ആത്മഹത്യ ചെയ്യുന്നവരുടെ നാട്ടിൽ നിന്നും ചില മാനസീക ആരോഗ്യ ദിന ചിന്തകൾ

mental health

നിനക്ക് തലയ്ക്കു നല്ല സുഖമില്ല അല്ലെ ??? .. അതെന്താ അങ്ങനെ ചോദിച്ചത് ?? അല്ല നീ സൈക്യാട്രിസ്റ്റിനെകാണാൻ നിൽക്കുന്നത് കണ്ടു…!! “

ലപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭാഷണത്തിന്റെ ഒരേടാണ് ഇത്.

മാനസിക ആരോഗ്യത്തെ പറ്റി നമ്മുടെ പൊതു സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ അവബോധത്തിന്റെ ഒരുഉദാഹരണം എടുത്തുകാണിച്ചു എന്ന് മാത്രം. തലയ്ക്കു സുഖമില്ലാത്തവർ മാത്രം പോകുന്ന ഇടമാണ് മാനസിക ആരോഗ്യ കേന്ദ്രം. ഒരിക്കൽ പോയി കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ മാനസിക രോഗി എന്ന് മുദ്രകുത്തും. സമൂഹത്തിൽ നിന്ന് മാറ്റി നിർത്തും ..ഈ പേടികൊണ്ടു മാനസിക ആരോഗ്യ വിദഗ്ധനെകാണുവാൻ മടിക്കുന്ന മനുഷ്യർ.. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്ന ഒരു നാട്ടിലെ കാര്യമാണ് ഇതെന്ന് ഓർക്കുമ്പോൾ നമ്മൾ നാണിച്ചു തല താഴ്ത്തണം.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനമായി ആചരിച്ചു തുടങ്ങിയത്. മാനസിക ആരോഗ്യത്തെ പറ്റി അവബോധം വരുത്തുവാൻ ആണ് ഈ ദിനം കൊണ്ടാടുന്നത്.

പഠനങ്ങൾ സൂചിപ്പിക്കുന്നത് ലോകത്താകമാനം 970 ദശലക്ഷം ആളുകൾ പല രീതിയിലുള്ള മാനസികസംഘർഷങ്ങളിൽ കൂടി കടന്നു പോകുന്നുണ്ടെന്നാണ്. നാലിൽ ഒരാൾ ജീവിതത്തിൽ എപ്പോഴെങ്കിലും മാനസികസംഘർഷങ്ങളിൽ കൂടി കടന്നു പോകുന്നുണ്ട്. 14.3% അല്ലെങ്കിൽ എട്ടു ദശലക്ഷം ആളുകൾ ആണ് മാനസിക സംഘർഷങ്ങൾ മൂലം മരണപ്പെടുന്നത്.

അടുത്തിടെ കേരളത്തിൽ ഒരാൾ ആത്മഹത്യാ ചെയ്തതിന്റെ കാരണം പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നു എന്നും പറഞ്ഞാണ്. പല മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ആ വാർത്ത ഏറ്റെടുത്തു പശ്ചിമഘട്ട സംരക്ഷണത്തെ പറ്റി വലിയ വാർത്തകളും ചർച്ചകളും തുറന്നു വെച്ചു. ആത്മഹത്യചെയ്ത ആളുടെ മാനസിക നിലയെ പറ്റിയും ഇത്തരം ആത്മഹത്യകൾ തടയുവാൻ വേണ്ട നടപടികളെ പറ്റിയാരും സംസാരിച്ചു കണ്ടില്ല. 

കോവിഡ് കാലത്തു വീട്ടിൽ ഇരുന്നുള്ള ജോലിയും ലോക്ക്ഡൗണും എല്ലാം പലതരത്തിലുള്ള മാനസികസമ്മർദ്ദങ്ങൾക്ക് കാരണം ആയി എന്ന് വേണം കരുതാൻ. കുടുംബ ബന്ധങ്ങളിലും സുഹൃത് ബന്ധങ്ങളിലും ഈ സമ്മർദ്ദങ്ങൾ പ്രകടമായാലും സമൂഹം എന്ത് കരുതും എന്ന് ഭയന്നു പലരും ചികിത്സ നേടാൻ മടിക്കുന്ന ഒരുകാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത് 

ലോകത്തിൽ തന്നെ ഏറ്റവും അധികം ആത്മഹത്യ നടക്കുന്ന നാടുകൾ ആണ് ഞാൻ താമസിക്കുന്ന സ്വീഡൻ ഉൾപ്പെടുന്ന സ്കാന്ഡിനേവിയൻ രാജ്യങ്ങൾ. മതങ്ങൾ ഇല്ലാത്തതിനാൽ സ്കാന്ഡിനേവിയയിൽ ആത്മഹത്യകൂടുന്നു എന്നൊരു വാദഗതി പല മതവിശ്വാസികളും ഉയർത്തുന്നുണ്ട്. അങ്ങനെയുള്ള വാദങ്ങൾ ശരിയാണെങ്കിൽ മതങ്ങൾ ശക്തമായുള്ള രാജ്യങ്ങളിൽ ആത്മഹത്യാ കുറയേണ്ടതല്ലേ എന്നൊരു മറു വാദം നിരീശ്വരവാദികൾ ഉയർത്തുന്നുണ്ട്.

സ്കാന്ഡിനേവിയയിലെ കഠിനമായ കാലാവസ്ഥയും ഒറ്റപ്പെട്ട ജീവിതവും പലരെയും വിഷാദ രോഗത്തിലേക്കുതള്ളി വിടുന്നു എന്ന് വേണം കരുതാൻ. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. സ്കാന്ഡിനേവിയയുടെവടക്കൻ പ്രദേശങ്ങൾ പരിശോധിച്ചാൽ ഒരു ചതുരശ്ര കിലോമീറ്ററിൽ ഒരു വീടോ അതിൽ കുറവോ ഉള്ളപ്രദേശങ്ങൾ. ഒറ്റക്കുള്ള താമസവും ആറു മാസത്തെ ഇരുട്ടും , വൈറ്റമിൻ ഡി യുടെ അഭാവവും എല്ലാം പലരെയും വിഷാദ രോ​ഗങ്ങളിലേക്കും ആത്മഹത്യയിലേക്കു തള്ളി വിടുന്നു എന്ന് വേണം കരുതാൻ.

2016ൽ സ്വീഡിഷ് സർക്കാർ ഒരു നാഷണൽ മെന്റൽ ഹെൽത്ത് സ്ട്രാറ്റജി അവതരിപ്പിച്ചു. 2020ൽ അതിൽ പലഭേദഗതികളും വരുത്തുകയുണ്ടായി. കഴിഞ്ഞ മുപ്പതു വർഷത്തിൽ ആത്മഹത്യാ നിരക്കിൽ ഏതാണ്ട് അറുപതുശതമാനത്തോളം കുറവ് വരുത്തുവാൻ സർക്കാരിന്റെ പല നടപടികളും സഹായിച്ചു എന്നാണ് കണക്കുകൾ സൂചിപിപ്പിക്കുന്നത്.1990 ൽ ലക്ഷത്തിൽ 28.2 ആളുകൾ ആത്മഹത്യ ചെയ്തിരുന്നു എങ്കിൽ 2021ൽ 17.4 ലേക്ക് കുറക്കുവാൻ പല സർക്കാർ നടപടികൾ വഴി സാധിച്ചിട്ടുണ്ട്.

2008ൽ സ്വീഡിഷ് പാർലമെന്റിൽ അവതരിപ്പിച്ച ആത്മഹത്യ തടയുന്നതിനുള്ള ദേശീയ കർമ്മ പദ്ധതി ഫലം കാണുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാനസിക ആരോഗ്യത്തെ പറ്റിയുള്ള അവബോധംവളർത്തുവാൻ വിദ്യാഭ്യാസ രംഗത്തും ജോലി സ്ഥലങ്ങളിലും പല നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. മറ്റുരോഗങ്ങളെ പോലെ തന്നെയാണ് വിഷാദരോഗങ്ങളെ മനുഷ്യർ നോക്കി കാണുന്നത്. മുൻപൊരിക്കൽ ജോലിചെയ്തിരുന്ന സ്ഥലത്തു കൂടെ ജോലി ചെയ്തിരുന്ന ആൾ കുറച്ചു നാളേക്ക് അവധിയിൽ പ്രവേശിക്കുകയുണ്ടായി. പിന്നീട് സുഹൃത്തിനോട് ചോദിച്ചപ്പോൾ ഞാൻ കുറച്ചു നാൾ വിഷാദ രോഗത്തിന് അടിമ ആയിരുന്നുഅതുകൊണ്ടാണ് ജോലിക്കു വരാതിരുന്നത് എന്ന് വളരെ കൂൾ ആയിട്ടാണ് മറുപടി പറഞ്ഞത്. ഇതേ അവസ്ഥ നമ്മുടെ നാട്ടിൽ ആണെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കൂ .

2021ൽ ഇന്ത്യയിലെ ആത്മഹത്യാ നിരക്ക് 12 ആണ്. 1967 ശേഷം ഉണ്ടായ ഏറ്റവും അധികം ആത്മത്യാനിരക്കാണ് 2021 ൽ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാനസിക സംഘർഷങ്ങൾ അനുദിനം വർധിച്ചു വരുന്നു എന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണ് ഈ നിരക്കുകൾ.

മാനസിക ആരോഗ്യത്തെ പറ്റിയുള്ള കൃത്യമായ അവബോധം ചെറുപ്പകാലത്തിൽ തന്നെ വളർത്തി എടുക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങളും കൃത്യമായ സർക്കാർ ഇടപെടലുകളും ഈ രംഗത്ത് വന്നെങ്കിൽ മാത്രമേ നമുക്ക് ഈ രംഗത്തു മുന്നേറാൻ സാധിക്കൂ.

ലോക മാനസീക ആരോഗ്യ ദിനത്തിൽ മാതൃഭുമി ഓൺലൈനിൽ എഴുതിയ കുറിപ്പ്