കുന്നിൽ മുകളില്‍ കലണ്ടർ ചിത്രം പോലെ ലാൻസ്കൊറോണ; മാലാഖമാരുടെ പട്ടണം

Poland

പ്രശാന്ത് ആണ് ലാൻസ്കൊറോണയിലേക്ക് പോകാം എന്ന നിർദേശം മുന്നോട്ടു വെച്ചത്. പ്രശാന്തിനെ ഫേസ്‌ബുക് വഴി കണ്ടിട്ടുണ്ട് എങ്കിലും ആദ്യമായിട്ടാണ് നേരിൽ കാണുന്നത്. ക്രാക്കോയിൽ ജോലി ചെയുന്ന നിഥിനും ഞാനും പ്രശാന്തിനൊപ്പം ലാൻസ്കൊറോണ എന്ന മാലാഖമാരുടെ പട്ടണം കാണുവാനുള്ള യാത്രയിലാണ്.

ക്രാക്കോ സെൻട്രൽ സ്റ്റേഷനിൽ നിന്നും ഏതാണ്ട് ഒരുമണിക്കൂർ യാത്രയുണ്ട് കൽവാരിയ സെബ്രിസിഡോവ്സ്ക സ്റ്റേഷനിലേക്ക്.അവിടെ നിന്നും അഞ്ചാറ് കിലോമീറ്റർ ദൂരെ കുന്നിൽ മുകളിലാണ് ഈ മാലാഖമാരുടെ പട്ടണം സ്ഥിതി ചെയുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും യൂബർ ടാക്സി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ യാത്ര..

ട്രയിനിലെ യാത്ര കുടുങ്ങി കുടുങ്ങിയാണ്. യൂറോപ്പിലെ വികസിത പട്ടണങ്ങളിലെ ട്രെയിനിന്റെ ആഡംബരവും യാത്രാ സുഖവും ഒട്ടും ഇല്ലാത്ത ഒരു പഴഞ്ചൻ തീവണ്ടി. സീറ്റുകൾ മിക്കതും കാലിയായത് ഞായറാഴ്ച്ച ആയതുകൊണ്ടാവും എന്ന് വിശ്വസിക്കാൻ ആയിരുന്നു എനിക്ക് താല്പര്യം.

പകുതി തുറക്കാവുന്ന കണ്ണാടി ജാലകങ്ങളിൽ കൂടി പോളണ്ടിന്റെ ഗ്രാമഭംഗി ഒരു ചലച്ചിത്രം പോലെ മിന്നി മായുന്നു. ട്രെയിൻ ചലിക്കുന്നതിന്റെ ഒച്ച ഞങ്ങളുടെ കാതുകളിൽ തുളച്ചു കയറുന്നു.

അവിടെ നിന്നും ടാക്സി കിട്ടുമോ ??.. എനിക്ക് തിരികെ വന്നിട്ട് വൈകിട്ട് സ്റ്റോക്ക്ഹോമിന് ഫ്ലൈറ്റ് പിടിക്കേണ്ടതാണ് .. ഉൽകണ്ഠ അല്പം പോലും ചോർന്നുപോകാതെ പ്രശാന്തിനോട് ഞാൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

യൂബർ ആപ്പിൽ നോക്കിയപ്പോൾ ടാക്സി കണ്ടു എന്ന് പ്രശാന്ത് മറുപടി പറഞ്ഞപ്പോൾ അല്പനേരത്തേക്കെങ്കിലും ഉൽകണ്ഠക്കു ശമനം ആയതായി എനിക്കനുഭവപ്പെട്ടു.

കാൽവാരിയ റെയിൽവേ സ്റ്റേഷൻ

കൽവാരിയ സ്റ്റേഷനിൽ ചൂളം വിളിച്ചു നിന്ന ട്രെയിനിൽ നിന്നും പുറത്തേക്കിറങ്ങിയ ഞങ്ങളെ വരവേറ്റത് ഒരു പഴഞ്ചൻ റെയിൽവേ സ്റ്റേഷൻ കെട്ടിടമാണ്. കണ്ടിട്ട് വര്ഷങ്ങളായി അവഗണിക്കപ്പെട്ട സ്റ്റേഷൻ ആയി ആണ് ഒറ്റ നോട്ടത്തിൽ തോന്നിയത്.

ഞാൻ യൂബർ ആപ്പ് തുറന്നു ടാക്സിക്കായി പരതി. ഇല്ല ഒരൊറ്റ ടാക്സി ഈ ചുറ്റുവട്ടത്തില്ല…!!

അഞ്ചു കിലോമീറ്റർ നടക്കുന്നത് ഒട്ടും പ്രായോഗീകമല്ല.മുന്നോട്ട് നടന്നു അടുത്തുള്ള ബസ് സ്റ്റാൻഡിൽ ചെന്ന് ടാക്സി കിട്ടുമോ എന്ന് നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. വല്ലപ്പോഴും ബസുകൾ വന്നെങ്കിൽ ഭാഗ്യം എന്ന തരത്തിലാണ് ബസ്സ്‌ സ്റ്റാൻഡിന്റെ അവസ്ഥ. അല്പനേരത്തെ കാത്തിരിപ്പു പ്രതീക്ഷയുടെ അവസാന കണികകളും ഞങ്ങളിൽനിന്നും അകന്നുപോകുന്നു എന്ന തോന്നലുണ്ടാക്കി.

അവിടെ ബസ് കാത്തു നിന്ന പലരോടും ലാൻസ്കൊറോണ പോകുവാനുള്ള മാർഗം ഞങ്ങൾ ചോദിച്ചറിഞ്ഞു. പലർക്കും പോളിഷ് ഭാഷ അല്ലാതെ മറ്റൊന്നും വശമില്ല.

നിരാശയുടെ പടുകുഴിയിലേക്ക് വീഴുവാൻ തുനിഞ്ഞ ഞങ്ങളുടെ മുന്നിലേക്ക് ഒരു മാലാഖ പ്രത്യക്ഷപെട്ടു.

ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു പോളിഷ് ചെറുപ്പക്കാരൻ. ഫോൺ എടുത്തു പരിചയമുള്ള ഒരു ടാക്സി വിളിച്ചു. അഞ്ചു പത്തു മിനിറ്റിൽ ടാക്സി എത്തും എന്നും പറഞ്ഞു തിടുക്കത്തിൽ നടന്നകന്നു. കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട്

ടാക്സി ഡ്രൈവർ എത്തി. അമ്പതു സ്ലോട്ടി (ഏതാണ്ട് ആയിരം രൂപക്ക് അടുത്ത് ) ആണ് കൊണ്ട് വിടുന്നതിനുള്ള നിരക്ക്. ഇനി തിരികെ വരേണം എങ്കിൽ ഒന്ന് ഫോൺ ചെയ്താൽ പത്തു മിനിറ്റിൽ ടാക്സി എത്തും എന്നും പറഞ്ഞു ഒരു വിസിറ്റിങ് കാർഡും ഞങ്ങളുടെ നേരെ നീട്ടി . വളഞ്ഞു പുളഞ്ഞ വഴികളും കുത്തനെയുള്ള മലയും താണ്ടി ഞങ്ങൾ ലാൻസ്കൊറോണയിൽ എത്തി.

ഉരുളൻ കല്ലുകൾ പാകിയ മാർക്കറ്റ് സ്‌ക്വയറിൽ പ്രാദേശീക ഉൽപ്പനങ്ങൾ വിൽക്കുന്ന കടകളാണ്. മാർക്കാട് സ്‌ക്വയർ ഏതാണ്ട് പത്തു ഡിഗ്രി ചരുവിലാണ് സ്ഥിതി ചെയുന്നത്.

മാർക്കറ്റ് സ്‌ക്വയറിൽ ചിലർ സ്റ്റാളുകൾ സെറ്റ് ചെയുന്ന തിരക്കിലാണ്. മറ്റു ചില കച്ചവടക്കാർ രാവിലെ തന്നെ സ്റ്റാളുകൾ സെറ്റ് ആക്കി കച്ചവടം ആരംഭിച്ചു. ഭക്ഷണ വസ്തുക്കൾ കരകൗശല വസ്തുക്കൾ തുണിത്തരങ്ങൾ , പഴച്ചാറിൽ നിന്നും ഉത്പാദിപ്പിച്ച വീര്യം കുറഞ്ഞ വൈൻ , ജാം അങ്ങനെ വൈവിധ്യങ്ങളുടെ നീണ്ട നിരതന്നെയുണ്ട് മാർക്കറ്റ് സ്‌ക്വയറിൽ വിൽപ്പനക്ക്.

തടികൊണ്ടുള്ള ആർക്കേഡ് വീടുകളാൽ ചുറ്റപ്പെട്ട മാർക്കറ്റ് സ്ക്വയർ, പോളണ്ടിലെ പഴയ തടി വാസ്തുവിദ്യയുടെ ഏറ്റവും മനോഹരമായ ഉദാഹരണങ്ങളിൽ ഒന്നാണ്.

ലങ്കോറോൻസ്‌ക മലനിരകളും സ്കവിങ്ക നദിയും ചേർന്ന് തീർക്കുന്ന സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്തിരിക്കുകയാണ് ഈ പട്ടണം എന്ന് മാർക്കറ്റ് സ്‌ക്വയറിൽ നിൽകുമ്പോൾ തോന്നിപോകും. താഴ്വരകളുടെയും വിദൂര നഗരങ്ങളുടെയും ദൂരകാഴ്ച്ച തീർക്കുന്ന ഇന്ദ്രജാലത്തിൽ ഞങ്ങൾ ലയിച്ചു നിന്നു പോയി.

പല പ്രമുഖ പോളിഷ് എഴുത്തുകാരുടെയും പ്രിയപ്പെട്ട ഇടം ആണ് ലാൻസ്കൊറോണ. ഇവിടെ കൂടുതൽ സമയം ചിലവഴിച്ചാൽ കവിത എഴുതിപ്പോകും എന്ന സ്ഥിതിയിലേക്ക് എത്തിയപ്പോൾ ഞങ്ങൾ ഇവിടുത്തെ പഴയ കോട്ടയുടെ അവശേഷിപ്പുകൾ കാണുവാനായി നടന്നു.

കോട്ടയുടെ അവശേഷിപ്പുകൾ

പതിനാലാം നൂറ്റാണ്ടിലെ കോട്ട തകർക്കപ്പെട്ടു എങ്കിലും അവശേഷിപ്പുകൾ ഇന്ന് ചരിത്ര സ്മാരകമാണ്.

ഇവിടുത്തെ സെയിന്റ് ജോൺ ദേവാലയം സ്ഥിതി ചെയ്യുന്നതും കോട്ടയോടു ചേർന്നാണ്.ഞായറഴ്ച്ച ആയതുകൊണ്ട് ദേവാലയത്തിൽ നിറയെ ആളുകൾ ആണ്. ദേവാലയം നിറഞ്ഞു ദേവാലയമുറ്റത്തു വരെയും ആളുകൾ സർവീസിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്നു.

സെറാമിക് ഷോപ്

ദേവാലയത്തിന്റെ കവാടത്തോട് ചേർന്നാണ് സെറാമിക് ഷോപ്പ്. സെറാമിക് ഷോപ്പിൽ എങ്ങും മാലാഖാമാരാണ്. ചെറുതും വലുതുമായ പല വർണങ്ങളിൽ പൊതിഞ്ഞ മാലാഖമാരെകൊണ്ട് നിറച്ചിരിക്കുകയാണ് ഇവിടുത്തെ സെറാമിക് ഷോപ്പ്.ഇവിടം സന്ദർശിച്ചതിന്റെ ഓർമ്മപുതുക്കാൻ മികച്ച ഒരു സമ്മാനമാണ് കൈകൾ കൊണ്ട് നിർമ്മിച്ച ഇവിടുത്തെ മാലാഖമാരുടെ സെറാമിക് ശില്പങ്ങൾ.

ലാൻസ്കൊറോണ മാലാഖമാരുടെ പട്ടണമാണ്. എല്ലാവർഷവും ഡിസംബർ മാസത്തിൽ ഇവിടെ നടക്കുന്ന പ്രാദേശീക ആഘോഷത്തിൽ തദ്ദേശീയർ മാലാഖമാരുടെ വേഷമണിഞ്ഞു ആഘോഷത്തിൽ പങ്കെടുക്കുന്നു. അങ്ങനെയാണ് ഈ നാട് “ടൌൺ ഓഫ് ഏയ്ഞ്ചൽസ് ” എന്ന് അറിയപ്പെട്ടു തുടങ്ങിയത്.

പ്രാദേശീക കച്ചവടക്കർക്ക് സര്ടിഫിക്കറ്റ് നൽകിയിരിക്കുന്നു

വാച്ചിൽ സമയം രണ്ടുമണി ആകാറായി.ഉച്ച വെയിലിൽ തിളങ്ങുന്ന ലാൻസ്കൊറോണയുടെ ഭംഗി ഇരട്ടിച്ചതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു.

പോക്കറ്റിൽ പരതി ടാക്സി ഡ്രൈവർ തന്ന വിസിറ്റിംഗ് കാർഡ് പുറത്തെടുത്തു. ടാക്സി ഡ്രൈവറെ വിളിച്ചു തിരികെ റെയിൽവേ സ്റ്റേഷനിലേക്ക്. രണ്ടായിരം ആളുകൾ മാത്രം ജീവിക്കുന്ന കൊച്ചു പട്ടണത്തിന്റെ ഓർമ്മകളുമായി ഞങ്ങൾ മാലാഖമാരുടെ പട്ടണത്തോടു വിട പറഞ്ഞു.

യാത്രയെ ഇഷ്ടപ്പെടുന്ന ആൾ ആണോ നിങ്ങൾ എങ്കിൽ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ 👇👇

https://whatsapp.com/channel/0029VaCiENa89indeLt9AM3T

👆👆👆

ക്രാക്കോ സന്ദർശനത്തിൽ അര ദിവസം ചിലവഴിക്കാൻ പറ്റിയ ഒരിടമാണ് ലാൻസ്കൊറോണ. അധികം തിക്കും തിരക്കും ഇല്ലാതെ കാഴ്ചകൾ കണ്ടു നടക്കാൻ പറ്റിയ ഡെസ്റ്റിനേഷൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം സന്ദർശിക്കുന്നത് പരിഗണിക്കാവുന്നതാണ്.