സാക്കോപാനെയിലെ ശൈത്യകാലം

Zakopane

എന്റെ മുഖത്തെ നിരാശ കണ്ടപാടെ നിധിൻ എ ടി എം കൌണ്ടർ ലക്ഷ്യമാക്കി ഓടുകയാണ്

സമയം രാവിലെ ഏഴ് മുപ്പത് . പോളണ്ടിലെ ക്രാക്കോപട്ടണം. സെൻട്രൽ ബസ്സ് സ്റ്റേഷനിൽ പതിനാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ പുറപ്പെടാൻതയ്യാറായി കിടന്ന ബസ്സിലേക്ക് ഞങ്ങൾ തിടുക്കത്തിൽ കയറി. ടിക്കറ്റ് എടുക്കാൻ പഴ്സിൽ നിന്നും ഡെബിറ്റ് കാർഡ് എടുത്തു ഞാൻ നീട്ടി. കാർഡ് മെഷിൻ പണിമുടക്കി എന്ന് ബസ്സിന്റെ പോളിഷ് ഡ്രൈവറിന്റെ ആംഗ്യഭാഷ അല്പം നടുക്കത്തോടെയാണ് മനസിലാക്കി . വാച്ചിലെ സമയപ്രകാരം അടുത്ത അഞ്ചു മിനിറ്റിൽ ബസ്സ് പുറപ്പെടും . അതുകഴിഞ്ഞാൽ അടുത്ത ബസിന് ഒരുമണിക്കൂർ കാത്തിരിപ്പ് വേണ്ടിവരും .

നിധിൻ തിരികെ വന്നതും ടിക്കെറ്റ് എടുത്തു ഞങ്ങൾ ബസ്സിന്റെ മുൻനിരയിൽ ഇരിക്കുന്നതും എല്ലാം നൊടിയിടയിൽനടന്നു.

ചരിത്രം സ്പന്ദിക്കുന്ന ക്രാക്കോ പട്ടണത്തിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ ഞങ്ങളുടെ ബസ്സ് മുന്നോട്ട്നീങ്ങി.രണ്ടാം ലോക മഹായുദ്ധത്തിൽ അധികം കേടുപാടുകൾ സംഭവിക്കാത്ത പട്ടണമാണ് ക്രാക്കോ. 2000-ൽ ‘യൂറോപ്യൻ സാംസ്കാരികതലസ്ഥാനം’ , 2013-ൽ ‘യുനെസ്കോ സാഹിത്യ നഗരം’ എന്ന വിശേഷണവും നേടിയെടുത്ത അതി ഗംഭീരമായപട്ടണം .ഇന്നും ഒരു മധ്യകാല പട്ടണത്തിന്റെ പ്രൗഢിയും മനോഹാരിതയും കൊണ്ട് വേറിട്ട് നിൽക്കുന്നു. അധികം പൊളിച്ചു പണിയലുകൾ നടത്താത്തതിനാലാവാം ക്രാക്കോയിലെ പല തെരുവുകളും ഇടുങ്ങിയതാണ്. ആ വഴിയിൽ കൂടി വാഹനം ചലിപ്പിക്കുന്നത് അല്പം സാഹസികത നിറഞ്ഞ പണിയാണ്. ഞങ്ങളുടെ ഡ്രൈവർ അത് മനോഹരമായി ചെയ്യുന്നുണ്ട്.

യൂറോപ്പിലെ ഏറ്റവും വലിയ പർ‌വതനിരയായ ആൽപ്സ് നമുക്കെല്ലാവർക്കും സുപരിചിതമാണ് .1200 കിലോമീറ്റർ നീളത്തിൽ ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ തുടങ്ങി എട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

നമ്മുടെ സഹ്യപർവതം പോലെ സെൻട്രൽ യൂറോപ്പിലെ കാർപാത്തിയൻ പർവത ശൃംഖലയുടെ ഭാഗമായ ടട്രാ പർവതനിരകൾ സ്ലൊവാക്യയ്ക്കും പോളണ്ടിനും ഇടയിൽ അതിർത്തി സൃഷ്ടിക്കുന്നു. സ്ലോവാക്, പോളിഷ് വശങ്ങൾ രണ്ടു രാജ്യങ്ങളും നാഷണൽ പാർക്ക് ആയി സംരക്ഷിച്ചിരിക്കുന്നു.

സെൻട്രൽ യൂറോപ്പിലെ ആൽപ്സ് പർവത നിരകൾ എന്നാണ് തത്ര മല നിരകൾ അറിയപ്പെടുന്നത്.  തത്ര മലനിരകളുടെ അടിവാരത്തു സ്ഥിതിചെയ്യുന്നമനോഹര പട്ടണമായ സാക്കോപാനിയിലേക്കാണ് എന്റെയും സുഹൃത്ത് നിധിന്റെയും ഇന്നത്തെ യാത്ര.

ക്രാക്കോയിൽ നിന്ന് നൂറ്റിനാല് കിലോമീറ്റർ ദൂരമുണ്ട് സാക്കോപാനെയിലേക്ക്.

ഗോറൽസ് എന്നു അറിയപ്പെടുന്ന പോളിഷ് ഹൈലാൻഡേഴ്‌സ് സാകോപാനി മേഖലയിലെ പരമ്പരാഗതമനുഷ്യരാണ് . അവരുടെ പ്രത്യേക പോളിഷ് ഭാഷ, പരമ്പരാഗത വസ്ത്രങ്ങൾ, ഇടയ സമ്പ്രദായങ്ങൾ, സമ്പന്നമായ നാടോടി സംസ്കാര പാരമ്പര്യങ്ങൾ എന്നിവ കൊണ്ട് മറ്റു പോളിഷ് പട്ടണങ്ങളിൽ നിന്നും അവർവേറിട്ട് നിൽക്കുന്ന ഒരിടമാണ് സക്കോപാനെ. ഹൈലാൻഡർ സംസ്‌കാരത്തിൽ ജീവിക്കുന്നവർ പൊതുവെതങ്ങളുടെ പാരമ്പര്യവും സംസ്കാരവും അഭിമാനത്തോടെ ഉയർത്തി പിടിക്കുന്ന ആളുകൾ ആണ്. പ്രാദേശികഭാഷയിൽ സംസാരിക്കുന്നതിൽ തുടങ്ങി തങ്ങളുടെ  പരമ്പരാഗത വസ്ത്രം ധരിച്ചു മറ്റു നാടുകളിൽപോകുന്നതിനും മടിയില്ലാത്ത ആളുകൾ ആണ്. സാകോപനെ പ്രദേശത്തു പരമ്പരാഗത വസ്ത്രം ധരിച്ച ധാരാളംആളുകളെ നമുക്ക് കാണുവാൻ സാധിക്കും

ബസ്സിന്റെ ജാലകങ്ങളിൽ കൂടി കണ്ട മനോഹരമായ ചെറു പട്ടണങ്ങളും കൃഷിയിടങ്ങളും മഞ്ഞിൽ പുതച്ചുകിടക്കുന്ന തത്ര മലനിരകളുടെ ദൂര കാഴ്ചയും ഞങ്ങളുടെ യാത്രയുടെ സൗന്ദര്യം ഇരട്ടിപ്പിച്ചു. ഏതാണ്ട് 106 കിലോമീറ്റർ താണ്ടി ഞങ്ങളുടെ ബസ്സ് ഒൻപത് മണിയോടെ സാക്കോപാനിയിൽ എത്തി. ഒരു യൂറോപിയൻപട്ടണത്തിന്റെ ലാളിത്യവും ഗാംഭീര്യവും ഒളിപ്പിച്ചു വെച്ച മനോഹര പട്ടണം. എങ്ങും എവിടെയും ടൂറിസ്റ്റുകളെയുംകാത്തു കച്ചവട സ്റ്റാളുകൾ. ടൂറിസംകൊണ്ടു മാത്രം ഉപജീവനം കഴിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ നാട്.

എല്ലാ വർഷവും ഏതാണ്ട് ഇരുപത്തിയഞ്ചു ലക്ഷം സഞ്ചാരികൾ ആണ് ഇവിടേയ്ക്ക് ഒഴുകി എത്തുന്നത്. വർഷംമുഴുവൻ ടൂറിസ്റ്റു സീസൺ ഉള്ള സാകോപാനിയിൽ ശൈത്യകാലത്തു സഞ്ചാരികൾ എത്തുന്നത് ശൈത്യകാലവിനോദങ്ങളായ സ്കീയിങ് സ്ലെഡ്ജിങ്, ഐസ് സ്കേറ്റിംഗ് ,സ്കീ ജംപിങ് ചെയ്യാനാണ് .ക്രിസ്തുമസ്സമയത്തു തുറക്കുന്ന ക്രിസ്തുമസ് മാർക്കെറ്റുകൾ ഈ പട്ടണത്തെ അതി സുന്ദരിയാക്കി മാറ്റും .അങ്ങനെ വർഷംമുഴുവൻ സഞ്ചാരികളെ വരവേൽക്കാനുള്ള തിരക്കിലാണ് ഈ കൊച്ചു പട്ടണം.

സാകോപാനെയുടെ ഹൃദയഭാഗത്തുള്ള പ്രസിദ്ധമായ  ക്രുപോവ്സ്കി തെരുവിലേക്കാണ് ഞങ്ങൾ ആദ്യം നടന്നത്. കാൽനട യാത്ര മാത്രം അനുവദിച്ചിട്ടുള്ള തെരുവിലേക്ക് ഞങ്ങളെ വരവേറ്റത് കുഞ്ഞൻ സ്റ്റാളുകളിൽസാകോപാനെ മേഖലയുടെ  പരമ്പരാഗത ഭക്ഷണമായ ഓസ്‌സിപെക്കിന് ചീസ് വിൽക്കുന്ന  പെൺകുട്ടികൾആണ് . പരമ്പരാഗത രീതിയിൽ  ആട്ടിൻ പാലിൽ നിന്നും നിർമ്മിക്കുന്ന ചീസ് ആണ് Oscypek. ക്രാൻബെറിജാമിന്റെ ഒരു വശത്ത് ചൂടോടെയും ഗ്രിൽ ചെയ്‌തുമാണ്  ഇത് വിൽക്കുന്നത്. ഈ പലഹാരം തയ്യാറാക്കിവിൽക്കുന്ന നിരവധി കച്ചവടക്കാരെ ഈ  തെരുവിൽ ഉടനീളം കാണാം.

 1676-ൽ കേവലം 43 നിവാസികളുള്ള ഒരു ഗ്രാമമായിരുന്നു. ഈ പ്രദേശം  ഖനന, ലോഹ വ്യവസായങ്ങളുടെ ഒരുകേന്ദ്രമായി മാറിയാതോടുകൂടിയാണ് ഇവിടേയ്ക്ക് കൂടുതൽ മനുഷ്യർ വന്നു തുടങ്ങിയത് .പത്തൊൻപതാംനൂറ്റാണ്ടോടെ സാക്കോപ്പാനെ ഉൾപ്പെടുന്ന  ഗലീഷ്യ മേഖലഏറ്റവും വലിയ ലോഹനിർമ്മാണ കേന്ദ്രമായി മാറി.ഇപ്പോൾ പ്രശസ്‌തമായ ഈ തെരുവ് ഒരു കാലത്ത് പ്രദേശത്തെ തൊഴിലാളികൾക്ക് യാത്രാമാർഗ്ഗമായിവർത്തിച്ചിരുന്ന ഇടുങ്ങിയ വഴി ആയിരുന്നു. 

പതിനാലാം നൂറ്റാണ്ടു മുതലുള്ള കുടിയേറ്റ കഥ പറയാനുണ്ട് സാക്കോപാനെയ്ക്കു. ഇരുപതാം നൂറ്റാണ്ടിന്റെതുടക്കത്തിൽ കലാകാരന്മാരുടെയും എഴുത്തുകാരുടെയും ഇഷ്ട ഇടമായി മാറി ഇവിടം. സാക്കോപ്പനെയുടെചുറ്റുമുള്ള വനപ്രദേശം ,രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപീകരിച്ച തത്ര നാഷണൽ പാർക്കിന്റെ ഭാഗമായിമാറി.ഇവിടുത്തെ മഞ്ഞുമൂടിയ മലനിരകൾ ധാരാളം അന്തർദേശീയ സ്കീയിങ് മത്സരങ്ങൾക്ക്വേദിയായി.1933ൽ സ്‍കോപ്പാനെ ക്കു നഗര പദവി ലഭിച്ചു. ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽഅറുപതിനായിരത്തോളം സഞ്ചാരികൾ ആണ് ഇവിടേയ്ക്ക് വന്നിരുന്നത്. രണ്ടാം ലോകമഹായുദ്ധം മൂലം പലപോളിഷ് പട്ടണങ്ങളും നശിപ്പിക്കപ്പെട്ടു എങ്കിലും സ്‍കോപ്പാനെ നാശനഷ്ടങ്ങൾ ഇല്ലാതെ പിടിച്ചു നിന്നു. പിന്നീട് വന്ന സോവിയറ്റ് ചായ്‌വുള്ള പോളിഷ് സർക്കാർ ഇവിടം വികസിപ്പിക്കാൻ തീരുമാനിച്ചതോടുകൂടി സാകോപാനെപോളണ്ടിന്റെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചു.വർഷം മുഴുവൻ ലഭിക്കുന്ന തണുത്ത കാലാവസ്ഥസാകോപ്പാനെയുടെ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായി മാറി.

കുതിരസവാരിക്കായി സഞ്ചാരികളെ കാത്തു നിൽക്കുന്ന പരമ്പരാഗത വേഷം ധരിച്ച കുതിരവണ്ടിക്കാർ , ഭക്ഷണശാലകൾ , സാക്കോപാനെയുടെ കഥ പറയുന്ന മ്യൂസിയം ,കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷം ധരിച്ചു കുട്ടികളെ ആകർഷിക്കുന്ന മനുഷ്യർ തുടങ്ങി തെരുവിലെങ്ങുംടൂറിസം സാധ്യതകൾ ഒരു ആഘോഷമാക്കി മാറ്റുകയാണ് ക്രുപോവ്സ്കി.

ക്രുപോവ്സ്കി തെരുവ് അവസാനിക്കുന്നിടത്തു തല ഉയർത്തി നിൽക്കുന്ന ഹോളി ഫാമിലി പള്ളിയിലേക്കാണ്ഞങ്ങൾ പിന്നീട് പോയത്. പള്ളിയിൽ നിറയെ പരമ്പരാഗത വസ്ത്രത്തിൽ ആളുകൾ. അന്നേ ദിവസം പള്ളിയിൽനടക്കുന്ന കുട്ടികളുടെ ആദ്യ കുർബാനയുടെ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവർ ആയിരുന്നു അവർ. അൽപനേരം പള്ളിയിലെ ആദ്യ കുർബാനയുടെ ചടങ്ങുകളും ഗായകസംഘത്തിന്റെ പോളിഷ് ഭാഷയിലുള്ളപാട്ടുകളും ആസ്വദിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി.

“സാക്കോപാനെയിലേക്ക് നിങ്ങൾ പോകുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ അവിടുത്തെ വാസ്തുവിദ്യയുടെഒരു ആരാധകനായി മാറും” ഇതായിരുന്നു അവിടേക്കു പോകുന്നതിനു മുൻപായി ഞാൻ എന്റെ പോളിഷ്സുഹൃത്തിനോടുചോദിച്ചപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത്. ഇവിടെ എത്തിയപ്പോൾ സംഗതി ഏറെക്കുറെസത്യമാണ് എന്ന് എനിക്കും തോന്നി. ഗംഭീരമായ വസ്തുവിദ്യയിൽ തടിയിൽ നിർമ്മിച്ച കെട്ടിടങ്ങളും വീടുകളുംപള്ളികളും ഏതൊരു സഞ്ചാരിയും ഒന്ന് നോക്കി നിന്ന് പോകും.

ഹൈലാൻഡർ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു ഇവിടുത്തെ വാസ്തുവിദ്യ. പ്രാദേശീകമായ ഒരുകരവിരുത് എല്ലാ കെട്ടിടങ്ങളിലും പ്രകടമാണ്.സാകോപനിയിലെ ആദ്യ ദേവാലയത്തിലേക്കാണ് പിന്നീട് ഞങ്ങൾപോയത്. അതി ഗംഭീരമായ വാസ്തുവിദ്യയിൽ ഇവിടുത്തെ പ്രാദേശീക ശിൽപ്പികൾ ആണ് ഈ ദേവാലയനിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. 1850ൽ നിർമ്മിച്ച ഈ ദേവാലയം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷംThe Church of Mother of God എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി. തടികൊണ്ട് നിർമ്മിച്ചമേൽക്കൂരയാണ് ഈ ദേവാലയത്തിന്റെ മറ്റൊരു പ്രത്യേകത. പള്ളിയോട് ചേർന്നുള്ള ശ്മശാനത്തിന്റെ ഭംഗിഎടുത്തു പറയേണ്ട ഒന്നാണ്.

തത്ര മലനിരകളുടെ മുകളിലേക്ക് കേബിൾ കാറിൽ തൂങ്ങി പോകാം.മലമുകളിൽ നിന്ന് വെള്ള മേഘപാളികളെതൊട്ടുരുമ്മി സാക്കോപാനെയുടെ അതീവ ഹൃദ്യമായ കാഴ്ചകൾ കാണാം. നിർഭാഗ്യം അവിടെ ഞങ്ങളുടെ കൂടെആയിരുന്നു. വാർഷിക അറ്റകുറ്റ  പണി കേബിൾ കാർ യാത്രക്ക് തടസ്സമായി.അല്പം നിരാശ തോന്നി ..!!

സാക്കോപാനെയുടെ തൊട്ടു ചേർന്ന് കിടക്കുന്ന ഗ്രാമം ആണ് ഗുപവോങ്ക.ഏതാണ്ട് ആയിരത്തി ഒരുനൂറ്റിഇരുപത്തി മൂന്നു മീറ്റർ ഉയരത്തിൽ ആണ് ഗുപവോങ്ക സ്ഥിതി ചെയ്യുന്നത്.

സാക്കോപാനെയിൽ നിന്ന് രണ്ടുകിലോമീറ്റർ ദൂരമുണ്ട് ഗുപ്‍വോങ്കയിലേക്കു.അവിടേക്കു പോകുവാൻ മറ്റൊരുകേബിൾ കാർ പ്രവർത്തിക്കുന്നു എങ്കിലും അവിടേക്കുള്ള ബസ് യാത്ര മനോഹരമാണ് എന്ന നിഥിന്റെഅഭിപ്രായത്തോട് ഞാനും യെസ് മൂളി. മല മുകളിൽ സ്ഥിതി ചെയുന്ന ഗുപവോങ്കയിലേക്കുള്ള ബസ് യാത്രപറഞ്ഞറിയിക്കാൻ ആവാത്ത അത്ര മനോഹരമാണ്. കൃഷിയിടങ്ങളും തത്ര മലനിരകളുടെ അതിശയിപ്പിക്കുന്നകാഴ്ചകളും കണ്ടു ഞങ്ങൾ ഗുപ്‍വോങ്ങയിൽ എത്തി.

കണ്ണുകളെ സ്തംഭിപ്പിക്കുന്ന തത്ര മലനിരകളുടെ ഗംഭീരമായ കാഴ്ചയാണ് മുന്നിൽ. മെയ് മാസത്തിലും മഞ്ഞുവിട്ടു മാറാത്ത തത്ര മലനിരകൾ മുകളിൽ നിന്ന് ആരോ കുമ്മായം കലക്കി ഒഴിച്ചതു പോലെയാണ്എനിക്കനുഭവപ്പെട്ടത്.തത്ര മല നിരകളെ തഴുകിയെത്തുന്ന കുളിർ കാറ്റും ആസ്വദിച്ച് കാഴ്ചകൾ കണ്ടു ബിയർനുണഞ്ഞിരിക്കുന്ന സഞ്ചാരികൾ , കുട്ടികളുമായി ഒഴിവു ദിനം ചിലവഴിക്കാൻ എത്തിയവർ തത്ര മലനിരകൾപശ്ചാത്തലമാക്കി ചിത്രങ്ങൾ പകർത്തുന്നവർ അങ്ങനെ പലതരം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്ഗുബാവോങ്ക.

അവിടുത്തെ തെരുവിലൂടെ നടക്കുമ്പോൾ ഇടത്തുവശത്തു നിറയെ ഭക്ഷണശാലകൾ വലതുവശത്തുനിറയെ കരകൗശല വസ്തുക്കൾവിൽക്കുന്ന കടകൾ. തെരുവിൽ സഞ്ചാരികളുടെ ചിത്രങ്ങൾ പകർത്തുന്നഫോട്ടോഗ്രാഫേഴ്സ് അങ്ങനെ മൊത്തത്തിൽ സജീവമാണ് ഗുപ്‍വോങ്ക.

സൂര്യൻ ആലസ്യത്തിലേക്കു വഴുതി വീണപ്പോൾ തന്നെ തണുപ്പ് അസഹനീയമായി തോന്നി. ഗുപവോങ്കയോട്വിടപറയുന്ന സഞ്ചാരികളുടെ കൂട്ടത്തിൽ ഞങ്ങളും പതിയെ മലയിറങ്ങി. 

മലയുടെ അടിവാരത്തിൽ തടിയിൽ കൊത്തുപണി ചെയ്ത കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾ.

ചുളിവുകൾ ഒക്കെ വീണു പ്രായത്തിന്റെ അവശത അല്പം പോലും തളർത്താത്ത ഒരു മുത്തശ്ശി നടത്തുന്ന കരകൗശല കടയിലേക്കാണ് എന്റെകണ്ണുകൾ പതിഞ്ഞത്. മുത്തശ്ശിയുടെ പേര് മരിയ .വർഷങ്ങൾ ആയി ഇവിടെ കട നടത്തുന്നു.ഇംഗ്ലീഷ് ഭാഷ തീരെ വശമില്ല. അറിയാവുന്ന ആംഗ്യ ഭാഷയിൽ ഞങ്ങൾ ഇന്ത്യയിൽ നിന്നാണ് വന്നത് എന്ന് പറഞ്ഞപ്പോൾ അവർ അവരുടെ മുഖത്തു പുഞ്ചിരി വിടർന്നു. അവിടെ ഉണ്ടായിരുന്ന തടിയിൽ കൊത്തിയ ജോൺ പോൾ മാർപാപ്പയുടെ ശില്പത്തിലേക്ക് എന്റെ കണ്ണുടക്കിയപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്നെ മാമ്മോദീസ മുക്കിയ കഥയൊക്കെ പോളിഷ് കലർന്നആംഗ്യഭാഷയിൽ മുത്തശ്ശി പറഞ്ഞൊപ്പിച്ചു.കൂടെ നിന്ന് ഒരു ചിത്രം എടുക്കട്ടേ എന്ന് ചോദിച്ചപ്പോൾ മുഖത്തു പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മുത്തശ്ശിയോടൊപ്പം ചിത്രവും എടുത്തു മുന്നോട്ടു നടന്നു.

സാക്കോപ്പാനെയിൽ തണുപ്പ് കൂടി തുടങ്ങി .രാവിലെ മുതലുള്ള നടത്തം വിശപ്പിന്റെ വിളിഅസഹനീയമാക്കി.വിശപ്പ് ശമിപ്പിച്ചു സാക്കോപാനെ നൽകിയ ഓർമ്മകളും മനസ്സിൽ പേറി നേരെക്രാക്കോയിലേക്കു വണ്ടികയറി. 

ജൂലൈ, ഓഗസ്റ്റ്, രണ്ട് വേനൽക്കാല മാസങ്ങൾ പീക്ക് സീസൺ ആണ്. ഈ മാസങ്ങളിൽ വളരെ തിരക്ക്അനുഭവപ്പെടുന്ന ഇവിടെ കേബിൾ കാറിലും മറ്റും കയറാൻ നീണ്ട നിര തന്നെ കാണാം. 50 വർഷത്തിലേറെയായിന ഓഗസ്റ്റിലെ മൂന്നാം ആഴ്ച ഇവിടെ നടക്കുന്ന മൗണ്ടൻ ഫോക്ലോർ ഫെസ്റ്റിവൽ പ്രസിദ്ധമാണ്. ആളുകളുടെതിരക്കിൽ നിന്നും ഒഴിഞ്ഞു ഇവിടെ സന്ദർശിക്കാൻ മെയ് അല്ലെങ്കിൽ സെപ്റ്റംബർ മാസം മികച്ചതാണ്. ശൈത്യകാലത്തു (ഡിസംബർ മുതൽ ഫെബ്രുവരി വരെ ) ഇവിടം കാണാൻ മനോഹരമാണ്. ശൈത്യകാലവിനോദങ്ങൾക്കുവേണ്ടി ധാരാളം സഞ്ചാരികൾ ഈ മാസങ്ങളിൽ ഇവിടെ എത്താറുണ്ട്. ക്രാക്കയിൽ നിന്ന് ഡേ ടൂർസ് നടത്തുന്ന ടൂർ കമ്പനികൾ ധാരാളം ഉണ്ട്.ക്രാക്കോ സെൻട്രൽ ബസ്സ് സ്റ്റേഷനിൽനിന്ന് നിന്ന് ബസ്സ് മാർഗം ഇവിടേയ്ക്ക് എത്താം.6 മുതൽ ഒൻപത് യൂറോ വരെയാണ് ഒരു വശത്തേക്ക് ബസ്സ്നിരക്ക്. (550 മുതൽ 850 രൂപ വരെ ) സാക്കോപാനെയിൽ നിന്നു തത്ര മലനിരകളിലെ മനോഹരമായ തടാകം മോസ്‌ക്കി ഒക്കോ സന്ദർശിക്കാൻ ബസ്സുകൾ ലഭ്യമാണ്. പത്തു പോളിഷ് സ്ലോട്ടി ആണ് നിരക്ക്.(ഏകദേശം 200രൂപ )

മനോരമ ട്രാവലർ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചത്