മാതൃഭൂമി യാത്ര ജൂലൈ ലക്കം പ്രസിദ്ധീകരിച്ച ആർട്ടിക്കിളിന്റെ പൂർണ്ണ രൂപം
1939 സെപ്റ്റംബർ ,രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. സുന്ദരനായ ഒരു ജർമൻ ചെറുപ്പക്കാരൻ , പോളണ്ടിലെ വലിയ പട്ടണമായ ക്രാക്കോയിലേക്ക് വണ്ടികയറുന്നു . അതെ സമയം പോളണ്ട് ഏതാണ്ട് നാസി സേനയുടെ നിയന്ത്രണത്തിൽ ആയി കഴിഞ്ഞിരുന്നു . യുദ്ധം മുതലെടുത്തു എന്തെങ്കിലും കച്ചവടം ചെയ്തു പണമുണ്ടാക്കണം എന്ന ഒറ്റ ലക്ഷ്യത്തിലാണ് നാസി പാർട്ടി അംഗമായ ,ത്രന്ത്രശാലിയായ അയാളുടെ വരവ്.
1908 ഏപ്രിൽ മാസം 28നു ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ മൊറേവിയയിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച അയാൾ ,ആദ്യ കാലങ്ങളിൽ തന്റെ പിതാവ് നടത്തിയിരുന്ന കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്ന ബിസിനസ്സിലും ,പിന്നീട് സെയിൽസ് റെപ്രെസെന്ററ്റീവ് ആയി ചെയ്ത ജോലിയും ,ജർമൻ മിലിറ്ററിക്കു വേണ്ടി പ്രവർത്തിച്ച ബന്ധങ്ങളും , എല്ലാം തന്റെ കച്ചവടത്തിൽ ഒരു മുതൽക്കൂട്ടാകും എന്ന് മനസ്സിൽ ഉറപ്പിച്ചാണ് വരവ്.
പത്തൊൻപതാം വയസ്സിൽ അദ്ദേഹം എമിലി എന്ന ജർമൻ വനിതയെ വിവാഹം കഴിച്ചു.
അതിനിടയിലാണ് ക്രാക്കോയിൽ മൂന്ന് ജൂത ചെറുപ്പക്കാർ നടത്തിയിരുന്ന ഒരു ഇനാമൽ ഫാക്ടറി ബാങ്ക്റെപ്സിയിൽ പെട്ട് നട്ടം തിരിയുന്ന വിവരം ആ യുവാവ് അറിയുന്നത് . അങ്ങനെ ആ ഇനാമൽ പാത്ര നിർമ്മാണ ഫാക്ടറി അയാൾ ഏറ്റെടുക്കുന്നു. നാസി ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും ,മദ്യവും മറ്റും വിളമ്പി തന്റെ ബിസിനസ്സ് വളരാനുള്ള എല്ലാ സാധ്യതകളും അയാൾ സമർഥമായി ഉപയോഗിച്ചു.
നാസി ഭരണത്തിൽ നിർബന്ധിത ജോലി ചെയ്യേണ്ടി വന്ന ജൂതന്മാരെ തന്റെ സ്വാധീനമുപയോഗിച്ചു അയാൾ തന്റെ ഫാക്ടറിയിൽ ജോലിക്കു വെച്ചു.
അമ്പതു വർഷങ്ങൾക്കപ്പുറം ഈ യുവാവിന്റെ കഥ ഒരു നോവലിന്റെ ഇതിവൃത്തമാവുന്നു. 1983 ൽ തോമസ് കീനലി എന്ന എഴുത്തുകാരൻ ‘ഷിൻഡ്ലേഴ്സ് ആർക്’ എന്ന പേരിൽ നോവലാക്കി.
ഈ നോവൽ പിന്നീട് ഒരു സൂപർ ഹിറ്റ് സിനിമയുടെ പ്രമേയമായി. സ്റ്റീവൻ സ്പിൽബെർഗ് അണിയിച്ചൊരുക്കിയ ആ ചിത്രം ലോകത്തെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറ്റെടുത്തു.തൊണ്ണൂറുകളിൽ അണിയിച്ചൊരുക്കിയ ഷിൻലേഴ്സ് ലിസ്റ്റ് എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിൽ ഒന്നാണ്. ചരിത്രത്തിന്റെ താളുകളിൽ ഓർമ്മിക്കപ്പെടാതെ പോകേണ്ടിയിരുന്ന ഓസ്കാർ ഷിൻഡ്ലർ ഇന്ന് അനേകായിരം ജനങളുടെ മനസിലെ ഹീറോ ആയി മാറാൻ ഈ ചിത്രം ഉപകരിച്ചു.

രണ്ടാം ലോക മഹാ യുദ്ധത്തിന്റെ നടുക്കുന്ന കഥകളും ഓസ്കർ ഷിൻഡ്ലറിന്റെ ഓർമ്മകളും തങ്ങി നിൽക്കുന്ന മനോഹരമായ ക്രാക്ക. പട്ടണത്തിലെ ഷിൻഡ്ലെർ ഇനാമൽ ഫാക്ടറിയുടെ കാഴ്ച്ചകൾ കാണുവാൻ എനിക്കും ഭാഗ്യമുണ്ടായി.
ചരിത്രം ഉറങ്ങുന്ന ക്രാക്കോ പട്ടണം.
യൂറോപ്പിലെ ഏറ്റവും ആകർഷകമായ മധ്യകാല നഗരങ്ങളിലൊന്നാണ് ക്രാക്കോ, പോളണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണം. രണ്ടാം ലോക മഹായുദ്ധത്തിൽ നാശത്തിൽ നിന്ന് രക്ഷപ്പെട്ട പോളിഷ് പട്ടണങ്ങളിൽ ഒന്നാണ് ക്രാക്കോ.ചരിത്രത്തിന്റെ ഇരുണ്ട നാളുകളെ അതിജീവിച്ചു തലയെടുപ്പോടെ നിൽക്കുന്ന ക്രാക്കോ നഗരം യുനെസ്കോ പൈതൃക പട്ടണങ്ങളിൽ ഒന്നാണ്.
പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ നിന്ന് ട്രെയിൻ മാർഗമാണ് ഞങ്ങൾ ക്രാക്കോയിൽ എത്തിയത്. ഓഷ്വിറ്റ്സ് ക്യാമ്പ് ആണ് സന്ദർശനത്തിലെ പ്രധാന അജണ്ട എങ്കിലും അതിനിടയിൽ വീണു കിട്ടിയ രണ്ടു ദിവസം ക്രാക്കോ പട്ടണം ചുറ്റി കാണാൻ ഞങ്ങൾ തീരുമാനിച്ചു.

ഷിൻഡ്ലേഴ്സ് ഇനാമൽ ഫാക്ടറി

ചരിത്രത്തോടുള്ള പ്രത്യേക താല്പര്യമാണ് ഞങ്ങളെ ഓസ്കർ ഷിൻഡ്ലറിന്റെ ഇനാമൽ ഫാക്ടറിയിലേക്കു കൊണ്ടെത്തിച്ചത്. ഞങ്ങൾ ഫാക്ടറിയുടെ കവാടത്തിൽ എത്തിയപ്പോൾ തന്നെ സന്ദര്ശകരുടെ ഒരു നീണ്ട നിരതന്നെ അവിടെ കാണാമായിരുന്നു . മുൻപേ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാത്തത് കാരണം ഞങ്ങളും ആ നീണ്ട നിരയിൽ സ്ഥാനമുറപ്പിച്ചു.

ഷിൻഡ്ലെർ രക്ഷിച്ച ജൂതന്മാരുടെ ചിത്രങ്ങൾ ആണ് ഫാക്ടറിയിലേക്കു സന്ദർശകരെ വരവേൽക്കുന്നത്. ആയിരത്തി ഇരുനൂറോളം ജൂതന്മാർ ഷിൻഡ്ലറുടെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു . ക്രാക്കോയിലുള്ള നാസി സൈനിക മേധാവികൾക്ക് മദ്യവും കൈക്കൂലിയും നൽകി ഷിൻഡ്ലെർ ഈ ജൂതന്മാരെ തന്റെ ഫാക്ടറിയിൽ ചൂഷണം ചെയ്തു കൊണ്ടിരുന്നു. ഇതിനിടയിൽ എപ്പോഴോ ക്രൂരനായ മുതലാളിയിൽ നിന്ന് മനുഷ്യത്വം നിറഞ്ഞ ഒരു മാനസിക നിലയിലേക്ക് താൻ പോലുമറിയാതെ ഷിൻഡ്ലെർ മാറിയിരുന്നു. തെരുവിൽ വേട്ടയാടപ്പെട്ടിരുന്ന , ഗെറ്റോകളിൽ കഷ്ടപെട്ടിരുന്ന ജൂതന്മാർക്കു അതിലും മെച്ചപ്പെട്ട സാഹചര്യമായിരുന്നു ഷിൻഡ്ലറുടെ ഫാക്ടറിയിൽ.
1944 ജൂലൈ ആയപ്പോഴേക്കും ജർമ്മനി യുദ്ധത്തിൽ ഏതാണ്ട് പരാജയപ്പെടും എന്ന അവസ്ഥ ഉണ്ടായി ; നാസികൾ കിഴക്കുള്ള തടങ്കൽപ്പാളയങ്ങൾ അടച്ചുപൂട്ടാനും ശേഷിക്കുന്ന തടവുകാരെ പടിഞ്ഞാറോട്ട് നാടുകടത്താനും തുടങ്ങി. കുപ്രസിദ്ധമായ ഓഷ്വിറ്റ്സിലും ഗ്രോസ്-റോസൻ തടങ്കൽപ്പാളയത്തിലും നിരവധി പേർ കൊല്ലപ്പെട്ടു.
അതിനിടയിൽ നാസി പട്ടാള മേധാവികളുടെ ഉത്തരവ് ഷിൻഡ്ലറുടെ ഫാക്ടറിയിലും എത്തി. 1200 പേരോളം വരുന്ന ജൂതന്മാരെ ഷിൻഡ്ലറിന്റെ ഫാക്ടറിയിൽ നിന്നും കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റുവാൻ നാസി മേധാവികൾ ഉത്തരവിട്ടു.
ഷിൻഡ്ലർ തന്റെ ജന്മ നാട്ടിൽ മറ്റൊരു ഫാക്ടറി നിമ്മിക്കുന്നു എന്നും ,അവിടേക്കു ഈ ജൂതന്മാരെ കൊണ്ടുപോകേണം എന്നും നാസി പട്ടാള മേധാവികളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. അങ്ങനെ അവിടേക്കു കൊണ്ടുപോകാൻ ആയിരത്തി ഇരുനൂറു പേരുടെ ഒരു ലിസ്റ്റ് തയാറാക്കുന്നു. ക്യാമ്പുകളിലെ വിഷവാതകത്തിൽ ശ്വാസം കിട്ടാതെ മരിച്ചു വീഴേണ്ട ആയിരത്തി ഇരുനൂറു പേരെ ഷിൻഡ്ലർ രക്ഷപെടുത്തി കൊണ്ടുപോകുന്നതാണ് “ഷിൻഡ്ലേഴ്സ് ലിസ്റ്റ് ” എന്ന വിശ്വ വിഖ്യാത ചിത്രത്തിന്റെ ഇതിവൃത്തം.
നാസി സേന യുദ്ധത്തിൽ ഒന്നൊന്നായി അടിയറവു പറഞ്ഞു കൊണ്ടേയിരുന്നു.
തന്റെ കൂടെയുള്ള ജൂതന്മാരെ രക്ഷപെടുത്താനായി ഷിൻഡ്ലെർ തന്റെ സമ്പാദ്യം മുഴുവൻ ചിലവഴിച്ചു.
ഷിൻഡ്ലർ ഇനാമൽ ഫാക്ടറി മ്യൂസിയം

യുദ്ധാനന്തരം, 1948-2002 കാലഘട്ടത്തിൽ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായി കമ്പനി ഈ ഫാക്ടറി ഉപയോഗിച്ചു. ഇന്നത് ക്രാക്കോ പട്ടണം സന്ദർശിക്കുന്ന ഏതൊരു സഞ്ചരിക്കും ഒരുപിടി ഓർമ്മകൾ സമ്മാനിക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഒരിടമാണ്.

മ്യൂസിയത്തിൽ “നാസി അധിനിവേശത്തിലെ ക്രാക്കോ 1939-1945” എന്ന സ്ഥിരം പ്രദർശനം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട് . 1939 മുതൽ ജർമ്മൻ അധിനിവേശത്തിൽ നിന്നും പിന്നീട് സോവിയറ്റ് കമ്മ്യൂണിസ്റ്റ് ആധിപത്യം അടിച്ചേൽപ്പിക്കുന്നതിൽ നിന്നും “മോചനം” നേടുന്നതുവരെയുള്ള ക്രാക്കോ നഗരത്തിന്റെ ഭൂതകാലം ഈ പ്രദർശനത്തിൽ പ്രതിഫലിക്കുന്നു.

ഈ ഫാക്ടറി തൊഴിലാളികളുടെയും ഓസ്കാർ ഷിൻഡ്ലറുടെയും കഥ മാത്രമല്ല പറയുന്നത്: രണ്ടാം ലോകമഹായുദ്ധകാലത്ത് ക്രാക്കോവിനെയും പോളിഷ്, ജൂതൻമാരായ അവിടുത്തെ നിവാസികളുടെയും ദൈനംദിന ജീവിതത്തെ ഒരു സംവേദനാത്മക പ്രദർശനത്തിലൂടെ സന്ദർശകരിലേക്കു എത്തിക്കുന്ന ഒരിടം കൂടിയാണ് .

ഒരു സവിശേഷമായ രീതിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്: ഓരോ മുറിയും ഒരു പ്രത്യേക സ്ഥലത്തോട് സാമ്യമുള്ള രീതിയിൽ ക്രമീകരിച്ചിരിക്കുന്നു – പഴയകാല തെരുവ്, ഹെയർഡ്രെസ്സർ സലൂൺ, ലേബർ ക്യാമ്പ്, റെയിൽവേ സ്റ്റേഷൻ , ജൂതന്മാരെ പാർപ്പിച്ചിരുന്ന ഗേറ്റോയുടെ മാതൃക , ജൂത ഗെട്ടോയിലും പുറത്തും താമസിക്കുന്ന മുതിർന്നവരും കുട്ടികളും എഴുതിയ ഡയറിക്കുറിപ്പുകളുടെ ശകലങ്ങൾ തുടങ്ങി നിരവധി ചരിത്ര പ്രാധാന്യമുള്ള കാഴ്ചകൾ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.

മ്യൂസിയം തിങ്കളാഴ്ച രാവിലെ 10:00 മുതൽ – ഉച്ചകഴിഞ്ഞു 02:00 മണി വരെയും ചൊവ്വ മുതൽ – ഞായർ വരെ രാവിലെ 10:00 മുതൽ – വൈകുന്നേരം 7:00 മണി വരെയും പ്രവർത്തിക്കുന്നു.

എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച അവധി ദിവസം.

ടിക്കറ്റ് നിരക്ക്
സാധാരണ ടിക്കറ്റ് – 28 PLN പോളിഷ് സ്ലോട്ടി (ഇന്ത്യൻ രൂപ ഒരു സ്ലോട്ടി ഏതാണ്ട് 18 രൂപ മൂല്യമുണ്ട് ) ഫാമിലി ടിക്കറ്റ് – 56 PLN

ഷിൻഡ്ലറുടെ യുദ്ധാനന്തര ജീവിതം
യുദ്ധാനന്തരം ഷിൻഡ്ലർ പശ്ചിമ ജർമ്മനിയിലേക്ക് താമസം മാറി, അവിടെ ജൂത ദുരിതാശ്വാസ സംഘടനകളിൽ നിന്നുള്ള സഹായത്തിൽ ജീവിച്ചു.
1948-ൽ അമേരിക്കൻ ജൂത ജോയിന്റ് ഡിസ്ട്രിബ്യൂഷൻ കമ്മിറ്റിയിൽ തന്റെ യുദ്ധകാല ചെലവുകൾ തിരിച്ചടയ്ക്കുന്നതിനുള്ള ഒരു ക്ലെയിം അദ്ദേഹം അവതരിപ്പിക്കുകയും $15,000 നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു.
ഈ പണവുമായി ഭാര്യ എമിലിയോടൊപ്പം അർജന്റീനയിലേക്ക് താമസം മാറി, അവിടെ അവർ കാർഷിക വ്യവസായത്തിൽ ശ്രദ്ധ ചെലുത്തി എങ്കിലും അതിലും പരാജയമായിരുന്നു ഫലം. അങ്ങനെ 1958-ൽ കടത്തിൽ മുങ്ങി മറ്റൊരു മാർഗവും ഇല്ലാതെ ആയപ്പോൾ , ഷിൻഡ്ലർ ഭാര്യയെ ഉപേക്ഷിച്ച് ജർമ്മനിയിലേക്ക് മടങ്ങി. അവിടെ അദ്ദേഹം നിരവധി ബിസിനസ്സ് സംരംഭങ്ങളിൽ കൈവെച്ചു എങ്കിലും പരാജയമായിരുന്നു ഫലം.
അതിനിടയിൽ യുദ്ധസമയത്ത് അദ്ദേഹം ജീവൻ രക്ഷിച്ച ഷിൻഡ്ലർജുഡന്റെ (“ഷിൻഡ്ലർ ജൂതന്മാർ”) സാമ്പത്തിക പിന്തുണയിൽ ജീവിച്ചു .
1974 ഒക്ടോബർ 9-ന് ജർമ്മനിയിലെ ഹിൽഡെഷൈമിൽ വച്ച് അദ്ദേഹം അന്തരിച്ചു. ജൂതന്മാരുടെ ജീവൻ രക്ഷിച്ച ഷിൻഡ്ലറുടെ ഭൗതീക ശരീരം ജറുസലേമിലേക്ക് കൊണ്ട് പോകുകയും അവിടെ സിയോൺ പർവതത്തിൽ സംസ്കരിക്കുകയും ചെയ്തു.

രണ്ടാം ലോകമഹാ യുദ്ധകാലത്തു ജൂത സമൂഹത്തിനു ചെയ്യ്ത ഉപകാരങ്ങൾ കണക്കിലെടുത്തു , 1993ൽ ഇസ്രായേൽ സർക്കാരിന്റെ ബഹുമതിയും നാസി പാർട്ടി അംഗമായിരുന്ന ഷിൻഡ്ലറെ തേടിയെത്തി.
2013 ഓഗസ്റ്റിൽ, 1944 ഓഗസ്റ്റ് 22-ന് ഷിൻഡ്ലർ ഒപ്പിട്ട ഒരു പേജ് കത്ത് ഒരു ഓൺലൈൻ ലേലത്തിൽ വിറ്റുപോയത് $59,135ആണ് . ഇന്നും ജന മനസ്സുകളിൽ ഷിൻഡ്ലെർ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

I knew the people who worked for me. When you know people, you have to behave towards them like human beings. ~ Oskar Schindler
നന്നായി എഴുതി. അഭിനന്ദനങ്ങൾ
Adipoli