ആഹാ ആവേശം ..!!

Oktoberfest

മനോരമ ട്രാവലർ ഡിസംബർ 2024 പ്രസിദ്ധീകരിച്ച ആർട്ടിക്കിൾ

സെപ്റ്റംബർ 21 രാവിലെ 10:30നു ഹക്കർബ്രൂക്കെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി സെയിന്റ് പോൾ പള്ളി ലക്ഷ്യമാക്കി നടന്നു.അണപൊട്ടി ഒഴുകുന്ന  ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെടുന്നുണ്ട്. വഴിയുടെ ഇരുവശവും ബാരിക്കേഡുകൾ തീർത്തു പരേഡിനായി വഴികൾ ഒരുക്കി കാത്തു നിൽക്കുകയാണവർ. ലോകത്തിലെ ഏറ്റവും വലിയ ഫോക്ക് ഫെസ്റ്റിവലായ ഒക്ടോബർഫെസ്റ്റിനു ലോകമൊന്നാകെ ജർമനിയിലേക്ക് ഒഴുകുന്ന രണ്ടാഴ്ചകൾക്കു തുടക്കം കുറിക്കുന്നത് ഇന്നാണ്.

 

ഒക്ടോബർ ഫെസ്റ്റിന്റെ ഉൽഘാടനത്തെ അടയാളപ്പെടുത്തുന്ന Einzug der Wiesnwirte (ഐൻസുഗ് ഡെർ വീസ്ൻവിർട്ടെ) പരേഡിന് സാക്ഷ്യം വഹിക്കാൻ പള്ളിയുടെ മുന്നിലുള്ള  തെരുവോരത്തു സുഹൃത്തുക്കളോടൊപ്പം ഇടംപിടിച്ചു. 

ജോസഫ്സ്പിറ്റൽസ്ട്രാസെയിൽ നിന്ന് ആരംഭിച്ച് ഔദ്യോഗിക ഒക്‌ടോബർഫെസ്റ്റ് ഗ്രൗണ്ടായ തെരേസിയൻവീസിലേക്ക് പരേഡ് നീങ്ങുന്നത് ഈ തെരുവിലൂടെയാണ് . പരേഡ് വീക്ഷിക്കുവാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികൾ എത്തിയിട്ടുണ്ട്.

ജർമ്മൻ നാടോടിവസ്ത്രമാണ് ഡിൻഡൽ (dirndl).സ്ത്രീകൾ ധരിക്കുന്ന ഈ വസ്ത്രം ആൽപ്സ് പർവതനിരയോട് ചേർന്ന് ജർമ്മൻ സംസാരിക്കുന്ന  നാടുകളിൽ പ്രസിദ്ധമാണ്. പതിനാറാം നൂറ്റാണ്ടുമുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ പ്രചാരത്തിൽ ഉണ്ടായിരുന്നഈ വസ്ത്രം ഒക്ടോബർഫെസ്റ്റിന്റെ പ്രധാന വേഷവിധാനങ്ങളിൽ ഒന്നാണ്. പാവാടയും ബ്ലൗസും പുറംകുപ്പായവും ചേർന്ന ഈ വസ്ത്രം ധരിച്ച ജർമ്മൻ സുന്ദരിമാർ തെരുവിന്റെ സൗന്ദര്യം വർധിപ്പിച്ചു.

ലിഡാഹുസൈൻ തുകലിൽ നിർമ്മിച്ച പരമ്പരാഗത ഷോർട്ട്സുകളാണ്. തെക്കൻ ജർമനിയിലെ ബവേറിയ , ഓസ്ട്രിയ സ്വിറ്റ്സർലാന്റിന്റെ ചില ഭാഗങ്ങളിൽ ഒക്കെ പ്രചാരത്തിലുണ്ടായിരുന്ന പുരുഷ വസ്ത്രമാണ്. പൊതുവെ വൃത്തിയാക്കാൻ എളുപ്പമുള്ളതിനാൽ കൃഷി , വേട്ട , കുതിരസവാരി തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്ന പുരുഷന്മാരാണ് ധരിച്ചിരുന്നത്.വെള്ള അല്ലെങ്കിൽ ചുവന്ന ചെക്ക് ഷർട്ടും കമ്പിളി സോക്സുകളുമാണ് ഇതോടൊപ്പമുള്ള വേഷം. ഇതിൽ തുന്നിപിടിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ പലപ്പോഴും പ്രാദേശീക ചിഹ്നങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഒക്ടോബർഫെസ്റ്റിനെത്തുന്ന പുരുഷന്മാരിൽ ഭൂരിഭാഗവും ധരിച്ചിരിക്കുന്നത് ഈ വേഷമാണ്.

അൽപ്പം ഒക്ടോബർ ഫെസ്റ്റ് ചരിത്രം

 

1810 ഒക്ടോബര്‍ പന്ത്രണ്ടിനാണ് ആദ്യമായി ജര്‍മനിയില്‍ ഒക്ടോബര്‍ ഫെസ്റ്റ് ആഘോഷിച്ചത്. അന്നത്തെ രാജാവായിരുന്ന ലുഡ്‍വിക് ഒന്നാമന്റെ വിവാഹത്തിന്റെ വിളംബരമായിട്ടായിരുന്നു  തുടക്കം. മ്യൂണിക്കിലെ ജനങ്ങൾക്കായി ഒക്ടോബർ 12നു നടത്തിയിരുന്ന ഈ ആഘോഷത്തിൽ നിരവധി ആളുകളാണ് പങ്കെടുത്തത്.അന്ന് ആഘോഷം നടത്തിയിരുന്നയിടം രാജ്ഞിയുടെ പേരുമായി ബന്ധപ്പെടുത്തി തെരേസിയൻവീസ് എന്നപേരിൽ അറിയപ്പെട്ടു.ഇന്നും ആഘോഷം  നടക്കുന്ന ഗ്രൗണ്ട് അറിയപ്പെടുന്നതും ഇതേപേരിലാണ്.

കൃത്യം പതിനൊന്നു മണിക്ക് പരേഡ് ആരംഭിച്ചു.മ്യൂണിക്ക് നഗരപരിധിയിലുള്ള ബ്ര്യുവറികൾ അണിയിച്ചൊരുക്കുന്ന പരേഡിനെ വർണ്ണാഭമാക്കുന്നത്  അലങ്കരിച്ച കുതിരവണ്ടികൾ, ബ്രൂവറി ഫ്ലോട്ടുകൾ, പരമ്പരാഗത സംഗീതജ്ഞർ, പരമ്പരാഗത ബവേറിയൻ വസ്ത്രങ്ങൾ ധരിച്ചവർ ചേർന്നാണ്.

 

പരേഡ് തെരേസിയൻവീസിൽ എത്തുന്നതോടുകൂടി ഒക്ടോബർ ഫെസ്റ്റ് ഔദ്യോഗികമായി ആരംഭിക്കുന്ന ചടങ്ങുകൾക്ക് തുടക്കമാകും. മ്യൂണിക്ക്  മേയർ ആദ്യത്തെ കെഗ് തുറന്നു “O’ zapft is” പറയുന്നതോടുകൂടിയാണ്  ഒക്ടോബർഫെസ്റ്റ് ഔദ്യോഗീകമായി ആരംഭിക്കുന്നത്. മേയർ ആദ്യത്തെ ബാരൽ ബിയർ തുറന്നുകഴിഞ്ഞാൽ മാത്രമേ മറ്റുള്ളവർക്ക് ബിയർ നൽകി തുടങ്ങുകയുള്ളു.

ആയിരങ്ങളെ വകഞ്ഞുമാറ്റി ഉൽഘാടനച്ചടങ്ങുകൾ നടക്കുന്നയിടത്തേക്കു എത്തിച്ചേരുക  അസാധ്യമാണ്. ഞങ്ങൾ പരേഡിന്റെ കാഴ്ചകൾക്ക് ശേഷം തെരേസിയൻവീസിലേക്ക് തിടുക്കത്തിൽ ഓടി. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ആയിരങ്ങളുടെ കൂട്ടയോട്ടമായി തെരുവ് മാറി . സഞ്ചാരികളെ കാത്തിരിക്കുന്ന ടെന്റുകളൊന്നിൽ കയറിപ്പറ്റുകയാണ് എല്ലാവരുടെയും ലക്‌ഷ്യം.

ഒക്ടോബർഫെസ്റ്റിന്റെ സാമ്പത്തീക വശങ്ങൾ

 

ഒക്ടോബർഫെസ്റ് മ്യൂണിക്ക് നഗരത്തിന്റെ സാമ്പത്തീക നട്ടെല്ലാണ്. ഏഴുദശലക്ഷത്തോളം സഞ്ചാരികൾ ഏതാണ്ട് ഒന്നേകാൽ ബില്യൺ യൂറോ ചെലവഴിക്കുന്നു എന്നാണ് മ്യൂണിക്കിലെ ലെബർ ആൻഡ് എക്കണോമിക്ക്സ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട  കണക്കുകൾ സൂചിപ്പിക്കുന്നത്.അതിനുപുറമെ നഗരത്തിനു പുറത്തുനിന്നും ആഘോഷത്തിനെത്തുന്നവർ അഞ്ഞൂറ്റിയഞ്ചു ദശലക്ഷം യൂറോ താമസത്തിനായി ചെലവഴിക്കുന്നു. 12000 മുതൽ 13000 തൊഴിലവസരങ്ങൾ  ഈ മൂന്നാഴ്ചകളിൽ മ്യൂണിക്കിൽ മാത്രമായി സൃഷ്ടിക്കപ്പെടുന്നത്. അതിലൂടെ ഓരോരുത്തരും നേടുന്നത് അയ്യായിരം യൂറോയോളമാണ്.

 

കൂറ്റൻ ടെന്റുകളിൽ നടക്കുന്ന ആഘോഷം 

ചെറുതും വലുതുമായ ടെന്റുകളിലാണ് ആഘോഷം നടക്കുന്നത്. കൂറ്റൻ ടെന്റുകൾ ഒരുക്കുന്നതും ആളുകളെ നിയന്ത്രിക്കുന്നതും എല്ലാം ബ്രൂവറികളാണ്. ചെറുതും വലുതുമായ മുപ്പതില്പരം ടെന്റുകളിൽ ഇരിപ്പിടം ഉറപ്പാക്കണമെങ്കിൽ  ഒരുവർഷം മുൻപേ ബുക്ക് ചെയ്യണം എന്നറിയുമ്പോൾ ഈ ആഘോഷത്തിന്റെ പെരുമ മനസിലാവും. ബുക്കിംഗ് ആവശ്യമില്ലാത്ത ചുരുക്കം ഇരിപ്പിടം ലക്ഷ്യമാക്കിയാണ് ജനങ്ങളെല്ലാം ഓടുന്നത്. വലിയ ടെന്റുകളിൽ ആറായിരം ഇരിപ്പിടമുണ്ട് എന്നറിയുമ്പോൾ  ടെന്റുകളുടെ വലുപ്പം മനസിലാവുന്നത്.

കൂട്ടയോട്ടത്തിൽ മുന്നിൽ ഓടിയ ഞങ്ങൾക്ക് ടെന്റുകളിലൊന്നിൽ കയറിപ്പറ്റി. പൗളനെർ ബ്രൂവറി നടത്തുന്ന ടെന്റിൽ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആയിരങ്ങൾ ഇരിപ്പുറപ്പിച്ചിരുന്നു. 1634 ൽ സ്ഥാപിച്ച ഈ ബിയർനിർമ്മാണശാല ജർമ്മനിയിലെ പഴയകാല നിർമ്മാണശാലകളിൽ ഒന്നാണ്. പൗളനെർ കൂടാതെ അഗസ്റ്റിനർ , ഹാക്കർ പീഷോർ , ഹൂഫ്ബ്രായു ,ലൂവൻബ്രായൂ , സ്പാട്ടൻ തുടങ്ങിയ ബിയർനിർമ്മാണശാലകളുടെ ടെന്റുകളും ഈ ആഘോഷത്തിന്റെ ഭാഗമായുണ്ട്

ടെന്റിനകത്തു ആദ്യത്തെ കെഗിൽ നിന്നുള്ള ബിയർ സൗജന്യമായി നൽകുന്ന തിരക്കാണ്. ബെഞ്ചും ഡെസ്ക്കുമാണ് ഇരിപ്പിടങ്ങൾ. ടെന്റിൽ പരതിയിട്ടു ഒഴിഞ്ഞ സീറ്റുകൾ ഒന്നും കാണുന്നില്ല. മിക്കതും നിറഞ്ഞു ആളുകൾ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്നത് മുൻകൂടി ബുക്ക് ചെയ്തവരുടെ ഇരിപ്പിടങ്ങളാണ്. മിക്കവരും വന്നിരിക്കുന്നത് വലിയ കൂട്ടമായിട്ടാണ്. ഫ്രാൻസിൽ നിന്നും വന്ന കൂട്ടരോടൊപ്പം ഞങ്ങൾക്കും ഇടം കിട്ടി. മ്യൂണിക്കിൽ സ്ഥിരതാമസമായ മലയാളി ഡോക്ടർ പ്രഭയും ജർമ്മൻ ഭർത്താവ് യൂർഗനും ഞങ്ങളോടൊപ്പം കൂടി .ബാൻഡ് സംഘങ്ങൾ വലിയ സ്റ്റേജിൽ നിന്നുകൊണ്ട് ആഘോഷത്തിന് മേളക്കൊഴുപ്പേകുന്നു. 

ബിയറും ഭക്ഷണവും വിളമ്പാൻ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ജർമ്മൻ സുന്ദരികളും സുന്ദരന്മാരും മത്സരിക്കുന്നു. എല്ലാത്തിനും സാധാരണയെക്കാൾ ഇരട്ടി വിലയാണ്. ഈ ആഘോഷത്തിലെ ഏറ്റവും പ്രധാന ഐറ്റം  ബിയർ തന്നെയാണ്. മുൻ വർഷത്തെ ആഘോഷത്തിൽ ഏകദേശം എട്ടു  ദശലക്ഷം ലിറ്റർ ബിയർ വിറ്റിരുന്നു എന്നറിയുമ്പോൾ 

ഇവിടെയൊഴുകുന്ന ബിയറിന്റെ ഒരു ഏകദേശ ചിത്രം വ്യക്തമാകും.1 ലിറ്റർ മഗ്ഗുകളിലാണ് ബിയർ വിൽക്കുന്നത്.സർക്കസിലെ അഭ്യാസംപോലെ അഞ്ചും എട്ടും മഗ്ഗ് ബിയർ കയ്യിലെടുത്തുകൊണ്ടാണ് വിളമ്പുകാർ നടക്കുന്നത്. പ്രത്യക വൈഭവം വേണ്ട ഒരു ജോലി തന്നെ. പതിനഞ്ചു യൂറോ നൽകി ഒരു ബിയർ വാങ്ങി. വിളമ്പുകാരി ഒരു യൂറോ ടിപ്പും ചോദിച്ചു വാങ്ങി. വിളമ്പുകാർ പലരും ഈ സീസണിൽ മാത്രം സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്.

ബിയർ വിളമ്പുന്നവരെ കൂടാതെ ഒക്ടോബർഫെസ്റ്റിന്റെ പരമ്പരാഗത തൊപ്പികൾ , ജർമ്മൻ ബ്രഡ് ആയ പ്രെറ്റ്‌സെൽ വിൽക്കുന്നവർ,  അങ്ങനെ കച്ചവടക്കാർ ഓരോ ടെന്റിനും ഉത്സവാന്തരീക്ഷം നൽകുന്നു. 

ഇവിടെ വിളമ്പുന്ന ബിയറിനും പ്രത്യേകതകൾ ഏറെയാണ്.

ഒക്ടോബർ ഫെസ്റ്റിനായി ബ്രൂവറികൾ വീര്യം കൂടിയ ബിയർ പ്രത്യേകമായി തയ്യാറാക്കുകയാണ് പതിവ്.

ബാൻഡ് സംഘത്തിന്റെ പാട്ട് ഉച്ചത്തിലായതോടുകൂടി പലരും ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു ബഞ്ചിൽ നിന്നുകൊണ്ടായി നൃത്തം.

 

“Ein Prosit, ein Prosit

Der Gemütlichkeit

Ein Prosit, ein Prosit

Der Gemütlichkeit”

 

ഐൻ പ്രോസിറ്റ് ഗാനത്തോടൊപ്പം എല്ലാവരും ചേർന്നു ബിയർ ഗ്ലാസ്സുകൾ  മുട്ടിച്ചു നൃത്തം തുടർന്നു . പല ദേശങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും വന്നവർ ഭാഷയുടെയും വർണ്ണത്തിന്റെയും  അതിരുകൾക്കപ്പുറമായി ആഘോഷിക്കുന്ന നിമിഷങ്ങൾ.

ടെന്റുകളിൽ നടത്തുന്ന കുർബ്ബാന

1956 മുതൽ ഒക്ടോബർഫെസ്റ്റിലെ ആദ്യ ബുധനാഴ്ച രാവിലെ 9:30-ന് മാർസ്റ്റൽ ടെന്റിൽ എക്യുമെനിക്കൽ ചർച്ച് കുർബാനയും നടത്തും. ടെന്റുകളിൽ ജോലി ചെയ്യുന്നവർക്കും , ബിയർ നിമ്മാണ ശാലയിലെ ജോലിക്കാർക്കും വേണ്ടി നടത്തുന്ന ഈ പ്രാർത്ഥനയിൽ സന്ദർശകർക്കും പ്രവേശനം സൗജന്യമാണ്

തെരേസിയൻവീസിലെ ബവേറിയ പ്രതിമയുടെ മുൻപിൽ മുന്നൂറോളം സംഗീതജ്ഞർ നടത്തുന്ന ബാൻഡ് ആണ് ഒക്ടോബർഫെസ്റ്റിലെ രണ്ടാമത്തെ ഞായറാഴ്ഴ്ച്ചയുടെ പ്രത്യേകത. എല്ലാ ടെന്റുകളിലേയയും ബാൻഡുകൾ ഒത്തുചേർന്ന് ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ബവേറിയൻ സംഗീതം ആലപിക്കുമ്പോൾ മ്യൂണിക്ക് മേയർ ഉൾപ്പെടെ അനേകം സെലിബ്രിറ്റികൾ ഈ ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തും

ആചാരവെടിയോടുകൂടി തുടക്കവും അവസാനവും 

പതിനഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ ബവേറിയയിൽ പരമ്പരാഗതമായി ആചാരവെടി നടത്തിവരുന്നു. ഉയർന്ന പദവിയുള്ള വ്യക്തികളെ ആദരിക്കുന്നതിനും ജനനം, ജന്മദിനങ്ങൾ, പേരിടീൽ എന്നിവ ആഘോഷിക്കുന്നതിനും ഈ ആചാരം ഉപയോഗിച്ചുവന്നു. ദുഷ്ടാത്മാക്കളെ ഭയപ്പെടുത്താനും ഇത് ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു, കൂടാതെ പല പ്രദേശങ്ങളിലും, 20-ാം നൂറ്റാണ്ടിൽ വരാനിരിക്കുന്ന അപകടത്തിനെതിരെ മുന്നറിയിപ്പ് നൽകാൻ ആചാരവെടി ഉപയോഗിച്ചതായിട്ടു ചരിത്രം പറയുന്നു. ഒക്‌ടോബർഫെസ്റ്റ് ആരംഭിക്കുന്നതും ആചാരവെടിയോടുകൂടിയാണ്. മ്യൂണിക്ക് മേയർ ആദ്യ ബിയർ ഗ്ലാസിൽ പകരുമ്പോൾ പന്ത്രണ്ടു ആചാരവെടി മുഴക്കി മറ്റു ടെന്റുകൾ അത് അറിയിക്കുന്നതോടുകൂടിയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

ഒക്‌ടോബർഫെസ്റ്റിൻ്റെ അവസാനദിവസവുംആചാരവെടിയോടുകൂടിയാണ് ചടങ്ങുകൾ അവസാനിക്കുന്നത് .അവസാന ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ബവേറിയയുടെ പ്രതിമക്ക് താഴെയുള്ള പടികളിൽ പരമ്പരാഗത വേഷവിധാനത്തിൽ 60 പുരുഷന്മാരും സ്ത്രീകളും തോക്കുകളുമായി അണിനിരക്കുന്നു . വെടിയുണ്ടകൾക്ക് പകരം കറുത്ത പൊടിയുപയോഗിച്ചു ആഘോഷനഗാരിയെ ആകെ  വെളുത്ത പുകയിൽ മുക്കുമ്പോൾ ബാൻഡ് മേളക്കാർ ചടങ്ങുകൾക്ക് സംഗീതത്തിന്റെ അകമ്പടിയേകുന്നു.

ഉച്ച മുതൽ രാത്രി വരെ പല ടെന്റുകളിൽ ചിലവഴിച്ച ഞങ്ങൾക്ക് തിരികെ പോകാൻ സമയമായി .ബവേറിയൻ ആൽപ്സിനുപിന്നിൽ സൂര്യനൊളിക്കുമ്പോൾ ഒക്ടോബർഫെസ്റ് വേദിയായ  തെരേസിയൻവീസ് സ്വര്ണനിറത്തിൽ കുളിച്ചു. മങ്ങിപ്പോകുന്ന വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന ബിയർ ടെന്റുകൾക്കുള്ളിൽനിന്നും സഞ്ചാരികളുടെ ചിരിയും അട്ടഹാസവും പടരുന്നു. പരമ്പരാഗത ബവേറിയൻ ബ്രാസ് ബാൻഡുകളുടെ സംഗീതത്തിന് മറ്റൊരു ഭാവം കൈവന്നിരിക്കുന്നു. കൂറ്റൻ റൈഡുകൾ വൈദ്യുതാലങ്കാരത്തിൽ മിന്നിത്തിളങ്ങി. ചിരിയും സംഗീതവും അന്തരീക്ഷത്തിൽ  നക്ഷത്രങ്ങളെപ്പോലെ മിന്നിമറയുന്ന കാഴ്ചകൾക്ക് ഒരു നിശബ്ദ കാവൽക്കാരിയെപോലെ സാക്ഷിയായി ബവാറിയയുടെ കൂറ്റൻ പ്രതിമ തിളങ്ങിനിന്നു