behaviour economics
ആംസ്റ്റർഡാമിലെ ഈച്ച ഹാംബർഗിൽ എത്തിയപ്പോൾ.
ടോയ്‌ലെറ്റ് നിമ്മാതാക്കളെ കുഴക്കിയിരുന്ന ഒന്നായിരുന്നു ടോയ്‌ലറ്റിലിനുള്ളിലെ ശുചിത്വം. പുരുഷന്മാരുടെ മൂത്രപ്പുരയിൽ അലക്ഷ്യമായി മൂത്രം ഒഴിക്കുന്നത് കാരണം അവിടവിടെയായി തെറിച്ചു വീഴുന്ന മൂത്രത്തുള്ളികൾ ടോയ്‌ലറ്റ് നിർമ്മാതാക്കളെ മാത്രമല്ല ക്‌ളീനിംഗ് തൊഴിലാളികളെയും പൊതു ശുചിമുറി ഉപയോഗിക്കുന്നവരെയും അസ്വസ്ഥരാക്കിയിരുന്നു.
ടോയ്‌ലറ്റ് നിർമ്മാതാക്കൾ പലതരം ടോയ്‌ലറ്റ് ഡിസൈനുകൾ പരീക്ഷിച്ചു എങ്കിലും പരാജയമായിരുന്നു ഫലം. അങ്ങനെയിരിക്കെ ആംസ്റ്റർഡാമിലെ സ്കിഫോൾ എയർപോർട്ടിൽ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്തി.
പുരുഷന്മാരുടെ യൂറിനലിൽ ഒരു ഈച്ചയുടെ പടം വെക്കുക. മൂത്രം ഒഴിക്കുന്നവർ ഈച്ചയെ ഉന്നം വെക്കുന്നതോടുകൂടി പുറത്തേക്ക് മൂത്രം തെറിക്കുന്നത് 80% കുറയുകയും അതുവഴി ക്‌ളീനിംഗ് ചെലവ് 8% കുറക്കുകയും ശുചിത്വമുള്ള പൊതു ശുചിമുറി ലഭിക്കുകയും ചെയ്യും.
2017ൽ ചിക്കാഗോ സർവകലാശാലയിലെ പ്രൊഫസർ റിച്ചാർഡ് താലറിനാണ് സാമ്പത്തീക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.
മനുഷ്യർ എങ്ങനെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് മനസിലാക്കാൻ ശ്രമിക്കുന്ന പെരുമാറ്റ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിനാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. മനഃശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും സമന്വയിക്കുന്ന താരതമ്യേന പുതിയൊരു മേഖലയാണ് പെരുമാറ്റ സാമ്പത്തിക ശാസ്ത്രം (behavioural economics).
അദ്ദേഹത്തിന്റെ പുസ്തകം Nudge: Improving Decisions About Health, Wealth, and Happiness”,അദ്ദേഹം മനുഷ്യരുടെ പെരുമാറ്റത്തിൽ വരുത്തുന്ന മാറ്റത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.
സാമ്പത്തിക പ്രോസൽഹനങ്ങളോ സമ്മാനങ്ങളോ നൽകാതെ ആളുകളുടെ പെരുമാറ്റത്തിൽ പ്രവചനാതീതമായി മാറ്റം വരുത്തുന്ന ഒന്നാണ് നഡ്ജ്. നഡ്ജുകൾ ഒരു നിർബന്ധിത നിയമമല്ല. മൂത്രപ്പുരയിലെ ഈച്ചയെ ഒരു നഡ്‌ജിന്റെ പ്രിയപ്പെട്ട ചിത്രമെന്നാണ് താലെർ വിളിക്കുന്നത്.
അടുത്തിടെ രണ്ടുതവണ ആംസ്റ്റർഡാം എയർപോർട്ട് സന്ദര്ശിച്ചപ്പോഴും മൂത്രപ്പുരയിൽ മുൻപ് ഉണ്ടായിരുന്ന ഈച്ചയെ കണ്ടില്ല.
ഹാംബർഗ് യാത്രയിലാണ് ആംസ്റ്റർഡാമിലെ ഈച്ചയെ പിന്നെ കാണുന്നത് അവിടുത്തെ എയർപോർട്ടിലെ മൂത്രപ്പുരയിൽ .
ഈ ആംസ്റ്റർഡാമിലെ ഈച്ച എങ്ങനെയാണ് ഹാംബർഗിൽ എത്തിയത് എന്ന് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല നിങ്ങൾക്കെന്താണ് തോന്നുന്നത് ?