നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കോളർഷിപ്പ് പരീക്ഷ എന്ന കടമ്പ കടക്കുവാനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സമയം. അതിനിടക്കാണ് ‘പാതിരാ സൂര്യന്റെ നാടി’നെ പറ്റി ആദ്യം കേൾക്കുന്നത്. ഏതായാലും സ്കോളര്‍ഷിപ്പ് കിട്ടിയില്ല. പക്ഷെ, പാതിരാ സൂര്യന്‍റെ നാട് മനസില്‍ തന്നെ നിന്നു.
മുപ്പതു വർഷങ്ങൾക്കിപ്പുറം ഇതെഴുതുന്നത് പാതിരാ സൂര്യന്‍റെ നാട്ടിലിരുന്നാണ് എന്നത് വേറൊരു വിരോധാഭാസം. നേരം പാതിരാവായി… ‘കൊന്നാലും ഞാൻ പോകില്ലെടാ…’ എന്നും പറഞ്ഞു കൊഞ്ഞനം കുത്തി സൂര്യൻ ഞെളിഞ്ഞു നിൽപ്പുണ്ട്. അതാണ് നോർവെയുടെ മാത്രം പ്രത്യേകത.
കാലങ്ങള്‍ക്ക് ശേഷം നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിലേക്ക് തന്നെ ഒരു ജീവിത യാത്ര ഉണ്ടായി എന്നതും യാദൃച്ഛികം. പൊതുവെ നമ്മുടെ നാട്ടിൽ ആരും കേട്ടിട്ടില്ലാത്ത ഓസ്ലോ നഗരത്തെപ്പറ്റി സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് നെറ്റി ചുളിച്ചു.
ഈ പറയുന്ന കഥ നോർവേ എന്ന സ്കാന്‍ഡിനേവിയൻ സുന്ദരിയെ കുറിച്ചാണ്. ഞാൻ നോർവേയിൽ എത്തിപ്പെട്ടത് രണ്ടായിരത്തി പതിനേഴിലെ മഞ്ഞു പൊഴിയുന്ന ഒരു ഫെബ്രുവരി മാസത്തിലാണ്… ബാംഗ്ലൂരിലെ കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്ന കടയിൽനിന്നും വാങ്ങിയ അഞ്ചാറുകിലോ ഭാരമുള്ള ജാക്കറ്റും വലിച്ചു കേറ്റി, കയ്യിലും കാലിലും കമ്പിളിയുടെ ആവരണങ്ങളും അണിഞ്ഞ് നീൽ ആംസ്ട്രോങ് ചന്ദ്രനിൽ എത്തിയതുപോലെ നോർവീജിയൻ തലസ്ഥാനമായ ഓസ്ലോ നഗരത്തിൽ എത്തിപ്പെടുമ്പോൾ, ഓസ്ലോ എന്നെ വാരി പുണരാനെന്നോണം മഞ്ഞിൽ പുതച്ചു നിൽക്കുകയായിരുന്നു.
ജ എന്ന അക്ഷരത്തിനു ഭ്രഷ്ട് കൽപ്പിച്ച്, ജ കണ്ടാൽ യാ വെക്കണം എന്ന അലിഖിത നിയമം ഉള്ള നോർവെജിയൻസിന്റെ ഇടയിലേക്ക് ജിനു എന്ന പേരുമായി ഇടിച്ചു കയറി, യാമ്പൻടോർഗെറ്റ് (Jernbanetorget) എന്ന നോർവീജിയൻ സ്ഥല നാമത്തെ “ജമ്പൻടോർഗെറ്റ്” എന്ന് പച്ചമലയാളത്തിൽ നീട്ടി വിളിച്ചത് മുതൽ, കഴിഞ്ഞ രണ്ടു രണ്ടര വർഷക്കാലം ഇവിടുത്തെ ജീവിതം എനിക്ക് സമ്മാനിച്ചത് ഒരു ജീവിതകാലം മുഴുവൻ ഓർമ്മിക്കുവാനുള്ള അനുഭവങ്ങൾ ആണ്.
അസഹനീയമായ തണുപ്പ് അസ്ഥിയിലേക്കരിച്ചിറങ്ങുന്ന, കൊടും ശൈത്യത്തിലെ ഓരോ നോർവീജിയൻ പ്രഭാതങ്ങൾക്കും അതിന്‍റേതായ കഥ പറയാനുണ്ടാവും. നോർവീജിയൻ ശൈത്യം നമ്മെ അലസതയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല…
നമ്മുടെ നാട്ടിലെ നിയമസഭാ ഭരണം ശ്രദ്ധിച്ചിട്ടില്ലേ? ഇത്തവണ എൽ ഡി എഫ് ആണെങ്കിൽ അടുത്ത തവണ യു ഡി എഫ്!! അതുപോലെയാണ് ലോക രാജ്യങ്ങളുടെ സന്തോഷത്തിന്റെ അളവുകോലായ “ഹാപ്പിനെസ്സ് ഇൻഡക്സ്.” ഇത്തവണ ഫിൻലൻഡ് ആണെങ്കിൽ അടുത്തതവണ നോർവേ. അങ്ങനെ നോർവെയും ഫിൻലൻഡും മാറി മാറി സന്തോഷം പങ്കിട്ടെടുക്കുമ്പോഴാണ് ഞാൻ നോർവേയിൽ എത്തിപ്പെടുന്നത്. ഞാൻ കാല് കുത്തിയതിൽ പിന്നെ നോർവെയ്ക്കു ഒന്നാസ്ഥാനം ലഭിച്ചിട്ടില്ലെന്നത് വേറൊരു സത്യം.
അമ്പതു ലക്ഷം ജനങ്ങൾ മാത്രം പാർക്കുന്ന നോർവേയുടെ തലസ്ഥാനമാണ് ഓസ്ലോ. ന്യൂയോർക്കും ലണ്ടനും പോലെ കേൾക്കുമ്പോൾ ഒരു ഗുമ്മില്ലെങ്കിലും യാതൊരു തിക്കും തിരക്കും അനുഭവപ്പെടാത്ത ശാന്തസുന്ദരമായ ഒരു ചെറുപട്ടണം. ലോകത്തിലെ തന്നെ ജീവിതച്ചെലവേറിയ നഗരങ്ങൾ തിരഞ്ഞെടുത്താൽ ഈ നോർവീജിയൻ തലസ്ഥാനം മുൻപന്തിയിൽ തന്നെ കാണും. അതുപോലെ തന്നെ ജീവിത നിലവാരത്തിന്റെ കാര്യത്തിലും ഈ നഗരം യൂറോപ്പിലെ മറ്റു നഗരങ്ങളെക്കാൾ മുൻ പന്തിയിലാണെന്നു നിസ്സംശയം പറയാം. കേവലം ഏഴുലക്ഷം ജനങ്ങൾ മാത്രം പാർക്കുന്ന ഓസ്ലോ നഗരത്തിൽ ജീവിക്കുന്നത്, വേറിട്ടൊരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.
ജീവിതച്ചെലവേറിയ ഓസ്ലോ നഗരം വൈവിധ്യത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. പാകിസ്ഥാൻ ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നും, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും കുടിയേറിയ അഭയാർത്ഥികൾ ഈ ചെറുപട്ടണത്തിൽ സന്തോഷത്തോടുകൂടി ജീവിക്കുന്നത് ഓസ്ലോ നഗരത്തെ മറ്റു നഗരങ്ങളിൽനിന്നും വേറിട്ടതാക്കുന്നു. ഭാരതീയരേക്കാൾ പാകിസ്ഥാനികൾ അധിവസിക്കുന്ന ഈ നഗരത്തിൽ ഇരുവരും ഭായ് ഭായ് ബന്ധമാണുള്ളത്.
നോർവേയിലെ വിവര സാങ്കേതിക രംഗത്ത് ഇന്ത്യൻ കമ്പനികൾ ചുവടുറപ്പിച്ചപ്പോൾ മുതൽ എന്നെ പോലെ ധാരാളം ഇന്ത്യക്കാർ ഓസ്ലോ പോലുള്ള നഗരങ്ങളിലേക്കു ചുവടുമാറ്റി. അങ്ങനെയുള്ളവരുടെ ഏക ആശ്രയമാണ് ഇവിടെയുള്ള ഏഷ്യൻ കടകൾ. ഒട്ടുമിക്ക ഏഷ്യൻ കടകളും പാകിസ്ഥാൻ വംശജരുടെ ഉടമസ്ഥതയിലാണുള്ളത്. അതുകൊണ്ട് പാക്കിസ്ഥാനികളെ വെറുപ്പിച്ചാൽ നമ്മുടെ കഞ്ഞികുടി മുട്ടും എന്ന് സാരം.
ഓസ്ലോ നഗരത്തിന്റെ ഒരു കോണിൽ സ്ഥിതിചെയ്യുന്ന ഗ്രോൻലാൻഡ് എന്ന സ്ഥലം വളരെയധികം പ്രത്യേകതയുള്ള സ്ഥലമാണ്. ഏഷ്യൻ, ആഫ്രിക്കൻ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ഇവിടം ഏഷ്യൻ കടകളുടെ ഒരു കേന്ദ്രം തന്നെയാണ്. ഏഷ്യൻ വംശജരെ കൂടാതെ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിൽനിന്നും തൊഴിൽ സംബന്ധമായി എത്തിപ്പെട്ടവർ ചെലവ് ചുരുക്കി ജീവിക്കാൻ ഇത്തരം കടകളെയാണ് ആശ്രയിക്കുന്നത്.
പല യുദ്ധങ്ങളുടെയും പരിണിതഫലമായി തങ്ങളുടെ പിറന്ന നാട്ടിൽ നിന്നും പാലായനം ചെയ്ത അഭയാർത്ഥികൾ ഇന്ന് സന്തോഷത്തോടും സമാധാനത്തോടും കൂടി ഓസ്ലോ നഗരത്തിൽ ജീവിക്കുന്നു. അവരുടെ പുതു തലമുറ, വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയർന്നത് യുദ്ധങ്ങളുടെ മുറിപ്പാടു മറക്കുവാൻ അവരെ പ്രാപ്തരാക്കി.
ഡൈനാമിറ്റ് കണ്ടു പിടിച്ച സ്വീഡൻകാരനായ Alfred Nobel എന്തുകൊണ്ട് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ നടത്തിപ്പ് ചുമതല നോർവീജിയൻസിനെ ഏൽപ്പിച്ചു എന്നതിന് ഉത്തരം തേടി വേറെങ്ങും പോകേണ്ടതില്ല. ഇന്നും ഡിസംബർ മാസം പത്താം തീയതി ഓസ്ലോനഗരം സമാധാനത്തിനുള്ള നോബൽ സമ്മാന വിതരണത്തിന് വേദിയാകുന്നു എന്നുള്ളത് തന്നെ നോർവീജിയൻസിന്റെ സമാധാന പ്രിയം വിളിച്ചോതുന്ന ഒന്നാണ്.
ബദ്ധവൈരികളായ ഇന്ത്യയിൽനിന്നും പാക്കിസ്താനിൽനിന്നുമുള്ള രണ്ടുപേർ 2014 -ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടെടുക്കുന്നതിന് ഓസ്ലോ നഗരമാണ് സാക്ഷ്യം വഹിച്ചത്. മലാല യൂസഫ് സായിയും കൈലാഷ് സത്യാർത്ഥിയും ചരിത്രത്താളുകളിൽ ഇടം പിടിക്കാൻ ഓസ്ലോ നഗരം വേദിയായത് ചരിത്ര നിയോഗം എന്ന് വേണമെങ്കിൽ പറയാം.
തൊണ്ണൂറുകളിൽ പലസ്തീനും ഇസ്രയേലും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ഇസ്രയേൽ പ്രധാനമന്ത്രി യിസാക് റാബിനും വിദേശകാര്യമന്ത്രി ഷിമോൺ പെരെസും കൂടി പലസ്തീൻ നേതാവ് യാസർ അരാഫത്തുമായി നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിൽ നടത്തിയ രഹസ്യ ചർച്ചകളിൽ ഉരുത്തിരിഞ്ഞ സമവായ ഫോർമുലയാണ് ഓസ്ലോ ഉടമ്പടി. ഒപ്പുവെച്ചത് അമേരിക്കയിലെ വാഷിങ്ങ്ടണിൽ ആണെങ്കിലും ഈ ഉടമ്പടിയാണ് റാബിനും പെരെസിനും അരാഫത്തിനും അക്കൊല്ലത്തെ സമാധാനത്തിനുള്ള നോബൽസമ്മാനം നേടിക്കൊടുത്തത്. പറഞ്ഞു വരുന്നത് ലോക സമാധാന ചരിത്രത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കുവാൻ നോർവെയും ഇവിടുത്തെ ഭരണാധികാരികളും എന്നും ശ്രമിച്ചിട്ടുണ്ട് എന്ന വസ്തുതയാണ്
പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇