സ്കൈ ഡൈവിങ് മോഹം മനസ്സിലുണ്ടോ? ഒരിക്കലെങ്കിലും സാഹസികരാകണം…

Sky Diving

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം. ഏതാനും നിമിഷങ്ങൾക്കകം ട്രെയിനറുടെ ബെൽറ്റിൽ മുറുകെ പിടിക്കാനുള്ള സിഗ്‌നൽ വന്നു. പാരച്ചൂട് തുറക്കാൻ പോകുന്നു. പാരച്ചൂട് തുറന്നതിനു ശേഷം മേഘങ്ങൾക്കിടയിൽ നിന്നും താഴേക്ക് പക്ഷിയേപ്പോലെ പറന്നിറങ്ങി മനോഹരമായ റാപ്‌സീഡ് പാടങ്ങളുടെ മുകളിലൂടെയുള്ള കിടുക്കൻ ആകാശ യാത്ര…

‘അളിയാ സ്കൈ ഡൈവിങ്ങിനെ പറ്റി എന്താ അഭിപ്രായം… ഫോണിന്‍റെ  അങ്ങേ തലക്കൽ ക്ലൗഡ്‌ സോഫ്റ്റ്‌വെയർ ആർക്കിടെക്ട് ആയി ജോലി നോക്കുന്ന ആഷ്‌ലിയോടാണ് എന്‍റെ ചോദ്യം…’ ക്‌ളൗഡ്‌ ഒക്കെയാകുമ്പോൾ ആകാശവുമായി അടുത്ത ബന്ധം ഒക്കെ പുലർത്തുന്ന ആളായിരിക്കുമല്ലോ. അതും പോരാഞ്ഞ് ഏതോ ക്‌ളൗഡ്‌ പ്രൊജക്ടുമായി കക്ഷി ഇപ്പോൾ ഡെന്മാർക്കിൽ ഉണ്ട്. അടുത്തിടെ ഒരു പ്രാഗ് ട്രിപ്പ് ഒക്കെ പോയിരുന്നു.

ginu samuel sky diving experience

“എന്റെ പൊന്നളിയാഡാ ഊവ്വേ  ഇതൊക്കെ ഒരു പത്തിരുപത്തഞ്ചു വയസ്സിനുള്ളിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളാ… വയസ്സാം കാലത്ത് ഇതൊക്കെ ചെയ്തിട്ട് ഇനി പാരച്ചൂട്ട് എങ്ങാനും തുറന്നില്ലെങ്കിൽ പണി പാളും… വീഴ്ചയിൽ കാഞ്ഞുപോകുവാണെങ്കിലും കുഴപ്പമില്ല. ഇനി കയ്യും കാലും വല്ലതും ഒടിഞ്ഞു ശരീരം തളർന്നു കിടന്നാൽ വീട്ടുകാർക്ക് പണിയാകും…” കക്ഷി തുടർന്നു. സ്കൈ ഡൈവിംഗ് ചെയ്യാൻ ഒരു മോട്ടിവേഷൻ ആകും എന്ന് കരുതിയാണ് വിളിച്ചത്, ഇതിപ്പോൾ…

ഞാൻ ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ പ്രാഗിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്ന തിരക്കിലായിരുന്നു. അതിനിടയ്ക്കാണ് എന്തുകൊണ്ട് യാത്ര അല്പം അഡ്വെഞ്ചറസ് ആക്കിക്കൂടാ എന്ന ചിന്ത മനസിൽ വളർന്നു വന്നത്. പലരും പറഞ്ഞതും കേട്ടതും ശരിയാണെങ്കിൽ പ്രാഗ് ആണ് അഡ്വെഞ്ചറസ് സ്പോർട്സുകൾക്കു പേരുകേട്ട ഇടം. അതും പോരാഞ്ഞ് യൂറോപ്പിലെ തന്നെ ഏറ്റവും ചീപ്പ് ആയി സ്കൈ ഡൈവിംഗ് ചെയ്യാൻ പറ്റിയ സ്ഥലം.

നിജസ്ഥിതി അറിയാനായി ഗൂഗിളിലൊന്ന് പരതിനോക്കി… ദാ കിടക്കുന്നു, നൂറുകണക്കിന് ലിങ്കുകൾ. ഇതുവരെ സ്കൈഡൈവിങ് ചെയ്യാത്ത എന്നോട് എനിക്ക് തന്നെ  ഒരു ലോഡ് പുച്ഛം തോന്നി. ഇതിനിടക്ക്‌ സുഹൃത്ത് സാക്ഷിയെ വിളിച്ചപ്പോൾ സ്കൈ ഡൈവിങ് ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ ഒരു ഇൻഷുറൻസ് ഒക്കെ എടുത്തുകൊള്ളാൻ നിർദേശം കിട്ടി. സംഗതി കാര്യമാണ്. ഇനി ആഷ്‌ലി പറഞ്ഞതുപോലെ കയ്യോ കാലോ വല്ലതും ഒടിഞ്ഞു കിടന്നാൽ യൂറോപ്പിലെ ഇന്നത്തെ ചെലവ് വെച്ച് പ്ലാസ്റ്റർ ഇടാനുള്ള കാശ് പോലും എന്റെ കൈയ്യിൽ ഇല്ല. എന്തായാലും വരുന്നിടത്തു വെച്ച് കാണാം എന്ന് കരുതി ഞാനും  ഒരു ട്രാവൽ കം ഹോസ്‌പിറ്റലൈസേഷൻ ഇൻഷുറൻസ് അങ്ങ് പെടച്ചു.

അങ്ങനെ ഞാൻ ഭാര്യയും രണ്ടു കുട്ടികളുമായി സ്കൈ ഡൈവിങ്ങിന്റെ അധോലകമായ പ്രാഗിലേക്കു പുറപ്പെട്ടു… പ്രാഗും പ്രാന്ത പ്രദേശങ്ങളും അലഞ്ഞു തിരിഞ്ഞതിനു ശേഷം സ്കൈ ഡൈവിങ് അവസാന ഇനമായി ലിസ്റ്റിൽ കരുതി. സ്കൈ ഡൈവിങ്ങിനായി മുൻകൂട്ടി ബുക്കിങ് ഒന്നും തന്നെ ചെയ്തിരുന്നുമില്ല. ആദ്യ ദിവസം അങ്ങനെ കടന്നു പോയി. അത് കഴിഞ്ഞപ്പോൾ ഭാര്യയോട് സ്കൈ ഡൈവിങ്ങിനെ പറ്റി ഒരു ചർച്ച നടത്തി. ഭാര്യക്കും സ്കൈ ഡൈവിങ്ങിൽ കലശലായ താല്പര്യം. ഞാൻ കുട്ടികളെയും കൊണ്ട് പ്രാഗിലെ ലാസ്‌റ്റ് ദിവസം നഗരം ചുറ്റാമെങ്കിൽ കക്ഷി വേണേൽ സ്കൈ ഡൈവിങ്ങിനു പൊയ്ക്കോളാം എന്ന് ഒരു ഓഫറും വെച്ചു. കുട്ടികളെയും കൂട്ടി നഗരം ചുറ്റുന്ന അത്രയും കഠിനമല്ല  സ്കൈ ഡൈവിങ് എന്ന് തിരിച്ചറിയാൻ ഞാൻ പഠിച്ച കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങോ പ്രോബബിലിറ്റി തിയറിയോ ഒന്നും തന്നെ വേണ്ടി വന്നില്ല.

അങ്ങനെ ഭാര്യയുമായി ഒരു ഡീലിൽ എത്തി. ലാസ്‌റ്റ് ഡേ ഞാൻ സ്കൈ ഡൈവിങ്ങിനു പോകുന്നു. ഭാര്യയും കുട്ടികളും ഷോപ്പിംഗിനു പോകുന്നു. രാത്രി എട്ടു മണിക്കുള്ള ഫ്ലൈറ്റിൽ ഒരുമിച്ചു തിരികെ ഓസ്ലോയിലേക്ക്. 

അപ്പോൾ ഒരു ആവേശത്തിന് പറഞ്ഞെങ്കിലും എന്റെ കയ്യും കാലും കൂട്ടിയിടിക്കാൻ തുടങ്ങി. സർവ ധൈര്യവും സംഭരിച്ചു ഞാൻ ഡിങ്ക ഭഗവാനെ മനസിൽ ധ്യാനിച്ചു പ്രാഗിലെ ദിനങ്ങൾ തള്ളി നീക്കി… ഇതിനിടക്ക് സ്കൈ സെൻട്രം എന്ന സ്കൈ ഡൈവിങ് കമ്പനിയുമായി ഞാൻ വാട്സാപ്പിൽ സ്കൈ ഡൈവിങ് ചെയ്യാനുള്ള കരാറിൽ ഏർപ്പെട്ടു. പൈസ ഒന്നും മുൻകൂറായി അടക്കേണ്ട രാവിലെ 10 മണിക്ക് പ്രാഗ് സിറ്റിയിലെ മാക് ഡൊണാൾഡ്‌സിന്റെ മുൻപിൽ ഹാജരായാൽ മതിയെന്നും ഡ്രൈവർ വന്നു കൂക്കൊണ്ട് പോകുമെന്നും നാല് മണിക്കൂർ ആണ് ചടങ്ങെന്നും പറഞ്ഞുറപ്പിച്ചു.

പ്രാഗിലെ മൂന്നാം ദിനം രാത്രി

നാളെയാണ് സ്കൈ ഡൈവിങ് മഹാമഹം. ഞാൻ ധൈര്യം സംഭരിക്കുന്നതിന്റെ ഭാഗമായി ചില മോട്ടിവേഷൻ വീഡിയോകൾ കാണുവാൻ തീരുമാനിച്ചു. യൂട്യൂബ് പരതിയപ്പോൾ തന്റെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുവാനായി സ്കൈ ഡൈവിങ് ചെയ്‌ത അമ്മച്ചിയുടെ വീഡിയോ എന്നെ ധൃതംഗപുളകിതനാക്കി… അമ്മച്ചി പകർന്നു തന്ന ആ മോട്ടിവേഷനിൽ ഞാൻ രാത്രി കഴിച്ചുകൂട്ടി.

പ്രാഗിലെ നാലാം ദിനം

സ്കൈ ഡൈവിങ് ചെയ്യാനായി രാവിലെ തന്നെ കുളിച്ചു കുട്ടപ്പൻ ആയി പൗഡറും പൂശി ഞാൻ തയ്യാറായി. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ പോകുന്ന പോലെ ഞാൻ ഭാര്യയോടും പിള്ളേരോടും യാത്ര പറഞ്ഞിട്ട് മാക്ഡൊണാൾഡ്‌സ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. പറഞ്ഞതിൽ നിന്നും ഒരു പത്തു പതിനഞ്ചു മിനിറ്റ് നേരത്തെ തന്നെ ഞാൻ ലക്ഷ്യസ്ഥാനത്ത് നിലയുറപ്പിച്ചു. ഒരു പട്ടിക്കുഞ്ഞിനെപോലും കാണാൻ ഇല്ല. ഇനി സായിപ്പ് ചതിച്ചതാണോ? ഛെ… സായിപ്പ് ഒരിക്കലും ചതിക്കില്ല. പിരിമുറുക്കം കൊണ്ട് മനസ്സു കാടുകയറി ചിന്തിക്കാൻ തുടങ്ങി… ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ കാഴ്ച്ചയിൽ കൊറിയക്കാർ എന്ന് തോന്നിക്കുന്ന രണ്ടു യുവതികളും ഒരു യുവാവും അവിടെ സ്ഥാനം പിടിച്ചു. അവരുടെ കലപില കലപില വർത്തമാനം കേട്ടിട്ട് എന്റെ പിരിമുറുക്കം കൂടി വന്നു.

കുറച്ചു കഴിഞ്ഞപ്പോൾ കാഴ്ചയിൽ ഇന്ത്യക്കാരൻ എന്ന് തോന്നിക്കുന്ന ഒരു യുവകോമളൻ അവിടെ സ്ഥാനം ഉറപ്പിച്ചു. “Are you from India” എന്ന എന്റെ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപേ തന്നെ കക്ഷി ഉത്തരം പറഞ്ഞു. ആന്ധ്ര സ്വദേശിയാണ്. ജർമനിയിൽ മാസ്റ്റേഴ്സ് ചെയ്യുന്നു. കക്ഷി സ്കൈ ഡൈവിങ് ചെയ്യുവാൻ വേണ്ടി മാത്രം വന്നതാണ്. രാവിലെ പ്രാഗിൽ എത്തി. സ്കൈ ഡൈവിങ് ചെയ്യുന്നു. വൈകിട്ടുള്ള ട്രെയിനിൽ മടക്കയാത്ര.

ginu samuel sky diving experience

അതാ ഒരു വാൻ ഞങ്ങളുടെ മുന്നിൽ ചവിട്ടി നിർത്തുന്നു. സായിപ്പ് ക്ലാസ്സിൽ എഇഒ ഇന്‍സ്പെക്ഷന് വരുമ്പോൾ ഹാജരെടുക്കുന്നതുപോലെ തന്റെ ടാബ്ലെറ്റിൽ ഓരോരുത്തരെയായി പേരുവിളിച്ച് അകത്തേക്ക് കയറ്റുന്നു. ഞാനും പ്രസന്‍റ് സാർ പറഞ്ഞുകൊണ്ട് വണ്ടിയുടെ മുൻസീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു. വണ്ടി മുന്നോട്ടു പോകുന്തോറും എന്റെ പിരിമുറുക്കം കൂടി വന്നു. പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ സായിപ്പ് ഞങ്ങളെ സ്കൈ സെൻട്രത്തിന്റെ ഓഫീസിൽ എത്തിച്ചു. കൂടെയുള്ള ആന്ധ്രാക്കാരൻ യുവാവ് ഇതിനെപ്പറ്റി ഒരു സ്റ്റഡി ഒക്കെ നടത്തിയിട്ടാണ് വരവ്.

സ്കൈ സെൻട്രത്തിൽ എത്തിയപ്പോൾ തന്നെ അവർ ഏതു പാക്കേജ് ആണ് വേണ്ടത് എന്ന് ചോദിച്ചറിഞ്ഞു. മൂന്ന് തരത്തിലുള്ള പാക്കേജ് ആണ് നിലവിൽ ഉള്ളത്. ആദ്യത്തേതിൽ ക്യാമറയോ ഫോട്ടോയോ ഒന്നും തന്നെയില്ല. രണ്ടാമത്തേതിൽ ക്യാമറ മാന്‍ കൂടെ ചാടും. സ്ലോ മോഷനിലും ചാടിയും മറിഞ്ഞും ഒക്കെ ഫോട്ടം പിടിക്കും. മൂന്നാമത്തെ ഓപ്ഷനിൽ രണ്ടാമത് പറഞ്ഞതിൽ നിന്നും അധികമായി കൂടെ ചാടുന്ന ട്രെയിനറുടെ കയ്യിൽ ഗോപ്രോ ക്യാമറ പ്രവർത്തിപ്പിക്കും… മൊത്തത്തിൽ മൂന്നാമത്തെ ഓപ്ഷൻ കേട്ട് ത്രില്ലടിച്ചിരുന്ന ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. എന്തായാലും ചാട്ടം ഒരിക്കലേയുള്ളു ക്യാമറ കൂടെ മാത്രമല്ല മുന്നിലും പുറകിലും ഒക്കെ ചാടിക്കോട്ടെ… 

എന്തൊക്കെയോ പേപ്പറിൽ ഒപ്പു പതിപ്പിച്ചതിനു ശേഷം ഞങ്ങളെ മറ്റൊരു മുറിയിലേക്ക് ആനയിച്ചു. അവിടെയാണ് സ്കൈ ഡൈവിങ്ങിന്റെ ക്രാഷ് കോഴ്സ് നടത്തുന്നത്. ചാടുമ്പോൾ എങ്ങനെ കാൽ വെക്കണം, തല വെക്കേണം, ലാൻഡ് ചെയ്യുമ്പോൾ എങ്ങനെ കാൽ പിടിക്കേണം, കൂടെ ചാടുന്ന ട്രെയിനർ തരുന്ന സിഗ്നലുകൾ എന്തൊക്കെയാണ് എന്ന് വേണ്ട യൂണിവേഴ്സിറ്റി എക്സാമിന്റെ തലേരാത്രി കൊണ്ട് സിലബസ് മുഴുവൻ അരിച്ചു കലക്കി പഠിച്ചു പരീക്ഷ എഴുതുന്ന ഒരവസ്ഥ. അഞ്ചു മിനിറ്റ് ക്രാഷ് കോഴ്സിന് ശേഷം പടച്ചട്ടയണിഞ്ഞു അതിന്റെ മുകളിൽ ബെൽറ്റും ഘടിപ്പിക്കും. ഞാൻ കൂടെ ചാടുന്നവരുടെ കൂടെ നിന്ന് ഒരു സെൽഫി ഒക്കെ കാച്ചി.

ginu samuel sky diving experience

ഇനിയാണ് യഥാർത്ഥ പരീക്ഷണം. പറക്കാനുള്ള വിമാനം പുറത്തു തയ്യാറായി നിൽപ്പുണ്ട്. എല്ലാ ചാട്ടക്കാർക്കും പ്രത്യേകം ക്യാമറാമാനും ട്രെയിനറും കൂടെ ചാടും. ഓരോ ചാട്ടക്കാരുടെയും നീളവും വണ്ണവും ഒക്കെ അളന്ന് അതിനനുസരിച്ചുള്ള ട്രെയിനര്‍മാർ. കൊറിയക്കാരി യുവതി ക്യാമറാമാന്റെ സേവനം വേണ്ടാന്ന് വെച്ചു. പബ്ലിസിറ്റി ഇഷ്ടമല്ല പോലും.

ginu samuel sky diving experience

ഇതിനിടക്ക് ആന്ധ്രാക്കാരൻ ഗഡി ഒരു കിടുക്കൻ ഐഡിയ എന്റെ ചെവിയിൽ മന്ത്രിച്ചു. “നമ്മൾ ആദ്യം തന്നെ വിമാനത്തിൽ കയറി പിൻസീറ്റ് പിടിക്കേണം. അപ്പോൾ എല്ലാവരും ചാടിക്കഴിഞ്ഞതിനു ശേഷം മാത്രം ചാടിയാൽ മതി. അതും പോരാഞ്ഞ് എല്ലാവരും ചാടുന്നത് കാണുമ്പോൾ നമ്മുടെ കോൺഫിഡൻസ് ഇരട്ടിക്കും…” ചിത്രം സിനിമയിൽ  ശ്രീനിവാസൻ മണിയൻപിള്ള രാജുവിനോട് പറയുന്നപോലെ “ഐഡിയ ഒരളവുക്കു പറവയില്ലേ” എന്ന ഭാവത്തിൽ ഞാൻ തലയാട്ടി…

ginu samuel sky diving experience

മുൻധാരണ പ്രകാരം ഞാനും നമ്മുടെ ആന്ധ്ര സുഹൃത്തും ആദ്യം തന്നെ ഫ്ലൈറ്റിൽ കയറി. സൈന്യം സിനിമയിൽ മമ്മൂട്ടി ഒക്കെ വിമാനത്തിൽ കയറുന്ന ഒരു സെറ്റപ്പ്. ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകൾ കൂടെ ചലിക്കുന്നു. വിമാനത്തിൽ കയറിയ ഉടനെ തന്നെ പിൻസീറ്റ് ലക്ഷ്യമാക്കി നടന്ന എന്നെ പിടിച്ചു മുൻ സീറ്റിൽ തന്നെ കൊണ്ടിരുത്തി. മുൻസീറ്റിൽ ഇരിപ്പുറപ്പിച്ച എന്നെ നോക്കി പിൻസീറ്റിൽ ഇരുന്ന നമ്മുടെ ആന്ധ്രക്കാരൻ “ജാങ്കോ നീ പെട്ടു…” എന്ന ഭാവത്തിൽ ഒരു ചിരി പാസ്സാക്കി.

എല്ലാവരും കയറി പൈലറ്റ് വണ്ടി സ്റ്റാർട്ട് ആക്കി. ലക്ഷ്യം പതിനയ്യായിരം അടി മുകളിൽ. വിമാനം നിറയെ ഒരു മണ്ണെണ്ണ മണം. സീറ്റ് കിട്ടാത്തവർ എല്ലാം തറയിൽ ഇരിപ്പുറപ്പിച്ചു. നമ്മുടെ ക്യാമറമാൻ എന്നെ  മോട്ടിവേറ്റ് ചെയ്യാനായി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. വിമാനം പതിനയ്യായിരം അടി മുകളിൽ എത്തിയപ്പോൾ എനിക്ക് എഴുന്നേല്‍ക്കാനുള്ള സിഗ്നൽ കിട്ടി. അതെ ഞാൻ ആണ് ആദ്യം ചാടുന്നത്… ആദ്യ ഒരു മിനിറ്റോളം ഫ്രീ ഫാൾ… അതായത് പാരച്ചൂട്ട് ഇല്ലാത്ത ഒരു ചാട്ടം… അതിനു ശേഷം കുറച്ചുസമയം നമ്മൾ എയറിൽ സ്റ്റഡി ആയി നിൽക്കും… അപ്പോഴാണ് ക്യാമറാമാന്റെ ഫോട്ടം പിടുത്തവും പ്രകടനങ്ങളും. ചാടുന്നതിനു മുൻപായി ട്രെയിനർ തന്റെ ശരീരത്തിൽ എന്റെ ബെൽറ്റ് ഘടിപ്പിച്ചു. ബെൽറ്റ് മുന്നോട്ടും പിറകോട്ടും വലിച്ചു നോക്കി സുരക്ഷ ഉറപ്പാക്കി. 

ക്രാഷ് കോഴ്സിൽ പഠിപ്പിച്ച പാഠങ്ങൾ ഒന്നുകൂടെ ഉരുവിട്ടു. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ. ഏതാണ്ട് കറിവെക്കാൻ കൊണ്ടുപോകുന്ന നേർച്ചക്കോഴിയുടെ അവസ്ഥ. സർവ്വ ധൈര്യവും സംഭരിച്ചു യൂറി ഗഗാറിനെയും നീൽ ആംസ്‌ട്രോങിനെയും മനസ്സിൽ ധ്യാനിച്ച് അങ്ങനെ ഞാൻ ജീവിതത്തിൽ ആദ്യമായും (അവസാനമായും) ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തിൽനിന്ന് പതിനയ്യായിരം അടിയിൽ നിന്നു താഴേക്ക് ചാടി.

ginu samuel sky diving experience

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം. ഏതാനും നിമിഷങ്ങൾക്കകം ട്രെയിനറുടെ ബെൽറ്റിൽ മുറുകെ പിടിക്കാനുള്ള സിഗ്‌നൽ വന്നു. പാരച്ചൂട് തുറക്കാൻ പോകുന്നു. പാരച്ചൂട് തുറന്നതിനു ശേഷം മേഘങ്ങൾക്കിടയിൽ നിന്നും താഴേക്ക് പക്ഷിയേപ്പോലെ പറന്നിറങ്ങി മനോഹരമായ റാപ്‌സീഡ് പാടങ്ങളുടെ മുകളിലൂടെയുള്ള കിടുക്കൻ ആകാശ യാത്ര… പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭവം തന്നെ ആയിരുന്നു.

അല്പസമയത്തിനു ശേഷം ഞങ്ങൾ താഴെ ലാൻഡ് ചെയ്തു. വിജയ ശ്രീലാളിതരായ ഞങ്ങളെയും കാത്തു സ്കൈ സെൻട്രം കമ്പനിയുടെ സ്കൈ ഡൈവിങ് പാസ്സ്  സര്‍ട്ടിഫിക്കറ്റും ഫ്രീ ടീ ഷർട്ടും തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അത് വെറും പാസ്സല്ല ഫുൾ A പ്ലസ് വാങ്ങി പാസ്സ് ആയതാണ്. നാട്ടിലായിരുന്നെങ്കിൽ ഒരു ഫ്ളക്സ് ഒക്കെ അടിക്കാനുള്ള വകുപ്പുണ്ട്… ക്യാമറാമാൻ പടങ്ങൾ എല്ലാം മെമ്മറി കാർഡിൽ കോപ്പി ചെയ്യേണ്ട താമസം ഞങ്ങൾ സ്കൈ സെൻട്രത്തോടു വിട പറഞ്ഞു.

സ്കൈ ഡൈവിങ് ചെലവ് (ഫോട്ടോ വീഡിയോ അടക്കം):  292€ (ഏകദേശം 22,587.48 രൂപാ)
സ്കൈ ഡൈവിങ് മാത്രം: 180€ (ഏകദേശം 13,923.79 രൂപാ)
website
https://skycentrum.cz/en

സ്കൈ ഡൈവിങ് ചെയ്യുന്നവർക്കുള്ള പ്രായോഗിക നിർദേശങ്ങൾ എനിക്ക് തോന്നിയത്:

ഒരിക്കലും നെഗറ്റീവ് മെസ്സേജ് നൽകുന്ന വീഡിയോസ് കാണരുത് 
ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരമായി കാണുക 
നിങ്ങൾ ആണ് ചാടുന്നത് അപ്പോൾ തീരുമാനം നിങ്ങളുടേതായിരിക്കണം 
നമുക്ക് ജീവിതത്തിൽ ത്രില്ലിങ്ങായിട്ടുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും 
റിസ്‌ക്  കുറവും, ത്രില്ലിങ്ങുമായിട്ടുള്ള  കാര്യങ്ങൾ ചെയ്യാൻ അവസരം കിട്ടുന്നെങ്കിൽ അത് നഷ്ടപെടുത്താതിരിക്കുക. 

മറ്റ് ആകാശ വിനോദങ്ങൾ പോലെ സ്കൈ ഡൈവിങ്ങിലും ആക്സിഡന്‍റ് സംഭവിക്കാം അതുകൊണ്ടു അഡ്വെഞ്ചർ സ്പോർട്സ് കവർ ചെയ്യുന്ന ഒരു ട്രാവൽ ഇൻഷുറൻസ് എടുക്കുവാൻ ശ്രമിക്കുക. 

അങ്ങനെ ഞങ്ങൾ പ്രാഗ് പട്ടണത്തോടു വിട പറയാനുള്ള തിരക്കിലാണ്. എയർപോർട്ടിൽ ഫ്ളൈറ്റും കാത്തിരിക്കുമ്പോൾ പ്രാഗിൽ സ്കൈ ഡൈവിങ് ചെയ്യാൻ വന്ന കൊച്ചിക്കാരൻ സുഹൃത്ത് ബാലു എന്നെ നോക്കി അത്ഭുതത്തോടുകൂടി “നിങ്ങ സ്കൈ ഡൈവിംഗ് ചെയ്താ ബ്രോ. ഞങ്ങ ചെയ്യാൻ പൈസ കൊടുത്തു… ക്ലൈമറ്റ് സീൻ ആയിരുന്ന കൊണ്ട് ചാട്ടം നടന്നില്ല മാൻ…”

ഇത് കേട്ടതും എന്റെ രോമങ്ങൾ 90 ഡിഗ്രി ഉയർന്നു പൊങ്ങി. തന്റെ ജീവിതത്തിന്റെ നല്ലൊരുഭാഗം ജിമ്മിൽ കഴിയുന്ന മസിൽമാൻ ബാലുവിന് കഴിയാത്ത സ്കൈ ഡൈവിങ് ഞാൻ ചെയ്തിരിക്കുന്നു… എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി ഒരു നിമിഷം ഞാനെഴുന്നേറ്റു നിന്നു. ശേഷം, സ്കൈ ഡൈവിങ് തന്ന ആത്മവിശ്വാസത്തിൽ തിരികെ ജോലി സ്ഥലമായ നോർവെയ്‌ക്കുള്ള വിമാനത്തിൽ മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിച്ചു.