പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സ്വപ്നഭൂമിയിലൂടെ …

Poland

നിങ്ങൾ കമ്മ്യൂണിസ്റ്റ് കേരളത്തിൽനിന്നാണോ!! ? നിങ്ങളുടെ നാട്ടിൽ കമ്മ്യൂണിസവും ജനാധിപത്യവും എങ്ങനെ ഒരുമിച്ചു പോകുന്നു എന്നതിനെപ്പറ്റി കൂടുതൽ അറിയുവാൻ എനിക്ക് ആഗ്രഹമുണ്ട്. ഡാമിയൻ തന്റെ അതിശയോക്തി മറച്ചു വെക്കുന്നില്ല.

ഡാമിയനെ ഞാൻ പരിചയപ്പെട്ടു ഏതാനും മിനിറ്റുകൾ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. പോളണ്ടിലെ ക്രാക്കോയ്ക്കടുത്തുള്ള നോവഹൂട്ട പട്ടണം കാണുവാൻ എത്തിയതാണ് ഞാൻ. പട്ടണം വിശദമായി നടന്നു കാണുവാൻ നോവഹൂട്ട വാക്കിങ് ടൂർ ഞാൻ ബുക്ക് ചെയ്തിരുന്നു. വാക്കിങ് ടൂർ ഗൈഡ് ആണ് ഡാമിയൻ. എന്റെ കൂടെ , ക്രാക്കോയിൽ ജോലി ചെയുന്ന സുഹൃത്ത് നിഥിനും പിന്നെ ലോകത്തിന്റെ പല ഭാഗത്തു നിന്നും വന്ന ഏതാനും സഞ്ചാരികളുമുണ്ട്.

നോവ ഹൂട്ടയിലെ നിറം മങ്ങിയ കെട്ടിടങ്ങൾ

രാവിലെ പതിനൊന്നുമണിക്കു തുടങ്ങുന്ന ടൂർ അവസാനിക്കുന്നത് ഉച്ചക്ക് ഒന്നരക്കാണ്. ഏതാണ്ട് രണ്ടരമണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു നടത്തം ആണ് വാക്കിങ് ടൂർ. ഞങ്ങൾ കൃത്യം പത്തേമുക്കാലോടെ നോവാഹുട്ടയിലെ ചത്വരത്തിൽ എത്തി. ടൂർ ബുക്ക് ചെയ്തപ്പോൾ പറഞ്ഞതുപോലെ തന്നെ മഞ്ഞ കുടയും പിടിച്ചു ഡാമിയൻ സഞ്ചാരികൾക്കായി ചത്വരത്തിൽ കാത്തു നിൽപ്പുണ്ടായിരുന്നു. അതെ മഞ്ഞ കുടയാണ് ഡാമിയനെ തിരിച്ചറിയുവാനുള്ള അടയാളം.

ഡാമിയൻ ഓരോരുത്തരെയായി പരിചയപ്പെട്ടു. ഇറ്റലിയിൽനിന്നും ഫ്രാൻ‌സിൽ നിന്നും ഉള്ളവർ , രണ്ടുപേര് വന്നിരിക്കുന്നത് വളർത്തു നായയെയും കൂട്ടിയാണ്. ഞങ്ങൾ പരിചയപ്പെടുത്തിയപ്പോൾ ഡാമിയനു ഉള്ളിലെ ജിഗ്ഞാസ അടക്കി വെക്കാനായില്ല.ഡാമിയനു നമ്മുടെ കൊച്ചു കേരളത്തിലെ കമ്മ്യൂണിസത്തെ പറ്റി അറിയണം.

ഡാമിയൻ കുടയും പിടിച്ചു നടത്തം തുടങ്ങി. നന്നേ മെലിഞ്ഞിട്ടാണ് അദ്ദേഹം. എങ്ങനെ മെലിയാതിരിക്കും രാവിലെ മുതൽ ഈ നടത്തമല്ലേ ജോലി. ഞങ്ങൾ സ്‌കൂൾ കുട്ടികളെപോലെ കഥയും കേട്ട് പിന്നാലെയും. ഡാമിയൻ തുടങ്ങിയത് സോളിഡാരിറ്റി മൂവേമെന്റിൽ നിന്നാണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തിൽ തുടങ്ങിയ മുന്നേറ്റം എൺപത്തി ഒൻപതിലെ തിരഞ്ഞെടുപ്പിൽ പോളണ്ടിൽ കമ്മ്യൂണിസത്തിനു അവസാനം കുറിച്ച കഥ പറഞ്ഞുകൊണ്ട് ഡാമിയൻ മുന്നോട്ടു നടക്കുകയാണ്. 1947ൽ നിന്നും 1989ലേക്കുള്ള ദൂരം ഇന്ന് ഡാമിയനൊപ്പം നടന്നു കാണുവാൻ പോകുകയാണ്.

മുന്നോട്ടു നടന്നു പ്രസംഗിക്കാൻ സ്റ്റേജിൽ കയറി നിന്നപോലെ വലിയ ഒരു കെട്ടിടത്തിന്റെ പടിയിൽ ഡാമിയൻ നിൽപ്പുറപ്പിച്ചു. അദ്ദേഹം കൈയിലെ ഫയൽ തുറന്നു ഒരു ചിത്രം കാണിച്ചു. ഇത് ആർക്കേലും അറിയാമോ?

ഡാമിയൻ പടി സ്റ്റേജ് ആക്കി കഥ പറയുമ്പോൾ

ഞാൻ തലകുലുക്കി മറു ചോദ്യമെറിഞ്ഞു. ഇത് സ്റ്റീൽ ഫാക്ടറി അല്ലെ ? അതെ എന്നും പറഞ്ഞുകൊണ്ട് അദ്ദേഹം തുടർന്നു. സോവിയറ്റ് നേതാവ് ലെനിന്റെ പേരിലാണ് സ്റ്റീൽ ഫാക്ടറി തുടങ്ങിയത്.കമ്മ്യൂണിസ്റ്റ് ഉട്ടോപ്യൻ പട്ടണം പണിയുവാൻ ശ്രമിച്ച സ്റ്റാലിൻ ആദ്യം ചെയ്തത് ഈ പട്ടണത്തിന്റെ പ്രത്യേകതകളെക്കുറിച്ചു വലിയ രീതിയിലുള്ള പ്രചാരണങ്ങൾ ഒക്കെ നടത്തി. പോളണ്ടിന്റെ ഗ്രാമങ്ങളിൽ നിന്നും ഇവിടേക്ക് ആളുകളെ ആകർഷിക്കുക ആയിരുന്നു പ്രചാരണങ്ങളുടെ ഉദ്ദേശം. നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കമ്മ്യൂണിസ്റ് പട്ടണത്തിന്റെ മേന്മകളും സ്റ്റീൽ മില്ലിലെ തൊഴിൽ സാധ്യതകളും എല്ലാം പ്രചാരണത്തിന്റെ പ്രധാന ആയുധങ്ങൾ ആയിരുന്നു .”പുതിയ സ്റ്റീൽ മിൽ” എന്നാണ് നോവ ഹൂട്ട എന്ന പോളിഷ് വാക്കിന്റെ അർത്ഥം പോലും .കമ്മ്യൂണിസത്തിന്റെ അവസാനത്തോടുകൂടി ഈ സ്റ്റീൽമില്ലിന്റെ പ്രതാപകാലം അവസാനിച്ചു. പിന്നീട് ഇത് വാങ്ങിയത് ആരാണെന്നു അറിയാമോ എന്ന ചോദ്യം ഡാമിയൻ എന്നോട് ചോദിച്ചുകൊണ്ട് സ്വയം ഉത്തരവും പറഞ്ഞു. ഒരുപക്ഷെ ഞാൻ ഇന്ത്യക്കാരൻ ആയതുകൊണ്ടാവാം എന്നോട് തന്നെ ആ ചോദ്യം ചോദിച്ചത്. ലക്ഷ്മി മിത്തൽ എന്ന ഇന്ത്യൻ വംശജൻ ആണ് ഇന്നതിന്റെ മുതലാളി. ഇവിടെയുള്ള കെട്ടിടങ്ങളുടെ നിറം കണ്ടോ ഒരുപക്ഷെ സ്റ്റീൽ ഫാക്ടറിയിലെ മലിനീകരണം കാരണമാവാം ഇങ്ങനെ കറുത്ത് പോയത്. ഇന്ന് യൂറോപ്യൻ യൂണിയന്റെ കാർബൺ എമിഷൻ പോളിസി കാരണം ഫാക്ടറിയിൽ അധികം ഉത്പാദനം ഒന്നുമില്ല.

സംഭവം സത്യമാണ് ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് ഇത്രയും കൂറ്റൻ കെട്ടിടങ്ങൾ എല്ലാം തന്നെ ഏതാണ്ട് ഉപേക്ഷിച്ച കെട്ടിടങ്ങൾ പോലെയാണ് ഒറ്റനോട്ടത്തിൽ എനിക്ക് തോന്നിയത്.നിർമ്മിച്ചതിനു ശേഷം പായലും പൂപ്പലും ഒരിക്കലും വിടപറയാത്ത ഒന്നുപോലെ എനിക്ക് തോന്നി.എന്തായാലും എഴുപതു വര്ഷങ്ങള്ക്കു മുൻപ് പുതിയ ഒരു പട്ടണം നിമ്മിച്ചെടുത്തു ഇത്രയും കൂറ്റൻ കെട്ടടങ്ങളും പണിഞ്ഞു ഏതാണ്ട് ഒരുലക്ഷത്തോളം ആളുകളെ ഇവിടേയ്ക്ക് പാലായനം ചെയ്യിക്കുവാൻ ശ്രമിച്ച ജോസെഫ് സ്റ്റാലിൻ ഒരു സംഭവം തന്നെ. ഇന്ന് ക്രാക്കോ പട്ടണവുമായി തട്ടിച്ചു നോക്കുമ്പോൾ ഇവിടം ശരിക്കും ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണമാണ്. ആളുകൾ താമസം ഉണ്ടെങ്കിലും എന്തോ ഒരു നെഗറ്റീവ് എനർജി തോന്നുന്ന ഒരിടം. ഞാൻ മനസ്സിൽ ചിന്തിച്ചു കൂട്ടി.

ഡാമിയൻ നോവഹൂട്ട പുരാണം തുടരുകയാണ്.

നിങ്ങൾ ഒരുപക്ഷെ ശ്രദ്ധിച്ചു കാണും നിറമില്ലാത്ത ഈ കോൺക്രീറ്റ് പട്ടണം, വർണ്ണശബളമായ ക്രാക്കോ പട്ടണത്തിൽ നിന്നും വ്യത്യസ്തമാണ്. അലങ്കരിച്ച വാസ്തുവിദ്യ, ഉരുളൻ പാതകൾ, ചായം പൂശിയ കെട്ടിടങ്ങൾ വിനോദസഞ്ചാരികളുടെ തിരക്ക് ഇവയൊന്നും ഇവിടെ ഇല്ല. ലോകത്തു ഇതുവരെ ആസൂത്രണം ചെയ്തിട്ടുള്ള രണ്ട് സോഷ്യലിസ്റ്റ് റിയലിസം നഗരങ്ങളിൽ ഒന്നാണ് ഇത് (രണ്ടാമത്തേത് റഷ്യയിലെ യുറൽ പർവതനിരകളിലെ മാഗ്നിറ്റോഗോർസ്ക്). ലോകത്തിലെ സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണിത് . കമ്മ്യൂണിസം ഏറെ വേരോടിയിരുന്ന പോളണ്ടിലെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലേക്കുള്ള ഒരു തിരിച്ചുപോക്കിനാണ് നിങ്ങൾ ഇന്നിവിടെ വന്നിരിക്കുന്നത്.

ലെനിൻ ചത്വരം ഇവിടെ ആയിരുന്നു ലെനിൻ പ്രതിമ നിലനിന്നിരുന്നത്

എത്ര മനോഹരവും ശാന്തവുമായിട്ടാണ് ഡാമിയൻ കഥ പറയുന്നത്. നിത്യാഭ്യാസി ആനയെ എടുക്കും എന്നാണല്ലോ. ഒരുപക്ഷെ ഇത് സ്ഥിരം തൊഴിൽ ആയതുകൊണ്ടാവാം ഇത്രയും മനോഹരമായി കഥപറയാൻ ഇദ്ദേഹം പഠിച്ചത്. ആളുകളുടെ ചോദ്യങ്ങൾക്കു അല്പം പോലും മുഷിപ്പുളവാക്കാത്ത ഉത്തരങ്ങൾ. ഞാൻ കഥക്കിടയിൽ ഡാമിയന്റെ കഥപറച്ചിൽ ശൈലിയും ശ്രദ്ധിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയെ തുരത്തിയതിനു ശേഷം ,1947 മെയ് 17-ന് അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ഒരു കമ്മ്യൂണിസ്റ്റ് മാതൃകാ നഗരം നിർമ്മിക്കുവാൻ തീരുമാനിക്കുന്നു. പോളണ്ടിലെ പൗരാണിക നഗരമായ ക്രാക്കോയുമായി മത്സരിച്ചു ലോകത്തിലെ തന്നെ ഒരു മികച്ച ആസൂത്രിത കമ്മ്യൂണിസ്റ്റ് നഗരമായിരുന്നു ജോസെഫ് സ്റ്റാലിന്റെ മനസ്സിൽ.ഏതാണ്ട് ഒരുലക്ഷത്തില്പരം ആളുകൾക്ക് താമസിക്കുവാനും ,ജോലിചെയ്യുവാനുമുള്ള സൗകര്യം , വിശാലമായ, മരങ്ങൾ നിറഞ്ഞ വഴികൾ, പാർക്കുകൾ, കൃത്രിമ തടാകങ്ങൾ കൂടാതെ സ്റ്റീലിന്റെ വർധിച്ചു വരുന്ന ആവശ്യകത മുൻനിർത്തി വ്ലാഡിമിർ ലെനിൻ സ്റ്റീൽ ഫാക്ടറിയും ഒക്കെയാണ് ജോസെഫ് സ്റ്റാലിൻ ആ നഗരത്തിനായി ഒരുക്കിയത്. ഒരു മൂന്നാം ലോക മഹായുദ്ധം മനസ്സിൽ കണ്ടിരുന്ന സ്റ്റാലിൻ ഇനിയൊരു ആണവവിസ്ഫോടനം ഉണ്ടായാൽപോലും ചെറുക്കുവാനായി നൂറുകണക്കിന് ഭൂഗർഭ ബങ്കറുകളും തുരങ്കങ്ങളും ഈ പട്ടണത്തിൽ ഒരുക്കി. ശത്രുക്കളുടെ ആക്രമണത്തിനിരയായാൽ എളുപ്പത്തിൽ ചെറുക്കാൻ ഒരു കോട്ടയുടെ മാതൃകയിലാണ് ഈ പട്ടണത്തിന്റെ വാസ്തുവിദ്യ തയ്യറാക്കിയത്.

ലെനിൻ സ്റ്റീൽ ഫാക്ടറി

1950 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു, 1954ൽ ആദ്യത്തെ ഫെർണ്ണസ് പ്രവർത്തനം ആരംഭിച്ച ലെനിൻ സ്റ്റീൽ വർക്ക്സ് അതിന്റെ പ്രതാപകാലത്ത് ഏകദേശം 40,000 പേർക്ക് തൊഴിലും ഏതാണ്ട് ഏഴു ദശലക്ഷം ടൺ സ്റ്റീലും ആയിരുന്നു വാർഷിക ഉത്പാദനം. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഫെർണ്ണസ് ലെനിൻ സ്റ്റീൽ വർക്ക്സിന് സ്വന്തം ആയിരുന്നു. ഒരിക്കൽ പോളണ്ടിലേക്കുള്ള സന്ദർശന വേളയിൽ ക്രാക്കോവിന്റെ പ്രസിദ്ധമായ മാർക്കറ്റ് സ്‌ക്വയറിനു പകരം സ്റ്റീൽ വർക്ക്‌സ് സന്ദർശിക്കാൻ സാക്ഷാൽ ഫിഡൽ കാസ്‌ട്രോ തിരഞ്ഞെടുത്തത് ,ഈ ഫാക്ടറിയുടെ അക്കാലത്തെ പ്രതാപം വിളിച്ചോതുന്നു. ഇന്ന് ഏതാണ്ട് മൂവായിരം പേർക്ക് മാത്രം ജോലി നൽകുന്ന ഒരു സ്ഥാപനമായി ആർസലോർ മിത്തൽ പോളണ്ട് (ലെനിൻ സ്റ്റീൽ വർക്ക്സസിന്റെ ഇന്നത്തെ പേര്) മാറി.

നോവ ഹൂട്ടയിലേക്കു പ്രവേശിക്കുന്ന ട്രാം

തൊഴിലാളി വർഗ്ഗത്തിന്റെ സ്വപ്ന നഗരമായ നോവ ഹൂട്ടയുടെ കഥ ഡാമിയൻ നിർത്താതെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുവാണ്‌.

ബാക്കി കഥ പോകുന്ന വഴിക്കു പറഞ്ഞുതരാം എന്നും പറഞ്ഞു ഡാമിയൻ ഞങ്ങളെയും കൂട്ടി ഒരു ആർട്ട്‌ സെന്ററിന്റെ അകത്തേക്ക് കയറി. പുറമെ ആകപ്പാടെ ദാരിദ്ര്യം പിടിച്ചപോലുള്ള കെട്ടിടങ്ങൾ ആയി തോന്നും എങ്കിലും ഉയരത്തിൽ ഉള്ള സീലിങ്ങും മനോഹരമായി മോഡി പിടിപ്പിച്ച അകത്തളവും കണ്ടു ഞങ്ങൾ അങ്ങ് നിന്ന് പോയി.

ആർട് ഗാലറിയിലെ മനോഹര അകത്തളം

അവിടെയുള്ള കരകൗശലവസ്തുക്കൾ കണ്ടു എങ്കിലും ,ആരും ഒന്നുപൊലും വാങ്ങിയില്ല. പൊതുവെ ഇങ്ങനെയുള്ള കടകൾ അല്പം വിലക്കൂടുതൽ ആണെന്ന ധാരണ ആയിരിക്കാം എന്നെയും കൂടെയുള്ളവരെയും പിന്തിരിപ്പിച്ചത്. ഡാമിയനും അത് മനസിലായികാണണം. ഡാമിയൻ വേഗം തന്നെ ഞങ്ങളെയും കൂട്ടി വെളിയിൽ ഇറങ്ങി അടുത്ത കാഴ്ചകളിലേക്ക് നടന്നു.

കൂറ്റൻ ഒരു കവാടം കടന്നു ഡാമിയൻ ഞങ്ങളെ അകത്തേക്ക് നയിച്ചു . പ്രത്യേക രീതിയിലുള്ള കൂറ്റൻ കമാനങ്ങൾക്കിടയിലൂടെ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. അകത്തു കയറിയാൽ ഒരു നടുത്തളം.ഡാമിയൻ ഞങ്ങളെ കൊണ്ടുപോയത് ഒരു ബങ്കറിന്റെ അടുത്തേക്കാണ്. ഇതുപോലെ ഏതാണ്ട് ഇരുന്നൂറ്റി അമ്പതു ബങ്കറുകൾ നോവഹൂട്ടയിൽ പലയിടത്തായി കാണാം. ഇതാവട്ടെ കാടുപിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്നു. അതിനിടയിൽ ഡാമിയൻ മറ്റൊരു കഥ ഞങ്ങൾക്ക് പറഞ്ഞു തന്നു.

ബങ്കറുകളിൽ ഒന്ന്

സോവിയറ്റ് ഭരണകാലത്തു സ്വന്തമായി എന്തെങ്കിലും നിർമ്മിച്ച് വിതരണം ചെയ്യുവാനുള്ള അവകാശം പൗരന്മാർക്കു ഉണ്ടായിരുന്നില്ല. അക്കാലത്താണ് ഡാമിയന്റെ കൂട്ടുകാരന്റെ മുത്തശ്ശൻ നോവഹൂട്ടയിലെ ഫ്ലാറ്റിൽ ഇരുന്നു സ്വന്തമായി ഡൈനിങ് ടേബിളും സോഫയും ഒക്കെ നിർമ്മിക്കുന്നത്. നോവാഹുട്ടയിലെ കെട്ടിടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ കെട്ടിടങ്ങൾക്കു സ്വകാര്യത തീരെയില്ല എന്നതായിരുന്നു. ഒരു ഫ്ലാറ്റിൽ നടക്കുന്ന കാര്യങ്ങൾ മറ്റൊരു ഫ്ലാറ്റിൽ ഇരുന്നു കാണുവാൻ സാധിക്കും. പല ഫ്ളാറ്റുകളിലും സോവിയറ്റ് ചാരന്മാർ ഉണ്ടായിരുന്നു അവർ സർക്കാരിനും പോലീസിനും ഇവിടെ നടക്കുന്ന കാര്യങ്ങൾ ചോർത്തി കൊടുക്കുക പതിവായിരുന്നു. അങ്ങനെ ഡാമിയന്റെ സുഹൃത്തിന്റെ മുത്തശ്ശൻ പോലീസ് പിടിയിൽ ആവുന്നു. കുറ്റം സർക്കാർ അറിയാതെ ഫർണിച്ചറുകൾ ഉണ്ടാക്കി വിറ്റു. ആളുകളുടെ സ്വാതന്ത്ര്യം എത്രമാത്രം നഷ്ടമായിരുന്നു എന്നതിന്റെ വലിയ ഉദാഹരണം ആയിരുന്നു ഈ സംഭവം. ഡാമിയൻ ഈ കഥയും പറഞ്ഞു ഞങ്ങളെയും കൂട്ടി മറ്റൊരു വലിയ ചത്വരത്തിന്റെ അടുത്തേക്ക് നീങ്ങി.

ലെനിൻ ചത്വരം

നിങ്ങൾക്കൊരു കാര്യം അറിയാമോ ? ഡാമിയന്റെ ചോദ്യം ഞങ്ങളിൽ എല്ലാവരിലും കൗതുകം ഉണർത്തി. ഇവിടെയായിരുന്നു വ്ലാഡിമിർ ലെനിന്റെ പ്രതിമ നില നിന്നിരുന്നത്. 1973 മുതൽ 1989 വരെ വ്‌ളാഡിമിർ ലെനിന്റെ ഒരു വലിയ സ്മാരകം ഇവിടെ ഉണ്ടായിരുന്നു. പോളണ്ടിലെ തന്നെ ഏറ്റവും വലിയ ഒന്ന് .കമ്മ്യൂണിസ്റ്റ് വിരോധികൾ പലപ്പോഴായി തകർക്കാൻ ശ്രമിച്ചു എങ്കിലും ലെനിൻ പ്രതിമയുടെ കാല് മാത്രമാണ് തകർക്കാൻ കഴിഞ്ഞത്.ഈ ചത്വരം ലെനിന്റെ പേരിൽ തന്നെ ആയിരുന്നു ഒരുകാലത്തു അറിയപ്പെട്ടിരുന്നത് . എന്നാൽ കമ്മ്യൂണസിത്തിന്റെ തകർച്ചക്ക് ശേഷം കുറച്ചു നാളേക്ക് ഈ ചത്വരത്തിനു ജോസെഫ് സ്റ്റാലിന്റെ പേര് നൽകി എങ്കിലും പിന്നീട് ഈ ചത്വരം റൊണാൾഡ് റീഗൻ സെൻട്രൽ സ്‌ക്വയർ എന്നാണ് അറിയപ്പെടുന്നത്.

ഇവിടെയുണ്ടായിരുന്ന ലെനിൻ പ്രതിമക്ക് പിന്നിലും രസകരമായ ഒരു വസ്തുതയുണ്ട്. ഈ പ്രതിമ ഒരു സ്വീഡിഷ് അമ്യൂസ്മെന്റ് പാർക്ക് തുശ്ചമായ വിലക്ക് ലേലത്തിൽ പിടിച്ചുകൊണ്ടു പോയി . നിങ്ങള്ക്ക് ഇനി ലെനിന്റെ പ്രതിമ കാണണം എങ്കിൽ സ്വീഡനിൽ പോകേണ്ടി വരും. ഇനി എത്ര പൈസ കൊടുത്താൽ ആണ് ഈ പ്രതിമ തിരികെ കിട്ടുന്നത്. അന്ന് ആളുകളുടെ താൽപര്യക്കുറവ് മൂലം ചുരുങ്ങിയ തുകക്ക് ആണ് പ്രതിമ ലേലത്തിൽ പോയത്. ഡാമിയൻ തന്റെ പരിഭവം മറച്ചു വെക്കുന്നില്ല.

നിങ്ങൾ അല്പം ക്ഷീണിതരാണ് എന്ന് എനിക്ക് തോന്നുന്നു. ഡാമിയൻ അതും പറഞ്ഞുകൊണ്ട് കീ കൊടുത്ത പാവയെപോലെ ഞങ്ങളെയും കൂട്ടി ഒരു പാർക്ക് ലക്ഷ്യമാക്കി നടക്കുകയാണ്. അൽപസമയത്തിനുള്ളിൽ നമുക്ക് ഒരു കോഫി ഷോപ്പിൽ വിശ്രമിയ്ക്കാനും ടോയ്‌ലെറ്റിൽ പോകുവാനും ഒരു ബ്രേക്ക് എടുക്കാം അതുവരെ നിങ്ങൾ അല്പം ക്ഷമിക്കണം. നിങ്ങൾ ഭാഗ്യമുള്ളവരാണ് നിങ്ങൾ ആ സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ കണ്ടോ? ഡാമിയൻ വീണ്ടും കഥയിലേക്ക് ഇറങ്ങിച്ചെന്നു

ലെനിൻ സ്റ്റീൽ വർക്കിലെ തൊഴിലാളികൾ . അവരുടെ ജോലിക്ഷമത ശതമാനക്കണക്കിൽ വിളിച്ചറിയിക്കുന്ന ബാഡ്‌ജും കാണാം .. കോഫീ ഷോപ്പിൽ നിന്നും പകർത്തിയ ചിത്രം

കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ പോളണ്ടിൽ എല്ലാറ്റിനും ക്ഷാമം ഉണ്ടായിരുന്നു . ചില കടകൾ കാലി പോലും ആയിരുന്നു. എന്നിരുന്നാലും, ഇന്നത്തെ പോളണ്ടിൽ നിന്നും ഒന്നിന് മാത്രം വ്യത്യസ്തം ആയിരുന്നു കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള പോളണ്ട്. എല്ലാവരും ഡാമിയന്റെ കഥയിലേക്ക് കാത് കൂർപ്പിച്ചു.

കമ്മ്യൂണിസ്റ്റ് പോളണ്ടു കാലത്തു വൻതോതിൽ കാറുകൾ ഉല്പാദിപ്പിച്ചിരുന്നു.

1989-ന് ശേഷമുള്ള ജനാധിപത്യ പോളണ്ടിന്റെ സ്വതന്ത്ര-വിപണിയിൽ കമ്മ്യൂണിസ്റ്റ് പോളണ്ടിന്റെ കാർ ബ്രാൻഡുകളൊന്നും പച്ചപിടിച്ചില്ല. ഇന്ന് വിരളമായ കമ്മ്യൂണിസ്റ്റ് കാലത്തേ ഒരു കാറാണ് നമ്മുടെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നത്.

കമ്മ്യൂണിസ്റ് കാലത്തേ കാറുകളിൽ ഒന്ന്

ഞങ്ങൾ പാർക്കും താണ്ടി പോകുന്നത് ഒരു തീയേറ്ററിലേക്കാണ് .ഡാമിയൻ എന്തൊക്കെയോ അവിടെ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് നടത്തം കണ്ടാൽ മനസിലാവും . Ludowy theatre 1955ൽ പണികഴിപ്പിച്ചതാണ്. പേരിന്റെ ഇംഗ്ലീഷ് അർഥം പീപ്പിൾസ് തീയേറ്റർ എന്നാണ് .

തീയേറ്റർ

കമ്മ്യൂണിസ്റ്റ് കാലത്തു ലൈനിൽ സ്റ്റീൽ മില്ലിലെ ആളുകളുടെ മാനസിക ഉല്ലാസത്തിനുവേണ്ടി പണികഴിപ്പിച്ചതാണ് ആ തീയറ്റർ . ഇനി നിങ്ങൾക്കെല്ലാം അല്പം വിശ്രമിക്കാം . കാപ്പി കുടിക്കേണ്ടവർക്കു അതും ആകാം. എന്നും പറഞ്ഞു ഡാമിയൻ ഞങ്ങളെ തീയേറ്ററിലെ കോഫീ ഷോപ്പിൽ എത്തിച്ചിട്ടു ഒരു കാപ്പിയും വാങ്ങി ബഞ്ചിൽ ഇരിപ്പുറപ്പിച്ചു.

തീയറ്ററിന്റെ മറ്റൊരു കോണിൽ നിന്നുള്ള കാഴ്ച

കമ്മ്യൂണിസ്റ്റ് കാലത്തു കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടുന്ന ധരാളം മിൽക്ക് ബാറുകൾ പോളണ്ടിൽ ഉണ്ടായിരുന്നു . ഫാക്ടറി തൊഴിലാളികൾക്കും മറ്റും കുറഞ്ഞ ചിലവിൽ നല്ല ഭക്ഷണം നൽകുക എന്നതായിരുന്നു അതിന്റെ പിന്നിലെ ഉദ്ദേശം.ഞാൻ അതിനെ പറ്റി ഡാമിയനോട് ചോദിച്ചറിഞ്ഞു. ഇന്ന് ക്രാക്കോയിൽ പലയിടത്തും മിൽക്ക് ബാറുകൾ ഉണ്ട് എന്നാൽ അവയെല്ലാം പഴയ മിൽക്‌ബാർ അനുഭവങ്ങൾ തേടിയെത്തുന്ന ടൂറിസ്റ്റുകൾക്ക് വേണ്ടിയാണു എന്നാണ് ഡാമിയന്റെ പക്ഷം . തിരികെ പോകുന്നതിനു മുൻപ് അവിടെയൊന്ന് പോകണം എന്ന് ഞാൻ മനസിൽ കുറിച്ചിട്ടു.

കോഫീ ഷോപ്പിൽ ഉക്രൈൻ സഹായത്തിനായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന വഞ്ചി

ഗൈഡഡ് ടൂറിൽ വന്നവരെല്ലാം ഡാമിയന്റെ ചുറ്റിനും ഇരിപ്പുറപ്പിച്ചു. ഡാമിയൻ തന്റെ കയ്യിലെ ഫയലുകൾ എടുത്തു ചിത്രങ്ങൾ കാണിച്ചു തുടങ്ങി.നോവാഹുട്ടയുടെ പ്രതാപകാലം മുതൽ പോളണ്ടിലെ കമ്മ്യൂണിസത്തിന്റെ തകർച്ച വരെ ഡാമിയൻ ചുരുങ്ങിയ സമയംകൊണ്ട് പറഞ്ഞു തീർത്തു. ഇനി നമുക്ക് നടക്കാം എന്നും പറഞ്ഞു മഞ്ഞ കുടയും പിടിച്ചു ഡാമിയൻ നടപ്പു തുടങ്ങി. ഒരു വലിയ കുരിശിന്റെ മുന്നിൽ നിന്നിട്ടു അടുത്ത കഥ തുടങ്ങി.

കത്തോലിക്ക സഭയും കമ്മ്യൂണിസവും തമ്മിലുണ്ടായ ഭിന്നതയുടെ അടയാളപ്പെടുത്തൽ

ഈ കുരിശു ഇരിക്കുന്ന സ്ഥലത്തു ഒരു പള്ളി പണിയേണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പോളണ്ട് ഒരു കത്തോലിക്ക രാജ്യം ആയിരുന്നു. അതിനുവേണ്ട ഒത്താശകൾ എല്ലാം കത്തോലിക്ക സഭയും ചെയ്തു . എന്നാൽ അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വാദം പള്ളിക്കു പകരം സ്ക്കൂൾ മതിയെന്നായിരുന്നു. ആളുകൾ പളളിക്കു വേണ്ടിയുള്ള കുരിശു നാട്ടി പ്രതിരോധത്തിൽ നിന്നു. സൈന്യം അമിതമായ ബലപ്രയോഗവും ജലപീരങ്കിയും കണ്ണീർ വാതകവും കൂട്ട അറസ്റ്റുകൾക്കും വഴി വെച്ചു . അവസാനം പളളിക്കു പകരം സ്‌കൂളും പള്ളി പണിയാൻ ഉദ്ദേശിച്ച സ്ഥലത്തു ഈ കാണുന്ന കുരിശും സ്ഥാപിച്ചു .

ഞങ്ങൾ

ഇനിയും നമുക്ക് കാണുവാനുള്ളത് മ്യൂസിയമാണ് . എന്നാൽ മ്യൂസിയത്തിന്റെ അകത്തേക്കുള്ള പ്രവേശനം ടൂറിന്റെ ഭാഗമല്ല. മ്യൂസിയത്തിന്റെ പുറത്തു ഒരു എമണ്ടൻ സോവിയറ്റു ടാങ്കർ ഉണ്ട് നിങ്ങള്ക്ക് അതിന്റെ മുൻപിൽ നിന്ന് ചിത്രങ്ങൾ എടുക്കാം.

സ്റ്റാലിന്റെ പേരിലുള്ള ടാങ്കർ

സ്റ്റാലിൻ എന്നാണ് ടാങ്കറിന്റെ പേര്. മ്യൂസിയവും കണ്ടു വലിയ ഒരു കമാനവും താണ്ടി ഞങ്ങൾ പുറത്തേക്കിറങ്ങി. നടന്നു പോകുന്ന വഴിയിൽ വലിയ കമാനത്തിന്റെ ആവശ്യകത ഡാമിയൻ പറഞ്ഞുതന്നു.

കവാടം

കമാനത്തിന്റെ പിന്നിൽ നിന്ന് പുറത്തു നിന്നും വരുന്നവരെ ആക്രമിക്കാൻ പാകത്തിലാണ് അതിന്റെ നിർമ്മിതി. ഈ കമാനം കടക്കാതെ ഒരു ശത്രുവിന്റെയും ടാങ്ക് നോവാഹുട്ടയിലേക്കു കടക്കുകയില്ല.

നോഹയുടെ പേടകരൂപത്തിലുള്ള പള്ളി

ഡാമിയൻ ഞങ്ങളെയുംകൊണ്ട് പോകുന്നത് നോവഹൂട്ടയിലെ അവസാന കാഴ്ചയായ പള്ളി കാണുവാൻ ആണ്.

പ്രാദേശീക മാർക്കറ്റ്

പോകുന്ന വഴിയിൽ ഗ്രാമങ്ങളുടെ വശ്യത വിളിച്ചോതുന്ന ചെറിയ ഗ്രാമ ചന്തകളും കാണാം.

പ്രാദേശീക മർക്കറ്റ്‌

കോഴിമുട്ടകളും പച്ചക്കറികളും തുടങ്ങി തദ്ദേശീയമായി ഉത്പാദിപ്പിച്ച വസ്തുക്കളുടെ ഒരു വിപണിയാണ് നോവാഹൂട്ടയിലെ ആ ഗ്രാമച്ചന്ത . തിരികെ വരുമ്പോൾ അവിടെ കയറണം എന്ന് തീരുമാനിച്ചു

മാർക്കെറ്റിൽ പോളിഷ് തേൻ വിൽക്കുന്ന ച്വറുപ്പക്കാരൻ

ഡാമിയനോടൊപ്പം മുന്നോട്ടു നടന്നു .മുൻപ് കണ്ട കുരിശു അമ്പതുകളിൽ പളളി പണിയാൻ അനുമതി കിട്ടാത്തതിൽ പ്രതിക്ഷേധിച്ചു ആണെങ്കിൽ ഇപ്പോൾ നമ്മൾ പോകുന്നത് യഥാർത്ഥ പള്ളിയിലേക്കാണ്. എതിർപ്പുകൾക്കിടയിൽ കമ്മ്യൂണിസ്റ് സ്വപ്ന നഗരിയിൽ ആദ്യ പള്ളി ഉയർന്നു. എന്നാൽ അതിനു എൺപതുകൾ വരെ കാത്തിരിക്കേണ്ടി വന്നു. ഒരു പേടകത്തിന്റെ മാതൃകയിൽ പണിത പള്ളി അന്നത്തെ കമ്മ്യൂണിസ്റ് ഭരണത്തിനെതിരെ നിലകൊണ്ട പ്രതിക്ഷേതത്തിന്റെ പ്രതീകമായി ഇന്നും നോവ ഹൂട്ടയിൽ നിലനിൽക്കുന്നു.

ഞാനും ഡാമിയനും

എന്റെ ഗൈഡഡ് ടൂർ ഇവിടെ അവസാനിച്ചു. ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള തുക ഈ സഞ്ചിയിൽ നിക്ഷേപിക്കാം എന്നും പറഞ്ഞു ഡാമിയൻ ഒരു സഞ്ചി നീട്ടി. എല്ലാവരും ഇഷ്ടമുള്ള തുക അതിൽ നിക്ഷേപിച്ചു. ഡാമിയൻ ടൂറിൽ പങ്കെടുത്ത എല്ലാവരോടും നന്ദി പ്രകടിപ്പിച്ചു. ഞാൻ പിരിയുന്നതിനു മുൻപ് ഡാമിയനൊപ്പം ഒരു ഫോട്ടോ കൂടി എടുത്തു അൽപനേരം കൂടി കുശലം പറഞ്ഞു. കേരളത്തെ പറ്റിയും കമ്മ്യൂണിസത്തെ പറ്റിയും ഒക്കെ പറയുമ്പോൾ ഡാമിയനെ നമ്മുടെ നാട്ടിലേക്ക് ക്ഷണിക്കുവാനും ഞാൻ മറന്നില്ല. ഒരിക്കൽ വരാം എന്നും പറഞ്ഞു ഡാമിയൻ അടുത്ത കഥപറച്ചിലിനായി നടന്നകന്നു.

സോളിഡാരിറ്റി മുന്നേറ്റം

പോളണ്ടിലെ സ്വതന്ത്ര ട്രേഡ് യൂണിയൻ, സോളിഡാർനോസ് (സോളിഡാരിറ്റി) പോളണ്ടിലെ പൊതുവായ സാമൂഹിക അശാന്തിയുടെ പശ്ചാത്തലത്തിൽ, ഈ പ്രസ്ഥാനം പോളിഷ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് മാത്രമല്ല, സോവിയറ്റ് യൂണിയനുതന്നെ നേരിട്ടുള്ള വെല്ലുവിളി ഉയർത്തി. 1981 ഡിസംബറിൽ പട്ടാളനിയമം പ്രഖ്യാപിച്ചത് ഈ മുന്നേറ്റത്തിനു തടയിട്ടു. പ്രസ്ഥാന നേതാക്കളടക്കം ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലായി. കർഫ്യൂവും ഏർപ്പെടുത്തി, ആശയവിനിമയങ്ങളും ഗതാഗതവും കർശനമായി നിയന്ത്രിക്കപ്പെട്ടു, സോവിയറ്റ് സേന തെരുവുകൾ നിയന്ത്രിച്ചു

വളരെ ശക്തമായി പോരാടിയിട്ടും, സോളിഡാരിറ്റി പ്രസ്ഥാനത്തിന് പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കുവാൻ സ്വന്തമായി കഴിഞ്ഞില്ല. എന്നാൽ 1985ൽ മിഖായേൽ ഗോർബച്ചേവ് സോവിയറ്റ് യൂണിയന്റെ തലപ്പത്തു എത്തുന്നതോടു കൂടി കാര്യങ്ങൾ മാറി മറിഞ്ഞു. ഗോർബച്ചേവിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ പോളണ്ടിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു, ഇത് പണിമുടക്കുകൾ, ബഹുജന പ്രക്ഷോഭങ്ങൾ എന്നിവയിലേക്ക് നയിച്ചു. സൈനിക നിയമം എടുത്തുകളഞ്ഞു, രാഷ്ട്രീയ തടവുകാരെയും സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ നേതാക്കളെയും മോചിപ്പിക്കാൻ പോളിഷ് കമ്മ്യൂണിസ്റ്റ് സർക്കാർ നിർബന്ധിതരായി, ലിബറൽ ആശയങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിജീവികൾക്കും സാമൂഹിക ഗ്രൂപ്പുകൾക്കും കൂടുതൽ ആവിഷ്‌കാര സ്വാതന്ത്ര്യവും കൂടുതൽ മാധ്യമ പിന്തുണയും ലഭിച്ചു.

ഗോർബച്ചോവിന്റെ ഗ്ലാസ്നോസ്‌റ്റ് (തുറന്ന സമീപനവും ), പെരെസ്‌ട്രോയിക്ക (പുനർഘടന) യും 1988ൽ സോളിഡാരിറ്റി മൂവേമെന്റ് വീണ്ടും പോളണ്ടിൽ ശക്തി പ്രാപിക്കുവാൻ ഇടയായി.

അങ്ങനെ 1989 ജൂൺ നാലിന് സോളിഡാരിറ്റി മൂവേമെന്റ് വിജയം കണ്ടു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് യുഗത്തിന് അന്ത്യം കുറിച്ചത് നോവഹൂട്ട എന്ന കമ്മ്യൂണിസ്റ്റ് സ്വപ്നനഗരിയുടെ തളർച്ചക്കു വളം വെച്ചു.

2015ൽ പോളിഷ് പാർലമെന്റിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് പാർലമെന്റ് അംഗവും അരങ്ങൊഴിഞ്ഞു.

എന്തായിരിക്കും നോവ ഹൂട്ട എന്ന സ്വപ്ന നഗരി ഒരു യഥാർത്ഥ സ്വ്പ്ന നഗരിയായി തീരാതിരുന്നത് . റഷ്യയിലെ കമ്മ്യൂണിസ്റ്റ് സ്വപ്ന നഗരി മാഗ്നിറ്റോഗോർസ്കിന്റെ ഇന്നത്തെ ചിത്രങ്ങൾ എന്താണ് .. ഉത്തരങ്ങൾ കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഇനിയും ബാക്കി.

ഒരിക്കലും നടക്കാതെ പോയ കമ്മ്യൂണിസ്റ്റ് സ്വർഗ നഗരിയുടെ കാഴ്ചകൾക്കും കഥകൾക്കും വിരാമം ഇട്ടുകൊണ്ട് , ഞങ്ങൾ പോകുന്ന വഴിയിൽ ഗ്രാമ ചന്തയുടെ കാഴ്ചകളും കണ്ടു ഉച്ച ഭക്ഷണത്തിനായി ക്രാക്കോ പട്ടണത്തിലെ മിൽക്ക് ബാർ തേടി യാത്രയായി.

വാൽകഷ്ണം : പോളണ്ടിലെ മികച്ച ആസൂത്രിത പട്ടണം ആണ് നോവ ഹൂട്ട എന്നത് പോളിഷ് സുഹൃത്തുക്കൾ പറയാറുണ്ട്. മികച്ച പ്ലാനിൽ ജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി ഇത്ര ആസൂത്രണത്തോടെ പണിത മറ്റൊരു പോളിഷ് പട്ടണം ഉണ്ടാവാൻ വഴിയില്ല എന്നതാണ് പലരുടെയും പക്ഷം

ക്രാക്കോയിലെ മിൽക്ക് ബാറിലെ കാഴ്ച്ച