കൊല്ലങ്കോട്ടെ അജോഷിന്റെ ഫാമിൽ

kollengode

അജോഷിനെ ഞാൻ പരിചയപ്പെടുന്നത് കൊല്ലങ്കോട്ടേക്കുള്ള യാത്രയിലാണ്. ചെല്ലൻ ചേട്ടന്റെ ചായക്കടയിൽ ചായകുടിച്ചിരിക്കുമ്പോൾ ആണ് കൊല്ലങ്കോട്ടു ഭാഗത്തു പുതിയതായി തുടങ്ങിയ പപ്പായ കൃഷിയെപ്പറ്റി ചെല്ലൻചേട്ടൻ പറയുന്നത്.

കൊല്ലങ്കോട്ടെക്ക് പോകുന്നവർ എല്ലാവരും ചിത്രങ്ങൾ പകർത്തുന്ന പ്രസ്തമായ കളം തേടി പോകുമ്പോഴാണ് നിര നിരയായി നിറയെ കായ് പിടിച്ചു കിടക്കുന്ന പപ്പായ തോട്ടം ശ്രദ്ധയിൽ പെട്ടതു. അകത്തേക്ക് കയറിയപ്പോൾ അതിന്റെ മുതലാളിയും തൊഴിലാളിയുമായ അജോഷിനെ പരിചയപ്പെട്ടു . രാവിലെ മുതൽ വൈകുന്നേരം വരെ അജോഷിന്റെ ജോലി ഫാമിലാണ്.

എട്ടു വർഷക്കാലം ഗൾഫിൽ ചോര നീരാക്കി പണി എടുത്തിട്ട് തിരികെ വരുമ്പോൾ അജോഷിന്റെ മനസ്സിൽ ഒരു കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. നാട്ടിൽ വന്നു എന്തെങ്കിലും കൃഷി ചെയ്തു ജീവിക്കണം. അജോഷിന്റെ ഭാഷയിൽ പറഞ്ഞാൽ വേറെ വ്യായാമങ്ങൾക്കു ഒന്നും പോകേണ്ട. അതിന്റെ പുറമെ കിട്ടുന്ന മാനസീക സന്തോഷവും അജോഷിനെ കൃഷിയിൽ എത്തിച്ചു.

ആലപ്പുഴ കാവാലം സ്വദേശിയാണ് അജോഷ്. കൊല്ലങ്കോട് നെല്ലിയാമ്പതി മലനിരകളുടെ താഴ്വാരത്തിൽ പപ്പായ , പേര , പച്ചക്കറികൾ ഇവയെല്ലാം കൃഷി ചെയുന്നു അജോഷ്. ഒൻപതു ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. വന്യ മൃഗങ്ങളുടെ ശല്യവും പച്ചക്കറികൾ എല്ലാം കൊത്തി തിന്നുന്ന മയിലിനെയും എല്ലാം അതിജീവിച്ചാണ് അജോഷിന്റെ കൃഷി. അതിനെല്ലാം പുറമെ കൊടും വേനലിൽ ഉണ്ടാവുന്ന ജല ക്ഷാമവും.കീടനാശിനികൾ ഉപയോഗിക്കാതെ മണ്ണ് ടെസ്റ്റ് ചെയ്തു ആവശ്യമുള്ള രാസവളങ്ങൾ ഡ്രിപ് ഇറിഗേഷൻ വഴി ചെടിയുടെ ചുവട്ടിൽ എത്തിച്ചാണ് കൃഷി രീതി. ആന്ധ്രാ പ്രദേശിൽ നിന്നും കൊണ്ടുവരുന്ന തായ്‌വാൻ ഇനത്തിൽ പെട്ട പേര , റെഡ് ലേഡി പപ്പായ തുടങ്ങിയവയാണ് കൃഷിയിൽ പ്രധാനം.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു അജോഷ് ഫാം ഗംഭീരമായി മുന്നോട്ടു കൊണ്ടുപോകുന്നു.

ഇന്ത്യയിലെ തന്നെ മനോഹര ഗ്രാമങ്ങളിൽ ഇടംപിടിച്ച കൊല്ലങ്കോട്ടെ അജോഷിന്റെ ഫാമിനു നെല്ലിയാമ്പതി മലനിരകളുടെ സൗന്ദര്യവും കൃഷി ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള അജോഷിന്റെ ദൃഡനിശ്ചയവും പത്തര മാറ്റിന്റെ സൗന്ദര്യം നൽകുന്നു.

മധുരമൂറുന്ന പേരക്കയും പപ്പായയും തായ്‌വാൻ പേരയുടെ തൈകളും വാങ്ങിയാണ് ഞങ്ങൾ അജോഷിന്റെ ഫാമിൽ നിന്നും യാത്ര തിരിച്ചത്.