പഴംപൊരി പുരാണം

banana fry

കേരളത്തിന് വടക്കോട്ട്‌ പഴം പൊരി എന്നും തെക്കോട്ട് ഏത്തക്ക അപ്പം എന്നും അറിയപ്പെടുന്ന പഴംപൊരി അത്ര ചില്ലറക്കാരൻ അല്ല.

പഴംപൊരിയും ബീഫും ഇത്‌വരെ കഴിച്ചിട്ടില്ല എന്ന വിഷമം തീർക്കാൻ ആണ് തൃപ്പൂണിത്തുറ ശ്രീ മുരുകാ കഫെയിൽ ചെന്നത്. കൂടെ ഇരുപത് വർഷങ്ങൾക്ക് മുൻപ് കൂടെ ജോലി ചെയ്തിരുന്ന അനീഷ് ചന്ദ്രനും.

“ആരേ ഭായ് ഏക് പ്ലേറ്റ് പഴംപൊരി ബീഫ് ലാവോ ” എന്ന് പറയാൻ ഹിന്ദി അറിയില്ലേലും ബിരുദം വരെ ഹിന്ദി പഠിച്ചതു ധാരാളം മതിയായിരുന്നു .പറയേണ്ട താമസം , ഒരു പ്ലേറ്റിൽ മൂന്ന് പഴംപൊരിയും ഒരു പ്ലേറ്റ് ബീഫും വന്നതും ഞങ്ങൾ തീറ്റ ആരംഭിച്ചിരുന്നു.

ഈ പഴംപൊരി അത്ര ചില്ലറക്കാരൻ അല്ല എന്നാണ് ചരിത്രം പറയുന്നത്.പഴംപൊരി നമ്മുടെ കോച്ചു കേരളത്തിന് പുറത്തു പല രാജ്യങ്ങളിലും പല പേരിലും അറിയപ്പെടുന്നു.

ബ്രൂണൈയിലെ ഒരു പരമ്പരാഗത ലഘുഭക്ഷണമാണ് വാഴപ്പഴം വറുത്തത്, അവിടെ കുക്കുർ പിസാങ് എന്നാണ് നമ്മുടെ പഴംപൊരിയുടെ ചെല്ലപ്പേര്. ഇനി ഇന്തോനേഷ്യയിലും മലേഷ്യയിലും ചെന്നാൽ പഴംപൊരി എന്ന് പറഞ്ഞാൽ അവർക്കു മനസിലായി എന്ന് വരില്ല. പിസാങ് ഗോറെംഗ് എന്നാണ് മൂപ്പരുടെ അവിടുത്തെ പേര്.

കംബോഡിയയിൽ പുള്ളി അല്പം പരിഷ്കാരി ആണ് . നം ചെക്ക് ചിയെൻ എന്നറിയപ്പെടുന്ന പഴംപൊരി , അരിപ്പൊടി, എള്ള്, മുട്ടയുടെ വെള്ള, തേങ്ങാപ്പാൽ എന്നിവയുടെ ഉടുപ്പും ഇട്ടാണ് എണ്ണയിലേക്ക് ചാടുന്നത്. എണ്ണയിൽ കിടന്നു മൊരിഞ്ഞു 916 സ്വർണ്ണത്തിന്റെ നിറം ആകുമ്പോൾ കക്ഷി തീൻമേശയിലെ പാത്രത്തിലേക്ക് ചാടിക്കയറും.

തായ്‌ലൻഡിൽ ക്ലൂവായ് ഖേക് അല്ലെങ്കിൽ ക്ലുവായ് തോഡ് എന്നപേരിൽ മാവിൽ മുക്കി വറുത്തെടുക്കുന്ന പഴംപൊരി ഒരു സ്ട്രീറ്റ് ഫുഡ് ആണ്.വിയറ്റ്നാമിൽ, വാഴപ്പഴം വറുത്തതിനെ chuối chiên എന്ന് വിളിക്കുന്നു. വറുത്തെടുത്ത വാഴപ്പഴം റമ്മിൽ മുക്കി കത്തിച്ചു കൂടുതൽ മൊരിയിപ്പിച്ചാണ് അവർ അകത്താക്കുന്നത്.

നമ്മുടെ നാട്ടിൽ സോഷ്യൽ മീഡിയ വഴി പ്രചാരം ലഭിച്ചതാണ് പഴംപൊരി ബീഫ് കോമ്പിനേഷൻ. കിലോ കണക്കിന് എത്തപഴത്തിൽ നിന്നും പഴംപൊരി ഉണ്ടാക്കി ബീഫ് കോംബോ വിൽക്കുന്ന അനേകം കടകൾ ഇന്ന് കേരളത്തിൽ കാണാം. വേണമെങ്കിൽ വിയറ്റ്നാം കാരെ പോലെ റമ്മിൽ മുക്കി കത്തിച്ചു അതിലൊരു വെറൈറ്റി പരീക്ഷിക്കാവുന്നതാണ്.

ഇപ്പോൾ മനസിലായില്ലേ നമ്മൾ ചില്ലറക്കാരൻ എന്ന് പറയുന്ന പഴംപൊരി ഒരു അന്തർദേശീയ പ്രമുഖൻ ആണെന്ന് ?