poznan stories – 1
പോസ്നാൻ – പോസ്സില്ലാത്ത ആളുകളുടെ നാട്
വിമാനത്തിലെ പെൺകുട്ടി വിമാനം വെള്ളത്തിൽ വീണാൽ ശ്രദ്ധിക്കേണ്ട മുദ്രകൾ തുടങ്ങി ശ്വാസം കിട്ടാതെ വന്നാൽ എങ്ങനെ വായു വലിച്ചെടുക്കേണം എന്നതിന്റെ ഒക്കെ ഡെമോ കാണിക്കുമ്പോഴേക്കും ഞാൻ ഉറക്കത്തിലേക്കു വഴുതി വീണിരുന്നു. സ്റ്റോക്ക്ഹോമിൽ നിന്നും പോളിഷ് പട്ടണമായ പോസ്നാനിലേക്കാണ് ഇത്തവണ യാത്ര.
ആപ്പിൾ കടിച്ചു മുറിക്കുന്ന കറുമുറാ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. തൊട്ടടുത്തിരിക്കുന്ന പോളിഷ് അമ്മച്ചി വിശപ്പു സഹിക്കാനാവാതെ ബാഗിൽ നിന്നും ഒരു ആപ്പിൾ എടുത്തു കടിച്ചു പറിച്ചു കഴിക്കുകയാണ്.
വെളിയിൽ മഴ പൊടിയുന്നുണ്ട്. മേഘപാളികൾക്കിടയിലൂടെ പോകുന്ന വിമാനത്തിൽ നമ്മുടെ നാട്ടിലെ റോഡുകളിൽ കൂടി കാറിൽ പോകുന്ന ഒരു അനുഭവം. ഇടക്കൊക്കെ ഞാൻ വണ്ടര്ലായിലെ ഏതോ റൈഡിൽ ആണെന്ന് തോന്നിപോയി. മഴ അല്പം കൂടി ശക്തമായി പൊഴിയുന്നുണ്ട്. വിമാനം പോസ്നാൻ വിമാനതാവളത്തിൽ ലാൻഡ് ചെയ്യുവാൻ പോകുന്നു എന്ന അന്നൗൺസ്മെന്റും പൈലറ്റ് നടത്തി കഴിഞ്ഞു.
പോസ്നാൻ എയര്പോര്ട്ടിലേക്കു വിമാനത്തിന്റെ ചക്രങ്ങൾ പതിയെ ഉരുണ്ടുനീങ്ങി. ചെറുതെങ്കിലും മനോഹരമായ എയർപോർട്ട്. കൂടെ ജോലി ചെയുന്ന പോളിഷുകാരനായ സെബാസ്റ്റിയന്റെ കല്യാണം കൂടാൻ ആണ് പോസ്നാനിൽ ഞാൻ എത്തിയത്.
കല്യാണത്തിന് എന്ത് ഡ്രസ്സ് ഇടും എന്ന് രണ്ടു ആഴ്ച മുൻപ് പോളിഷ് കൂട്ടുകാരോട് ചോദിച്ചപ്പോൾ വെള്ള ഷർട്ടും സൂട്ടും ടൈയും ഒക്കെ കെട്ടി വേണം പങ്കെടുക്കാൻ എന്ന് അവർ പറഞ്ഞു തന്നു. പണ്ട് ഖത്തറിൽ ജോലി ചെയുമ്പോൾ എന്നും സൂട്ടും കോട്ടുമിട്ടുവേണമായിരുന്നു ജോലിക്കു പോകുവാൻ. അമ്പത് ഡിഗ്രി ചൂടത്തു സൂട്ടും കോട്ടുമിട്ടുള്ള അന്നത്തെ യാത്രകൾ ശത്രുക്കൾക്കു പോലും വരുത്തരുതേ എന്നായിരുന്നു അന്നത്തെ പ്രാർത്ഥന. സൂട്ടിന്റെ ഏറ്റവും വലിയ പ്രയോജനം ഷർട്ട് മുഴുവനായി തെക്കേണ്ട എന്നാണത് ആണെന്ന് പറഞ്ഞ മഹാന്റെ പാതകൾ പിന്തുടർന്നാണ് ഞാനന്നു ജോലിക്കു പോയിരുന്നത്.
അങ്ങനെയിരിക്കെ ഓഫീസിലെ ഏതോ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ കൂടെയുള്ള ഇന്ത്യക്കാരന് കൊട്ട് വേണമത്രേ. പുള്ളിക്ക് അവാര്ഡുണ്ട് പോലും. പുള്ളിയാണേൽ കൊട്ട് കൊണ്ടുവന്നിട്ടും ഇല്ല. പുള്ളി സ്കാൻ ചെയ്തു സുകുമാരക്കുറുപ്പ് തന്റെ ഒത്തവണ്ണവും നീളവുമുള്ള ചാക്കോയെ കണ്ടെത്തിയപോലെ എല്ലാംകൊണ്ടും പുള്ളി കണ്ടെത്തിയത് ഷർട്ട് മുഴുവനായി തേക്കാതെ പോയ പാവം പിടിച്ച എന്റെ കൊട്ട്. ഞാൻ മനസ്സിൽ മനസോടെ സംഭവം കൊടുത്തു. പിന്നീട് നടന്നത് ചരിത്രം ..
ഖത്തറിൽ നിന്നും നോർവെയ്ക്കു പോയപ്പോളും പിന്നീട് സ്വീഡനിലേക്ക് വന്നപ്പോഴും പുതിയ സ്യൂട്ടുകൾ ഒക്കെ വാങ്ങി വെച്ചു. വർക്ക് ഫ്രം ഹോം തുടങ്ങിയതോടെ കൈലിയും ഷർട്ടും ഒക്കെയാണ് ഔദ്യോഗീക വേഷം. വീട്ടിൽ പൊടി പിടിച്ചിരിക്കുന്ന സ്യൂട്ടും കോട്ടും ഒക്കെ കാണില്ലേ പുറംലോകം ഒക്കെ ഒന്ന് കാണുവാൻ . അവരെ ഒക്കെ പൊടി തട്ടിയെടുക്കാനുള്ള അസുലഭ അവസരമാണ് ഈ കല്യാണം കൊണ്ട് കൈ വന്നിരിക്കുന്നത്.
“കുർത്ത ഇട്ടുപൊയാൽ പൊളിക്കും. ” പറഞ്ഞത് റീനയാണ്. പോളിഷ് കല്യാണത്തിന് ഇന്ത്യൻ വേഷത്തിൽ പോയാൽ അതൊരു വെറൈറ്റി ലുക്ക് ആയിരിക്കും. എന്തായാലും ഞാൻ രണ്ടും കൈയിൽ കരുതിയിട്ടുണ്ട്. നാളെ അക്കു തിക്കു കളിച്ചു വേണം സൂട്ട് വേണോ കുർത്ത വേണോ എന്ന് തീരുമാനിക്കാൻ.
നാളെ വൈകിട്ടാണ് കല്യാണം. എയർപോർട്ടിൽ നിന്ന് ടാക്സി എടുത്തു ഞാൻ നേരെ താമസ സ്ഥലത്തേക്കു വെച്ച് പിടിച്ചു. മഴ , തോരാതെ ചന്നം പിന്നം പെയ്യുന്നുണ്ട്. വീട്ടിൽ ചൊറിയും കുത്തി ഇരിക്കുമ്പോൾ മഴ ജോൺസൺ മാഷ് കട്ടൻ എന്നൊക്കെ സ്റ്റാറ്റസ് ഇടാം എന്നല്ലാതെ പരിചയമില്ലാത്ത നാടുകളിൽ ചെല്ലുബോൾ ഉള്ള മഴ കട്ട അലമ്പാണ്. താമസസ്ഥലത്തെ ഇംഗ്ലീഷ് അറിയാത്ത പോളിഷ് അപ്പച്ചനോട് ആംഗ്യ ഭാഷയിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞൊപ്പിച്ചു ഹോട്ടൽ റൂമിന്റെ താക്കോലും വാങ്ങി കട്ടിൽ ലക്ഷ്യമാക്കി നടന്നു.
ബാക്കി കഥ പിന്നെ..