poland market
അപ്രത്യക്ഷമാകുന്ന നമ്മുടെ ഗ്രാമ ചന്തകൾ
ഒരു സ്ഥലത്തു പ്രാദേശീകമായി നിർമ്മിച്ച തേൻ വിൽക്കുന്ന ചെറുപ്പക്കാരൻ. മറുവശത്തു ഇപ്പോൾ വിളവെടുത്തുകൊണ്ടു വന്നതുപോലെ അടുക്കി വെച്ചിരിക്കുന്ന പച്ചക്കറികൾ വിൽക്കുന്ന വൃദ്ധൻ , കോഴിമുട്ട , തുണിത്തരങ്ങൾ ഒക്കെ വിൽക്കുന്ന വൃദ്ധ. പോളണ്ടിലെ ക്രാക്കോയ്ക്കടുത്തുള്ള ഗ്രാമച്ചന്ത സജീവമാകുന്നു.
ഒരുകാലത്തു നമ്മുടെ ഗ്രാമങ്ങളുടെ ജീവനാഡി ആയിരുന്നു ഗ്രാമച്ചന്തകൾ. തദ്ദേശീയമായി ഉൽപാദിപ്പിച്ച വസ്തുക്കൾ വാങ്ങുവാനും വിൽക്കുവാനുമുള്ള ഒരിടം. പിന്നീട് അവ സൂപ്പർമാർക്കെറ്റുകൾക്കും ഓൺലൈൻ കച്ചവടങ്ങൾക്കും , വലിയ ഷോപ്പിംഗ് മാളുകൾക്കും വഴിമാറിയപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് നന്മയുടെ കൊടുക്കൽ വാങ്ങലുകൾ ആണ്.
പോളണ്ട് സന്ദർശിച്ചപ്പോൾ കണ്ടത് പലയിടത്തും സജീവമാകുന്ന ഗ്രാമ ചന്തകൾ ആണ്. സീസൺ അനുസരിച്ചു പഴങ്ങളും പച്ചക്കറികളും ചന്തയിൽ വിൽപ്പനക്കായി എത്തുന്നു. ഞാൻ പോയ സമയത്തെ പ്രധാന വിളവെടുപ്പ് സ്ട്രോബെറി ആയിരുന്നു. എന്ത് രസമാണ് കൂട്ടിയിട്ടിരിക്കുന്ന സ്ട്രോബെറി കാണുവാൻ .
പതിയെ ഞാൻ തേൻ വിൽക്കുന്ന ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു . ഫോട്ടോയ്ക്ക് ഒന്ന് പോസ് ചെയ്യാൻ പറഞ്ഞപ്പോൾ ആളുടെ മുഖത്താകെ ഒരു ജാള്യം. ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതു കാരണം ആംഗ്യ ഭാഷയിലാണ് ഞങ്ങളുടെ സംസാരം.
അല്പം നിർബന്ധിച്ചപ്പോൾ “എന്നാൽ താൻ ഫോട്ടോ എട് ” എന്ന ലൈൻ. ഇത്തവണ മനോരമ ട്രാവലറിന്റെ താളുകളിൽ ചിരിച്ചുകൊണ്ട് തേൻ വിൽക്കുന്ന ആ പോളിഷ് ചെറുപ്പക്കാരനും ഇടം പിടിച്ചു.
ചന്തയുടെ കാഴ്ചകൾ കണ്ടു മടങ്ങുമ്പോൾ മുപ്പത് പോളിഷ് സ്ലോട്ടി കൊടുത്തു ഒരുകുപ്പി തേനും വാങ്ങി ഞാൻ ഉച്ചഭക്ഷണത്തിനുള്ള വകതേടി നടന്നകന്നു.