Driving Culture
വേണം ഗതാഗത സംസ്കാരം; സ്വീഡൻ നമുക്കൊരു പാഠമാകേണ്ടതുണ്ട്
‘ഒടുവില്‍ ഭൂമിയിലെ ഏറ്റവും കട്ടിയുള്ള പരീക്ഷ ഞാന്‍ പാസായി. സയന്‍സ്, കണക്ക്, ഫിസിക്സ്, ഓട്ടോമൊബൈല്‍, ഇക്കണോമിക്സ്, എന്‍വയോണ്‍മെന്റ്, ഫിസിയോളജി, സൈക്കോളജി എന്നിവയില്‍ ഒരുമിച്ച് പിഎച്ച്.ഡി കിട്ടിയ അനുഭവമാണ് ലഭിച്ചത്. മനോഹരമായ സംവിധാനം, അതിശയകരമായ ഭരണം, മനുഷ്യജീവന് ഇത്രയധികം വില കല്‍പ്പിക്കുന്ന ഇവിടത്തെ ഭരണാധികാരികള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍!,’ സാമൂഹിക മാധ്യമത്തില്‍ ഇന്ത്യക്കാരി ഇട്ട ഈ വൈറല്‍ കുറിപ്പ് ഞാനും ശ്രദ്ധിച്ചു. രണ്ടുവര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് എന്ന കടമ്പ കടക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന വീട്ടമ്മ ലൈസന്‍സ് കിട്ടിയതിന്റെ സന്തോഷത്തില്‍ പോസ്റ്റ് ചെയ്തതായിരുന്നു ഇത്.
20 വര്‍ഷമായി ഇന്ത്യയില്‍ വണ്ടി ഓടിച്ച എനിക്ക്, കഴിഞ്ഞ രണ്ടുവര്‍ഷത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് സ്വീഡിഷ് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാനായത്. ഈ പോസ്റ്റ് കണ്ടപ്പോള്‍ അല്പം ചിരി ഉളവായെങ്കിലും നാട്ടില്‍ നടന്ന ബസ്സപകട വാര്‍ത്ത കണ്ടപ്പോഴാണ് ഇതേപ്പറ്റി ഗൗരവത്തില്‍ ചിന്തിച്ചത്. മുന്‍പ് നടന്ന അപകടങ്ങള്‍ പോലെ, ഭാവിയുടെ വാഗ്ദാനമായ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മരണത്തിനിടയായ ഈ വാര്‍ത്തയും ഏതാനും ദിവസങ്ങള്‍ക്കകം ഒന്നുമല്ലാതായി മാറും. തത്കാലം രാത്രിയാത്രകള്‍ നിരോധിക്കും, ടൂറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും, ബസ്സപകടം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് കമ്മിഷനെ വയ്ക്കും. അതു കഴിയുമ്പോള്‍ അടുത്ത അപകടം നടക്കുന്നതുവരെ നമ്മള് ഇതെല്ലാം മറക്കും. എന്നാല്‍ നമുക്കും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും ഇതില്‍ കൃത്യമായ പങ്കുണ്ട് എന്നതാണ് വാസ്തവം.
1994-95 ലാണ് ‘വിഷന്‍ സീറോ’ എന്ന ആശയം സ്വീഡനില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് പാര്‍ലമെന്റ് റോഡ് ട്രാഫിക് സേഫ്റ്റി ബില്‍ ആയി ഇത് പാസാക്കി. അപകടങ്ങള്‍ തടയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, റോഡപകടങ്ങളില്‍ ആരും മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യരുത് എന്ന ലക്ഷ്യത്തെ മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇവിടെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അപകടങ്ങള്‍ മരണത്തിലേക്കോ ആജീവനാന്ത പരിക്കിലേക്കോ നയിക്കരുത് എന്നതാണ് വിഷന്‍ സീറോ മുന്നോട്ടുവയ്ക്കുന്ന ആശയം. റോഡുകള്‍, വാഹനങ്ങള്‍, റോഡ് ഉപഭോക്താക്കള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ പരസ്പരം ഇടപഴകി സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുന്നതാണ് റോഡ് ഗതാഗത സംവിധാനം എന്ന വസ്തുതയിലേക്ക് വിഷന്‍ സീറോ എത്തിച്ചേരുന്നു.
അപകടങ്ങളുണ്ടാകുമ്പോള്‍ അത് ഡ്രൈവറുടെ അശ്രദ്ധ എന്ന ചിന്തയില്‍നിന്ന് മാറി, മനുഷ്യന്റെ ചിന്തയും പെരുമാറ്റവും തെറ്റുകള്‍ക്ക് അതീതമല്ല എന്ന ചിന്താധാരയാണ് വിഷന്‍ സീറോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസന്‍സ് സംവിധാനത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തി. നമ്മുടെ പരീക്ഷാ രീതികളില്‍നിന്ന് വ്യത്യസ്തമായി, പഠിച്ച കാര്യങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതാണ് ലൈസന്‍സ് ടെസ്റ്റില്‍ പരിഗണിക്കുന്നത്. ടെസ്റ്റിന്റെ കടമ്പ തുടങ്ങുന്നതുതന്നെ റിസ്ക് എങ്ങനെ കൈകാര്യം ചെയ്യാം എന്ന ക്ലാസിലൂടെയാണ്. പിന്നീട് റിസ്ക് രണ്ട് ക്ലാസില്‍ മഞ്ഞില്‍ക്കൂടി വണ്ടിയോടിക്കുന്നതിന്റെയും മഴയില്‍ റോഡ് കൈകാര്യം ചെയ്യേണ്ടതിന്റേയും പരിശീലനമടക്കം ഉണ്ടായിരിക്കും. തിയറി പരീക്ഷ എന്നത് വെറും ചോദ്യോത്തരം എന്നതിനു പകരം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന തരത്തിലുള്ള വീഡിയോ അധിഷ്ഠിത ചോദ്യങ്ങളായിരിക്കും (49 ശതമാനം ആളുകള്‍ മാത്രമാണ് തിയറി പരീക്ഷ പാസാകുന്നത്). പ്രായോഗിക പരീക്ഷയില്‍ സ്ട്രെസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് മുതല്‍ റോഡില്‍ മറ്റുള്ള വാഹനങ്ങളോടും കാല്‍നട, സൈക്കിള്‍ യാത്രികരോടുമുള്ള പെരുമാറ്റവും ഇന്ധനം ലാഭിച്ച് എങ്ങനെ വണ്ടിയോടിക്കാമെന്നതും വരെ പരിഗണിച്ചാണ് ലൈസന്‍സ് നല്‍കുന്നത്. ലൈസന്‍സ് കിട്ടിയാല്‍ രണ്ടുവര്‍ഷത്തേക്ക് പ്രൊബേഷന്‍ ആണ്.
ഇവിടെ ലൈസന്‍സ് കിട്ടിയ എത്രപേര്‍ക്ക് ഇന്‍ഡിക്കേറ്ററിനെ കുറിച്ച് ധാരണ ഉണ്ടെന്നറിയാന്‍ നിരത്തുകളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മതി. അകലം പാലിക്കാതെ ഓടിക്കുന്ന വാഹനങ്ങള്‍, ബ്ലോക്കാവുമെന്നറിഞ്ഞുകൊണ്ടുള്ള ഓവര്‍ടേക്കുകള്‍, അവയുണ്ടാക്കുന്ന ഗതാഗതക്കുരുക്കുകള്‍, ഡിം ലൈറ്റിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഡ്രൈവര്‍മാര്‍, അവ പരിശോധിച്ച് ശിക്ഷനല്കാനുള്ള സംവിധാനമില്ലായ്മ… നമ്മുടെ ഗതാഗത സംസ്കാരമില്ലായ്മയുടെ പ്രശ്നമാണിതൊക്കെ എന്ന് ഇവിടെയിരിക്കുമ്പോള്‍ ബോധ്യമാവുന്നു.
നമ്മുടെ നാട്ടിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി ലേണേഴ്സ് ലൈസന്‍സ് ഉള്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത അടുത്തിടെ കാണാനിടയായി. കൂടുതല്‍ ഡ്രൈവര്‍മാരെ സൃഷ്ടിക്കുന്ന നമ്മുടെ ഈ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി അര്‍ഹതയുള്ള ആളുകള്‍ക്ക് മാത്രം ലൈസന്‍സ് കൊടുത്താല്‍ റോഡില്‍ അല്പംകൂടി ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റം കൈവരും. അതിനെല്ലാമുപരി ആദ്യ രണ്ടുവര്‍ഷം ലൈസന്‍സ് പ്രൊബേഷന്‍ അടിസ്ഥാനത്തില്‍ കൊടുത്താല്‍ കുറച്ചുകൂടി ചുമതലാബോധത്തോടെ വാഹനം കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക് വരും.
വാഹനമോടിക്കുന്ന ഡ്രൈവറുടെ മാനസിക നില, ക്ഷീണം എന്നിവയെല്ലാം ഡ്രൈവിങ്ങിനെ ബാധിക്കുന്ന ഒന്നാണ്. വളരെ വീര്യംകുറഞ്ഞ ഒരു ബിയര്‍ മാത്രമാണ് വണ്ടിയോടിക്കാന്‍ അനുവദിച്ചിരിക്കുന്നതിന്റെ അളവ്. വലിയ തോതില്‍ മദ്യപിച്ചാല്‍ അടുത്ത ദിവസംവരെ വണ്ടിയോടിക്കുന്നതിന് വിലക്കുമുണ്ട് സ്വീഡനില്‍. മദ്യം കഴിച്ചതിന്റെ ക്ഷീണം അടുത്ത ദിവസംവരെ നിലനില്ക്കും എന്ന പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ വിലക്ക്. നമ്മുടെ നാട്ടിലെ എത്ര ഡ്രൈവര്‍മാര്‍ ഇന്ന് മദ്യപിച്ചാല്‍ നാളെ വണ്ടിയോടിക്കുന്നതില്നിന്ന് മാറിനില്‍ക്കും?
പോളിസി ഉണ്ടാക്കുന്നതിനൊപ്പം അവയെങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതുംകൂടി ആശ്രയിച്ചാണ് അതിന്റെ വിജയം. മികച്ച റോഡുകള്‍, വാഹന കമ്പനികളുമായി കൈകോര്‍ത്ത് വാഹനത്തിന്റെ സേഫ്റ്റി വര്‍ധിപ്പിക്കല്‍, ആളുകള്‍ക്ക് ഈ പോളിസിയിലുള്ള അറിവ് ഇവയെല്ലാം പരിശോധിച്ച് പോളിസിയില്‍ വേണ്ടതായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട് ഇവിടെ. പലപ്പോഴും അപകടം നടന്നാല്‍ ഡ്രൈവര്‍ക്ക് ശിക്ഷ നല്കി കൈകഴുകുന്ന രീതിയില്‍നിന്ന് മാറി അപകട സാഹചര്യം ഇഴകീറി പരിശോധിച്ച്, ആ സമയത്തെ ഡ്രൈവറുടെ മാനസികനില, അപകടം നടന്ന സാഹചര്യം എന്നിവയെല്ലാം പഠിച്ച് സീറോ വിഷന്‍ പോളിസിയില്‍ നിരന്തരം പരിഷ്കാരങ്ങള്‍ വരുത്തുന്നതില്‍ അധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്കൂള്‍ തലം മുതല്‍ സേഫ്റ്റി പാഠ്യ പദ്ധതിയുടെ ഭാഗമാക്കാനും കുട്ടികളില്‍ പൗരബോധവും മറ്റുള്ളവരോടുള്ള കരുതലും ഊട്ടിയുറപ്പിക്കാനും വിദ്യാഭ്യാസ രംഗത്തും ശ്രദ്ധിക്കുന്നു. ഈ മാറ്റങ്ങള്‍ വിജയം കാണുന്നതിന്റെ സൂചനയാണ് റോഡപകട നിരക്കുകള്‍ കുത്തനെ കുറയുന്ന കണക്കുകള്‍ നല്‍കുന്നത്.
1997-ല്‍ 541 അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2005 ആവുമ്പോഴേക്കും 440 ആയി. 2009-ല്‍ 355, 2014-ല്‍ 270, 2021-ല്‍ 192 എന്നിങ്ങനെ പടിപടിയായി കുറഞ്ഞു. പലപ്പോഴും അപകടം നടന്നാല്‍ ഡ്രൈവര്‍ക്ക് ശിക്ഷനല്കി കൈകഴുകുന്ന രീതിയില്‍നിന്ന് മാറി അപകട സാഹചര്യം, ഡ്രൈവറുടെ ആ സമയത്തെ മാനസികനില എന്നിവയെല്ലാം പഠിച്ച് പോളിസിയില്‍ മാറ്റങ്ങള്‍ വരുത്താനാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. ലോകത്തെമ്പാടും ഏതാണ്ട് ഒന്നര ദശലക്ഷം ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ ഉറ്റവരോ ഉടയവരോ ഇത്തരം അപകടങ്ങളില്‍ മരിക്കുമ്പോഴാണ് അതിന്റെ വേദന നമുക്ക് മനസ്സിലാവുന്നത്.
കേരളത്തില്‍ കഴിഞ്ഞ എട്ടുമാസത്തനിടെയുണ്ടായ 30,000 റോഡപകടങ്ങളില്‍ പൊലിഞ്ഞത് മൂവായിരത്തിനടുത്ത് ജീവനുകളാണ്. ഇതിനൊരു മാറ്റം വരണമെങ്കില്‍ നമ്മുടെ പോളിസികള്‍ മാറുന്നതിനൊപ്പം മികച്ച റോഡുകളും പക്വതയുള്ള ഡ്രൈവര്‍മാരെയും പൗരബോധമുള്ള തലമുറയെയും വാര്‍ത്തെടുക്കണം. അതിനായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മുതല്‍ ഉടച്ചുവാര്‍ക്കലുകള്‍ നടത്തണം.
മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ