ഇഗോറും ഒലീനയും.

poland

ഇന്നലെ ഓണസദ്യ ഉണ്ണാത്തതിന്റെയും ഓണം ആഘോഷിക്കാൻ കഴിയാത്തതിന്റെയും വിഷമം മനസിലിട്ടുകൊണ്ടു പള്ളിക്കുള്ളിലേക്കു ഞാൻ കയറിയപ്പോൾ പള്ളിയിലെ ഇരിപ്പിടങ്ങൾ തുടച്ചു വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഇഗോറും ഒലീനയും. മനോഹരമായ പള്ളിയുടെ അകത്തളങ്ങളെക്കാൾ ഞാൻ ശ്രദ്ധിച്ചത് അവരുടെ മുഖങ്ങൾ ആയിരുന്നു. ഞാൻ ആദ്യമേ തന്നെ പോളിഷ് ഭാഷ വശമില്ലെന്നു ജാമ്യം എടുത്തപ്പോൾ അവർ തങ്ങൾക്കും അത് വശമില്ല എന്ന് പറയാതെ പറഞ്ഞു. ഉക്രൈൻ ഉക്രൈൻ എന്ന രണ്ടുവാക്കിൽ അവർ അത് പറഞ്ഞൊപ്പിച്ചു.

യുദ്ധങ്ങൾ , സ്വന്തം നാടും വീടും വേണ്ടപ്പെട്ടവരെയും ഒക്കെ വിട്ടു മറ്റൊരു നാട്ടിലേക്ക് പാലായനം ചെയുവാൻ മനുഷ്യനെ നിര്ബന്ധിതരാക്കുന്നു. യുദ്ധത്തിന്റെ ബാക്കി പത്രം അനാഥത്വവും ഒറ്റപ്പെടലും ഉറ്റവരെയും ഉടയവരെയും വേര്‍പിരിയലും മാത്രമാണ്. ‍

യുദ്ധങ്ങൾ നേരിൽ കണ്ടിട്ടില്ലാത്തവർക്കു , അനുഭവിച്ചിട്ടില്ലാത്തവർക്കു ബെന്യാമിൻ പറഞ്ഞപോലെ ” നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്

ബ്രിട്ടീഷ് ഫിലോസഫറായ ബർട്രൻഡ് റസൽ പറഞ്ഞതുപോലെ, “യുദ്ധം ഒരിക്കലും ആരാണ് ശരി എന്ന് നിർണയിക്കുന്നില്ല. ആരാണ് ബാക്കിയുള്ളതെന്നേ തീരുമാനിക്കുന്നുള്ളു”.

റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് തുടങ്ങി യൂറോപ്പിന്റെ പല ഭാഗങ്ങളിലേക്കും അഭയാർഥികൾ കൂട്ടമായി എത്തി. അതിൽ ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലാണ്.

പള്ളിയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ യുദ്ധങ്ങൾ എല്ലാം അവസാനിച്ചു സ്വന്തം നാട്ടിലേക്കു മടങ്ങിപോകുവാൻ ഇടവരട്ടെ എന്ന ആശംസ മാത്രമായിരുന്നു എനിക്ക് അവർക്കു നല്കാനുണ്ടായിരുന്നത്.