എങ്കിലും ചന്ദ്രികേ ..!!

chandrika

അരവിന്ദ് സ്വാമി സിന്തോൾ ഉപയോഗിച്ച് കുളിക്കുന്നത്തിനു വർഷങ്ങൾക്ക് മുൻപേ വീട്ടിൽ സ്ഥിരമായി വാങ്ങിയിരുന്നത് സിന്തോൾ ആയിരുന്നു. കടും ചുവപ്പിൽ അധികം ആർഭാടം ഒന്നുമില്ലാത്ത കടലാസ്സിൽ പൊതിഞ്ഞ പച്ചനിറമുള്ള സിന്തോൾ സോപ്പിന്റെ വാസന ഇതെഴുതുമ്പോഴും മനസ്സിൽനിന്നും മായുന്നില്ല .

രാധാസും ചന്ദ്രികയും വേഗത്തിൽ തേഞ്ഞു പോകുമെന്ന ഒറ്റക്കാരണത്താൽ പടിക്കു പുറത്തു നിർത്തിയിരുന്ന കാലം.

കോയമ്പത്തൂർ പീ ജി ചെയാൻ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് കൂടെ താമസിക്കുന്ന ലിജോ ചന്ദ്രിക സോപ്പിന്റെ ആരാധകാണാനാണെന്ന് അറിഞ്ഞത്. ലിജോയുടെ ബാംഗ്ളൂരിലുള്ള ഇളയമ്മയുടെ വീടിനടുത്താണ് ചന്ദ്രിക സോപ്പ് നിർമ്മിക്കുന്നതെന്നും പച്ചമരുന്ന് അരച്ച വാസന ഇളയമ്മയുടെ വീടുവരെ എത്തും എന്നൊക്കെ പറഞ്ഞപ്പോൾ ചന്ദ്രിക സോപ്പോരെണ്ണം വാങ്ങാൻ മനസ്സിൽ ഒരു ആഗ്രഹം തോന്നി.

തൊട്ടടുത്ത വാരാന്ത്യത്തിൽ ഉക്കടത്തുപോയി ചന്ദ്രിക ഒരെണ്ണം സംഘടിപ്പിച്ചു. ഹാൻഡ്‌മെയ്‌ഡ്‌ സോപ്പ് ആയതുകൊണ്ട് മെഷിനിൽ നിർമ്മിച്ചുവരുന്ന സോപ്പിന്റെ ഗാംഭീര്യമോന്നും അവകാശപ്പെടാനില്ല .കോയമ്പത്തൂരിലെ ഹാർഡ് വാട്ടറിൽ പതയുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു ചന്ദ്രിക.

വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്തിരുന്ന സി.ആര്‍.കേശവന്‍ വൈദ്യരാണ് ചന്ദ്രിക സോപ്പിന്റെ പിന്നിൽ.

അദ്ധ്യാപകനായി ജീവിതം ആരംഭിച്ച അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം വലിയ കടബാദ്ധ്യതയിലാണ് കൊണ്ടെത്തിച്ചത്. നാട്ടില്‍ സ്വന്തം പേരിലുണ്ടായിരുന്ന വീടും പുരയിടവും വിറ്റ് കടം വീട്ടി മിച്ചമുള്ളതും കൊണ്ട് തൃശൂർ കൂര്‍ക്കഞ്ചേരിയിലുള്ള രാമാനന്ദ സ്വാമിയുടെ സിദ്ധവൈദ്യാശ്രമത്തില്‍ ചേര്‍ന്ന് വൈദ്യം പഠിച്ചു. പിന്നീട് ഇരിങ്ങാലക്കുടയിലെത്തി സ്വന്തം വൈദ്യശാല സ്ഥാപിച്ചു.

അങ്ങനെയാണ് ചര്‍മ്മ രോഗങ്ങളെ ചെറുക്കുന്ന ചന്ദ്രികാ സോപ്പിന്‍റെ പിറവി. ചന്ദ്രിക കേരളത്തിന്റെ സ്വന്തം സോപ്പായിരുന്നു. വെളിച്ചെണ്ണയിൽ ആയുർവേദ മൂലികകൾ ചേർത്തുണ്ടാക്കുന്ന സോപ്പ് വൻകിട ബ്രാൻഡുകളോട് കിടപിടിക്കുന്ന ഒന്നായിരുന്നു. പിന്നീട് വൈദ്യർക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

2004ൽ ചന്ദ്രിക ബ്രാൻഡിനെ വിപ്രോ ഏറ്റെടുത്തു.

എന്റെ പഠനശേഷം ജോലി ലഭിച്ചത് ചെന്നൈ വിപ്രോ ടെക്നോളജീസിൽ ആയിരുന്നു . ഓഫീസിൽ എല്ലാ ചൊവ്വാഴ്ചയും വിപ്രോ ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ഒരു സ്റ്റാൾ ഉണ്ടാകാറുണ്ട് . അവിടെവെച്ചാണ് പിന്നീട് ചന്ദ്രികയെ കാണുന്നത്.

സുഹൃത്ത് റിയ സജസ്റ്റ് ചെയ്യുന്നതിന് എത്രയോ കാലം മുന്നേ ചന്ദ്രികയെ എനിക്ക് പരിചയമുണ്ടായിരുന്നു . ഇത്തവണ നാട്ടിൽ പോയി തിരികെ വന്നപ്പോൾ കേരളത്തിന്റെ സ്വന്തം ചന്ദ്രികയെയും ഒപ്പം കൂട്ടി. ഇന്ന് ചന്ദ്രികയോടൊപ്പം ഒരു കുളി പാസാക്കി .

ചന്ദ്രികയുടെ പഴയ പരസ്യഗാനവും മൂളി ..ചന്ദ്രികാ സോപ്പിൻ നറുമണം പ്രകൃതി നൽകിടും സുഗന്ധം ..