കൂസ്ലാപ്പ് – സ്വീഡിഷ് പശുക്കൾക്ക് ഇത് സ്വാതന്ത്ര്യ ദിനം

സ്വീഡനിലാണ് വസന്തകാലത്തു പശുക്കളെ കൂട്ടത്തോടെ മേയാൻ വിടാനായി ഒരു ചടങ്ങു സംഘടിപ്പിക്കുന്നത്. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ് .വർഷത്തിൽ ഏതാണ്ട് ആറുമാസത്തോളം തണുപ്പ് മൂടി കിടക്കുന്ന ഈ സ്കാന്ഡിനേവിയൻ രാജ്യത്തു പശുക്കളെ ഒക്ടോബർമാസത്തോടുകൂടി ഫാമിലെ അടച്ചിട്ടിരിക്കുന്ന ഷേഡുകളിലേക്കു മാറ്റും. തണുപ്പ് മാറി വേനലിന്റെ വെളിച്ചം വീശിതുടങ്ങുന്ന വസന്തകാലത്തു പശുക്കളെ കൂട്ടത്തോടെ തുറന്നു വിടുന്ന ചടങ്ങാന് കൂസ്ലാപ്പ്. കൂ എന്നാൽ പശുഎന്നും സ്ലാപ് എന്നാൽ തുറന്നു വിടുക എന്നുമാണ് ഈ സ്വീഡിഷ് വാക്കിന്റെ അർത്ഥം.

വസന്തകാലത്തെ ഏറ്റവും വലിയ കാർഷിക ആഘോഷമാണ് ഈ ചടങ്ങു. ഏതാണ്ട് രണ്ടു ലക്ഷത്തോളംആളുകൾ ആണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചെറുകിട വൻകിട ഫാമുകളിൽ നടക്കുന്ന ഈ ചടങ്ങിന്സാക്ഷ്യം വഹിക്കാൻ എത്തുന്നത്.

ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് ഈ ചടങ്ങു പല ഫാമുകളിലും സംഘടിപ്പിക്കുന്നത്. സഹകരണ മേഖലയിലെവൻകിട പാൽ ഉത്പാദകരായ അർലാ ആണ് ഈ ചടങ്ങിന് ചുക്കാൻ പിടിക്കുന്നത്.

വാലൻട്യൂണ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിന് അടുത്ത് കിടക്കുന്ന ഒരു പട്ടണമാണ്. 

അവിടുത്തെ ബാക്കാഗാർഡ് ഫാം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പ്രവർത്തിക്കുന്ന ഒരു ഇടത്തരം ഫാംആണ്. തദ്ദേശീയരായ കാരിനും യോഹാനും ചേർന്ന് നടത്തുന്ന ഈ ഫാമിൽ ഏതാണ്ട് നാല്പതുവർഷത്തോളമായി വർഷാ വർഷം കൂസ്ലാപ്പ് ചടങ്ങുകൾ സംഘടിപ്പിയ്ക്കാറുണ്ട്. ഇവിടുത്തെ പശുക്കളെ പോലെഒക്ടോബർ മുതൽ ഈ ദമ്പതികളും ഈ ചടങ്ങിനായുള്ള കാത്തിരിപ്പ് തുടങ്ങും.ഈ വർഷത്തെ ചടങ്ങു ഏപ്രിൽമാസം ഇരുപത്തി ഒൻപതു ശനിയാഴ്ചയാണ് സംഘടിപ്പിച്ചിരുന്നത്.

കാർസ്റ്റാ ട്രെയിൻ സ്റ്റേഷൻ – ചിത്രം ഗൂഗിൾ

സ്റോക്ക്ഹോമിൽ നിന്നും ഏതാണ്ട് അമ്പതുകിലോമീറ്റർ മാറിയുള്ള ഇവിടുത്തെ ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രത്യേക തീവണ്ടി സർവീസ് പോലുംഏർപ്പെടുത്തിയിട്ടുണ്ട്.

കാരിനോടും യോഹാനോടും ഒപ്പം

രാവിലെ പത്തു മണിക്ക് തുടങ്ങുന്ന ചടങ്ങിൽ പങ്കെടുക്കുന്നവർക്കെല്ലാം പാലും ബണ്ണും വിതരണംചെയ്യുന്നുണ്ടായിരുന്നു. പതിനൊന്നു മണിയോടുകൂടി പ്രത്യേകം വേലികെട്ടി തിരിച്ച പുൽമേട്ടിലേക്കു പശുക്കളെകൂട്ടമായി തുറന്നു വിടും. ചില പശുക്കൾക്ക്‌ പുറത്തേക്കു ഇറങ്ങുമ്പോൾ അല്പം അങ്കലാപ്പ് തോന്നും ചില പശുക്കൾസന്തോഷം കൊണ്ട് തുള്ളി ചാടിയാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. നൂറിൽ പരം പശുക്കൾ ഉള്ള ഈഫാമിൽ ഈ കാഴ്ചകൾ കാണുവാനായി വന്നെത്തുന്നത് ഏതാണ്ട് നാലായിരത്തിൽ പരം ആളുകളാണ്.

പാൽ പാലുൽപ്പന്നങ്ങളും ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമായുള്ള സ്വീഡനിൽ കർഷകരെ സംബന്ധിച്ച് ഇത്വലിയൊരു ചടങ്ങാണ്. നഗരത്തിന്റെ തിക്കിലും തിരക്കിലും ശ്വാസം മുട്ടി ജീവിക്കുന്ന സ്‌റ്റോക്ക്ഹോംനിവാസികൾക്ക്‌ ഇത് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

ഇവിടെ കൂടുന്ന മനുഷ്യരുടെ കൂട്ടം കണ്ടാൽ പശുക്കളെ അല്ല സ്‌റ്റോക്ക്ഹോം നിവാസികളെ ഒന്നടങ്കം നഗരത്തിന്റെതിരക്കിൽ നിന്നും തുറന്നു വിടുന്ന ഒരു ചടങ്ങാണ് കൂസ്ലാപ്പ് എന്ന് തമാശ രൂപേണ എങ്കിലും നമ്മൾ പറഞ്ഞു പോകും

കുട്ടികളെ ഇത്തരം ചടങ്ങുകളിലേക്കു ആകർഷിക്കാനായി പലതരം കളികളും സംഘടിപ്പിച്ചിട്ടുണ്ട് കൂസ്ലാപ്പിന്റെഭാഗമായി.