Pompei
പോംപെയിലെ ദാവൂദ്
ഇറ്റലിയിലെ പോംപെ , പൗരാണീക നഗരത്തിന്റെ തിരുശേഷിപ്പുകൾ പേറുന്നയിടമാണ്. അവിടുത്തെ കത്തീഡ്രൽ കണ്ടു പുണ്യാളനോട് പ്രാർത്ഥിച്ചു പുറത്തേക്കിറങ്ങിയപ്പോളാണ് പിന്നിൽ നിന്നൊരു.
ബ്രദർ ..!! വിളി
ങേ ഇനി പുണ്യാളൻ എങ്ങാനുമാണോ ?
നീയെന്റെ പ്രാർത്ഥന ഇത്രവേഗം കേട്ടോ എന്ന് ചിന്തിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചുകൊണ്ടൊരു മനുഷ്യൻ. മാല വള ബെൽറ്റ് വല്ലതും വേണോ എന്ന് ചോദിച്ചുകൊണ്ട് എന്റെ കൂടെ കൂടി
പരിചയപ്പെട്ടപ്പോൾ മനസിലായത് ,സെനഗലിൽ നിന്നും ഇറ്റലി വന്നു ചില്ലറ കച്ചവടവുമായി ജീവിക്കുന്ന ദാവൂദ് ആയിരുന്നു അല്പനേരത്തേക്കെങ്കിലും പുണ്യാളൻ ആയത്.
ഒരു കാലത്തു ഫ്രാൻസിന്റെ കോളനി ആയിരുന്നു സെനഗൽ. പലർക്കും ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യുവാനറിയാം. പട്ടിണികൊണ്ടു വീർപ്പുമുട്ടുന്ന നാട്. ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിൽ 170 റാങ്കിലുള്ള അവിടെനിന്നുള്ള ധാരാളം ആളുകളെ നെപ്പോളി പ്രദേശത്തു കാണുവാൻ കഴിയും.ചിലർ പാട്ടുപാടി ഉപജീവനം നടത്തുന്നവർ ,മറ്റു ചിലർ ദാവൂദിനെപ്പോലെ ടൂറിസ്റ്റുകൾക്ക് ചില്ലറ സാധനങ്ങൾ വിറ്റു ജീവിക്കുന്നു. പലരും കടൽമാർഗം ഇറ്റലിയിലേക്ക് നിയമവിരുദ്ധമായി എത്തി പെട്ടവർ.
സെൽഫി എടുത്തു പിരിഞ്ഞു. ദാവൂദ് ബ്രദർ വിളിയുമായി അടുത്ത കസ്റ്റർമറെ തേടി നീങ്ങി . ഞാൻ പോംപെ കാഴ്ചകളിലേക്കും