കാഴ്ചകൾ നുരയുന്ന ഡബ്ലിൻ

Dublin

മനോരമ ട്രാവലർ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചത്

ഡബ്ലിനിലെ ഹ്യുസ്റ്റൻ സ്റ്റേഷനിൽ  ട്രെയിൻ ഇറങ്ങി. ഒരുകാലത്തു വൈക്കിങ്ങുകൾ അടിമ ചന്തകൾ നടത്തിയിരുന്ന നഗരം. ഇന്ന് അയർലണ്ടിന്റെ  തലസ്ഥാനം. കോളനിവൽക്കരണവും ഇംഗ്ലീഷ് അധിനിവേശവും മൂലം സ്വന്തം ഭാഷ തന്നെ അടിയറവു വെക്കേണ്ടി വന്ന ജനതയുടെ നാട്. 

കാണാൻ ഏറെയുണ്ട് ഈ ഐറിഷ് നഗരത്തിൽ. രണ്ടോ മൂന്നോ ദിവസങ്ങളിൽ  കണ്ടുതീർക്കാനാവാത്തത്ര കാഴ്ചകൾ ഒളിപ്പിച്ചു വെച്ച നഗരം. റെയിൽവേ സ്റ്റേഷന് വെളിയിൽ സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ചു കളി നടത്തുന്നു. പ്രവചനാതീതമാണ് ഇവിടുത്തെ കാലാവസ്ഥ. തെളിഞ്ഞ ആകാശം മഴ മേഘങ്ങൾക്ക് വഴിമാറാൻ നിമിഷങ്ങൾ മതി. കാണാനുള്ള കാഴ്ചകളുടെ ലിസ്റ്റും കയ്യിലെടുത്തു  ലീഫി നദിയുടെ കരയിലെ ഡബ്ലിൻ കാഴ്ചകളിലേക്ക് നടന്നു.

ഹാപ്പനി ബ്രിഡ്ജ്. 

പേര് കേൾക്കുമ്പോൾ എന്തൊക്കെയോ ഹാപ്പെൻ ചെയ്യുന്ന  ഇടമാണെന്നു തോന്നിയാൽ തെറ്റി. ഡബ്ലിനിലെ മികച്ച പത്തു കാഴ്ചകളിൽ ഇടം പിടിച്ച ഒന്നാണിത്. 

 പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഡബ്ലിനിലെ ലീഫി നദിയുടെ കുറുകെ കടക്കണം എങ്കിൽ പണം കൊടുത്തു ബോട്ട്  യാത്ര ചെയ്യണമായിരുന്നു. അതിനൊരു അന്ത്യം കുറിച്ചത് 1816ൽ ഈ പാലത്തിന്റെ നിർമ്മാണത്തോടുകൂടിയാണ് . അര പൈസ ( ഹാഫ് പെനി ) ആയിരുന്നു പാലം കടക്കുന്നതിനുള്ള ആദ്യകാല ടിക്കറ്റ് നിരക്ക്.

കാല ക്രമേണ ഹാഫ് പെനി പിന്നീട് ഒന്നര പെനി വരെ ആയെങ്കിലും പാലത്തിന് പേര് ഹാഫ് പെനി ബ്രിഡ്ജ് എന്ന് തുടർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാലത്തിലൂടെയുള്ള യാത്ര സൗജന്യമാക്കി.പിന്നീട്  ഹാഫ് പെനി ലോപിച്ചു “ഹാപ്പനി ബ്രിഡ്ജ്” ആയി എന്നത് രസകരമായ കഥ. യഥാർത്ഥത്തിൽ പാലത്തിന്റെ പേര് ലീഫി റിവർ ബ്രിഡ്ജ് എന്നാണ് .പാലം കാണാൻ വരുന്ന വിനോദ സഞ്ചാരികളുടെ തിക്കും തിരക്കുമാണ് പാലത്തിൽ. ചിത്രങ്ങൾ എടുക്കാൻ തിരക്ക് കൂട്ടുന്നവരാണ്‌   ഏറെയും. ചിത്രങ്ങൾ പകർത്തി മുന്നോട്ട് നീങ്ങി.

ടെമ്പിൾ ബാർ 

ഡബ്ലിനിലെ ബൊഹീമിയൻ ക്വാർട്ടർ എന്നാണ് ടെമ്പിൾ ബാർ ഡിസ്ട്രിക്ട്  അറിയപ്പെടുന്നത്. ലിഫി നദിയുടെ തെക്കേകരയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു കാലത്ത് ചതുപ്പുനിലമായിരുന്നു. ഇന്ന് സദാ സമയവും ഐറിഷ് പാട്ടുകളും നൃത്തങ്ങളും ആഘോഷങ്ങളും കൊണ്ട് മുഖരിതമാണ് ഈ തെരുവ്. ബിയറുകളും ഐറിഷ് ഭക്ഷണങ്ങളും  കൊണ്ട് സഞ്ചാരികളെ ത്രസിപ്പിക്കുന്ന ഒരിടം. തെരുവിലെ ഏറ്റവും പ്രധാന പബ്ബാണ്  ടെമ്പിൾ ബാർ.

 മഴ മേഘങ്ങളെ ഡബ്ലിനിൽ തന്നെ പിടിച്ചുനിർത്തിയിട്ടു കാറ്റു എങ്ങോട്ടോ പോയ് മറഞ്ഞു . ചാറ്റൽ മഴയെ വകവെക്കാതെ നേരെ പോയത് ടെമ്പിൾ ബാറിന്റെ കാഴ്ചകൾ കാണുവാനാണ്. ചുവന്ന ചായത്തിൽ മുക്കി പൂക്കൾ കൊണ്ട് അലങ്കരിച്ച കെട്ടിടം കാണാൻ തന്നെ ചന്തമാണ്‌. ടൂറിസ്റ്റുകളെ മാത്രം ലക്ഷ്യം വെക്കുന്ന ഒരിടം. അന്തരീക്ഷത്തിൽ എങ്ങും ഹോപ്പ്സിന്റെയും ബാർലിയുടെയും  ഗന്ധം  തങ്ങി നിൽക്കുന്നു. ടെമ്പിൾ ബാറിനകത്തേക്കു കയറി. ഗിറ്റാർ  തന്ത്രികളിൽ  ആസ്വാദകരെ പിടിച്ചിരുത്തുന്ന മാസ്മര സംഗീതം അന്തരീക്ഷത്തിൽ അലയടിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിൽ വില്യം ടെംപിൾ എന്നൊരാളുടെ വീട് നില നിന്നിരുന്ന സ്ഥലത്താണ് ഇന്നത്തെ ടെമ്പിൾ ബാർ സ്ഥിതി ചെയുന്നത്. പതിനേഴാം നൂറ്റാണ്ടു മുതലുള്ള ചരിത്രം പേറുന്ന ഇവിടം ഇന്ന് ഡബ്ലിൻ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ്.

ടെമ്പിൾ ഡിസ്ട്രിക്ടിൽ അനേകം ബാറുകളും പബ്ബുകളും ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടെമ്പിൾ ബാർ തന്നെയാണ്. സൂചി കുത്താൻ ഇടമില്ലാത്ത അത്രയും ആളുകൾ ടെമ്പിൾ ബാറിൽ ഇടംപിടിച്ചിട്ടുണ്ട്. ഇരിക്കാൻ സ്ഥലം കിട്ടാത്തവർ ലൈവ് സംഗീതവും ആസ്വദിച്ചു നിന്ന് ബിയർ നുണയുന്നു. ഏറ്റവും കൂടുതൽ സമയം ഗിറ്റാർ വായിച്ചതിനുള്ള ഗിന്നസ് പുരസ്‌കാരം നേടിയതും ടെമ്പിൾ ബാറിലെ ഗിറ്റാറിസ്റ്റ് ആണ്. അത്രയ്ക്ക് പ്രാധാന്യമാണ് സംഗീതത്തിന് ഇവിടെ. 

സെയിന്റ് പാട്രിക്ക് കത്തീഡ്രൽ 

ഐറിഷുകാരനായ ജോനാഥൻ സ്വിഫ്റ്റിനെ പറ്റി കേൾക്കുന്നത് ഗളിവറുടെ യാത്രകളിൽ കൂടിയാണ്. ഗളിവർ എന്ന മനുഷ്യൻ തകർന്ന കപ്പലിൽ നിന്ന് രക്ഷപെട്ട് ലില്ലിപ്പൂട്ട് എന്ന കുഞ്ഞന്മാരുടെ ദ്വീപിൽ എത്തിയ കഥ അത്രയേറെ ത്രസിപ്പിച്ചിട്ടുണ്ട്. 1700-കളിൽ ജോനാഥൻ സ്വിഫ്റ്റ് ഡബ്ലിനിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിന്റെ ഡീൻ ആയിരുന്നു. ഡബ്ലിൻ സന്ദർശന വേളയിൽ ജോനാഥൻ സ്വിഫ്റ്റിന്റെ ശവകുടീരം സന്ദര്ശിക്കേണം എന്ന് മനസ്സിൽ കുറിച്ചിട്ടിരുന്നു. അങ്ങോട്ടേക്കാണ് ഇനി പോകുന്നത്.

800 വർഷത്തിലേറെയായി അയർലണ്ടിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഡബ്ലിനിലെ  സെന്റ് പാട്രിക്സ് കത്തീഡ്രൽ. ഒൻപതു യൂറോ പ്രവേശന ഫീസ് കൊടുത്തു കത്തീഡ്രലിന്റെ അകത്തേക്ക് കയറി. അയർലണ്ടിലെ ചരിത്ര ദേവാലയം കാണുവാൻ എന്നെ കൂടാതെ ധാരാളം സഞ്ചാരികൾ അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു ചിലർ ഒറ്റക്കും മറ്റു ചിലർ കൂട്ടമായിട്ടുമാണ് എത്തിയിട്ടുള്ളത് .അയർലണ്ടിന്റെ രക്ഷകൻ എന്ന് പറയപ്പെടുന്ന സെയിന്റ് പാട്രിക്കിന്റെ ബഹുമാനാർത്ഥം 1220 നും 1260 നും ഇടയിൽ നിർമ്മിച്ച കത്തീഡ്രൽ മധ്യകാലത്തിൽ നിന്ന് അവശേഷിക്കുന്ന ചുരുക്കം ചില കെട്ടിടങ്ങളിൽ ഒന്നാണ്. ഗംഭീരമായ വാസ്തു വിദ്യ ഒറ്റനോട്ടത്തിൽ തന്നെ കണ്ണിലുടക്കി. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ഉള്ള ഫ്ലോർ ടൈലുകൾ ഇന്നും നമുക്കിവിടെ കാണുവാൻ സാധിക്കും.1500 വർഷങ്ങൾക്ക് മുമ്പ് സെന്റ് പാട്രിക് ക്രിസ്ത്യാനികളെ സ്നാനപ്പെടുത്തിയതായി പറയപ്പെടുന്നു.അതിന്റെ ഓർമ്മ പുതുക്കുന്ന കുരിശടയാളങ്ങൾ ദേവാലയത്തിൽ കാണാം . ചർച്ച് ഓഫ് അയർലണ്ടിന്റെ ദേശീയ കത്തീഡ്രലും രാജ്യത്തെ ഏറ്റവും വലിയ കത്തീഡ്രലുമാണിത്. 

ഞാൻ തിരഞ്ഞത് ജോനാഥൻ സ്വിഫ്റ്റിന്റെയും എസ്ഥേർ ജോൺസന്റെയും ശവകുടീരങ്ങളാണ്.ചില നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജോനാഥൻ സ്വിഫ്റ്റിന്റെ ശവകൂടീരത്തിന്റെ തനതായ ഭംഗി ഒപ്പിയെടുക്കാൻ സാധിക്കാഞ്ഞത് അല്പം  നിരാശയുളവാക്കി.

കത്തീഡ്രലിൽ നിന്നിറങ്ങി ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം ഡബ്ലിൻ കോട്ടയുടെ കാഴ്ചകൾക്കായി നടന്നു. മഴ മേഘങ്ങളെയും കൂട്ടി കാറ്റു എങ്ങോട്ടോ പോയ് മറഞ്ഞു. ഡബ്ലിൻ നഗരം സൂര്യപ്രകാശത്തിൽ തിളങ്ങി.

ഡബ്ലിൻ കോട്ട 

700 വർഷത്തിലേറെയായി അയർലണ്ടിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ശക്തികേന്ദ്രമായിരുന്നു ഈ കോട്ട.ഡബ്ലിൻ കാസിൽ  1204-ൽ ഒരു മധ്യകാല കോട്ടയായി നിർമ്മിച്ചതാണ്. ഇരുപതാം നൂറ്റാണ്ടിൽ അയർലൻഡ് സ്വാതന്ത്രമാകുന്നത് വരെ ബ്രിട്ടീഷ് കിരീടത്തിന്റെ പ്രതിനിധിയുടെ വസതിയായിരുന്നു ഈ കോട്ട. സമയ പരിമിതിമൂലം കോട്ടയുടെ ഗൈഡഡ് ടൂറിനു പോകാൻ കഴിഞ്ഞില്ല  എങ്കിലും രണ്ടു ദിവസംകൊണ്ടു ഡബ്ലിൻ കാണുക എന്നത് ശ്രമകരമായ ജോലി തന്നെ ആയിരുന്നു. ഡബ്ലിനിലെ ആദ്യ ദിവസ കാഴ്ചകൾക്ക് വിരാമം ഇടുന്നതിനു മുൻപായിട്ടു പോയത് വൈറ്റ് ഫെയറർ സ്ട്രീറ്റിലെ പള്ളിയിലേക്കാണ്.

പ്രണയത്തിന്റെ  വിശുദ്ധനെ തേടി

ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ ഫെബ്രുവരി മാസം പതിനാലാം തീയതി പ്രണയ ദിനം കൊണ്ടാടാറുണ്ട്. പ്രണയിക്കുന്നവരുടെ വിശുദ്ധനായ സെയിന്റ് വാലന്റൈന്റെ ഓർമ്മക്കായിട്ടാണ് ലോകമെമ്പാടും പ്രണയദിനം ആഘോഷിക്കുന്നത്. അയര്ലണ്ടിനും സെയിന്റ് വാലെന്റൈനും തമ്മിൽ ഒരു ബന്ധമുണ്ട്. പ്രണയിക്കുന്നവരുടെ വിശുദ്ധന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത് ഡബ്ലിനിലെ വൈറ്റ് ഫെയറർ തെരുവിലെ പള്ളിയിലാണ്.  പ്രണയിതാക്കളുടെ പുണ്യാളന്റെ തിരുശേഷിപ്പിൽ ഒരുപിടി പ്രണയപുഷ്പങ്ങൾ അർപ്പിച്ചു ആദ്യ ദിവസത്തെ ഡബ്ലിൻ കാഴ്ചകൾക്ക് വിരാമമിട്ടു.

ഐറിഷ് വിസ്കിയുടെ ചരിത്രം തേടി 

ആകാംക്ഷയോടെയാണ് രണ്ടാം ദിവസത്തെ വരവേറ്റത്. പതിവുപോലെ മഴചാറ്റലുകൾ നിറഞ്ഞ പ്രഭാതം. നേരെ പോയത് ജെയിംസൺ ഡിസ്റ്റിലറിയുടെ കാഴ്ചകൾ കാണുവാനാണ്. 1780ൽ സ്കോട്ലൻഡ് കാരനായ ജോൺ ജെയിംസൺ സ്ഥാപിച്ച ഈ ഡിസ്റ്റിലറി ഇന്നും ഐറിഷ് വിസ്കിയുടെ സ്മാരകമായി നിലകൊള്ളുന്നു. ഇന്ന് വിസ്‌ക്കി നിർമ്മാണം കോർക്ക് എന്ന പട്ടണത്തിലേക്കു മാറ്റി . ഡബ്ലിൻ സന്ദർശിക്കുന്ന സഞ്ചാരികളുടെ ഇഷ്ട കാഴ്ചയാണ് മുൻപ്  ഡിസ്റ്റിലറിയായി  പ്രവർത്തിച്ചിരുന്ന ബോ സ്ട്രീറ്റിലെ ഈ കെട്ടിടം. 

പത്തു മണിക്ക് തുടങ്ങുന്ന ഗൈഡഡ് ടൂർ ആണ് ലക്ഷ്യം. കല്ലുകൾ പാകിയ തെരുവിലൂടെ ജെയിംസൺ ഡിസ്റ്റിലറി ലക്ഷ്യമാക്കി ഞാൻ നടന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ ആകാംഷയോടെ ജെയിംസൺ വാതിലുകൾ തങ്ങൾക്കായി  തുറക്കുന്നതും കാത്തു നിൽപ്പുണ്ട്. ഞാനും ആ കാത്തിരിപ്പിന്റെ ഭാഗമായി. വാതിൽ തുറന്നതും അകത്തേക്ക് കയറി മുപ്പതു യൂറോ കൊടുത്തു ടിക്കറ്റ് വാങ്ങി. ഇരുനൂറു വർഷങ്ങൾ പഴക്കമുള്ള ഫാക്ടറി അതി ഗംഭീരമായി ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആക്കി മാറിയിരിക്കുന്ന സായിപ്പിന്റെ ബുദ്ധിയെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. കൃത്യം പത്തു മണിക്ക് തന്നെ ടൂർ ആരംഭിച്ചു. ഡിജിറ്റൽ സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ചുകൊണ്ട് ഞങ്ങളുടെ ടൂർ ഗൈഡ് കഥ പറച്ചിൽ ആരംഭിച്ചു.  

ഗംഭീരമായ ദൃശ്യ ശ്രവണ മാർഗങ്ങൾ ഉപയോഗിച്ച് ഗൈഡ് ജെയിംസൺ ഡിസ്റ്റിലറിയുടെയും വിസ്‌ക്കി നിർമ്മാണത്തിന്റെയും കെട്ടഴിച്ചു. ആദ്യ ഭാഗം കഴിഞ്ഞതിനു ശേഷം വിസ്‌ക്കി ടെസ്റ്റിങ് റൂമിലേക്കാണ് ഗൈഡ് ഞങ്ങളെ ആനയിച്ചത്. അമേരിക്കയിൽ നിന്നും കാനഡ ,സൗത്ത് ആഫ്രിക്ക, മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വന്ന സഞ്ചാരികൾ ഗൈഡിന്റെ കഥ പറച്ചിലിൽ പൂർണമായും  മുഴുകി കഴിഞ്ഞിരുന്നു. മൂന്നു തവണ ഡിസ്റ്റിൽ ചെയുന്ന വിസ്‌ക്കി ചുരുങ്ങിയത് മൂന്ന് വര്ഷം പഴക്കമുള്ളതാണ്. 

ഓരോ വർഷവും ഏതാണ്ട് രണ്ടു ശതമാനത്തോളം വിസ്‌ക്കി നീരാവിയായി പോകുന്നു. അതിനെ ഞങ്ങൾ “മാലാഖമാരുടെ പങ്ക് “എന്നാണ് വിളിക്കുന്നത് എന്ന് ഗൈഡ് പറഞ്ഞപ്പോൾ ചിരി പടർന്നു. മാലാഖമാരുടെ പങ്കു കൂടുന്തോറും വിസ്കിയുടെ ക്വാളിറ്റി കൂടും എന്നാണ് ഗൈഡിന്റെ ഭാഷ്യം.

ഇരുട്ടുള്ള ടെസ്റ്റിംഗ് റൂമിൽ കുഞ്ഞൻ ചില്ലുഗ്ലാസ്സിൽ ഓരോരുത്തർക്കും മൂന്നുതരം വിസ്‌ക്കി വെച്ചിട്ടുണ്ട് . വാ തുറന്നു പിടിച്ചു മൂക്കിലൂടെ വിസ്‌ക്കി ശ്വസിക്കാൻ ആണ് ഗൈഡിന്റെ നിർദേശം. പാശ്ചാത്യർ മദ്യം കഴിക്കുന്നത് പ്രത്യേക രീതിയിലാണ് എന്ന് കേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ച് അതൊരു പുതിയ അനുഭവം ആയിരുന്നു. ടൂർ തുടങ്ങിയിട്ട് നാൽപ്പത്തിയഞ്ച് മിനിറ്റ് ആയിരിക്കുന്നു .ടെസ്റ്റിംഗ് സെഷൻ കഴിഞ്ഞു എല്ലാ സഞ്ചാരികൾക്കും നന്ദി പ്രകാശിപ്പിച്ചു.ഗൈഡ് അടുത്ത ഗൈഡഡ് ടൂറിനായി പോയി.

ജെയിംസൺ വിസ്‌കിയുടെ ചരിത്ര പഠനത്തിന് ശേഷം താല്പര്യമുള്ളവർക്ക് സുവനീറുകൾ വാങ്ങുവാനുള്ള അവസരം ഉണ്ടായിരുന്നു. ജെയിംസൺ ലോഗോ പതിപ്പിച്ച തുണിത്തരങ്ങൾ മുതൽ മുന്തിയ ഇനം ലിമിറ്റഡ് എഡിഷൻ വിസ്കിയും വിൽപ്പനക്കായി വെച്ചിട്ടുണ്ടായിരുന്നു. ഏതാണ്ട് അഞ്ചു ലക്ഷം രൂപ വിലവരുന്ന വിസ്‌ക്കി ആയിരുന്നു അതിലേ പ്രധാന താരം. വില കണ്ടു ഭയന്ന എനിക്ക്  അതിൽ ഒന്ന് തൊടുവാൻ പോലും ധൈര്യം വന്നില്ല. ജെയിംസൺ ടൂർ കഴിഞ്ഞു പുറത്തേക്കിറങ്ങിയ എല്ലാവര്ക്കും ജെയിംസൺ വക ഒരു കോക്ക്ടെയിൽ കൂടി ഉണ്ടായിരുന്നു. കോക്ക്ടെയിലും വാങ്ങി ജെയിംസൺ ഡിസ്റ്റിലറി കഥകളും മനസ്സിൽ ആലോചിച്ചു ട്രിനിറ്റി കോളേജ് ലക്ഷ്യമാക്കി നീങ്ങി.

ട്രിനിറ്റി കോളേജ് 

ഒരു കോളേജ് ക്യാമ്പസിലേക്കു എന്തിനാണ് സഞ്ചാരികൾ എല്ലാം ഇടിച്ചു കയറുന്നത് എന്ന ചോദ്യം എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു വന്നിരുന്നു. ട്രിനിറ്റി കോളേജിന്റെ ക്യാമ്പസ് കണ്ടു കഴിഞ്ഞപ്പോൾ ആ ചോദ്യം തന്നെ അലിഞ്ഞില്ലാതെയായി.

വാസ്തുവിദ്യയുടെ ഒരു മാസ്റ്റർപീസ് ആണ് ഈ കലാലയം. 1798-ലെ ചാപ്പൽ, അതിന്റെ മനോഹരമായ ജനാലകൾ, ഏകദേശം 1690ൽ ചുവന്ന ഇഷ്ടികകൊണ്ട് നിർമ്മിച്ച റൂബ്രിക്സ് കെട്ടിടം എന്നിവയെല്ലാം ചരിത്രത്തിന്റെ ഗന്ധം പേറുന്ന നിർമ്മിതികളാണ്. 1592-ൽ അയർലൻഡ് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ എലിസബത്ത് രാജ്ഞിയാണ് ഈ കോളേജ് സ്ഥാപിച്ചത്. നൂറ്റാണ്ടുകൾക്കിപ്പറവും പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന കലാലയങ്ങളിൽ ഒന്ന്. ഈ കലാലയത്തിന്റെ നടുത്തളത്തിൽ എങ്ങും ചിത്രങ്ങൾ പകർത്തുന്ന സഞ്ചാരികളുടെ തിരക്കാണ്. 

രണ്ടു കാഴ്ചകൾ ആണ് ഇവിടെ സഞ്ചാരികളെകാത്തിരിക്കുന്നത് ഒന്ന് കലാലയത്തിന്റെ ഗൈഡഡ് ടൂർ ,രണ്ടു ബുക്ക്സ് ഓഫ് കെൽസ്. 

 സമയ പരിമിതിമൂലം ഞാൻ ബുക്ക്സ് ഓഫ് കെൽസ് ടൂർ മാത്രമാണ് അജണ്ടയിൽ. വർഷം തോറും അര ദശലക്ഷത്തിലധികം സന്ദർശകർ ഈ ബുക്ക് കാണുവാനായി ട്രിനിറ്റി കോളേജിലെ ക്യൂവിൽ നിൽക്കുന്നുണ്ട്.

മുൻപേ കൂട്ടി ബുക്ചെയ്തിരുന്ന ബുക്ക്സ് ഓഫ് കെൽസ് ടൂറിന് ടിക്കറ്റ് പരിശോധന കഴിഞ്ഞു ഞാനകത്തേക്കു കയറി. തുടക്കത്തിൽ വരവേറ്റത് ബുക്ക് ഓഫ് കെൽസ് ചരിത്രം ഒരു എസ്‌സിബിഷനിലൂടെ പറയുന്ന മുറിയാണ്. 

ഇനിയല്പം ബുക്ക് ഓഫ് കെൽസ് ചരിത്രം.

സ്‌കോട്ട്‌ലൻഡിന്റെ തീരത്തുള്ള വിദൂര ദ്വീപാണ്   അയോണ. അവിടുത്തെ സെന്റ് കോൾമസിൽ മൊണാസ്ട്രിയിലെ സന്യാസിമാർ AD 800-നടുത്താണ് ഈ പുസ്തകങ്ങൾ സൃഷ്ടിച്ചതെന്ന് കരുതപ്പെടുന്നു.വൈക്കിംഗുകളെ ഭയന്ന് സന്യാസിമാർ  ബൂക്കുമായി കൗണ്ടി മീത്തിലെ കെൽസിലേക്ക് പലായനം ചെയ്തതായിട്ടു കരുതപെടുന്നു. 1007-ൽ ഇത് മോഷ്ടിക്കപ്പെട്ടു, പിന്നീട് മൂന്ന് മാസത്തിന് ശേഷം വീണ്ടും കണ്ടെത്തി ഭൂമിക്കടിയിൽ കുഴിച്ചിട്ടു.സുരക്ഷിതമായ ഇടം എന്ന നിലക്ക്  ബുക്ക് ഓഫ് കെൽസ് 1654-ൽ ട്രിനിറ്റി കോളേജിലേക്ക് കൊണ്ടുവന്നു.

ബൈബിളിലെ പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളുടെ കൈയെഴുത്തുപ്രതിയാണ് ബുക്ക് ഓഫ് കെൽസ്.നിർഭാഗ്യവശാൽ, ഇവിടെ കുറച്ച് പേജുകൾ മാത്രമേ പ്രദര്ശിപ്പിച്ചിട്ടുള്ളു.ഫോട്ടോഗ്രാഫി വിഡിയോഗ്രഫി എല്ലാം നിഷിദ്ധമായ ഒരു ഇരുട്ട് മുറിയിലാണ് ഇത് പ്രദര്ശിപ്പിച്ചിട്ടുള്ളത്. 

ബുക്ക് ഓഫ് കെൽസ് കണ്ടതിനു ശേഷം ഞാൻ  എത്തിയത്  ട്രിനിറ്റി കോളേജ് ലൈബ്രറിയുടെ പ്രസിദ്ധമായ ലോങ്ങ് റൂമിലേക്കാണ്. ചരിത്ര പ്രാധാന്യമേറിയ  അപൂർവ്വങ്ങളിൽ അപ്പൂർവ്വമായ  200,000 ബുക്കുകൾ സൂക്ഷിച്ചിരിക്കുന്ന ഒരിടമാണ് ലൈബ്രറിയിലെ ലോങ്ങ് റൂം. ഫോട്ടോഗ്രാഫി താല്പര്യം ഉള്ളവരുടെ ഇഷ്ട ലൊക്കേഷൻ ആണ് ഇവിടം.

ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ജോനാഥൻ സ്വിഫ്റ്റിന്റെയും , ഷേക്സ്പിയർ, അരിസ്റ്റോട്ടിൽ, വുൾഫ് ടോൺ എന്നിവരുടെയും മാർബിൾ ശില്പങ്ങളും ഈ ലോങ്ങ് റൂമിന്റെ പ്രത്യേകതയാണ്. 

ട്രിനിറ്റി കോളേജ് സന്ദർശനത്തിന്റെ ഓർമ്മക്കായിട്ടു ഒരു സുവനീറും വാങ്ങി ഞാൻ ഈ ചരിത്ര കലാലയത്തോടു വിട പറഞ്ഞു.

ഗിന്നസ്സ് സ്റ്റോർ ഹൌസ്

മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ മദ്യങ്ങളുടെ കൂട്ടത്തില്‍ ബിയറുണ്ട്. ബി.സി 4300 വരെ പുറകിലേക്കു നീണ്ടു കിടക്കുന്ന ചരിത്രം ബിയറിനുണ്ട് എന്ന് പറയപ്പെടുന്നു. ബിയറിന്റെ ചരിത്രം തിരഞ്ഞു പോയാല്‍ മെസപ്പൊട്ടോമിയന്‍ കാലത്തേക്കു വരെ നമ്മളെത്തും.

അയർലണ്ടിനും സ്വന്തമായി ഒരു ബിയർ നിർമ്മാണ ശാലയുണ്ട്. അതിന്റെ കഥകൾ തേടി പോകുന്നത് ഗിന്നസ് സ്റ്റോർ ഹൗസിലേക്കാണ്. 1759ൽ ആർതർ ഗിന്നസ് എന്ന ഐറിഷുകാരൻ സെയിന്റ് ജെയിംസ് ഗേറ്റിൽ  തുടങ്ങിയ ബിയർ നിർമ്മാണ ശാലയിൽ നിന്നാണ് ലോകപ്രശസ്തമായ ഗിന്നസ് ബിയറിന്റെ തുടക്കം.

ട്രിനിറ്റി കോളേജിൽ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റർ നടത്തമുണ്ട് ഗിന്നസ് ബിയർ നിർമ്മാണ ശാലയിലേക്ക്.ആദ്യ കാലങ്ങളിൽ 9000 വർഷത്തെ പാട്ടത്തിനു എടുത്ത ഈ സ്ഥലം പിന്നീട് ആർതർ ഗിന്നസ് സ്വന്തമായി വാങ്ങുകയുണ്ടായി. അയർലണ്ടിലെ ഏറ്റവും വലിയ ബിയർ നിർമ്മാതാക്കളായ ഗിന്നസിനു ഇന്ന് നാല്പത്തി ഒൻപതു രാജ്യങ്ങളിൽ ഉല്പാദനവും 150 രാജ്യങ്ങളിൽ വിൽപ്പനയും ഉണ്ട്. ഗിന്നസിസ് സ്റ്റോർ ഹൗസിൽ ടിക്കറ്റ് ചെക്ക് ചെയ്തു അകത്തേക്ക് കയറിയപ്പോൾ അവിടെ ഒരു പൂരത്തിനുള്ള ആളുണ്ട്. ബാച്ച് ബാച്ചായി ആളുകളെ അകത്തേക്ക് കയറ്റുന്നു. ടൂറിനായിട്ടു ഗൈഡ് ഒന്നും തന്നെ ഇല്ല . ഏഴു നിലകളിലായി പടർന്നു കിടക്കുന്ന ഒരു സംവേദനാത്മകമായ എക്സിബിഷൻ ആണ് പ്രധാനമായിട്ട് ഗിന്നസിൽ ഉള്ളത്. ബിയർ നിർമ്മാണത്തിന്റെ ഓരോ സ്റ്റേജും വിവരിക്കുന്നതിനോടൊപ്പം ഗിന്നസ് ബിയറിന്റെ ചരിത്രത്തിലൂടെ നമ്മളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഒരിടം. ഒരു ദിവസം പത്തുലക്ഷം ഗ്ലാസ് ഗിന്നസ് ബിയർ ലോകമാകമാനം വിൽക്കപ്പെടുന്നു എന്ന് കെട്ടപ്പോൾ ഞാൻ സ്തംഭിച്ചു പോയി.

ഗിന്നസ് സ്റ്റോർ ഹൗസിലേക്ക് പ്രവേശനത്തിന് മുപ്പതു യൂറോ ആണ് പ്രവേശന ഫീസ്. ഓൺലൈൻ എടുക്കുമ്പോൾ  തിരക്കിനനുസരിച്ചു തുകയിൽ അല്പം മാറ്റംവരാം. ഏഴാം നിലയിൽ ഗിന്നസ് ബിയർ ടേസ്റ്റ് ചെയ്യുന്നതിനോടൊപ്പം നമുക്ക് ഡബ്ലിൻ പട്ടണത്തിന്റെ ഒരു ഹെലികോപ്റ്റർ കാഴ്ച്ച കൂടി ബോണസ് ആയി ലഭിക്കും.

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്  ഗിന്നസ് ബിയറിന്റെ മാനേജിങ് ഡയറക്ടർ ആയിരുന്ന സർ ഹ്യു ബീവറിന്റെ തലയിൽ 1951ൽ ഉരുത്തിരിഞ്ഞ ആശയം ആയിരുന്നു എന്നത് എന്നെ സംബന്ധിച്ച് പുതിയൊരു അറിവായിരുന്നു.   

ഗിന്നസ് സ്റ്റോർ ഹൗസിന്റെ കാഴ്ചകളും ആസ്വദിച്ചു ഞാൻ പുറത്തേക്കിറങ്ങി. കാഴ്ചകളുടെ പറുദീസയാണ് ഡബ്ലിൻ.കൊളോണിയലിസത്തിന്റെ ഓർമ്മകളിൽ ജീവിക്കുന്ന മനുഷ്യരുടെ നാട്. ഗംഭീരമായ പുൽ മേടുകളും അരുവികളും നദികളും കൊണ്ട് സമ്പുഷ്ടമായ നാട്. ഇനിയും ഒരിക്കൽ കൂടി ഇവിടേയ്ക്ക് വരണം. . കണ്ടാലും കണ്ടാലും മതി വരാത്ത ഐറിഷ് കാഴ്ചകൾക്ക് തൽക്കാലം ഫുൾ സ്റ്റോപ്പിട്ടു ഞാൻ തിരികെ പോകാനുള്ള തീവണ്ടിയിൽ ഇടം പിടിച്ചു.