മ്യൂസിയങ്ങളിലൂടെ ഒരു മെട്രോ ട്രെയിൻ

മനോരമ ട്രാവലർ ജൂൺ 2021 മാസം കവർ സ്റ്റോറി ആയി പ്രസിദ്ധീകരിച്ചത് .

ജിനു സാമുവേൽ

ലോകം കൊറോണയുടെ പിടിയിൽ അമർന്നപ്പൊൾ വലിയ യാത്രകൾ പലതും അസാധ്യമായി മാറി . നമുക്ക് ചുറ്റുമുള്ള ചെറിയ യാത്രകൾക്ക് വലിയ അർഥം എങ്ങനെ ഉണ്ടാക്കാം എന്ന തിരച്ചിലിനൊടുവിൽ കണ്ടെത്തിയതാണ് ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറിയുടെ കാഴ്ചകൾ.

ലോകത്തിലെ മറ്റു പ്രധാന മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ സ്റ്റോക്ക്ഹോം മെട്രോ കൂട്ടത്തിൽ വളരെ ചെറുപ്പമാണ്.ലണ്ടൻ മെട്രോ തുടങ്ങിയത് 1863 ആണെങ്കിൽ ന്യൂയോർക്ക് മെട്രോ 1904 മുതലും പാരീസ് മെട്രോ 1900 മുതലും ഓടി തുടങ്ങി. എന്നാൽ സ്റ്റോക്ക്ഹോമിലെ മെട്രോ പിറവിയെടുത്തത് 1950 കളിലാണ് .അതുകൊണ്ടുതന്നെ മറ്റു മെട്രോകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇതിന്റെ നിർമാണം.

മെട്രോയുടെ നിർമ്മാണത്തിന്റെ ചർച്ചകൾ തുടങ്ങിയപ്പോൾ, കൂറ്റൻ പാറകൾ തുരന്നു നിർമ്മിക്കുന്ന ഇവ യാത്രികരിൽ എത്രമാത്രം ഭീതി ജനിപ്പിക്കും എന്ന് ഇതിന്റെ നിർമാണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർ ചിന്തിച്ചു തുടങ്ങിയിരുന്നു .അങ്ങനെ ഇതിലൂടെയുള്ള യാത്ര എങ്ങനെ അവിസ്മരണീയമായി മാറ്റാം എന്ന് ഇവിടുത്തുകാർ ചിന്തിച്ചു തുടങ്ങിയതിന്റെ ഫലമായിട്ടാണ് ലോകത്തിലെ ഏറ്റവും വലിയ ആർട്ട് ഗാലറി പിറവിയെടുത്തത്.

110 കിലോമീറ്റർ നീളമുണ്ട്‌ സ്റ്റോക്ക്ഹോം സബ്‌വേ സംവിധാനത്തിന് .ഉജ്ജ്വലമായ ചുവർച്ചിത്രങ്ങൾ, രസകരമായ ശിൽപങ്ങൾ, അതിമനോഹരമായ തറ, സീലിംഗ് പാറ്റേണുകൾ എന്നിവകൊണ്ട് സർഗ്ഗാത്മകത നിറഞ്ഞതാണ് 150 ഓളം കലാകാരന്മാരുടെ കലാ നൈപുണ്യം വിളിച്ചോതുന്ന ഈ മെട്രോ സ്റ്റേഷനുകൾ.1950 കൾ മുതലുള്ള ഈ കലാ പരീക്ഷണങ്ങൾ ഏതാണ്ട് തൊണ്ണൂറിലധികം സ്റ്റേഷനുകളിലായി നീണ്ടു കിടക്കുന്നു.

അര നൂറ്റാണ്ടോളം പഴക്കമുള്ള സ്റ്റോക്ക്ഹോം മെട്രോ ,ടി ബാന അല്ലെങ്കിൽ ടണൽ ബാന എന്ന പേരിലാണ് അറിയപ്പെടുന്നത്.ചുവപ്പു ,പച്ച ,നീല എന്നിങ്ങനെ മൂന്ന് ലൈനുകളിൽ ആണ് മെട്രോ ട്രെയിനുകൾ ഓടുന്നത്. ഇവയെല്ലാം സ്റ്റോക്ക്ഹോം സെൻട്രൽ സ്റ്റേഷനിൽ സംഗമിക്കുന്നു.

ഏതാണ്ട് ഒരു ലക്ഷത്തോളം യാത്രികർ ആണ് ഒരു ദിവസം ഈ യാത്രാ സംവിധാനം ഉപയോഗിച്ച് യാത്ര ചെയുന്നത് .യാത്രക്ക് അതീതമായി യാത്രികർക്ക് സ്റ്റോക്ക്ഹോം മെട്രോ പകർന്നു നൽകുന്ന അനുഭവവും ചിന്തകളും പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്.

മെട്രോയിലെ പ്രധാന പത്തു ആർട്ട് വർക്കുകൾ നമുക്കൊന്ന് കണ്ടുനോക്കാം.

1.സ്റ്റോക്ക്ഹോം സെൻട്രൽ സ്റ്റേഷൻ

നമ്മുടെ യാത്ര തുടങ്ങുന്നത് ഏറ്റവും തിരക്കേറിയ സ്റ്റോക്ക്ഹോം സെൻട്രൽ സ്റ്റേഷനിലെ , ബ്ലൂ ലൈനിലാണ്. ഇരുപത്തിയഞ്ചു കിലോമീറ്ററോളം നീണ്ടു കിടക്കുന്നതാണ് 1975ൽ ആരംഭിച്ച ബ്ലൂ ലൈൻ. മെട്രോയിലെ ഒട്ടു മിക്ക സ്റ്റേഷനുകളും ഭൂമിക്കടിയിൽ പാറകൾ തുരന്നാണ് നിർമ്മിച്ചിരിക്കുന്നത്.അതുകൊണ്ടു തന്നെ മിക്ക സ്റ്റേഷനുകൾക്കുള്ളിൽ കയറിയാൽ ഒരു ഗുഹക്കുള്ളിൽ കയറിയ പ്രതീതിയാണ് യാത്രക്കാരിൽ ഉളവാക്കുന്നത്. ഒരുപക്ഷെ ലോകത്തിൽ ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്ന ഏക മെട്രോ റെയിൽ സിസ്റ്റം സ്റ്റോക്ക്ഹോം മെട്രോ ആണെന്ന് പറയാം.

സ്റ്റോക്ക്ഹോം സെൻട്രൽ സ്റ്റേഷനിലെ ആർട്ട് വർക്ക് ചെയ്തിരിക്കുന്നത് പ്രശസ്ത സ്വീഡിഷ് ആർട്ടിസ്റ് Per Olof Ultvedt (1935 – 2006 ) ആണ്.

നിർമ്മാണത്തിൽ പങ്കു വഹിച്ച ആളുകളുടെ ചിത്രങ്ങൾ

നീല നിറത്തിൽ വള്ളി പടർപ്പുകൾ ഗുഹയിലേക്ക് പടർന്നു കിടക്കുന്ന രീതിയിലാണ് സ്റ്റോക്ഹോം സെൻട്രൽ സ്റ്റേഷനിലെ ബ്ലൂ ലൈൻ സ്റ്റേഷൻ അലങ്കരിച്ചിരിക്കുന്നത്.അതിനെല്ലാം പുറമെ ഈ സ്റ്റേഷന്റെ നിർമ്മാണത്തിൽ പങ്കു വഹിച്ച ആളുകളുടെ ചിത്രങ്ങളാണ് ചുമരുകൾ അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

2. കുങ്സ്ട്രാഗാർഡൻ

സെൻട്രൽ സ്റ്റേഷനോട് തൊട്ടു ചേർന്ന് കിടക്കുന്ന ബ്ലേലൈനിലുള്ള മെട്രോ സ്റ്റേഷനാണ് കുങ്സ്ട്രാഗാർഡൻ .സ്വീഡിഷ് ഭാഷയിൽ രാജാവിന്റെ ഉദ്യാനം എന്നാണ് ഈ വാക്കിന്റെ അർത്ഥം. 1977ൽ ഈ സ്റ്റേഷൻ യാത്രക്കാർക്കായി തുറന്നു കൊടുത്തതിനു ശേഷം 1987ൽ നവീകരിക്കുകയും ചെയ്തു.സ്വീഡിഷ് ആർട്ടിസ്റ് Ulrik Samuelson ആണ് ഈ സ്റ്റേഷന്റെ ആർട്ട് വർക്കിന്‌ പിന്നിൽ. ചുവപ്പു പച്ച വെള്ള നിറങ്ങൾ ആണ് ആർട്ടിസ്റ്റ് ഈ സ്റ്റേഷൻ മോടിപിടിപ്പിക്കുവാനായി തിരഞ്ഞെടുത്ത നിറങ്ങൾ.

Makalös കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളിൽ കണ്ടെടുത്ത ചില ശില്പങ്ങൾ

പതിനേഴാം നൂറ്റാണ്ടിൽ ഈ സ്റ്റേഷന്റെ തൊട്ടു മുകളിൽ സ്ഥിതിചെയ്തിരുന്നതും പിന്നീട് അഗ്നിക്ക്കിരയായതുമായ Makalös കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളിൽ കണ്ടെടുത്ത പല ശില്പങ്ങളും ആർട്ടിസ്റ്റ് ഈ സ്റ്റേഷൻ നവീകരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

1977 ൽ സോവിയറ്റ് ഓയിൽ ടാങ്ക് ത്സെസിസ് സ്റ്റോക്ക്ഹോമിന് പുറത്ത് മറിഞ്ഞപ്പോൾ ഒരുപക്ഷേ ആർട്ടിസ്റ്റ് അൾറിക് സാമുവൽസൺ ത്സെസിസ് എണ്ണ ചോർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കാം സ്റ്റേഷനിൽ മറിഞ്ഞു കിടക്കുന്ന എണ്ണ ബാരലിന്റെ മാതൃക നിർമ്മിച്ചത്.

മറിഞ്ഞു കിടക്കുന്ന എണ്ണ ബാരലിന്റെ മാതൃക

ഉക്രൈനിലെ ചെർണോബിൽ ആണവ ദുരന്തം ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ ദുരന്തം വെളിച്ചത്തു കൊണ്ടുവന്നത് സ്വീഡിഷ് ആണവ ശാസ്ത്രഗജരാണ്‌. റേഡിയോ ആക്ടീവ് കണികകൾ ദുരന്ത സമയത്ത് യൂറോപ്പിന്റെ പല ഭാഗങ്ങളിലും പരന്നതും അതിന്റെ അനന്തരഫലങ്ങൾ സ്വീഡനിൽ എന്തായിരിക്കുമെന്നതിനെക്കുറിച്ച് വളരെയധികം ആശങ്കയുണ്ടായിരുന്നു.

ചെർണോബിൽ ദുരന്തത്തിന് ഒരു വർഷത്തിനുശേഷം 1987 ലാണ് ഈ സ്റ്റേഷന്റെ ഒരു ഭാഗം പുതുക്കി പണിതത്.അതുകൊണ്ടുതന്നെ ആർട്ടിസ്റ്റ് സാമുവൽസൺ ഈ ഭാഗത്തിന് റേഡിയോആക്റ്റിവിറ്റിയാണ് ഒരു തീം ആയി കൊടുത്തിരിക്കുന്നത്.

3.ടെൻ‌സ്റ്റ

സ്വീഡിഷ് ആർട്ടിസ്റ്റ് ഹെൽ‌ഗ ഹെൻ‌ഷെൻ‌, ആർ‌നെ സെഡലും സഹോദരൻ‌ ലാർ‌സും ചേർന്ന്‌ ഒരു വർഷത്തിലേറെ ചെലവഴിച്ചാണ് ടെൻ‌സ്റ്റ സ്റ്റേഷൻ മോഡി പിടിപ്പിച്ചത്. സ്വീഡനിലേക്ക് കുടിയേറിയ അനേകം ജനങ്ങൾ അധിവസിക്കുന്നതിനാൽ സ്വീകാര്യത, സമത്വം, സ്നേഹം തീമിലാണ് ഈ സ്റ്റേഷൻ മോഡി പിടിപ്പിച്ചിരിക്കുന്നത്.

ഈ സ്റ്റേഷനിൽ എവിടെ തിരിഞ്ഞു നോക്കിയാലും വിവിധ സംസ്കാരങ്ങളുടെയും ഭാഷകളുടെയും ഒരു ആഘോഷമാണ് പ്രകടമാവുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് സ്വീഡനിലേക്ക്‌ കുടിയേറിയ ജനങ്ങൾക്ക് സ്വാഗതമോതുന്ന ടെൻസ്റ്റ സ്റ്റേഷൻ ശരിക്കും വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

4.റോഡ്ഹുസെറ്റ്

റോഡ്ഹുസെറ്റ്‌ (Rådhuset ) എന്ന സ്വീഡിഷ് വാക്കിന്റെ അർത്ഥം സിറ്റി ഹാൾ എന്നാണ്. ഈ സ്റ്റേഷന്റെ തൊട്ടു മുകളിൽ സ്ഥിതി ചെയുന്ന സിറ്റി ഹാളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സ്റ്റേഷന് ആ പേര് കൈവന്നത്.

വൈക്കോൽ ബോക്സ്

സ്വീഡിഷ് ആർട്ടിസ്റ്റ് സിഗ്വാർഡ് ഓൾസൺ ഈ സ്റ്റേഷൻ ഒരു ചെമ്മണ്ണിന്റെ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത് . ആദ്യ കാലങ്ങളിൽ സ്വീഡനിൽ വൈക്കോൽ അളക്കുവാൻ ഉപയോഗിച്ചിരുന്ന വൈക്കോൽ ബോക്സുകൾ , രണ്ടാം ലോകമഹാ യുദ്ധകാലത്ത് പെട്രോളിന് ക്ഷാമം നേരിട്ടപ്പോൾ സ്വീഡനിലും ഫിൻലന്റിലും വിറകിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ചു ഓടുന്ന കാറുകൾ പ്രചാരത്തിൽ ഉണ്ടായിരുന്നു അതിന്റെ ഓർമക്കായി ഒരുവശത്തു വിറകു അടുക്കിയ പോലത്തെ ഒരു ആർട്ട് വർക്ക് , സ്റ്റേഷന്റെ തൊട്ടുമുകളിൽ സ്ഥിതി ചെയ്തിരുന്ന ഒരു ക്രാഫ്റ്റ്മാൻ സ്ട്രീറ്റിന്റെ ഓർമക്കായി സീലിങ്ങിൽ ഘടിപ്പിച്ച ഷൂവിന്റെ മാതൃക ഇവയെല്ലാം ഒരു വേറിട്ട കാഴ്ച തന്നെയാണ്.

5. സോൾന സെൻട്രം

1975ൽ ആണ് ബ്ലൂ ലൈനിൽ ഉള്ള ഈ സ്റ്റേഷൻ പണികഴിപ്പിച്ചത്

സോൽന സെന്ററിലെ ചുവന്ന മതിലുകൾ അസ്തമയ സൂര്യന്റെ പ്രഭയിൽ ചുവപ്പണിഞ്ഞ ആകാശത്തെ സൂചിപ്പിക്കുന്നു. 1975 ൽ നിർമ്മിച്ച ഈ കലാസൃഷ്‌ടി – നഗര യാത്രക്കാരെ ലക്ഷ്യം വച്ചുള്ളതാണ്, ഒരുപക്ഷേ വ്യക്തമായി പറഞ്ഞാൽ – നഗരവത്കരണത്തിൽ നഷ്‌ടമായ പ്രകൃതിയുടെയും ഗ്രാമീണ ജീവിതത്തിന്റെയും ഒരു ഓർമ്മപ്പെടുത്തലാണ് ഇവിടുത്തെ കലാ സൃഷ്ടികൾ .

കടും ചുവപ്പും പച്ചയും നിറത്തിലാണ് ഈ സ്റ്റേഷന്റെ തീം ആർട്ടിസ്റ്റുകളായ ആൻഡേർസ് ഒബെറിയും കാൾ ഒലാവ് ബ്യൊർഗും ഒരുക്കിയിരിക്കുന്നത്.

2006ൽ ബി ബി സി നടത്തിയ ലോകത്തിലെ ഏറ്റവും മികച്ച 10 സീലിംഗുകളിൽ ഈ സ്റ്റേഷനും ഇടം പിടിച്ചു . ഒരു പക്ഷെ സ്റ്റോക്ക്ഹോം മെട്രോയിലെ മനോഹര സ്റ്റേഷനുകളിൽ ഒന്നായി ഈ സ്റ്റേഷൻ ഇടം പിടിക്കാൻ ഈ കലാ സൃഷ്ടി മുഖ്യ പങ്കുവഹിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.

6.സോൾന സ്ട്രാൻഡ്

1985ലാണ് ബ്ലൂ ലൈനിലെ ഈ സ്റ്റേഷൻ യാത്രികർക്കായി തുറന്നത് .

ജാപ്പനീസ്-സ്വീഡിഷ് ശില്പിയായ തകാഷി നരഹയാണ് സോൾന സ്ട്രാൻഡ് സ്റ്റേഷൻ അണിയിച്ചൊരുക്കിയിരിക്കുന്നത് .”സ്കൈ ഓഫ് ക്യൂബ്സ് ” എന്ന് വിളിക്കുന്ന ഈ തീം പ്രവേശന കവാടത്തിൽ തുടങ്ങി മേൽക്കൂരയിലും സ്റ്റേഷന്റെ ചുവരുകളിലും ആകാശം സമചതുരമായി മുറിച്ചെടുത്ത പോലത്തെ ഡിസൈനുകൾ. അതേ തരം സമചതുരങ്ങൾ പ്ലാറ്റ്ഫോമിന്റെ നടുവിലായി അങ്ങിങ്ങു പ്രതിഷ്ഠിച്ചിരിക്കുന്നു.

7.സ്റ്റേഡിയൻ

1912ൽ ഒളിമ്പിക്സിനു വേദിയായ സ്റ്റോക്ക്ഹോം ഒളിംപിക് സ്റ്റേഡിയത്തിനു ഒരു വിളിപ്പാടകലെയാണ് ഈ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയുന്നത്. 1913 മുതൽ ഇങ്ങോട്ടു ധാരാളം കായിക മാമാങ്കങ്ങൾക്കു വേദിയായ ഒളിമ്പിക് സ്റ്റേഡിയത്തിൽ നിന്നുമാണ് സ്റ്റേഷന് ഈ പേര് കൈവന്നത്.

ആകാശ നീലിമയിൽ നിറഞ്ഞു നിൽക്കുന്ന മഴവിൽ ഈ സ്റ്റേഷന്റെ മനോഹാരിതക്കു മാറ്റു കൂട്ടുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആർട്ടിസ്റ്റുകൾ Åke Pallarp, Enno Hallek,

യാത്രികർക്ക് ഭൂമിക്കടിയിൽ ഒരു ആകാശത്തിൽ എത്തിയ പ്രതീതി ജനിപ്പിക്കുന്നതിനോടൊപ്പം ഒളിംപിക്സിന്റെ ഓർമയിലേക്ക് കൂട്ടികൊണ്ട് പോകുന്നു

8.ഓസ്റ്റർമാൽമ്സ്റ്റോർഗ് (Östermalmstorg)

ഒരു പക്ഷെ സെൻട്രൽ സ്റ്റേഷന്റെ അത്രയും തന്നെ തിരക്ക് അനുഭവപ്പെടുന്ന റെഡ് ലൈനിലെ ഒരു സ്റ്റേഷൻ.സ്വീഡനിലെ വിഖ്യാത ആര്ടിസ്റ് Siri Derkert ആണ് ഈ സ്റ്റേഷന്റെ ആർട്ട് വർക്കിന്‌ പിന്നിൽ.

ഏതാണ്ട് പത്തു വർഷത്തിൽ അധികം എടുത്തു ഇതിന്റെ ആർട്ട് വർക്ക് പൂർത്തീകരിക്കാൻ. എന്നാൽ മറ്റു സ്റ്റേഷനുകളിൽ നിന്നും വിഭിന്നമായി അധികം നിറങ്ങൾ ഇല്ലാതെയാണ് ഇതിന്റെ ആർട്ട് വർക്ക് ചെയ്തിരിക്കുന്നത്. സംസ്കാരം, സമാധാനം, സ്ത്രീകളുടെ അവകാശങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ ഇവയെല്ലാമാണ് ഈ സ്റ്റേഷനിലെ ആർട്ട് വർക്കിൽ പ്രതിഫലിക്കുന്നത്

9.ഹാലോൺ‌ബെർ‌ഗൻ

ബാല്യകാലത്തിന്റെ നിഷ്കളങ്കത അല്പം പോലും ചോർന്നു പോകാതെ ഒരു ഫെയറി റ്റെയിൽ കഥകളിൽ നിന്നും അടർത്തിയെടുത്തപോലത്തെ ഒരു റെയിൽവേ സ്റ്റേഷൻ.

എലിസ് എറിക്സൺ, ഗസ്റ്റ വാൾമാർക്ക് എന്നീ കലാകാരന്മാർ സബ്‌വേ സ്റ്റേഷൻ മോഡി പിടിപ്പിക്കുമ്പോൾ അവരുടെ കുട്ടിക്കാലവും അതുപോലെ അവരുടെ മക്കളുടെ കുട്ടിക്കാലവും മനസ്സിൽ കണ്ടുകൊണ്ടാണ് തങ്ങളുടെ ജോലി തുടങ്ങിയത്. ഈ സ്റ്റേഷൻ മുഴുവൻ കുട്ടികൾ വരച്ച ചിത്രങ്ങൾ കൊണ്ട് മോഡി പിടിപ്പിച്ചിരിക്കുന്നു. അവയിൽ പലതും ആർട്ടിസ്റ്റുകൾ അവരുടെ കുട്ടിക്കാലത്തു വരച്ചതും അതുപോലെ അവരുടെ മക്കളുടെ വരകളുമാണ് എന്നത് യാദൃശ്ചികം മാത്രം.

ഹാലോൺ‌ബെർഗൻ എന്നതിന്റെ അർത്ഥം ‘റാസ്ബെറി പർവതനിരകൾ’ എന്നാണ് എന്നാൽ ഈ കുട്ടി സ്റ്റേഷൻ തീർച്ചയായും കുട്ടികളുടെ ഇഷ്ട സ്റ്റേഷൻ തന്നെ ആയിരിക്കും എന്നതിന് യാതൊരു തർക്കവും ഇല്ല.

10. ഫ്രിഡ്‌ഹെംസ്‌പ്ലാൻ

ബ്ലൂ ലൈനും ഗ്രീൻ ലൈനും സംഗമിക്കുന്ന സ്ഥലത്താണ് ഈ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. കലാകാരന്മാരായ ടോർസ്റ്റൺ റെൻക്വിസ്റ്റും ഇംഗെർഡ് മുള്ളറും ചേർന്നാണ് ഈ സ്റ്റേഷൻ മോഡി പിടിപ്പിച്ചത്. സ്വീഡന്റെ ശക്തമായ പരിസ്ഥിതി പ്രസ്ഥാനത്തെയും കടലുമായുള്ള ബന്ധത്തെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ആർട്ട് വർക്കുകൾ ആണ് ഈ സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ളത്.

എഴുതിയാലും എഴുതിയാലും തീരാത്ത അത്ര കാഴ്ചകൾ ആണ് ഈ മെട്രോ ട്രെയിൻ യാത്ര നമുക്ക് സമ്മാനിക്കുന്നത്.മിക്ക സ്റ്റേഷനുകൾക്കുള്ളിൽ കയറിയാൽ കൂറ്റൻ ഗുഹക്കുള്ളിൽ കയറിയ ഒരു പ്രതീതിയാണ് ജനിപ്പിക്കുന്നത്. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച പത്തു സ്റ്റേഷനുകൾ കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെ ആയിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ഈ തീവണ്ടി യാത്ര നമുക്ക് സമ്മാനിക്കുന്നത് ഒരുപിടി ഓർമകളും ഭൂതകാലത്തിലേക്കുള്ള കൂട്ടി വെക്കാനുള്ള ഒരുപറ്റം ചിന്തകളുമാണ്.

പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇