ചില പാർലെ ജി ഓർമ്മകൾ

Parle g

കോരിചൊരിയുന്ന മഴയത്ത് സ്‌കൂൾ വിട്ട് വീട്ടിലെത്തി മഴത്തുള്ളികളുടെ  താളാത്മകമായ ഈണം ആസ്വദിച്ച്‌ ചൂട് ചായയിൽ പാർലെ ജി ബിസ്ക്കറ്റ് മുക്കി കഴിച്ചിട്ടുണ്ടോ?

ചായയിൽ കുതിർന്ന ബിസ്ക്കറ്റ് കപ്പിനും  ചുണ്ടിനും ഇടയിൽ വീണ അനുഭവം ഉണ്ടായിട്ടുണ്ടോ ?.

ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുൻപുള്ള ചരിത്രം പേറുന്ന ബ്രാൻഡാണ് പാർലെ.

1929-ൽ മുംബൈയിലെ മിഠായി നിർമ്മാതാവായ മോഹൻലാൽ ദയാൽ ചൗഹാനാണ് പാർലെ ഉൽപ്പന്നങ്ങളുടെ പിന്നിൽ. ഒരു ദശാബ്ദത്തിന് ശേഷമാണ് കമ്പനി ഗ്ലൂക്കോസ് ബിസ്‌ക്കറ്റ് നിർമ്മാണത്തിലേക്ക് കടന്നത്.

സ്വാതന്ത്യാനന്തരം ബ്രിട്ടീഷ് ബ്രാൻഡഡ് ബിസ്‌ക്കറ്റുകൾക്ക് പകരം ഇന്ത്യൻ ബദലായി ഗ്ലൂക്കോ ബിസ്‌ക്കറ്റുകൾ പാർലെ അവതരിപ്പിച്ചു.ഭാരതീയർ ആ ക്യാമ്പയിൻ ഏറ്റെടുത്തു.

വർഷങ്ങൾ കടന്നുപോയി. 1980-ൽ, പുതുതായി മാർക്കെറ്റിൽ ഇറങ്ങിയ  നിരവധി ഗ്ലൂക്കോസ് ബിസ്‌ക്കറ്റുകൾക്കിടയിൽ വേറിട്ടുനിൽക്കേണ്ടതിന്റെ  ആവശ്യകത പാർലെ തിരിച്ചറിഞ്ഞു. ‘പാർലെ ഗ്ലൂക്കോ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബിസ്ക്കറ്റ്, പാർലെ ജിയിലേക്ക് പുനർനാമകരണം ചെയ്തു. പുതിയ ബ്രാൻഡ് പ്രചരിപ്പിക്കാൻ രാജ്യവ്യാപകമായി പത്ര ടെലിവിഷൻ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾ അവർ ഉപയോഗിച്ചു.

എൺപതുകൾ വരെ എനർജി ബിസ്ക്കറ്റ് എന്ന് മാർക്കെറ്റ് ചെയ്യപ്പെട്ടിരുന്ന പാർലെ ജി , പിന്നീട് ഇന്ത്യൻ കുടുംബ ബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങൾ പ്രമേയമാക്കിയാണ് പരസ്യങ്ങൾ നിർമ്മിച്ചത്.

1982-ൽ എവറസ്റ്റ് ബ്രാൻഡ് സൊല്യൂഷൻസ് പാർലേക്കായി അണിയിച്ചൊരുക്കിയ  ‘സ്വാദ് ഭാരേ ശക്തി ഭാരേ’ എന്ന പരസ്യചിത്രം കാണാത്തവരായി ആരുമുണ്ടാവില്ല .ദൂരദർശനിലെ പരസ്യത്തിൽ മുത്തശ്ശനും  കൊച്ചുമക്കളും കുടുംബം ഒന്നാകെയും അണിനിരത്തിയതുവഴി പാർലെ ജി ഇന്ത്യൻ കുടുംബത്തിന്റെ ഓരോ വൈകാരിക നിമിഷത്തിന്റെയും ഭാഗമാണെന്ന തോന്നലുണ്ടാക്കാൻ പരസ്യത്തിന് കഴിഞ്ഞു.

1998ൽ ശക്തിമാൻ ദൂരദർശനിൽ കത്തിക്കയറുന്ന കാലം.ശക്തിമാൻ കഥാപാത്രത്തെ പാർലെ ബിസ്‌ക്കറ്റിന്റെ പരസ്യത്തിൽ അവതരിപ്പിച്ചതുവഴി കുട്ടികളുടെയിടയിൽ വലിയൊരു ചലനമുണ്ടാക്കാൻ പാർലെക്‌ കഴിഞ്ഞു.

പാർലെ-ജി ഒരു ബിസ്‌ക്കറ്റ് മാത്രമല്ല; ഓരോ ഇന്ത്യക്കാരന്റെയും , ജീവിതത്തിലെ സന്തോഷങ്ങളുടെ ഓർമ്മപ്പെടുത്തലും സ്നേഹത്തിന്റെ  രുചിയുമാണ്.. ചായക്കപ്പിൽ മുങ്ങി കുതിർന്ന്നു കിടക്കുന്ന പാർലെ ജി ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിൽ ഒന്നാണ്.

എന്താണ് നിങ്ങളുടെ പാർലെ ജി ഓർമ്മകൾ ?..