മെയ്പോൾ ഉയരും മിഡ് സമ്മർ

Midsummer

മനോരമ ട്രാവലർ ഓഗസ്റ്റ് 2024 പ്രസിദ്ധീകരിച്ച ലേഖനം


മനോഹരമായി പൂത്തു നിൽക്കുന്ന റേപ്പ്സീഡ് പാടങ്ങൾ കാറ്റിന്റെ താളത്തിനൊത്തു നൃത്തം വെയ്ക്കുന്നു. അതിനു നടുവിലായി തലയുയർത്തി നിൽക്കുന്ന ചുവന്ന ചായം പൂശിയ സ്കാന്ഡിനേവിയൻ വീടുകൾ. ഞങ്ങൾ ഫാലൂൺ പട്ടണത്തിലേക്ക് പ്രവേശിച്ചു. 

ഒരു കാലത്തു ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചെമ്പ് ഖനനം നടന്നിരുന്നത് ഈ പട്ടണത്തിലാണ്. സ്വീഡന്റെ ഇന്നത്തെ സാമ്പത്തീക വളർച്ചയിൽ ഇവിടുത്തെ  ഖനിവ്യവസായത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇവിടുത്തെ ഖനിവ്യവസായം ,മധ്യകാലസ്വീഡന്റെ അടയാളപ്പെടുത്തലായി നിലകൊള്ളുന്നു.

ഫാലൂണിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചതിനുശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. സ്വീഡനിലെ ഏറ്റവും വലിയ മിഡ്സമ്മർ ആഘോഷം നടക്കുന്ന ദലാണ കൗണ്ടിയാണ്  ലക്ഷ്യം. സ്വീഡന്റെ അടയാളമായി നിലകൊള്ളുന്ന ദലാ കുതിരകളെ നിർമ്മിക്കുന്നതും ഈ നാട്ടിലാണ്. ഒരുകാലത്തു ഇവിടുത്തെ കുട്ടികൾക്ക് കളിക്കാനായി നിർമ്മിച്ചിരുന്ന തടിയിൽ നിർമ്മിച്ച ദലാ കുതിരകൾ ഇന്ന് 

ലോകമെമ്പാടും സ്വീഡന്റെ അടയാളമാണ്. 

360 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്കാപതനത്താൽ രൂപപ്പെട്ട ജലാശയമാണ്  ദലാണയിലെ സിൽജൻ തടാകം . അതിന്റെ കരയിൽ  സ്ഥിതിചെയ്യുന്ന പട്ടണങ്ങളാണ് മോറ , റാത്ത്വിക്ക് , ലെക്ക്സാൻഡ്.

മോറയിലാണ് ദലാ കുതിരകളെ നിർമ്മിക്കുന്നയിടം.അവിടം ഞങ്ങൾ സന്ദർശിച്ചിരുന്നു.തടിയിൽ നിർമ്മിച്ച് ചുവന്ന ചായം പൂശിയ കുതിരകൾക്കു കൈപൊള്ളുന്ന വിലയാണ്. ചെറിയ കുതിരകൾ മുതൽ വലിയ കുതിരകൾ വരെ അവിടെ പ്രദർശനത്തിനും വിൽപ്പനക്കുമായി വെച്ചിട്ടുണ്ട്. കുതിരയുടെ വലുപ്പം കൂടുന്തോറും കീശയുടെ വലുപ്പവും കുറയും. കുതിരകളെ നിർമ്മിക്കുന്നതും മനോഹരമായി പെയിന്റ് ചെയ്യുന്നതും അവിടെ നേരിട്ട് കാണാം. “മരീ ലൂയിസ് ലുണ്ട്‌ ” അത്തരത്തിൽ ഒരു ആർട്ടിസ്റ്റാണ്. ഞങ്ങൾ ഇന്ത്യക്കാരാണെന്നു പറഞ്ഞപ്പോൾ അവർ മുൻപ് നേപ്പാളിൽ വന്ന കഥ പറഞ്ഞു. അവർ പല രാജ്യങ്ങളിൽ സഞ്ചരിച്ചു അവിടെ അർട്ട്‌ വർക്കുകൾ പെയിന്റിങ്ങുകൾ ഒക്കെ ചെയ്തു യാത്രക്കും താമസത്തിനുമുള്ള പണം സമ്പാദിക്കുന്നു. അടുത്ത അവരുടെ യാത്ര ഇന്ത്യയിലേക്കാണെന്നു പറഞ്ഞപ്പോൾ കേരളത്തിലേക്ക് അവരെ സ്വാഗതം ചെയ്യുവാനും ഞങ്ങൾ  മറന്നില്ല.

ലെക്സാൻഡിലാണ് സ്വീഡനിലെ ഏറ്റവും വലിയ മിഡ്സമ്മർ ആഘോഷം നടക്കുന്നത്.ഇന്നേ ദിവസം മുപ്പതിനായിരം ആളുകളാണ് കേവലം ആറായിരം മനുഷ്യർ അധിവസിക്കുന്ന ഈ പട്ടണത്തിൽ ആഘോഷത്തിനായി എത്തിച്ചേരുന്നത്. ഞങ്ങളുടെ കാർ ലെക്‌സാൻഡിലേ പാർക്കിംഗ് സ്ഥലത്തേക്ക് പ്രവേശിച്ചു. മിഡ്സമ്മർ ആഘോഷത്തിനായി ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. കാറുകളിലും ബസ്സുകളിലും വിദൂര പട്ടണങ്ങളിൽനിന്നും ആളുകൾ ഇവിടേയ്ക്ക് എത്തിച്ചേരാറുണ്ട്. 

ഇനിയല്പം മിഡ്സമ്മർ പുരാണം 

 മിഡ്സമ്മർ  ആഘോഷങ്ങളുടെ ഉത്ഭവം ക്രിസ്ത്യൻ കാലഘട്ടത്തിനു മുൻപാനെന്ന് പറയപ്പെടുന്നു . വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസത്തിലാണ് മിഡ്‌സമ്മർ ദിനമായി ആഘോഷിച്ചിരുന്നത്. ക്രിസ്തുമതത്തിന്റെ  വ്യാപനത്തോടെ, മിഡ്‌സമ്മർ  ആഘോഷംക്രിസ്ത്യൻ കലണ്ടറുമായി സംയോജിപ്പിച്ച് സെയിന്റ്  ജോൺ ദി ബാപ്റ്റിസ്റ്റിന്റെ  തിരുനാൾദിനമായി ജൂൺ 24 ന് ആചരിച്ചു പോന്നു. എന്നിരുന്നാലും ആചാരങ്ങളിൽ വലിയ മാറ്റങ്ങൾ ഒന്നുംതന്നെ വരുത്തിയിരുന്നില്ല.

ഇന്ന് സ്വീഡനിൽ, മിഡ്‌സമ്മർ (മിഡ്‌സോമർ) ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്.എല്ലാവർഷവും  ജൂൺ 20 നും ജൂൺ 26 നും ഇടയിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആണ്മിഡ്‌സമ്മർ  ആഘോഷിക്കുന്നത്. ആറു മാസം ഇരുട്ടിലും തണുപ്പിലും  മൂടിക്കിടക്കുന്ന സ്വീഡിഷ് ജനതക്ക് മിഡ്സമ്മർ ആഘോഷം നൽകുന്ന പ്രസരിപ്പ് വാക്കുകളിൽ വർണ്ണിക്കാനാവില്ല.

പ്രധാന ആഘോഷം തുടങ്ങുന്നതിനു മുൻപായി പട്ടണത്തിന്റെ ഒരു ഭാഗത്തു നടക്കുന്ന മിഡ്സമ്മർ ആഘോഷത്തിൽ ഞങ്ങളും പങ്കാളികളായി.

പരമ്പരാഗത വസ്ത്രം ധരിച്ചവർ  വാദ്യോപകരണങ്ങളുടെ താളത്തിനൊത്തു നൃത്തം വെക്കുന്നു. ചുറ്റും ആളുകൾ കൂടി നിന്ന് നർത്തകരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരമ്പരാഗത വസ്ത്രം ധരിച്ച കുട്ടികളും മുതിർന്നവരും ഈ ആഘോഷത്തിന്റെ ലാൻഡ്‌സ്‌കേപ്പിനു  നിറം പകരുന്നു . സ്ത്രീകളും കുട്ടികളൂം തലയിൽ പൂക്കള്കൊണ്ടുള്ള കിരീടം ധരിച്ചിട്ടുണ്ട്.

സ്വീഡിഷ് ജനത പൊതുവെ മിഡ്സമ്മർ ആഘോഷം തുടങ്ങുന്നത് ഉച്ചഭക്ഷണത്തോടുകൂടിയാണ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള ഭക്ഷണത്തിനും പ്രത്യേകതകൾ ഏറെയാണ്. ഉപ്പിലിട്ട മത്തി , പുതിയതായി വിളവെടുത്ത ഉരുളക്കിഴങ്ങു , ചീസ് , സാൽമൺ അല്ലെങ്കിൽ ചുട്ടെടുത്ത മാംസം , സ്ട്രോബെറി തുടങ്ങിയ ഭക്ഷണത്തിനു അകമ്പടിയായി ബിയറും കിഴങ്ങിൽനിന്നോ ധാന്യങ്ങളിൽനിന്നോ വാറ്റിയെടുത്ത മദ്യമായ സ്‌നാപ്‌സും ഉണ്ടാവാറുണ്ട്.   

ഉച്ചഭക്ഷണവും അല്പം മദ്യസേവയും കഴിഞ്ഞാണ്  ആഘോഷത്തിൽ അല്പം പങ്കെടുക്കുന്നത്. എല്ലാവരും പൊതുഇടങ്ങളിലുള്ള അച്ചടക്കം പാലിക്കുന്നുണ്ട്. അല്പസമയത്തെ കാത്തിരിപ്പിന് ശേഷം ശേഷം മെയ്പോൾ ഉയർത്തൽ ചടങ്ങു ആരംഭിച്ചു. ബിർച് ഇലകളും പൂക്കളുംകൊണ്ട്അലങ്കരിച്ചിരിക്കുന്ന വലിയ  തൂണാണ് മെയ്പോൾ   അല്ലെങ്കിൽ മിഡ്‌സോമർസ്റ്റാംഗ്. കുറഞ്ഞത്  20   അടി ഉയരമുള്ള  ഈ തൂൺ മിഡ്സമ്മർ ആഘോഷത്തിന്റെ പ്രധാന ആകർഷണമാണ്. തൂണിൽ വലിയ രണ്ടു വളയങ്ങൾ കാണാം.

മെയ്പോൾ ഉയർത്തുന്നതും പരമ്പരാഗത വസ്ത്രം ധരിച്ചവരാണ്. ഓരോ ഉയർത്തലിനും നമ്മുടെ വഞ്ചിപ്പാട്ടുപോലെ താളമേളങ്ങളുടെ അകമ്പടിയും ചുറ്റും കൂടി നിൽക്കുന്ന കാണികളുടെ കരഘോഷവും. ആവേശം ഒട്ടും ചോർന്നുപോകാതെയാണ് ഓരോ നിമിഷവും മുന്നോട്ട് നീങ്ങുന്നത്. 

ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ മെയ് പോൾ ഉയർത്തി ചുറ്റും കൂടിനിന്നവർ എഴുന്നേറ്റുനിന്നു കരഘോഷത്തോടെ മെയ്പോളിനെ സ്വാഗതം ചെയ്തു. 

മെയ്പോളിന്റെ ചുറ്റും കൂടിനിന്ന് എല്ലാവരും  സ്‌മോ ഗ്രുടുന എന്ന പരമ്പരാഗത നൃത്തം ചവുട്ടി.

സ്‌മോ ഗ്രുടുന സ്‌മോ ഗ്രുടുന അർ ലുസ്റ്റിഗ അറ്റ് സിയ ഏയ് ഓറോൻ ഏയ് ഓറോൻ ഏയ്സ്വേൻസ ഹാവാ ദോ..

(ചെറിയ തവളകൾ, ചെറിയ തവളകൾ കാണാൻ രസകരമാണ്

അവർക്ക് ചെവിയില്ല, ചെവിയില്ല, വാലില്ല.)

സ്വീഡിഷ് ഫ്രോഗ് ഡാൻസിനൊപ്പം ഞങ്ങളും താളം ചവുട്ടി .

മുൻപൊരിക്കൽ കൂടെ ജോലി ചെയ്യുന്ന സ്വീഡിഷ്‌കാരി പഠിപ്പിച്ചിരുന്നു ഈ നൃത്ത ചുവടുകൾ . തവളകളുടെ ചലനങ്ങൾ അതേപടി അനുകരിക്കുകയാണ് ഈ നൃത്തത്തിലൂടെ. 

ഇവിടുത്തുകാർ ക്രിസ്മസിനും ഈ ഗാനം പാടാറുണ്ട്. ക്രിസ്മസ്സ് സമയത്തു മേപോളിന് ചുറ്റുംനൃത്തം ചെയ്യുന്നതിനുപകരം, ക്രിസ്മസ് ട്രീക്ക് ചുറ്റും നൃത്തം ചെയ്യാറാണ്പതിവ്. മിഡ്സമ്മറുമായി  ബന്ധപ്പെട്ടു അനേകം കഥകൾ നിലവിലുണ്ട് സുന്ദരികളും അവിവാഹിതകളുമായചെറുപ്പക്കാരികൾ ഏഴു വ്യത്യസ്ത പൂക്കൾ അന്നേ  ദിവസം ഉറങ്ങുന്നതിനു മുൻപായിതലയിണക്കടിയിൽ വെക്കുമെന്നും , അവരുടെ ഭാവി വരൻ സ്വപ്നത്തിൽ അവർക്കുപ്രത്യക്ഷമാകും എന്നാണ് അതിൽ പ്രധാനം . ഇനി ഈ കഥയിലെ രസകരമായ ഒരു സംഭവംകൂടി പറയാം. അടുത്തിടെ സ്വീഡനിലെ ദിലോക്കൽ പത്രം നടത്തിയ പഠനം സൂചിപ്പിക്കുന്നത് സ്വീഡനിൽ ഏറ്റവുമധികം കുട്ടികൾ ജനിക്കുന്നത് മാർച്ച് 22 തീയതിയാണ്. അതായത് മിഡ്സമ്മർ ആഘോഷത്തിന് ഒൻപതു മാസത്തിനു ശേഷം. മിഡ്സമ്മർ പറഞ്ഞു വരുമ്പോൾ സ്വീഡനിൽ ഗര്ഭധാരണത്തിന്റെ നാളുകൾകൂടിയാണ്.

ലെക്സാൻഡിലെ ചെറിയ ആഘോഷത്തിന് ശേഷം പ്രധാന ആഘോഷത്തിനായി അവിടെ കൂടിനിന്നവരോടൊപ്പം ഞങ്ങളും നടന്നു. വലിയ ഒരു മൈതാനത്തിനു ചുറ്റും ആളുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകൾ ഇപ്പോൾ തന്നെ കാഴ്ചകൾ കാണുവാൻ ഇടംപിടിച്ചിട്ടുണ്ട്. ഇവിടെ ഉയർത്തുവാനുള്ള മെയ്പോൾ കൂറ്റൻ ഒരെണ്ണമാണ്.ഇവിടുത്തെ ചടങ്ങുകളും വ്യത്യസ്തമാണ്.

മെയ്പോൾ ആലങ്കരിക്കുവാനുള്ള പൂക്കളും ഇലകളും കൊണ്ടുവരുന്നത് സിൽജൻ നദിയിലൂടെ പള്ളി വക വള്ളത്തിലാണ്. ഒരുകാലത്തു ഇവിടുത്തെ പള്ളിയിൽ ആരാധനക്ക് പങ്കെടുക്കാൻ ആളുകളെ കൊണ്ടുവരുന്നതിന് സ്വന്തമായി വള്ളം ഉണ്ടായിരുന്നു. ഇന്ന് ആ വള്ളങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം വള്ളങ്ങളിലാണ് മെയ്പോൾ അലങ്കരിക്കുവാനുള്ള പൂക്കളും ഇലകളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊണ്ടുവരുന്നത്. 

ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ മെയ്പോൾ അലങ്കരിക്കുവാനുള്ള പൂക്കൾ ആഘോഷമായി കൊണ്ടുവന്നു. കൂടിനിന്ന ആയിരക്കണക്കിന് ആളുകൾ കരഘോഷത്തോടെ അതിനെ വരവേറ്റു. പള്ളിയിലെ ഗായകസംഘം ഗാനങ്ങൾ ആലപിച്ചുകൊണ്ട് ചടങ്ങിന് കൊഴുപ്പേകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ലോകത്തിലെ ഏറ്റവും വലിയ മെയ്പോൾ ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. സമയം ഏറെയെടുത്തു മെയ്പോൽ മേഘങ്ങളേ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ ഉയർന്നു പൊങ്ങി. കൂടിനിന്ന  ആയിരങ്ങൾ പാട്ടുകൾക്കൊപ്പം നൃത്തം വെച്ചു. സൂര്യൻ ഒളിച്ചും പാത്തും പ്രത്യക്ഷപ്പെടുന്ന ദേശത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസത്തിനും  വലിയ ആഘോഷത്തിനും വിരാമമിട്ടുകൊണ്ട് ഞങ്ങൾ റാത്വിക്കിലെ താമസസ്ഥലത്തേക്ക് യാത്രയായി.