“നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്സ് “ എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ സിനിമ കാണാൻ വന്ന കൂടെ ജോലി ചെയുന്ന നോർവീജിയൻ സായിപ്പും ഒന്ന് കയ്യടിച്ചു.
നോർവേയിലെ ഓസ്ലോയിൽ വെച്ചാണ് ലൂസിഫർ ബിഗ് സ്ക്രീനിൽ കാണുന്നത്.കൃത്യമായി പറഞ്ഞാൽ ഒരു വിഷു ദിനം.
ലൂസിഫർ സിനിമ ഇറങ്ങിയിട്ട് ഏതാണ്ട് രണ്ടു വർഷമായി.സഞ്ചാരികൾക്കിടയിൽ ലൂസിഫർ കൊണ്ടുവന്നത് ലൂസിഫർ പള്ളിയാണ്. പഴയ പള്ളിയും ശവക്കോട്ടയും എല്ലാം ലൂസിഫർ സിനിമയുടെ ഓർമ്മകൾ മാഞ്ഞു തുടങ്ങി എങ്കിലും ഇന്നും സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്.
സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽ വന്നപ്പോൾ തന്നെ കൊറോണ എന്ന വില്ലൻ ഇവിടെ അവതരിച്ചു തുടങ്ങിയിരുന്നു.
കൊടും തണുപ്പൊക്കെ മാറി മഞ്ഞിന്റെ പുതപ്പു നീക്കി പ്രതീക്ഷയുടെ പുൽനാമ്പുകൾ പതിയെ വന്നു തുടങ്ങിയ ഏപ്രിൽ മാസത്തിലെ ഒരു വൈകുന്നേരം സൈക്കിളും എടുത്തു പോയത് സ്റ്റോക്ക്ഹോമിലെ ഏറ്റവും പഴയ പള്ളിയായ ബ്രോമ്മ പള്ളിയിലേക്കാണ്. ആളൊഴിഞ്ഞ സ്ഥലത്തു ശവക്കോട്ടക്കു നടുവിലായി പണി കഴിപ്പിച്ചിരിക്കുന്ന ഈ പള്ളി ഏതാണ്ട് എണ്ണൂറ്റി അമ്പതു വർഷത്തെ കഥകൾ നമുക്ക് പറഞ്ഞു തരും..
ബ്രോമാ ചർച്ച് (ബ്രോമ ഷിർക്ക), 1160 – 1170 ഇടയിൽ ആണ് ഇതിന്റെ ആദ്യ ഭാഗം നിർമ്മിച്ചത്. നഗരത്തിന്റെ തിരക്കിൽ നിന്നെല്ലാം മാറി ഗ്രാമീണത തുളുമ്പുന്ന ഒരു പ്രദേശത്ത് ഈ പള്ളി നിലകൊള്ളുന്നു, ഇന്ന് നമ്മൾ കാണുന്ന ഈ പള്ളി പലപ്പോഴായി നിർമ്മിച്ചതാണ്.
ലൂഥറൻ സഭയുടെ അധീനതയിലാണ് പള്ളി പ്രവർത്തിക്കുന്നത്. നമ്മുടെ ലൂസിഫർ സിനിമയിൽ കാണുന്ന പോലത്തെ ഒരു സെറ്റപ്പ് ആണ് പള്ളിക്കു.
ഇന്ന്, ബ്രോമ പള്ളിയിൽ ഏഴ് ഭാഗങ്ങളുണ്ട്. അവയെല്ലാം പല കാലഘട്ടത്തിലാണ് നിർമ്മിച്ചതെങ്കിലും, അതിന്റെതായ ഒരു വ്യത്യാസം പ്രകടമല്ല എന്ന് തന്നെ പറയാം.
ഏറ്റവും അവസാനമായി നടത്തിയ പുതുക്കി പണിയലുകൾ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് 1960 കളിൽ നിർമ്മിച്ചതാണ്. പള്ളിയുടെ മേൽക്കൂര മുഴുവൻ പച്ച ചെമ്പ് കൊണ്ട് മൂടിയിരിക്കുന്നു, ഇത് വെളുത്ത ഭിത്തിയുമായി ചേർന്ന് നിൽക്കുന്നത് കാണുവാൻ തന്നെ അതി മനോഹരമാണ്.
പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇