ഫാരൻ ഹീറ്റിനെ സെൽഷ്യസ് ആക്കിയപ്പോൾ

അമ്പിളി ഫാരൻഹീറ്റിനെ സെൽഷ്യസ് ആക്കി. നീയിതുവരെ എ പ്ലസ് ബി = സി ചെയ്തില്ലേ ?

കംപ്യൂട്ടർ ലാബിൽ വെച്ച് ഹോസ്റ്റലിലെ സഹ മുറിയെൻ ലിജോ ആ ചോദ്യം ചോദിച്ചപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു. കാര്യം അമ്പിളി ബിസിഎ ഒക്കെ കഴിഞ്ഞിട്ടാണ് വരവെങ്കിലും ഞാൻ പഠിച്ച ബി എസ്‌ സി ഫിസിക്സ് അത്ര മോശം ഡിഗ്രി ഒന്നുമല്ല. എംസിഎ പഠിക്കാൻ കോയമ്പത്തൂർ കോളേജിൽ ചേർന്നതേ ക്‌ളാസ്സു തുടങ്ങി ഒരു മാസത്തിനു ശേഷമാണ്.

നമ്മുടെ കേരളാ യൂണിവേഴ്സിറ്റിയുടെ അന്നത്തെ സിലബസിൽ കമ്പ്യൂട്ടർ പോയിട്ട് ഒരു ടൈപ്പ്റൈറ്റർ പോലും പഠിപ്പിച്ചിട്ടില്ല. സിലബസിൽ ഉള്ളത് പഠിക്കാൻ സമയമില്ല പിന്നാണ് ഔട്ട് ഓഫ് സിലബസ്.

കോളേജിലെ സി പ്രോഗ്രാമിങ് ലാബിൽ ചെന്നപ്പോൾ ഒരു മാസം മുൻപേ ക്ലാസ്സിൽ ചേർന്നവർ , മൂന്നു വർഷം കമ്പ്യൂട്ടർ സയൻസും ബീ സീ എ പോലുള്ള ബിരുദവും കഴിഞ്ഞു ,കേരളത്തിലെ യൂണിവേഴ്സിറ്റിയുടെ കാര്യക്ഷമത കൊണ്ട് റിസൾട്ട് വൈകി ,ബിരുദത്തിനു ബിരുദാനന്തര ബിരുദത്തിനു ഇടക്ക് ഒരു വർഷം വെറുതെ ടൈം പാസ് ആയി കമ്പ്യൂട്ടർ പഠിച്ചവർ ,ഇവരോടൊക്കെ പട പൊരുതി വേണം ഞാനെന്റെ പഠനം പൂർത്തീകരിക്കാൻ. പത്താം ക്‌ളാസ്സിൽ ഇംഗ്ലീഷ് ട്യൂഷൻ പഠിപ്പിച്ച ജോൺ സാറിന്റെ ഭാഷയിൽ പറഞ്ഞാൽ “പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി ” എന്ന അവസ്ഥ .

പണ്ടൊക്കെ ബിരുദവും പ്രീഡിഗ്രിയും ഒക്കെ കഴിഞ്ഞു ടൈപ്പും ഷോർട് ഹാൻഡും ഒക്കെ ആയിരുന്നു ഓരു ഫാഷൻ. മുക്കിനു മുക്കിനു സുന്ദരികളും സുന്ദരന്മാരും പോകുന്ന ടൈപ്പ് റൈറ്റിംഗ് ഇന്സ്ടിസ്റ്റൂട്ട്. കമ്പ്യൂട്ടർ കാലം വന്നതോട് കൂടി അത് കമ്പ്യൂട്ടർ ഇൻസ്റ്റിസ്ടൂറ്റുകൾക്കു വഴി മാറി.

ഞാനും ബിരുദം കഴിഞ്ഞു ഏതാണ്ട് ഒരുമാസം കമ്പ്യൂട്ടർ പഠനത്തിന് പോയി . എംസിഎ പഠിക്കേണം എങ്കിൽ കമ്പൂട്ടർ അറിഞ്ഞിരിക്കണം പോലും. ഓരോരോ ആചാരങ്ങളെ .. അങ്ങനെ പോയപ്പോൾ പഠിപ്പിച്ചതാണ് പെയിന്റ്. ഇൻസ്റ്റിറ്റൂട്ടിലെ സാറ് പെയിന്റ് അടിക്കാൻ പഠിപ്പിച്ചപ്പോഴേക്കും എംസിഎ അഡ്മിഷൻ കിട്ടി പഠനം പാതി വഴിക്കു ഉപേക്ഷിക്കേണ്ടി വന്നു.

അപ്പോൾ നമ്മുടെ സി പ്രോഗ്രാമിങ് ക്ലസ്സിലേക്കു വരാം. എല്ലാരും തലങ്ങും വിലങ്ങും പ്രോഗ്രാം ചെയ്തു കോഡ് എഴുതി തള്ളുന്നു. ഞാൻ ആണെകിൽ ഒരു അന്തവും കുന്തവും ഇല്ലാതെ കുത്തു മാറ്റി ഇട്ടു കോമ ആക്കി നോക്കി എന്തൊക്കെയോ കാട്ടി കൂട്ടുന്നു. ഒന്നും ശരിയാകുന്ന ലക്ഷണമില്ല. ലാബ് സമയം കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ഞാൻ കംപ്യൂട്ടറിന്റെ സ്വിച്ചിൽ ആഞ്ഞൊന്നു അമർത്തി ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന സ്വിച്ചും ഓഫ് ചെയ്തു പുറത്തേക്കു ഇറങ്ങാൻ തുടങ്ങിയപ്പോൾ ലാബ് അസിസ്റ്റന്റ് മഹേഷ് അണ്ണൻ കൂലം കുഷമായി എന്നെ ഒന്ന് നോക്കി “ഇവനൊക്കെ എവിടുന്നു കെട്ടിയെടുക്കുന്നെടാ ” എന്ന ഭാവത്തിൽ.

ലിജോയുടെ വക ഉപദേശം നീയെന്തു പണിയാണ് കാണിച്ചത് . “കമ്പ്യൂട്ടർ ഷട്ട്ഡൗണാണ് ചെയേണ്ടത് ..” അല്ല വീട്ടിലെ ടിവി മാത്രം കണ്ടിട്ടുള്ള ഞാൻ ഇത്രയെങ്കിലും ചെയ്തല്ലോ എന്ന ആശ്വാസത്തിൽ ഹോസ്റ്റൽ മുറി ലക്ഷ്യമാക്കി നടന്നു.