rose cookies recipe
അച്ചപ്പത്തിന്റെ അവിഹിതം.
ക്രിസ്മസ് കാലമായാൽ സ്വീഡനിലെ സൂപ്പർ മാർക്കറ്റുകളിൽ അച്ചപ്പത്തിന്റെ വകയിലൊരു അമ്മാവനായ struvor വാങ്ങാൻ കിട്ടും. നമ്മുടെ അച്ചപ്പം തനി നാടൻ അരിപ്പൊടിയിൽ ആണെങ്കിൽ അമ്മാവൻ മൈദയിലാണ് രൂപം കൊണ്ടത്.
അച്ചപ്പത്തിന്റെ DNA ടെസ്റ്റ് നടത്തിയാൽ ഒരു പക്ഷെ നമ്മൾ ചെന്ന് നില്കുന്നത് പോർച്ചുഗലിൽ ആയിരിക്കും.
അവിടുത്തെ filhós de forma യുടെ DNA യും നമ്മുടെ അച്ചപ്പത്തിന്റെ DNA സാമ്പിളും പരിശോധിച്ചതിൽ നിന്നും മനസിലായത് ഇവർ തമ്മിൽ എന്തോ ഒരു അവിഹിതമുണ്ടെന്നാണ്.
അങ്ങനെ അവിഹിതം തിരഞ്ഞു പോയാൽ ഇവിടെങ്ങും നിൽക്കില്ല.സ്പെയിനിലെ flores manchegas,ഡെന്മാർക്കിലെ rosetbakkelse,ഫിൻലാന്റിലെ rosetti,നോർവേയിലെ rosettbakkels, മെക്സിക്കോയിലെ buñuelos de viento , അഫ്ഗാനിസ്ഥാനിലെ kulcha-e-panjerei, ടുണീഷ്യയിലെ chebbak el-janna അങ്ങനെ ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്നു നമ്മൾ സ്വന്തമെന്നു കരുതി വീട്ടിലെ ഭരണിയിൽ അടച്ചു സൂക്ഷിച്ചിരുന്ന അച്ചപ്പത്തിന്റെ അവിഹിതം.
ഞങ്ങൾ മധ്യതിരുവിതാംകൂർ ക്രിസ്ത്യാനികൾ സ്വന്തം എന്ന് കരുതി വറുത്തെടുത്തു ബന്ധുക്കൾക്കും ശത്രുക്കൾക്കും വരെ വിളമ്പിയ അച്ചപ്പം കൈവിട്ടു പോയതിൽ മനം നൊന്തെഴുതിയ പോസ്റ്റ്
അപ്പോൾ എല്ലാവര്ക്കും അഡ്വാൻസ് ക്രിസ്മസ് ആശംസകൾ.
എന്തൊക്കെയാണ് നിങ്ങളുടെ അച്ചപ്പഓർമ്മകൾ ?
Swedish Struvor recipe
ബാറ്റർ
• 1 ¼ കപ്പ് (300 ml) പാൽ
• 2 മുട്ട
• ഒരു ചെറിയ ഉപ്പ്
• 2 ½ ടേബിൾസ്പൂൺ ബിയർ
• 1 ¼ കപ്പ് (6.25 oz, 180 g) മൈദാ
• 1 കപ്പ് (250 ml) സൺഫ്ലവർ ഓയിൽ
പാൽ, മുട്ട, ഉപ്പ്, ബിയർ എന്നിവ ഒരുമിച്ച് അടിക്കുക. മൈദ അരിച്ചെടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക
ഒരു ചീനച്ചട്ടിയിൽ, എണ്ണ കുറഞ്ഞത് 355°F (180°C) വരെ ചൂടാക്കുക.
അച്ച് ചൂട് എണ്ണയിൽ മുക്കി മാവിൽ മുക്കി വീണ്ടും എണ്ണയിലേക്ക് മുക്കുക. മാവ് അച്ചിൽ നിന്നും വിട്ടുപോരുന്നതിനാണ് ആദ്യം എണ്ണയിൽ മുക്കുന്നത്. മാവ് തീരുന്നതു വരെ ഈ പ്രക്രിയ തുടരുക. മൊരിയുന്നതിനനുസരിച്ചു കോരി മാറ്റി പൊടിച്ച പഞ്ചസാര തൂകി ഉപയോഗിക്കാം
ഇപ്പോൾ നിങ്ങളുടെ മുന്നിലുള്ളതാണ് സ്വീഡിഷ് അച്ചപ്പം.
Leave a Comment