അബ്രഹാംസ്ബെറി അഥവാ അബ്രഹാംസ്ബെർഗ്

പണ്ട് ഹിന്ദി ക്‌ളാസ്സുകളിൽ തും കർത്താവായി വരുമ്പോൾ ഹോ വെക്കണോ അതോ ഓടണോ എന്ന് ഒരു അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്ന നാളുകൾ. മലയാളം വൃത്തിയായി എഴുതുവാനും വായിക്കുവാനും അറിയാവുന്ന ഞാൻ കൂടുതൽ മാർക് വാങ്ങാം എന്ന ആർത്തി മൂത്തു ഹിന്ദി പഠിക്കാൻ പുറപ്പെട്ടതാണ്.

ഹാങ്ങറിൽ ഷർട്ടു തൂക്കിയിട്ടപോലത്തെ അക്ഷരങ്ങളും ഹോ ഹൌ ഹം ഹാ എന്ന ഭാഷ പ്രയോഗങ്ങളും എന്നെ തെല്ലൊന്നുമല്ല വിഷമത്തിലാക്കിയത്. അങ്ങനെ ഹിന്ദിക്ക് ടാറ്റ പറഞ്ഞു ഞാൻ എത്തിപ്പെട്ടത് സ്വീഡിഷ് ഭാഷക്കാരുടെ നടുവിൽ. Gardet എന്ന സ്ഥലത്തു കാലു കുത്തിയപ്പോൾ മുന്നിൽ കണ്ട സായിപ്പിനോട് ഗാർഡേറ്റ്‌ എവിടെ എന്ന് ചോദിച്ചപ്പോൾ പണ്ടത്തെ ഹിന്ദി ക്‌ളാസിൽ തും വെക്കുമ്പോൾ ഓടണോ എന്ന എന്റെ അതെ അനുഭവം ഒരു പക്ഷെ സായിപ്പിനും ഉണ്ടായിക്കാനും.

Ginu എന്ന പേര് ഇനു എന്ന് സായിപ്പു വിളിച്ചപ്പോൾ ആണ് ലാലേട്ടൻ പണ്ട് പറഞ്ഞപോലെ “ജി” എല്ലാം “യ” വെച്ച് കാച്ചിയാൽ സ്വീഡിഷ് ആയി മാറും എന്നൊരു ഐഡിയ എനിക്ക് കിട്ടിയത്.

മോദിജി ഒക്കെ സ്വീഡനിൽ ജനിച്ചിരുന്നേൽ എങ്ങനെ മോദിജി എന്ന് വിളിച്ചേനെ. ഇതിപ്പം ആകെ കൺഫ്യൂഷൻ ആയല്ലോ.. ജിയും യായും കണ്ടു ഭ്രാന്ത് പിടിച്ചിരുന്ന എനിക്ക് ആ ഐഡിയ പറഞ്ഞു തന്നത് കൂടെ ജോലി ചെയുന്ന മദാമ്മയാണ്. “g is pronounced as y when followed by e, i, y, ä, or ö”. ഇപ്പോൾ നല്ല ആശ്വാസമുണ്ട്.

ഞാൻ താമസിക്കുന്ന സ്ഥലത്തിന്റെ പേര് അബ്രാംസ്ബെറി എന്നാണ് എന്നും എഴുതുന്നത് Abrahamsberg ആണെന്നും മനസിലാക്കാൻ കൊല്ലം ഒന്നെടുത്തു.

അപ്പോൾ എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു. ഓ യാ ഞാൻ എന്റെ യൊലിക്കു കേറട്ടെ. അടുത്ത യന്മത്തിൽ എങ്കിലും തും വെക്കുമ്പോൾ ഹോ വെക്കണോ എന്നത് പഠിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു.