സിഗ്റ്റുണയിലെ സ്വീഡിഷ് കഥകൾ

sigtuna

സ്വീഡനിലെ ആദ്യകാല പട്ടണത്തിലേക്കുള്ള ഒരു യാത്രയുടെ ഓർമ്മ പുതുക്കൽ മാതൃഭൂമി യാത്ര 2020 ഡിസംബർ മാസം പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ

സിഗ്‌ട്യൂണ മ്യൂസിയം

ഒക്ടോബറിലെ ഒരു തണുത്ത ശനിയാഴ്ച രാവിലെ തലയിൽ പുതപ്പും വലിച്ചിട്ടു കിടന്നുറങ്ങുമ്പോഴാണ് സുഹൃത്തിന്റെ വിളിയുമായി ഫോൺ ചിലച്ചത്. , ജോലി സംബന്ധമായി കൊച്ചിയിൽ നിന്നും വന്ന സുഹൃത് ആഷിക്ക് ആയിരുന്നു അങ്ങേ തലക്കൽ. “ഇന്നെന്താ പരിപാടി ? നമുക്ക് സിഗ്‌ട്യൂണക്കു പോയാലോ?”. സ്വീഡനിൽ വന്ന നാൾ മുതൽ മനസ്സിൽ ഇടംപിടിച്ച ഒരിടമാണ് സിഗ്‌ട്യൂണ. സ്കാന്ഡിനേവിയൻ പട്ടണത്തിന്റെ ശാന്തതയും മനോഹാരിതയും എടുത്തറിയിക്കുന്ന ഒരു പൗരാണിക പട്ടണം.ഈ പട്ടണത്തെ പറ്റി പലയിടത്തും മുൻപേ വായിച്ചറിഞ്ഞതിനാൽ രണ്ടാമതൊന്നു ചിന്തിക്കാതെ യെസ്‌ മൂളി.

ബാൾട്ടിക് കടലിന്റെ കരയിൽ പതിനാലു ദ്വീപുകളിലായി നിർമ്മിക്കപ്പെട്ട നഗരമാണ് സ്വീഡന്റെ തലസ്ഥാനം സ്റ്റോക്ഹോം. വാണിജ്യപരമായി സ്വീഡനിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണം ആയിരുന്നു പ്രതാപകാലത്തു സിഗ്ട്യൂണ. ഇന്നത്തെ സ്റ്റോക്ഹോമിൽ നിന്നും ഏതാണ്ട് അമ്പതു കിലോമീറ്റർ ദൂരമുണ്ട് സിഗ്ട്യൂണയിലേക്ക്.

ആദ്യ സ്വീഡിഷ് രാജാവായിരുന്ന എറിക് രാജാവിന്റെ കാലത്താണ് സിഗ്ട്യൂണ പട്ടണം നിർമ്മിക്കുന്നത്. സ്റ്റോക്ഹോമിലെ മലാരൻ നദിയുടെ തീരത്തു എ ഡി 970ൽ ആണ് ഈ പട്ടണം നിർമ്മിക്കപ്പെട്ടത് എന്ന് ചരിത്ര രേഖകൾ പറയുന്നു. ഇന്ന് മതത്തിൽ നിന്നും മാറി നിൽക്കുന്ന ജനങ്ങളുടെ നാടാണ് സ്വീഡൻ. എന്നാൽ ഒരു കാലത്തു സ്വീഡനിൽ ക്രിസ്തുമതത്തിനു തുടക്കം കുറിച്ചത് സിഗ്ട്യൂണ പട്ടണത്തിലാണ്.

നാവിക യോദ്ധാക്കളായ വൈക്കിങ്ങുകളുടെ നാടായ സ്വീഡന്റെ തലസ്ഥാനമായിരുന്നു ഒരുകാലത്തു സിഗ്ട്യൂണ. സ്വീഡനിലെ ആദ്യത്തെ നാണയം നിർമ്മിച്ചതും ഈ ചെറിയ പട്ടണത്തിലാണ്.

അങ്ങനെ മരം കോച്ചുന്ന തണുപ്പിനെ വകവെക്കാതെ ആഷിക്കും ഞാനും സ്റ്റോക്ക്ഹോം സെൻട്രൽ സ്റ്റേഷനിൽ നിന്ന് സ്വീഡൻ എന്ന കൊച്ചു രാജ്യത്തിൻറെ ചരിത്രത്തിലേക്കുള്ള ട്രെയിൻ പിടിച്ചു.

ഉപേക്ഷിക്കപ്പെട്ട കാർഷിക ഗ്രാമം – വിബി

വിബിയിലെ ചരിത്രത്തിന്റെ കാൽപാദങ്ങൾ പതിഞ്ഞ മൺപാത

സിഗ്ട്യൂണയെ പറ്റി തിരഞ്ഞപ്പോൾ യാദൃശ്ചികമായി കണ്ടതാണ് വിബി. അങ്ങനെ സിഗ്‌ട്യൂണ കാണാൻ ഇറങ്ങിയ ഞങ്ങൾ ഏതാണ്ട് ഒന്നര കിലോമീറ്റർ കാട്ടുപാതയിലൂടെ നടന്നു വിബിയിലെത്തി.

സിഗ്ട്യൂണ പട്ടണത്തിന്റെ പ്രതാപകാലത്തു നിർമ്മിച്ച ഒരു സ്വീഡിഷ് കാർഷിക ഗ്രാമം. ഇരുനൂറു വര്ഷങ്ങള്ക്കു മുൻപ് ഒരു സ്വീഡിഷ് ഗ്രാമം എങ്ങനെയാണോ ഉണ്ടായിരുന്നത് അത് അതേപടുതി ഇന്നും നിലനിർത്തിയിരുന്നത് നമുക്കിവിടെ കാണുവാൻ സാധിക്കും. പുല്ലുമേഞ്ഞ മേല്കൂരകളും പൂർണ്ണമായും തടികൊണ്ട് നിർമ്മിച്ച ചുവപ്പു കലർന്ന സ്വീഡിഷ് വീടുകളും ശാന്തസുന്ദരമായ പ്രകൃതിഭംഗിയും വിബി എന്ന കൊച്ചു ഗ്രാമത്തെ അതി മനോഹാരിയാക്കുന്നു.

വിബി ഉപേക്ഷിക്കപ്പെട്ട കാർഷിക ഗ്രാമം

സിഗ്ട്യൂണ പട്ടണത്തിന്റെ പ്രതാപം ക്ഷയിച്ചപ്പോൾ തന്നെ ഇവിടുത്തെ കർഷകർ ഇവിടെ നിന്നും പലായനം ആരംഭിച്ചിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം കഠിനമായ കാലാവസ്ഥയോടു പൊരുതി പിടിച്ചു നിന്ന അവശേഷിച്ച മൂന്നു കുടുംബങ്ങളും പലായനം ചെയ്തതോടുകൂടി, അക്ഷരാർത്ഥത്തിൽ വിബി ഒരു ഉപേക്ഷിക്കപ്പെട്ട ഗ്രാമമായി മാറി.

വിബിയിലെ പുല്ലുമേഞ്ഞ മനോഹരമായ കെട്ടിടം

പല സ്വീഡിഷ് സിനിമകൾക്കും വേദിയായ ഈ ഗ്രാമം ഇന്ന് സ്വീഡിഷ് മ്യൂസിയത്തിന്റെ അധീനതയിലെ ഒരു സംരക്ഷിത സ്മാരകമാണ്.

യാദൃശ്ചികമായി ആണ് വന്നതെങ്കിലും വിബി ഒരുക്കിയ ദൃശ്യ വിരുന്നു ആസ്വദിച്ചതിനു ശേഷം ഞാനും ആഷിക്കും അതിമനോഹരമായ മലാരൻ നദിക്കരയിലൂടെ സിഗ്‌ട്യൂണ ലക്ഷ്യമാക്കി നടന്നു.

പത്താം നൂറ്റാണ്ടിൽ സ്ഥാപിതമായ സ്വീഡനിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം സിഗ്ട്യൂണ. പതിമൂന്നാം നൂറ്റാണ്ട് വരെ ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായിരുന്നു. എന്നാൽ ഇന്നിതിന്റെ പ്രതാപം ക്ഷയിച്ചു, എങ്കിലും പഴയ വീടുകൾ, ചരിത്രപരമായ പള്ളികൾ, ധാരാളം റൂൺ കല്ലുകൾ എന്നിവ ഉൾപ്പെടെ സ്വീഡിഷ് ചരിത്രം പേറുന്ന ധാരാളം നിർമ്മിതികൾ നമുക്കിവിടെ കാണുവാൻ സാധിക്കും

സ്റ്റോരഗാട്ടൻ തെരുവ് – സിഗ്ട്യൂണയുടെ പ്രവേശന കവാടം

ഞങ്ങൾ സിഗ്ട്യൂണയിലേക്ക് പ്രവേശിക്കുന്നത് ചരിത്രപ്രധാനമായ സ്റ്റോറാഗാട്ടൻ തെരുവിലൂടെയാണ്.സിഗ്ട്യൂണ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഈ തെരുവ്. നൂറ്റാണ്ടുകൾ പഴക്കമുള്ള, തടിയിൽ നിർമ്മിച്ച , വ്യത്യസ്ത നിറങ്ങളിലുള്ള വീടുകളും ,കടകളും ഈ തെരുവിന്റെ മനോഹാരിതക്കു മാറ്റു കൂട്ടുന്നു. 18-ആം നൂറ്റാണ്ടിലോ അതിനുശേഷമുള്ളതോ ആയ ഇന്നത്തെ മിക്ക കെട്ടിടങ്ങളും പഴമ ഒട്ടും ചോരാതെ തന്നെ ഇവിടെ നിലനിർത്തിയിരിക്കുന്നു. കെട്ടിടങ്ങളുടെ ചരിത്രവും അവയിൽ‌ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത ആളുകളുടെ വിവരങ്ങളും എല്ലാം തന്നെ ഓരോ കെട്ടിടത്തിലും എഴുതി വെച്ചിട്ടുമുണ്ട്.

സിഗ്റ്റുന ടൗൺഹാൾ – ഒരുപക്ഷെ സ്വീഡനിലെ ഏറ്റവും ചെറിയ ടൗൺഹാൾ

ഒരു പട്ടണത്തെ പ്രതിനിധീകരിക്കുന്ന ടൌൺ ഹാൾ പ്രാദേശിക അഭിമാനത്തിന്റെ ഒരു ചൂണ്ടു പലകകൂടിയാണ് . ആ നാടിന്റെ സാമ്പത്തീക സ്ഥിതി അനുസരിച്ചു ടൗൺഹാളിന്റെ വലിപ്പം ഏറിയും കുറഞ്ഞും ഇരിക്കും. ഒരുപക്ഷെ യൂറോപ്പിലെ തന്നെ ഏറ്റവും ചെറിയ ടൗൺഹാൾ ആണ് സിഗ്ട്യൂണയിലേത് .പതിനെട്ടാം നൂറ്റാണ്ടിലാണ് സിഗ്ട്യൂണയിലെ ടൗൺഹാൾ നിർമ്മിച്ചത് .എല്ലാവർഷവും ജൂൺ മുതൽ ആഗസ്റ് വരെ ഉച്ചക്ക് പന്ത്രണ്ടു മണി മുതൽ വൈകിട്ട് നാലുമണി വരെയാണ് ടൗൺഹാളിലേക്ക് പ്രവേശനം. അതുകൊണ്ടു തന്നെ ടൗൺഹാളിന്റെ അകത്തേക്ക് ഞങ്ങൾക്ക് പ്രവേശിക്കാനായില്ല

Sigtuna museum

.സ്റ്റോറാ ഗാട്ടൻ തെരുവിന്റെ കാഴ്ചകൾ ടൌൺഹാളിൽ തുടങ്ങി സിഗ്ട്യൂണ മ്യൂസിയത്തിൽ ആണ് ചെന്ന് അവസാനിക്കുന്നത്.

സിഗ്റ്റുന മ്യൂസിയത്തിന്റെ മുൻപിൽ

” സ്വീഡന്റെ ആദ്യത്തെ നഗരം” എന്ന നിലയിൽ സിഗ്റ്റൂന സൃഷ്ടിക്കപ്പെട്ട കാലം മുതലുള്ള കഥകൾ തുടങ്ങി ഇന്നുവരെയുള്ള സിഗ്ട്യൂണ മുനിസിപ്പാലിറ്റിയുടെ കഥകൾ പറയുന്ന മ്യൂസിയം , ചെറുതെങ്കിലും , ഇവിടുത്തെ സന്ദർശനം മറക്കാനാവാത്ത ഒരു അനുഭവം ആണ് നമുക്ക് സമ്മാനിക്കുന്നത് .

മ്യൂസിയത്തിലെ കാഴ്ചകൾ

വൈക്കിംഗ് യുഗത്തിന്റെ അവസാനവും മധ്യകാലഘട്ടവും മുതൽ സ്വീഡനിലെ പുരാവസ്തു വസ്തുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരവും ഈ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. മ്യൂസിയത്തിലേക്കുള്ള പ്രവേശനം ഒക്ടോബർ മുതൽ ഏപ്രിൽ വരെ തികച്ചും സൗജന്യമാണ്. ടൂറിസം സീസൺ ആരംഭിക്കുന്ന മെയ് മാസം മുതൽ 100 സ്വീഡിഷ് ക്രോണർ (ഏതാണ്ട് 850 ഇന്ത്യൻ രൂപ) ആണ് പ്രവേശന ഫീസ്.

മ്യൂസിയത്തിനുള്ളിൽ നിന്നും

മ്യൂസിയം സന്ദർശനത്തിന് ശേഷം പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കണ്ട മറ്റൊരു കാഴ്ച നമ്മുടെ നാട്ടിൽ ഒരുപക്ഷെ കാണാത്ത ഒന്നായിരുന്നു .മൊബൈൽ ഫോണിന്റെ വരവോടുകൂടി നമ്മുടെ നാട്ടിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ടെലിഫോൺ ബൂത്തുകൾ ഉപയോഗ ശൂന്യമായി മാറി. എന്നാൽ സിഗ്‌ട്യൂണ നിവാസികൾക്ക്‌ സവിശേഷമായ മറ്റൊരു ആശയം ഉടലെടുത്തു.ഉപയോഗമില്ലാത്ത ഫോൺ ബൂത്ത് ഒരു പുസ്തക ലൈബ്രറിയായി മാറ്റി. ആരുടേയും മേൽനോട്ടം ഇല്ലാത്ത ഈ ലൈബ്രറി ഇവിടുത്തെ പ്രാദേശിക കമ്മ്യൂണിറ്റി വളരെ അടുക്കും ചിട്ടയുമായി സംരക്ഷിച്ചു പോകുന്നു. പുസ്തകങ്ങൾ വായിക്കുവാനായി എടുക്കുമ്പോൾ മറ്റൊന്ന് തിരികെ വെക്കേണം എന്നത് മാത്രമാണ് ആകെയുള്ള ഒരു നിബന്ധന.

സിഗ്റ്റുനയിലെ ബുക്ക് ലൈബ്രറി ഉപയോഗ ശൂന്യമായ ഫോൺ ബൂത്ത്

രാജകീയവും വാണിജ്യപരവുമായ നഗരമായിട്ടാണ് സിഗ്ട്യൂണ സ്ഥാപിതമായതെങ്കിലും ക്രിസ്തുമതത്തിന്റെ ആദ്യകാല കേന്ദ്രം കൂടിയായിരുന്നു ഇവിടം. പുരാതന പള്ളികളും റൂൺ കല്ലുകളുംകൊണ്ട് സമ്പുഷ്ടമായ സിഗ്ട്യൂണ ഒരു കാലഘട്ടത്തെ തന്നെ ഓർമ്മപ്പെടുത്തുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ മതപരമായ ഘോഷയാത്രകൾക്കായി ഇവിടെ ഒരു പ്രത്യേക റോഡും നിർമ്മിച്ചിരുന്നതായി കാണുവാൻ സാധിക്കും.

സ്വീഡനിലെ തന്നെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ നമുക്ക് ഇവിടെ കാണാം . പന്ത്രെണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ പല ക്രിസ്ത്യൻ ദേവാലയങ്ങളും ഇന്ന് നാമാവശേഷമായി. ഏഴോളം ദേവാലയങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്തു സ്വീഡനിലെ പുരാവസ്തു വകുപ്പ് കണ്ടെത്തിയ മൂന്ന് ദേവാലയ അവശിഷ്ടങ്ങൾ ആണ് ഇന്ന് ഇവിടെ ബാക്കിയുള്ളത്.അവയിൽ പ്രധാനപ്പെട്ടതാണ് സെയിന്റ് ഒലാഫ് ദേവാലയം .

സെയിന്റ് ഒലാഫ് ദേവാലയത്തിന്റെ ബാക്കി പത്രം

സെന്റ് ഒലാഫ് ദേവാലയത്തിന്റെ നിർമ്മാണം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ആണ് ആരംഭിക്കുന്നത്. ഒരുപക്ഷേ കല്ലുകൊണ്ട് നിർമ്മിച്ച സ്വീഡനിലെ ഏറ്റവും പഴക്കചെന്ന ദേവാലയം ആണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മദ്ധ്യകാലഘട്ടത്തിൽ, വ്യാപാരി സംഘങ്ങളും ,സമ്പന്നരായ നഗരവാസികളും ചേർന്ന് ഏഴ് വലിയ ദേവാലയങ്ങൾ സ്ഥാപിച്ചു എങ്കിലും ഇന്ന്, മൂന്നെണ്ണം മാത്രം അവശേഷിക്കുന്നു. സെന്റ് പീറ്റേഴ്‌സ്, സെന്റ് ലോറൻസ്, സെന്റ് ഒലാഫ്സ് ദേവാലയങ്ങൾ നമുക്ക് സിഗ്ട്യൂണ സന്ദർശനത്തിൽ കാണുവാൻ സാധിക്കും.

സെന്റ് ഒലാഫ് ദേവാലയത്തിന്റെ തൊട്ടടുത്ത് തന്നെയാണ് സെന്റ് മേരീസ് ദേവാലയം . പന്ത്രെണ്ടാം നൂറ്റാണ്ടിലെ ദേവാലയങ്ങൾ എല്ലാം തന്നെ കല്ലിൽ നിർമിച്ചവയാണെങ്കിൽ ഈ ദേവാലയം ഗോഥിക് സ്റ്റൈലിൽ ചുടുകട്ടയിൽ ആണ് നിർമ്മിച്ചത്.

സെയിന്റ് മേരീസ് ദേവാലയം

പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ ദേവാലയം ഇന്നും സിഗ്ട്യൂണയിലെ മാതൃ ദേവാലയമായി നിലനിൽക്കുന്നു.ഒരുപക്ഷെ ചുടുകട്ടയിൽ നിർമ്മിച്ച സ്വീഡനിലെ ഏറ്റവും പഴക്കമേറിയ ദേവാലയം എന്ന ഖ്യാതി സ്വന്തമാണെന്നു പറയാം

സെയിന്റ് മേരീസ് ദേവാലയത്തിന്റെ ഉൾവശം

സിഗ്ട്യൂണ മ്യൂസിയം സന്ദർശിച്ചപ്പോൾ ആണ് ഇവിടുത്തെ റൂൺ സ്റ്റോണുകളെ പറ്റി വിശദമായി അറിയുന്നത്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ റൂൺ സ്റ്റോൺ ശേഖരം ഇവിടെയാണെന്നു പറയാം. നാവിക യോദ്ധാക്കളായിരുന്ന വൈക്കിങ്ങുകൾ സ്ഥാപിച്ചത് എന്ന് കരുതപ്പെടുന്ന ഈ കല്ലുകൾ നാലാം നൂറ്റാണ്ടുമുതൽ പന്ത്രണ്ടാം നൂറ്റാണ്ടു വരെ സ്ഥാപിച്ചതാണ് എന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.

റൂൺ സ്റ്റോണുകൾ

ഇവയെല്ലാം ഒന്നുകിൽ ഒരു ഉടമ്പടിയുടെ ഭാഗമോ അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ ഓർമ്മക്കായോ സ്ഥാപിച്ചതാണെന്നു കരുതപ്പെടുന്നു. ഏതാണ്ട് പത്തിഞ്ചിലധികം റൂൺ സ്റ്റോണുകൾ നിലവിൽ ഉള്ള സിഗ്ട്യൂണയിൽ ഇവയെല്ലാം നമ്പർ ഇട്ടു സംരക്ഷിച്ചിട്ടുണ്ട് . റൂൺ സ്റ്റോൺ വാക്കും (Rune Stone Walk) സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട് . ഒട്ടുമിക്ക റൂൺ സ്റ്റോണുകളും ഇവിടുത്തെ ക്രിസ്ത്യൻ കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് അതുകൊണ്ടുതന്നെ മിക്കവയും കണ്ടെത്തിയത് ഇവിടുത്തെ പുരാതന ദേവാലയ അവശിഷ്ടത്തോട് ചേർന്നാണ്.

ഞങ്ങളുടെ സിഗ്ട്യൂണ കാഴ്ചകൾ കുന്നിൻ മുകളിലുള്ള ബെൽ ടവർ സന്ദര്ശിക്കുന്നതോടു കൂടി അവസാനിക്കുകയാണ്. പൂർണമായും തടിയിൽ നിർമ്മിച്ച ,പതിനേഴാം നൂറ്റാണ്ടിലെ ബെൽ ടവർ 2016ൽ തീപിടുത്തത്തിൽ കത്തിയമർന്നു. എന്നാൽ 2018ൽ അതെ മാതൃകയിൽ പുതിയ ഒരു ബെൽ ടവർ സിഗ്‌ട്യൂണ നിവാസികൾ ഇവിടെ നിർമ്മിച്ചു.

ബെൽ ടവർ

പതിമൂന്നാം നൂറ്റാണ്ടിൽ അഗ്നിക്കിരയായി നശിക്കുന്നതുവരെ സിഗ്ട്യൂണ സ്വീഡിഷ് തലസ്ഥാനമായി തുടർന്നുപോന്നു.

സ്റ്റോക്ക്ഹോമിലെ അർലാണ്ട എയർപോർട്ടിന്റെ നിർമാണത്തോടുകൂടി അവിടെനിന്നും ഏതാനും കിലോമിറ്ററുകൾ മാത്രമുള്ള സിഗ്ട്യൂണ പട്ടണത്തിന്റെ ടൂറിസം സാദ്ധ്യതകൾ വർധിച്ചു.നൂറ്റാണ്ടുകൾ പഴക്കമുള്ള സ്കാന്ഡിനേവിയൻ കെട്ടിടങ്ങൾ, സ്വീഡിഷ് സംസ്കാരം ,ചരിത്രം എല്ലാം അടുത്തറിയാൻ താല്പര്യമുണ്ടെങ്കിൽ തീർച്ചയായും സിഗ്‌ട്യൂണ സന്ദർശിക്കേണം.

സ്റ്റോരഗാട്ടൻ തെരുവിലെ മനോഹര റെസ്റ്റോറന്റ്

കേവലം 9000 ജനങ്ങൾ മാത്രം അധിവസിക്കുന്ന ഈ കൊച്ചുപട്ടണത്തിന്റെ നിശ്ശബ്ദതക്കും കാഴ്ചകൾക്കും തല്ക്കാലം വിടപറഞ്ഞുകൊണ്ടു ഞാനും ആഷിക്കും സ്റ്റോക്ക്ഹോം നഗരത്തിന്റെ തിരക്കിലേക്കുള്ള വണ്ടി കയറി.

സിഗ്ട്യൂണയിലേക്ക് എങ്ങനെ എത്തിച്ചേരാം.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നിന്നും ധാരാളം ഗൈഡഡ് ടൂർ പാക്കേജുകൾ ഇവിടേയ്ക്ക് ലഭ്യമാണ്. ചിലവ് ചുരുക്കി ഇവിടേയ്ക്ക് എത്തിപ്പെടാൻ ഏറ്റവും എളുപ്പമുള്ള മാർഗം പൊതുഗതാഗത സംവിധാനം തന്നെയാണ്. ഏതാണ്ട് 39 സ്വീഡിഷ് ക്രോണർ (നാനൂറ്റി ഇരുപതു ഇന്ത്യൻ രൂപ ) ചിലവാക്കിയാൽ ഇവിടേയ്ക്ക് മാർസ്റ്റായിലേക്ക് ട്രെയിനും പിന്നീട് അവിടെനിന്നു ബസ് നമ്പർ 575 or 570 കയറിയാൽ ഇവിടേയ്ക്ക് എത്തിച്ചേരാം.


പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇