പോസ്നാൻ – ഭാഗം രണ്ട്

poznan

ഉച്ചക്ക് രണ്ടേ മുക്കാലിനാണ് കല്യാണം നടക്കുന്ന പള്ളിയിലേക്കുള്ള ബസ്സ് പുറപ്പെടുന്നത് .ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്നും ഏതാനും ചുവടുകൾ അകലെയാണ് എനിക്ക് ബസ് കയറുവാനുള്ള സ്ഥലം പറഞ്ഞിരിക്കുന്നത്. മനോഹരമായ പോളിഷ് പാടങ്ങൾ നിറഞ്ഞ ഗ്രാമപാതകളിലൂടെ ഞാൻ കാഴ്ചകളും കണ്ടു നടന്നു.

ബസ് കയറാനുള്ള യാത്ര

കൃത്യ സമയത്തിൽനിന്നും പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ബസ്സ്‌ എത്തി. ബസ്സ് നിറയെ പോളിഷ് കല്യാണം കൂടാനുള്ള ചെറുപ്പക്കാർ. എല്ലാവരും ഗേൾ ഫ്രെണ്ടിനെയും കൊണ്ടാണ് വന്നിരിക്കുന്നത്. ബസിൽ ഞാൻ അരിച്ചു പെറുക്കിയിട്ടും ബോയ് ഫ്രെണ്ടില്ലാത്ത ഒരു ഗേൾ ഫ്രെണ്ടിനെയും കണ്ടില്ല. ഞാൻ ബസ്സിലേക്ക് കയറിയതും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി. എന്റെ കല്യാണത്തിന് പോലും ഇങ്ങനൊരു ശ്രദ്ധ എനിക്ക് കിട്ടിയിട്ടില്ല.

എന്നെ കണ്ടു ഞെട്ടിയ ഞാൻ കുട്ടിമാമ ഞാൻ ഞെട്ടി മാമ

എന്റെ കല്യാണഉറപ്പിനു റീനയുടെ ബന്ധു ഒരു അപ്പച്ചൻ വന്നു എന്നെ എഴുന്നേലിൽപിച്ചിട്ടും ഉണ്ട്. കല്യാണ ചെറുക്കാനിരിക്കാനുള്ള സീറ്റ് ആണ് പോലും. മണവാളൻ ലുക്ക് അന്നേ ഇല്ലായിരുന്നു. എന്നാൽ ഇന്നതല്ല സ്ഥിതി. സകലമാന പോളിഷുകാരുടെയും നോട്ടം എന്നിലാണ്. കുർത്ത ഇട്ട ഇവൻ ആരെടാ എന്ന ഭാവത്തിൽ. ഞാൻ വേഗംതന്നെ ബസ്സിലെ സീറ്റിൽ കയറി ഇരിപ്പുറപ്പിച്ചു.

മനോഹരമായ ദേവാലയം

കാടും മലയും ഒക്കെ താണ്ടി പോകുന്നത് കല്യാണം നടക്കുന്ന ദേവാലയത്തിലേക്കാണ്. ഒരു ഈജിപ്ഷ്യൻ ടെംബിളിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള നിർമ്മിതി. കൂറ്റൻ കവാടവും ഒക്കെയുള്ള കാടിന്റെ നടുവിലുള്ള ഒരു ദേവാലയം. ഏതാണ്ട് നൂറു വർഷം പഴക്കം മാത്രമേ ഉള്ളു എന്നാണ് അറിയാൻ കഴിഞ്ഞത്. ഫ്രാൻസിൽ നിന്നുള്ള ഒരു ദേവാലയത്തിന്റെ വാസ്തുവിദ്യ അതേപടുതി കോപ്പി അടിച്ചാണ് ഇത് നിർമ്മിച്ചത് പോലും.

മണവാളനും മണവാട്ടിയും ദേവാലയത്തികത്തേക്കു പ്രവേശിക്കുന്നതിന് മുൻപേ തന്നെ ഞാൻ അതിന്റെ മുൻപിൽ നിന്ന് രണ്ടു പടങ്ങൾ ഒക്കെയെടുത്തു.

എല്ലാവരും ഭക്ത്യാദരപൂർവ്വം പള്ളിക്കുള്ളിലേക്കു പ്രവേശിച്ചകൂട്ടത്തിൽ ഞാനും ചുളുവിൽ അകത്തേക്ക് കയറി സീറ്റിൽ ഇരിപ്പുറപ്പിച്ചു. പോളിഷ് അച്ഛൻ വളരെ പോളീഷ് ചെയ്ത ചോദ്യങ്ങൾ പെണ്ണിനോടും ചെറുക്കനോടും ചോദിക്കുന്നത് പോളിഷ് അറിയാത്ത ഞാൻ ശ്രദ്ധിച്ചു കേട്ടു. “പോളണ്ടിലെ പോസ്‌നൻ ദേശത്തെ ഇന്നാരുടെ മകനായ സെബാസ്റ്റിയൻ , ഈ നിൽക്കുന്ന പൗലയെ നിന്റെ ഭാര്യ ആക്കുവാൻ സമ്മതം ആണോ ?. എന്ന ചോദ്യം ഒറ്റനോട്ടത്തിൽ തന്നെ ഭാഷയറിയാത്ത എനിക്ക് മനസിലായി. അച്ഛൻ ടെന്നീസ് കളി കാണുവാൻ ഇരിക്കുന്നവരുടെ ലാഘവത്തോടെ തല അങ്ങോട്ടും ഇങ്ങോട്ടും നോക്കി പെണ്ണിനോടും ചെറുക്കനോടും ചോദ്യങ്ങൾ ചോദിക്കുനുണ്ട്. എനിക്കാണെങ്കിൽ ഇപ്പോൾ മറ്റു ഭാഷകൾ മനസിലാക്കുവാൻ ഗൂഗിൾ ട്രാൻസ്ലേറ്ററിന്റെ ആവശ്യമൊട്ടു ഇല്ലതാനും.

പണ്ടൊരിക്കൽ പോർച്ചുഗൽ സന്ദർശനത്തിൽ ലിസ്ബണിൽ വാസ്കോഡ ഗാമമാളിൽ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് പണികിട്ടിയപ്പോൾ തുടങ്ങിയതാണ് തിരുമേനി ഗൂഗിൾ ട്രാൻസ്ലേറ്ററിനോടുള്ള ഇറെവറൻസ്‌. ഞാൻ ട്രാൻസലേറ്റ് ചെയ്തു കാണിച്ചതു കടയിലെ പെങ്കൊച്ചിനു അത്രയ്ക്ക് പിടി കിട്ടിയില്ല. പിന്നെ മാളിലെ സെകുരിറ്റി വന്നാണ് ആ ട്രാൻസലെഷൻ പൂർത്തീകരിച്ചത് എന്നോർക്കുമ്പോൾ മനസിൽ ഇന്നും ഒരു വെള്ളിടിയാണ്.

ഏതാണ്ട് ഒരുമണിക്കൂർ നീണ്ടു നിന്ന വിവാഹച്ചടങ്ങിനു ശേഷം വധുവരന്മാരോടൊപ്പം എല്ലാവരും പുറത്തേക്കിറങ്ങി. ഇനി ഫോട്ടോഗ്രാഫര്മാരുടെ കലാപ്രകടനങ്ങൾ. അതിനിടയിൽ ദൂരെ നിൽക്കുന്ന മറ്റൊരു പോളിഷ് സുഹൃത്ത് യാക്കോബ് സൂട്ടും കോട്ടുമിട്ടു അവിടെ നിൽക്കുന്നത് ദീർഘദൃഷ്ടിയുള്ള ഞാൻ കണ്ടെത്തി. പതിയെ യാക്കോബിനടുത്തേക്കു നടന്നു…

തുടരും…