ഈ നഗരത്തിൽ 2500 പാലങ്ങൾ

Hamburg

ജർമനി എന്നൊരു മേൽവിലാസത്തിൽ അറിയപ്പെട്ടിരുന്ന ജനതയെ രണ്ടു പ്രദേശങ്ങളാക്കി മാറ്റിയ ബർലിൻ മതിൽ സ്‌ഥിതി ചെയ്യുന്ന നഗരത്തിൽ നിന്നാണു യാത്ര പുറപ്പെടുന്നത്. ഇവിടെ നിന്നു ഷെറിനിലെത്താൻ രണ്ടരമണിക്കൂർ സഞ്ചരിക്കണം.

ചരിത്ര നഗരം തണുപ്പിൽ നിന്നു പുറത്തു വരുന്നതേയുള്ളു. ഷെറിനിലേക്കുള്ള ബസ് തണുപ്പിനെ തലോടിക്കൊണ്ടു കുതിച്ചു പായുകയാണ്. കാറ്റാടി യന്ത്രങ്ങളും മഞ്ഞപുതച്ച റേപ്പ് സീഡ് പാടങ്ങളും വഴിയുടെ ഇരുവശത്തും വർണക്കാഴ്‌ചയൊരുക്കി. റോഡ് യാത്രയുടെ ഹരം ആസ്വദിച്ചുകൊണ്ട് ഷെറിനിൽ എത്തിയപ്പോഴേക്കും ഉച്ചയായി. ഷെറിനിലെ റെയിൽവേ സ്റ്റഷേന്റെ മുന്നിലാണു ബസ് നിർത്തിയത്. അവിടെ ഇറങ്ങിയ സമയത്ത് വരവേൽപ്പു നൽകുന്ന പോലെ ചാറ്റൽ മഴ.

തീവണ്ടിയാപ്പീസിന്റെ സമീപത്തുള്ള കോഫീ ഷോപ്പിലേക്ക് ഓടിക്കയറി. മഴയിൽ നിന്നുള്ള ഒളിച്ചോട്ടത്തിൽ ചൂടു കാപ്പിയുമായി അൽപനേരം അവിടെയിരുന്നു. മഴ തോരുന്ന ലക്ഷണമില്ല. സമയം പാഴാക്കാതെ നഗരക്കാഴ്‌ചകളിലേക്ക് ഇറങ്ങിച്ചെന്നു. ഹാംബർഗിൽ പഠിക്കുന്ന അനിലിനെ അവിടെ വച്ച് സഹയാത്രികനായി കിട്ടി. ഞങ്ങളുടെ ആദ്യ ലക്ഷ്യം ഷ്വെറിനിലെ കൊട്ടാരമായിരുന്നു.

മനോഹരമായ തടാകത്തിന്റെ കരയിലാണ് കൊട്ടാരം. ആയിരം വർഷം പഴക്കമുള്ള നിർമിതി നിരവധി തവണ നവീകരണ പ്രവർത്തനങ്ങൾക്കു വിധേയമാക്കിയിട്ടുണ്ട്. പ്രവേശനത്തിന് ടിക്കറ്റെടുക്കണം. ഒരാൾക്ക് ഏഴര യൂറോ (350 രൂപ).

കൊത്തുപണികളാൽ മോടിപിടിപ്പിച്ച അകത്തളം. സിൽക്ക് തുണി ഉപയോഗിച്ചുള്ള ഡിസൈനുകൾ പ്രദർശിപ്പിച്ചാണ് മുറി അലങ്കരിച്ചിട്ടുള്ളത്. സിംഹാസനമുറിയുടെ ഭംഗി വർധിപ്പിക്കാനായി മാർബിളും കാസ്റ്റ് അയണും ഉപയോഗിച്ചിരിക്കുന്നു. മുറിയുടെ മുൻപിൽ പൂന്തോട്ടമുണ്ട്. അദ്ഭുതകരമെന്നു പറയട്ടെ, ഈ കൊട്ടാരത്തിൽ 900 മുറികളുണ്ട്. പ്രധാന മുറികളിൽ മാത്രമാണ് സന്ദർശകർക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്.

രാത്രി ആഘോഷിക്കുന്ന നഗരം കൊട്ടാരത്തിൽ നിന്നിറങ്ങിയപ്പോഴും മഴയ്ക്കു ശമനമില്ല. സമയം പാഴാക്കാതെ ഹാംബർഗിലേക്കു പോകാനുള്ള ട്രെയിനിൽ കയറി. സാധാരണ ഒന്നര മണിക്കൂർകൊണ്ട് ഓടിയെത്തേണ്ട ദുരം മൂന്നരമണിക്കൂർകൊണ്ട് ഓടിയെത്തി ജർമൻ റെയിൽവേ ആ ദിവസം യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ചു.

ഹാംബർഗ് സെൻട്രൽ റെയിൽവേ സ്റ്റഷേനിലാണ് ഇറങ്ങിയത്. ഹോട്ടൽ മുറിയിൽ ചെന്നതിനു ശേഷം കാഴ്ചകളിലേക്ക് ഇറങ്ങി. അതൊരു തുറമുഖനഗരമാണ്. സൂര്യപ്രകാശം നിലം തൊട്ടപ്പോൾ നഗരത്തിനു സ്വർണഛായ കൈവന്നു. ചക്രവാളത്തിലെത്തയ സൂര്യൻ പൊടുന്നെ കടലിൽ മാഞ്ഞു. പൊടുന്നനെ അന്തിമയങ്ങി.

ഹാംബർഗിൽ നൈറ്റ് ലൈഫ് ആസ്വദിക്കാനുള്ള സ്‌ഥലത്തെക്കുറിച്ച് അന്വേഷിച്ചു. റീപർബാൻ എന്ന സ്‌ഥലത്താണ് നിശാസൗന്ദര്യം ആസ്വദിക്കുന്നവർ ഒത്തുചേരുന്നത്. അവിടേക്കു ട്രെയിൻ പിടിച്ചു. ആൽവിൻ, അവറാച്ചൻ എന്നിവരും ഈ യാത്രയിൽ കൂടെയുണ്ട്. റീപർബാൻ തെരുവ് ആകർഷകമായി അണിഞ്ഞൊരുങ്ങിയിരുന്നു. നിയോൺ വിളക്കുകളുടെ തിളക്കം മനോഹരമായ വീഥിയെ കാലിഡോസ്കോപ് പോലെ മനോഹരമാക്കി. സംഗീതവും സന്തോഷവും ഒത്തു ചേരുന്ന തെരുവിൽ എല്ലാവരും ഉറക്കെ ചിരിക്കുന്നവരായിരുന്നു. ജനങ്ങൾ ആഹ്ലാദരാവിന്റെ സുഖം നുകർന്ന് ആർത്തുല്ലസിച്ചു, അട്ടഹസിച്ചു. അതെല്ലാം കണ്ടു മതിമറന്നതിനു ശേഷം രാത്രി ഏറെ വൈകിയാണ് ഹോട്ടലിലേക്കു തിരിച്ചത്.

തലേദിവസത്തെ മേളത്തിന്റെ ക്ഷീണം മാറി ഉറക്കമുണർന്നപ്പോഴേക്കും അൽപം വൈകി. ധൃതിയോടെ രണ്ടാം ദിവസത്തെ ഷെഡ്യൂൾ പിന്തുടർന്നു. ആദ്യം പോയത് ചരിത്ര പ്രസിദ്ധമായ സെന്റ് മൈക്കിൾ ദേവാലയത്തിലേക്കായിരുന്നു. വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും സ്പ‌ന്ദനം ഏറ്റുവാങ്ങിയതാണ് ആ ദേവാലയ ഗോപുരം. പുറമെ നിന്നു നോക്കിയപ്പോൾ സ്വർഗത്തിലേക്കുള്ള പടിക്കെട്ടുകളാണെന്നു തോന്നി. ഹാംബർഗ് നഗരത്തിന്റെ ആകാശരേഖയാണ് ഈ ദേവാലയം. പടുകൂറ്റൻ തടിവാതിലുകൾ കൗതുകക്കാഴ്ചയാണ്.

തറയുടെ ഡിസൈനിൽ പോലും അദ്ഭുതങ്ങൾ കാണാം. വർണാഭമായ പാറ്റേണുകൾ പതിപ്പിച്ചു മിനുക്കിയ മാർബിൾ ഉപയോഗിച്ചാണ് തറ നിർമിച്ചിട്ടുള്ളത്. ജാലകങ്ങളിൽ സ്റ്റയിൻഡ് ഗ്ലാസ് ഘടിപ്പിച്ചിരിക്കുന്നു. ചില്ലുജാലകത്തിലൂടെ കടന്നെത്തിയ പകൽ വെളിച്ചം ദേവാലയത്തിന്റെ അകത്തളത്തിൽ വർണങ്ങൾ വാരി വിതറി.

ദേവാലയത്തിൽ ഒരു ഗോപുരമുണ്ട്. അതിനു മുകളിലെ വ്യൂപോയിന്റിൽ പ്രവേശനത്തിനി ടിക്കറ്റെടുക്കണം. ആറു യൂറോ (350 രൂപ) നൽകി ടിക്കറ്റെടുത്ത് ലിഫ്ട്‌ടിൽ കയറി പത്താം നിലയിൽ എത്തി. അവിടെ നിന്നപ്പോൾ പ്രപഞ്ചം കൺമുന്നിൽ അവതരിച്ച ഫീൽ അനുഭവിച്ചു.

തിരക്കേറിയ ഹാംബർഗ് തുറമുഖം, വളഞ്ഞൊഴുകുന്ന എൽബെ നദി, ആധുനിക അംബരചുംബികളായ കെട്ടിടങ്ങൾ… പകരം വയ്ക്കാനില്ലാത്ത ദൃശ്യം തന്നെ. എൽബ്ഫിൽ ഹാർമണി ആയിരുന്നു അടുത്ത ഡെസ്റ്റിനേഷൻ. അവിടെ പോകാനായി ലാന്റിങ്ങ്സ്ബൂക്കൻ സ്റ്റഷേനിലിറങ്ങി. ഹാംബർഗ് നഗരം ചുറ്റിക്കാണാൻ കനാലുകളും പാലങ്ങളും കടക്കണം. ലോകത്ത് ഏറ്റവുമധികം പാലങ്ങൾ ഉള്ള നഗരമാണു ഹാംബർഗ്. ലണ്ടൻ, വെനീസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലെ ആകെ പാലങ്ങളുടെ എണ്ണമെടുത്താൽ അതിനെക്കാളേറെ പാലങ്ങൾ ഹാംബർഗിലുണ്ടെന്നു മനസ്സിലാകും. ഹാംബർഗിൽ 2300-2500 പാലങ്ങൾ ഉണ്ടത്രേ. ലോകത്തേറ്റവും അധികം പാലങ്ങൾ ഉള്ള നഗരം എന്നുള്ള പ്രശസ്തിയിൽ ഹാംബർഗിന് ഗിന്നസ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

എൽബ്ഫിൽ ഹാർമണിയിലേക്ക് തിരിയുന്ന തെരുവിൽ ഒരു പാലത്തിൻ്റെ പേര് ഹൃദയം കവർന്നു. പാലത്തിന്റെയരികിൽ എഴുതിവച്ചിരിക്കുന്നു – മഹാത്മാഗാന്ധി ബ്രിജ്. നമ്മുടെ രാഷ്ട്രപിതാവിന് യൂറോപ്പിലെ ഒരു രാഷ്ട്രം നൽകിയിട്ടുള്ള ആദരവാണിത്. ഇന്ത്യയിൽ നിന്നുള്ള ഓരോ സഞ്ചാരിയും ഇവിടെയെത്തുമ്പോൾ പുളകമണിയുന്നു.

എൽബ്ഫിൽ ഹാർമണിയുടെ ആകർഷണം വാസ്‌തുവിദ്യ വിസ്‌മയങ്ങളാണ്. ഉച്ചവെയിലിന്റെ പ്രകാശത്തിൽ ആ നഗരത്തിനു പുതുജീവൻ കൈവന്നു. വഴിയാത്രക്കാരെ പ്രതീക്ഷിച്ച് തെരുവോരങ്ങളിൽ കലാകാരന്മാരുണ്ട്. പാട്ടും വാദ്യോപകരണങ്ങളുമായി അവർ തെരുവുകളെ സംഗീതസാന്ദ്രമാക്കുന്നു.

ഹാംബർഗിലെ ഓപ്പറ ഹൗസാണു എൽബ്ഫിൽഹാർമണി. ഈ കെട്ടിടത്തിൻ്റെ വാസ്‌തുവിദ്യ തിരമാല പോലെ മനോഹരം. ഈ സൗധത്തിൽ പ്രവേശനത്തിന് ടിക്കെറ്റെടുക്കണം. മികച്ച തീയറ്റർ ഹാളുകളാണ് ഇവിടുത്തെ പ്രത്യേകത. പെർഫോമൻസ് നടക്കുന്ന ഹാളിൽ സന്ദർശകർക്കു പ്രവേശനമില്ല. അതിനു പ്രത്യേക അനുമതി വേണം. താല്‌പര്യമുള്ളവർക്ക് അവിടുത്തെ കോഫീ ഷോപ്പിൽ ഇരുന്നു ചൂട് കാപ്പി അല്ലെങ്കിൽ ബീയർ വാങ്ങി നിശാസൗന്ദര്യം ആസ്വദിക്കാം. എൽബ്ഫിൽഹാർമണിയുടെ മുകളിൽ നിന്ന് ഹാംബർഗ് തുറമുഖത്തിന്റെയും നഗരത്തിന്റെയും ഭംഗിയാസ്വദിച്ച് ഞങ്ങൾ പുറത്തിറങ്ങി.

വണ്ടർലാൻഡ് അഥവാ ലില്ലിപ്പുട്ട്

അടുത്ത ലക്ഷ്യം സുൽബെർഗാണ്. വളഞ്ഞുപുളഞ്ഞ പാതകളിലൂടെയാണു യാത്ര. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ വഴിയോരത്തു കണ്ടു. സമുദ്രനിരപ്പിൽ നിന്ന് എഴുപതിനാല് മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലയുടെ മുകളിലെ കോഫീ ഷോപ്പ് ലക്ഷ്യമാക്കിയാണ് നീക്കം. കുന്നിൻമുകളിലെ കോഫീ ഷോപ്പിൽ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൽബെ നദിയിലെ ഇളം കാറ്റ് അവിടുത്തെ അന്തരീക്ഷത്തിനു തണുപ്പു നൽകി. കാപ്പി കുടിച്ചുകൊണ്ട് ഇരിക്കുമ്പോൾ അടിവാരത്തുള്ള നദിയിലൂടെ ബോട്ടുകൾ നീങ്ങുന്നതു കണ്ടു. അകലെയായി ഒരിടത്ത് വിമാനങ്ങൾ നിർത്തിയിട്ടിട്ടുണ്ട്. വിമാന നിർമാണ കമ്പനിയായ എയർബസിന്റെ ഫെസിലിറ്റിയാണത്. അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ട വിമാനങ്ങളാണ് നിരയായി നിർത്തിയിട്ടിരിക്കുന്നത്.

ആ കുന്നിന്റെ മുകളിൽ സുഖകരമായ ശാന്തത അനുഭവപ്പെട്ടു. തിരക്കേറിയ നഗരത്തിൽ നിന്ന് ഒളിച്ചോടുന്നവർക്ക് ആശ്രയം നൽകുന്നു ആ സ്‌ഥലം. വിശ്രമത്തിനു ശേഷം വണ്ടർലാൻഡിലേക്കു തിരിച്ചു.

രാത്രി പത്തു മണിയോടെ മിനിയേച്ചർ വണ്ടർലാൻഡിലെത്തി. വിസ്‌മയ ലോകമാണ് അത്. ലോകത്തിലെ പ്രധാന നഗരങ്ങളുടെയും മിനിയേച്ചർ അവിടെ കണ്ടു. മനുഷ്യന്റെ ക്രീയെറ്റിവിറ്റിയുടെ പൂർണത അവിടെ കാണാം. സൂര്യോദയം മുതൽ രാത്രി ഒരു മണിവരെ ഈപ്രദർശനശാല തുറന്നു പ്രവർത്തിക്കുന്നു. ലില്ലിപ്പുട്ടിൽ എത്തിയ കഥയിലെ ഗള്ളിവറിനെപോലെ ഞങ്ങൾ ആ കാഴ്‌ചകൾ ആസ്വദിച്ചു. ചെറുതും വലുതുമായ നിരവധി നിർമിതികൾ അവിടെയുണ്ട്. ചെറിയ തീവണ്ടി, തിരക്കേറിയ പട്ടണം, ഗ്രാമീണ ദൃശ്യങ്ങൾ, കാറുകൾ, ട്രക്കുകൾ, വളഞ്ഞുപുളഞ്ഞ റോഡ്, സ്‌കാന്‌ഡിനേവിയ മൊണാക്കോ, ഇറ്റലി, അമേരിക്ക, ഓസ്ട്രി,യ ജർമനി, സ്വിസർലാൻഡ് എന്നീ രാജ്യങ്ങളുടെ ലാൻഡ്മാർക്കുകൾ… എല്ലാം കരകൗശലവിദ്യയിൽ ഇവിടെ പുനർജനിച്ചിരിക്കുന്നു. 10,000 ലധികം വാഗണുകളുള്ള 1,120 കുഞ്ഞൻ ട്രെയിനുകൾ കൗതുകമുണർത്തി. ഇവയെല്ലാം ഡിജിറ്റലി നിയന്ത്രണ വിധേയമാണ്. 4,300 വീടുകളും പാലങ്ങൾ, 10,000-ലധികം വാഹനങ്ങൾ, 52 വിമാനങ്ങൾ എന്നിവ ഉപയോഗിച്ചാണത്രേ വണ്ടർലാൻഡ് രൂപകൽപന ചെയ്‌തിട്ടുള്ളത്. ലോകത്തെ ഏറ്റവും നീളമേറിയ മിനിയേച്ചർ റെയിൽവേ സിസ്റ്റത്തിനുള്ള ഗിന്നസ് പുരസ്‌കാരം ലഭിച്ചത് മിനിയേച്ചർ വണ്ടർലാൻഡിനാണ്. ഫ്രഡറിക്, ഗെരിറ്റ്, സ്റ്റഫൊൻ എന്നീ പ്രതിഭകളാണ് ഈ അത്ഭുതലോകത്തിൻ്റെ സ്‌ഥാപകർ.

ചിക്കാഗോയുടെ ഇരട്ടനഗരം

ഹാംബർഗ് സന്ദർശനത്തിന്റെ അവസാന ദിനം വന്നണഞ്ഞു. ഹാംബർഗ് സിറ്റി ഹാളിലേക്കാണ് ഈ ദിവസം യാത്ര. റാത്തൗസ് എന്നാണ് ഈ സൗധം അറിയപ്പെടുന്നത്. ഹാംബർഗിന്റെ ചരിത്രത്തിന്റെയും പൈതൃകത്തിൻ്റെയും ശേഷിക്കുന്ന തെളിവാണ് റാത്തൗസ്. നിയോ റെനൈസെൻസ് ആർക്കിടെക്ച്ചറിലാണു നിർമാണം. റാത്തൗസ് ചത്വരം കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ എത്തുന്നു.

ഞങ്ങൾ അവിടെ എത്തിയ സമയത്ത് സന്ദർശകർ വന്നു തുടങ്ങുന്നതേയുള്ളൂ. സൂര്യൻ മേഘമറയ്ക്കുള്ളിൽ ഒളിച്ചതുപോലെ ഇരുട്ട് അനുഭവപ്പെട്ടു. വലിയ ക്യാൻവാസിലെന്ന പോലെ മേഘങ്ങൾ ആകാശത്തു ചിത്രം വരച്ചിരുന്നു. റാത്തൗസിൻ്റെ മനോഹാരിതയെ മഴ കവർന്നെടുക്കുമോ എന്നൊരു ആശങ്കയോടെയാണ് അവിടേക്കു പ്രവേശിച്ചത്. തദ്ദേശീയരായ ചെറുപ്പക്കാർ എന്തോ വിനോദത്തിൽ വ്യാപൃതരായി അവിടെ ഇരിപ്പുണ്ടായിരുന്നു. ബീയർ കുപ്പികളുടെ അടപ്പുകൾ കരുവാക്കിയാണ് അവർ കളിച്ചിരുന്നത്. ചെറുപ്പക്കാരുടെ സംഘത്തെയും താണ്ടി എക്‌സിബിഷൻ ഹാളിനരികിലെത്തി. അമേരിക്കയിലെ ചിക്കാഗോയും ഹാംബർഗ് നഗരവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന എക്‌സിബിഷനായിരുന്നു അത്. അമേരിക്കയിലെ ചിക്കാഗോ നഗരവുമായി താരതമ്യപ്പെടുത്തി ഹാംബർഗിൻ്റെ ഇരട്ട നഗരമെന്നു പറയാറുണ്ട്.

ഹാളിൽക്കൂടി കടന്നു നടുത്തളത്തിൽ എത്തിയാൽ ഒരു ഫൗണ്ടെയ്ൻ കാണാം. ജലധാരയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താൻ ഫൊട്ടോഗ്രഫർമാർ മത്സിരിക്കുന്നുണ്ടായിരുന്നു.

ഹാംബർഗിലെ നിക്കൊളാസ് ദേവാലയം ചരിത്ര പ്രശസ്‌തമാണ്. 1874 മുതൽ 1876 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതി എന്ന ഖ്യാതി ഹാംബർഗിലെ സെയിന്റ് നിക്കോളാസ് ദേവാലയത്തിനായിരുന്നു.

രണ്ടാം ലോമഹായുദ്ധത്തിൽ തകർക്കപ്പെട്ട ലൂഥറൻ ദേവാലയത്തിന്റെ ശേഷിപ്പുകളും സന്ദർശിച്ചു. രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച ചാപ്പൽ പതിനഞ്ചാം നൂറ്റാണ്ടിൽ തീപിടുത്തത്തിൽ കത്തി ചാമ്പലായി. പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിൽ നിയോ ഗൊതിക് ശൈലിയിൽ പുനർനിർമിക്കുകയായിരുന്നു. ബോംബ് സ്ഫോടനങ്ങളിൽ തകരാത്ത ഭാഗങ്ങൾ അതേപടി സംരക്ഷിച്ചിട്ടുണ്ട്. പഴമയുടെ ശേഷിപ്പുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വാച്ചിലേക്കു നോക്കി. ഹാംബർഗ് നഗരത്തിനോടു വിടപറയാനുള്ള സമയമെത്തിയിരിക്കുന്നു. സഹയാത്രികരായ അവറാച്ചനോടും അനിലിനോടും ആൽവിനോടും നന്ദി പറഞ്ഞ് അടുത്ത ട്രെയിനിൽ കയറി എയർപോർട്ടിലേക്കു നീങ്ങി. വിവിധ നാടുകളിൽ നിന്നുള്ള യാത്രക്കാരുമായി സ്‌കാന്‌ഡിനേവിയൻ എയർലൈൻസ് വിമാനത്തിന്റെ ചിറകുകൾ മേഘപാളികളിലേക്ക് പറന്നുയർന്നു. വിമാനത്തിന്റെ ജാലകത്തിലൂടെ ഇത്തിരികുഞ്ഞമ്മാരുടെ നാടായ ലില്ലിപ്പൂറ്റുപോലെ ഹാംബർഗ് തിളങ്ങിനിന്നു.

മനോരമ ട്രാവലർ ജൂൺ 2024 പ്രസിദ്ധീകരിച്ച യാത്ര ലേഖനം