആണെന്നു അദ്ദേഹം പറയുന്നു.

സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ നികുതി ഘടന പൊതുവെ മറ്റു രാജ്യങ്ങളിൽ നിന്നും വിഭിന്നമായി ഉയർന്നു നിൽക്കുന്നതാണ് . ഏതാണ്ട് നാൽപതു ശതമാനം ആണ് ഇവിടങ്ങളിലെ നികുതി നിരക്ക്.എന്നാൽ ഇവിടുത്തുകാരുടെ അടിസ്ഥാന ആവശ്യങ്ങൾ , ഉന്നത വിദ്യാഭ്യാസം വരെ സൗജന്യ പഠനം , ഇരുപതു വയസ്സുവരെ സൗജന്യ ആതുര സേവനം അതിനു ശേഷം ഒരു നിശ്ചിത തുകക്ക് മുകളിൽ ഉള്ള ചികിത്സ പരിധിയില്ലാതെ സൗജന്യം , പ്രായമായവർക്ക് പെൻഷൻ ,തൊഴിൽ നഷ്ടപ്പെട്ടവരെ തൊഴിൽ സജ്ജരാക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ,തൊഴിൽ നഷ്ടപ്പെട്ടവർക്ക് ധനസഹായം ഇവയെല്ലാം സ്റ്റേറ്റ് പിരിക്കുന്ന നികുതിയിൽ നിന്നുള്ള പണം ഉപയോഗിച്ച് ഉറപ്പാക്കുന്നു. ഒരു പക്ഷെ ഇത്ര ഉയർന്ന നികുതി ഘടന ഉണ്ടെങ്കിൽ പോലും ഇവിടുത്തുകാർ വരുമാന നികുതി കൊടുക്കുന്നതിൽ അഭിമാനിക്കുന്നവർ ആണ്. മുതലാളിത്ത രാജ്യമായ അമേരിക്കയിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ് . അവിടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഇൻഷുറൻസ് കമ്പനികൾ ആണ്. ഇനി ഭാരതത്തിന്റെ കാര്യം എടുത്താൽ നൂറ്റി മുപ്പതു കോടി ജനസംഖ്യയുള്ള നമ്മുടെ നാട്ടിൽ വരുമാന നികുതി നൽകുന്നവർ 1.46 കോടി മാത്രമാണ്.

5.വിദ്യാഭ്യാസം

“ഹൃദയത്തെ പഠിപ്പിക്കാതെ മനസ്സിനെ പഠിപ്പിക്കുക എന്നത് വിദ്യാഭ്യാസമല്ല” അരിസ്റ്റോട്ടിൽ

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനം ഏതാണ് എന്ന് ചോദിച്ചാൽ ഉത്തരം ചെന്ന് നിൽക്കുന്നത് സ്കാന്ഡിനേവിയൻ രാജ്യമായ ഫിൻലണ്ടിലാണ്. അടുത്തിടെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ഫിന്നിഷ് മാതൃക പിന്തുടരുന്നതിനെപ്പറ്റി ചില വാർത്തകൾ വായിച്ചിരുന്നു. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ രീതിയിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായം. കുട്ടികൾ ആറു വയസ്സുവരെ കളിച്ചു വളരുന്നു. അതിനു ശേഷം സ്‌കൂളിൽ ചേർന്ന് കഴിഞ്ഞാൽ പരീക്ഷകൾ നടത്തി മാർക്കുകൾ വാരി കൂട്ടുന്നതിനോ ,ക്ലാസ്സിൽ റാങ്ക് നിലയിൽ ഒന്നാമത് എത്തുന്നതിനോ ഉള്ള സമ്മർദ്ദം  ഇല്ലാതെ കുട്ടികളുടെ കഴിവിനനുസരിച്ചു പഠനം മുന്നോട്ടു കൊണ്ടുപോകുന്നു.

പുതിയ തലമുറ സ്റ്റേറ്റിന്റെ സ്വത്തു ആണ് എന്നും അവർക്കു വിദ്യാഭ്യാസവും മികച്ച ആരോഗ്യവും നൽകി രാജ്യത്തിൻറെ പൗരന്മാരാക്കി മാറ്റുവാൻ മാതാപിതാക്കളെക്കാൾ അധികം സർക്കാർ ശ്രദ്ധ ചെലുത്തുന്നു.

അടുത്തിടെ സ്‌കൂളിൽ കണ്ട ഒരു കാര്യം സ്വീഡനിലെ സർക്കാർ സ്‌കൂളുകളിൽ മലയാളം പഠിപ്പിക്കുന്നതാണ്. കാര്യം തിരക്കിയപ്പോൾ മാതൃഭാഷ പഠിക്കുന്നത് ഓരോ കുട്ടിയുടെയും അവകാശമാണ് എന്നും മറ്റു രാജ്യങ്ങളിൽനിന്ന് സ്വീഡനിൽ വന്നു എന്ന കാരണം കൊണ്ട് അത് വേണ്ട എന്ന് വെക്കുന്നത് മനുഷ്യതമല്ല എന്നും ഇവർ കരുതുന്നു. ഒരു ക്ലാസ്സിൽ 3 കുട്ടികളോ അധികമോ ഉണ്ട് എങ്കിൽ ഈ ഭാഷകൾ പഠിപ്പിക്കുവാൻ അധ്യപകെരെ ഏർപ്പെടുത്തുവാൻ ഇവിടുത്തെ സ്ക്കൂളുകൾ ശ്രദ്ധചെലുത്തുന്നു.

6.പരസ്പര വിശ്വാസത്തിൽ ഊന്നിയുള്ള ജീവിത രീതി

സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ പൊതുവെ പരസ്പര വിശ്വാസത്തിൽ ഊന്നിയുള്ള ജീവിത രീതിയാണ് അവലംബിക്കുന്നത്.മറ്റുള്ളവരോടുള്ള സാമൂഹീക പ്രതിബദ്ധത ഇവിടുത്തെ ജീവിതത്തിന്റെ  രീതിയുടെ ഭാഗമാണ്. ചെറുപ്പം മുതലേ ഇത് കുട്ടികളിൽ വളർത്തിയെടുക്കുവാൻ ഇവർ ശ്രദ്ധിക്കുന്നു. വൃത്തിയുള്ള തെരുവോരങ്ങളും പൊതു സ്ഥലങ്ങളിൽ മറ്റുള്ളവരോടുള്ള കരുതലും വളരെയധികം പ്രകടമാണ്.

7.ദൈവരഹിത സമൂഹം

സ്റ്റേറ്റിൽ നിന്നും മതങ്ങളെ വേർപെടുത്തിയിട്ടു അധികകാലം ആയിട്ടില്ല ഇവിടെ. ഒരു കാലത്തു ക്രിസ്തുമതം വേരോടിയിരുന്ന സ്വീഡൻ പോലുള്ള രാജ്യങ്ങൾ ഇന്ന് മതത്തിൽ നിന്നും മാറി ചിന്തിക്കുന്നു. സാമൂഹീക മാധ്യമങ്ങളിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലുള്ള വെല്ലുവിളികൾ തീരെയില്ലാത്ത ഇവിടെ ,വിദ്യാഭ്യാസത്തിനു വളരെയധികം ഊന്നൽ കൊടുക്കുന്നു.വിദ്യാഭ്യാസം മാർക്കുകൾ വാരിക്കൂട്ടുന്നതിൽ അല്ല എന്നും ഒരു മനുഷ്യനെ സ്വതന്ത്രമായി ചിന്തിക്കുവാനും ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ പ്രാപ്തരാക്കുന്ന ഒന്നാണ് എന്നും ഇവർ കരുതുന്നു .വിശ്വാസത്തിനപ്പുറം വസ്തുതകൾ വിശകലനം ചെയ്തു അതിൽ ഊന്നിയുള്ള തീരുമാനങ്ങൾ എടുക്കുവാനാണു ഇവിടുത്തുകാർ താല്പര്യം കാണിക്കുന്നത്. ഈ രാജ്യങ്ങളിലെ ജയിലുകൾ പലതും ആളൊഴിഞ്ഞ നിലയിൽ ആണ്. അതിനെല്ലാം പുറമെ ഒരിക്കൽ ജയിലിൽ പോയി പുറത്തിറങ്ങി രണ്ടാമത് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം ലോകത്തിൽ തന്നെ ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്.

ഇനിയുമുണ്ട് പല കാരണങ്ങൾ ജനസംഖ്യ , പൊതുഗതാഗതസംവിധാനം , തൊഴിൽ സാദ്ധ്യതകൾ , വേതന നിരക്ക് , അഴിമതി  സ്വജനപക്ഷപാതം ഇല്ലായ്മ ,സമൂഹത്തിൽ ഭിന്നശേഷിയ്ക്കാരോടും പ്രായമുള്ളവരോടും ഉള്ള സ്റ്റേറ്റിന്റെ കരുതൽ , ചെറുപ്പം മുതൽ സ്വന്തം കാലിൽ നിൽക്കുവാൻ പരിശീലിപ്പിക്കുന്നത് ,അയൽ രാജ്യങ്ങളുമായുള്ള സൗഹൃദം മൂലമുള്ള സമാധാന അന്തരീക്ഷം , സ്വതന്ത്രമായി ചിന്തിക്കുവാനും ജീവിക്കുവാനും സ്റ്റേറ്റ് നൽകുന്ന പരിരക്ഷ , രാജ്യത്തിൻറെ സുസ്ഥിര വികസനത്തെ പറ്റിയുള്ള നേതാക്കന്മാരുടെ കാഴ്ചപ്പാട് , തുടങ്ങിയവയെല്ലാം ഒരു പക്ഷെ ഈ സന്തോഷത്തിൽ ചെറുതല്ലാത്തപങ്കു വഹിക്കുന്നുണ്ടാവാം.

നമുക്കെല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല പക്ഷെ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ കഴിയുംമദർ തെരേസ

കൂടുതൽ പോസ്റ്റുകൾക്കായി എന്റെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുവാനുള്ള നൂൽ https://www.facebook.com/journeywithGinu