ഇതൊരു മാന്ത്രിക വെളിച്ചം തേടിയുള്ള യാത്ര

ധ്രുവ ദീപ്തി….. മനസിലായില്ലെകിൽ മലയാളത്തിൽ പറയാം നോർത്തേൺ ലൈറ്റ്സ് അഥവാ അറോറ ഒന്ന് പോയി കണ്ടാലോ ?? പതിവുപോലെ ഓഫീസിലെ ഉച്ചയൂണിന്റെ സമയത്താണ് സഹപ്രവർത്തകൻ കൊല്ലംകാരൻ ശ്രീരാജ് ആ ചോദ്യം ചോദിച്ചത് ..ഇത്രയൊക്കെ ഭീകരനാണ് നോർത്തേൺ ലൈറ്റ് എങ്കിൽ അതൊന്നു കണ്ടിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.കൂടെയുണ്ടായിരുന്ന 10 പേരും ഒരേ സ്വരത്തിൽ തലയാട്ടി.

ആർട്ടിക്കിലേക്ക് നായാട്ടിന് പോയിരുന്നവരുടെ താവളമായിരുന്നു ഈ പട്ടണം

നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിൽ നിന്നും ഏകദേശം 2 മണിക്കൂർ വിമാന യാത്രയുണ്ട് എ.ഡി. 1794-ൽ സ്ഥാപിതമായ ട്രോംസോ ( വടക്കൻ പാരിസ് )എന്ന കൊച്ചു പട്ടണത്തിലേക്കു. ആർട്ടിക്കിലേക്ക് നായാട്ടിന് പോയിരുന്നവരുടെ താവളമായിരുന്നു ഈ പട്ടണം. എഴുപത്തി അയ്യായിരത്തോളം ജനങ്ങൾ മാത്രം അധിവസിക്കുന്ന ഈ പട്ടണത്തിന്റെ പ്രധാനവരുമാനം ടൂറിസമാണ്. ഏറ്റവും കഠിനമായ കാലാവസ്ഥയുമുള്ള ലോകനഗരങ്ങളില് ഒന്ന്.

നോർത്തേൺ ലൈറ്റ്സ്നെ ചുമ്മാതെ ഫ്ലൈറ്റ് പിടിച്ചുപോയി കാണാം എന്നൊന്നും വിചാരിക്കേണ്ട അതിനു ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ട്.ലൈറ്റ് കാണുവാനുള്ള സാധ്യത ഏറ്റവും കൂടുതൽ ഉള്ളത് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ആണ് . എന്നിരുന്നാലും ഈ മാസങ്ങളിലെ എല്ലാദിവസവും കണ്ടെന്നു വരില്ല. ഈ മാസങ്ങളിൽ ഇവിടെ സൂര്യപ്രകാശം തീരെ ഇല്ല ചുരുക്കം പറഞ്ഞാൽ ഇരുപത്തിനാലു മണിക്കൂറും രാത്രി.

എങ്ങനെയൊക്കെയോ 3 ടാക്സി കാറുകളിൽ വലിഞ്ഞു കയറി താമസസ്ഥലത്തേക്ക് വച്ചുപിടിച്ചു

അപ്പോൾ ഞങ്ങളുടെ യാത്രയെപ്പറ്റി പറയാം.രാത്രി 9 മണിക്ക് ഓസ്ലോയിൽനിന്നും വിമാനം പിടിച്ചു ഏകദേശം നട്ട പാതിരാ ആയപ്പോൾ ട്രോംസോയിൽ എത്തി. നമ്മുടെ നാട്ടിലെ ഒരു റെയിൽവേ സ്റ്റേഷനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള എയർപോർട്ട് .

ഞങ്ങൾ 10 പേരുണ്ട്. വിമാനം നിറയെ ലൈറ്റ് കാണാൻ ഉള്ള സായിപ്പന്മാർ ആണ്.

ഞങ്ങൾ എങ്ങനെയൊക്കെയോ 3 ടാക്സി കാറുകളിൽ വലിഞ്ഞു കയറി താമസസ്ഥലത്തേക്ക് വച്ചുപിടിച്ചു.താമസസ്ഥലം വളരെ മനോഹരമായ ഒരു മലയുടെ താഴ്വാരത്തിലുള്ള ഒരു വീട്.മറുവശത്തു മനോഹരമായ ഒരു നദി. 

ഈ സ്ഥലം കാണുമ്പോൾ ഇതിനെയും ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ ഒരു ലൈൻ .

അടുത്തദിവസം വൈകിട്ടാണ് ഞങ്ങളുടെ വെളിച്ചം തേടിയുള്ള യാത്ര.CHASING LIGHTS എന്ന ടൂർ ഓപ്പറേറ്റർ ആണ് ഞങ്ങളെ വെളിച്ചത്തിലേയ്ക്കു ആനയിച്ചു കൊണ്ടുപോകുന്നത് .എകദേശം 1 .5 മണിക്കൂർ യാത്രയുണ്ട് ട്രോംസോയിൽനിന്നും ഞങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക്.

പകൽ സമയം ചീട്ടുകളി വിനോദത്തിൽ മുഴുകിയും പാചക പരീക്ഷണങ്ങളിൽ ഏർപ്പെട്ടും സമയം തള്ളി നീക്കി.കൂടെയുള്ള സുഹൃത്ത് ഗിറ്റാർ വായനയിൽ അഗ്രഗണ്യൻ ആയതുകാരണം സമയം തള്ളി നീക്കാൻ പാട് പെടേണ്ടി വന്നില്ല . നമ്മുടെ ടൂർ ഓപ്പറേറ്റർ പറഞ്ഞപ്രകാരം ഞങ്ങൾ വൈകിട്ട് കൃത്യം 5.30 നു തന്നെ ട്രോംസോ പട്ടണത്തിലെ ടൂർ കമ്പനിയുടെ ഓഫീസിൽ നിലയുറപ്പിച്ചു. ഏകദേശം 15 മിനിറ്റിനു ശേഷം ബസുമായി ഞങ്ങളുടെ ടൂർ ഓപ്പറേറ്റർസ് സ്ഥലത്തെത്തി പെരുവിളിച്ചു ഓരോരുത്തരെയായി ബസ്സിലേക്ക് ആനയിച്ചു.ടൂർ ഗൈഡുകളായി 2 ചുണക്കുട്ടന്മാർ. അവരുമായി സംസാരിച്ചപ്പോൾ വെളിച്ചം കാണാം എന്ന ഞങ്ങളുടെ ആത്മവിശ്വാസത്തിനു ചിറകു വിരിച്ചു.സാധാരണ ഈ സമയങ്ങളിൽ -45 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ ദൈവത്തിന്റെ കാരുണ്യം കൊണ്ടോ അതോ ഞങ്ങളുടെ ഭാഗ്യം കൊണ്ടോ എന്തുകൊണ്ടാണെന്നറിയില്ല തണുപ്പ് ഒരു -11 ഡിഗ്രി മാത്രമേ ഉണ്ടായിരുന്നുള്ളു .

ഞങ്ങളുടെ പിരിമുറുക്കം കൂടി വന്നു

മഞ്ഞുമൂടിയ ആ പ്രദേശത്തു ഞങ്ങളെ കൂടാതെ മറ്റൊരു കൂട്ടരും വെളിച്ചം കാത്തു നിൽപ്പുണ്ടായിരുന്നു. വെളിച്ചം കാണാം എന്ന് യാതൊരു ഉറപ്പും ടൂർ കമ്പനി ഞങ്ങൾക്ക് തന്നിട്ടില്ല. വെളിച്ചം കണ്ടില്ലേൽ മുടക്കിയ പണം മുഴുവൻ വെള്ളത്തിൽ പോകും അത് കൂടാതെ ചമ്മിയ മുഖവുമായി ഓഫീസിൽ പോകുന്നത് ഓർക്കാനേ വയ്യ . പൂർണ നിലാവുണ്ടായിരുന്ന ആ രാത്രി കാണുവാൻ താമസം നേരിട്ടപ്പോൾ ഞങ്ങളുടെ പിരിമുറുക്കം കൂടി വന്നു. ഇതിനിടക്ക് ഞങ്ങളുടെ ഗൈഡ് തന്റെ ക്യാമറയും ട്രൈപോഡും ഒക്കെ തയ്യാറാക്കി ഫോട്ടം പിടിക്കാനുള്ള സജ്ജീകരണങ്ങൾ എല്ലാം നടത്തുന്നുണ്ടായിരുന്നു. ഏകദേശം 10 മിനുട്ടിന് ശേഷം വെളിച്ചം തെളിഞ്ഞു തുടങ്ങി.

തണുപ്പ് താങ്ങാൻ വയ്യാതെ പച്ച വെള്ളത്തിൽ വീണ കോഴിയെപ്പോലെ നന്നായി വിറക്കുന്നുണ്ടായിരുന്നു

മനോഹരമായ ആ ദൃശ്യം ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്.വരവിന്റെ പ്രധാന ലക്ഷ്യമായ ഫോട്ടം പിടുത്തം തകൃതിയായി നടന്നു. കൂട്ടമായും ഒറ്റക്കും മാറി മാറി എല്ലാവരും ഫോട്ടം പിടിച്ചു. ഞങ്ങളുടെ കൂടെയുള്ള നിശ്ചൽ ശ്രീരാജ് മാറി മാറി കാമറ സെറ്റ് ചെയ്തു ഫോട്ടം പിടിച്ചുകൊണ്ടേയിരുന്നു . ശൈത്യകാലാവസ്‌ത്രങ്ങൾ അണിഞ്ഞ ഞങ്ങളെ ഒരു ലോഡ് പുച്ഛംകൊണ്ട് മൂടിയ സുഹൃത്ത് മെൽവിൻ തണുപ്പ് താങ്ങാൻ വയ്യാതെ പച്ച വെള്ളത്തിൽ വീണ കോഴിയെപ്പോലെ നന്നായി വിറക്കുന്നുണ്ടായിരുന്നു. വിറയൽ സഹിക്കാൻ വയ്യാതെ അദ്ദേഹം പതിയെ ബസ്സിനുള്ളിൽ അഭയം പ്രാപിച്ചു .

കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഗൈഡ് മുൻ ധാരണപ്രകാരം ഹോട് ചോക്കലേറ്റും കുക്കിസ്സും വിതരണം ചെയ്തു.അതോടനുബന്ധിച്ചു ഗൈഡിന്റെ വക നോർത്തേൺ ലൈറ്റിനെപ്പറ്റി ഒരു തിയറി ക്ലാസും ഉണ്ടായിരുന്നു. ന്യൂട്രോണും പ്രോട്ടോണും കൂട്ടിയിടിച്ചെന്നോ തീ പിടിച്ചെന്നോ എന്തൊക്കെയോ ആംഗലേയ ഭാഷയിൽ അയാൾ പുലമ്പുന്നുണ്ടായിരുന്നു. നമ്മൾ ഈ പോളിടെക്നിക് ഒന്നും പഠിച്ചിട്ടില്ലാത്തതു കൊണ്ടും യന്ത്രങ്ങളുടെ പ്രവർത്തനം തീരെ വശമില്ലതിനാലും ഗൈഡിനെ വകവെക്കാതെ നോർത്തേൺ ലൈറ്റിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ടേയിരുന്നു.

വെളിച്ചം ആവോളം ആസ്വദിച്ച് ഞങ്ങൾ തിരികെ ഞങ്ങളുടെ താമസസ്ഥലത്തേക്ക് യാത്രയായി. ഇനി ഒരു ദിവസം കൂടിയുണ്ട് ഞങ്ങളുടെ മടക്ക യാത്രക്ക്.

താമസസ്ഥലത്തു തിരിച്ചെത്തി ഉറക്കത്തിലേക്കു വഴുതി വീഴുമ്പോളും മനസ്സിൽനിന്ന് മായാതെ നോർത്തേൺ ലൈറ്റ് ഇങ്ങനെ തെളിഞ്ഞു നിൽപ്പുണ്ട്. മനസ്സിൽ അറിയാതെ മഹേഷിന്റെ പ്രതികാരത്തിലെ ചാച്ചന്റെ ഡയലോഗ് തെളിഞ്ഞു വന്നു “ഈ ലോകം എത്ര സുന്ദരമാണ് “….ഇത് വായിച്ച നിങ്ങളും സുന്ദരരാണ് 🙂