മഞ്ഞു മൂടിയ സാന്താ ഗ്രാമത്തിലൂടെ …

Santa village

സാന്തയുടെ വീട്

സാന്റാക്ലോസ് ഇല്ലാതെ ക്രിസ്മസ് ആഘോഷം പൂർണ്ണമാവില്ല .ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയങ്കരനാണ് സമ്മാനപൊതികളുമായി തങ്ങളെ കാണുവാൻ വരുന്ന ക്രിസ്മസ് അപ്പൂപ്പൻ . സാന്റാ ക്ലോസിന്റെ ഉത്ഭവത്തെപറ്റി നിരവധി കഥകൾ പ്രചാരത്തിലുണ്ട്.

റെയിൻഡീറുകൾ വലിക്കുന്ന വാഹനത്തിൽ കുട്ടികൾക്ക് സമ്മാനപൊതികളുമായി എത്തുന്ന സാന്റാ അപ്പുപ്പൻ സെന്റ് നിക്കോളാസ് ആണ് എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

സാന്തായുടെ സഹായി

ക്രിസ്മസ് ഫാദറായും ന്യു ഇയർ ഫാദറായും വിശുദ്ധ നിക്കോളാസ് ആദ്യമായി അറിയപ്പെടുന്നത് ജർമ്മനിയിലാണ്. വിശുദ്ധ നിക്കോളാസിന്റെ തിരുന്നാൾ ജർമ്മനിയിൽ പുതുവത്സര ദിനത്തിലാണ്. ഡച്ച് കുടിയേറ്റക്കാരാണ് അമേരിക്കയിൽ അദ്ദേഹത്തിന്റെ തിരുന്നാൾ ആഘോഷിച്ചു തുടങ്ങിയത്. ആ തിരുന്നാൾ പിന്നീട് അമേരിക്കൻ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി തീർന്നു.

അവശരേയും ദരിദ്രരേയും കുട്ടികളെയും സ്നേഹിച്ചിരുന്ന നിക്കോളാസ് പാവപ്പെട്ട കുട്ടികൾക്ക് അവരറിയാതെ ക്രിസ്മസ് സമ്മാനങ്ങൾ നൽകിയിരുന്നു.

ക്രിസ്മസ് ആഘോഷിക്കുന്ന എവിടേയും വളരെ പരിചിതനാണ് തോളിൽ സഞ്ചിയുമായി വരുന്ന സാന്തക്ലോസ്. ചുവന്ന കുപ്പായം ധരിച്ച് നരച്ച താടിയും മുടിയും ഉള്ള സാന്റാ അപ്പുപ്പൻ വീടിന്റെ ചിമ്മിനിയിലൂടെ സമ്മാനപൊതികൾ നിക്ഷേപിക്കുമെന്നാണ് ഐതിഹ്യം.

ദൂരെ വടക്ക്, എപ്പോഴും മഞ്ഞ് വീഴുന്ന ഉത്തരധ്രുവത്തിലാണ് സാന്റാക്ലോസിന്റെ താമസമെന്നാണ് കഥകൾ.
മഞ്ഞിന്റെ പുതപ്പണിഞ്ഞ മനോഹരമായ പ്രദേശങ്ങളും തണുത്തുറഞ്ഞ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും രാത്രികാലങ്ങളിൽ ആകാശത്ത് പച്ചയും നീലയും ചുവപ്പും നിറത്തിൽ കണ്ണിന് വിസ്മയം തീർക്കുന്ന നോർത്തേൺ ലൈറ്റ്സും അടക്കം നിരവധി അത്ഭുതകാഴ്ചകളുടെ ഭൂമിയാണ് സാന്റയുടെ നാട് .

സ്വീഡനിലെ മോറക്കു അടുത്തുള്ള സാന്റാ വില്ലജ് ക്രിസ്മസ് കാലമായാൽ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങും. ഉത്തര ദ്രുവത്തിൽ നിന്ന് സാന്റായും mrs സാന്റായും പരിവാരങ്ങളും എല്ലാം സ്വീഡിഷുകാർ ടോംറ്റെ ലാൻഡ് എന്ന് വിളിക്കുന്ന ഈ സാന്താ ഗ്രാമത്തിൽ സഞ്ചാരികളെ വരവേൽക്കാൻ എത്തും.

മൈനസ് ഇരുപത്തി ഒന്ന് ഡിഗ്രി സെൽഷ്യസ് തണുപ്പിൽ എങ്ങും വെള്ള പട്ടു പുതച്ചു കിടക്കുന്ന സാന്റാ വില്ലേജ് പറഞ്ഞറിയിക്കാനാവാത്ത അത്ര മനോഹരമാണ്.

സാന്താ കോസിനു സ്വന്തമായി ഒരു വീടുണ്ട് ഈ വില്ലേജിൽ.സ്കാന്ഡിനേവിയൻ നാടോടി കഥകളിലെ കഥാപാത്രങ്ങളായ ട്രോളന്മാരുടെ രാജ്യവും ,യക്ഷി കഥകളിലും മുത്തശി കഥകളിലും ഒക്കെ കേട്ട് പരിചയിച്ച കഥാ പത്രങ്ങളെയും നമുക്കിവിടെ കാണുവാൻ സാധിക്കും.

സാന്തയും പരിവാരങ്ങളും മന്ത്രവാദികളും സ്കാന്ഡിനേവിയൻ നാടോടി കഥകളിലെ ട്രോളുകളും ചേർന്നൊരുക്കുന്ന പലയിനം കലാ പരിപാടികൾ കുട്ടികളോടൊപ്പം മുതിർന്നവരെയും പിടിച്ചിരുത്തും.

കണ്ണിനും മനസിനും കുളിർമയേകുന്ന ഇവിടുത്തെ കാഴ്ചകൾ മനസ്സിൽ എന്നും ഓർത്തു വെക്കാൻ പറ്റിയ ഒരു അനുഭവമാണ്. ഇത്തരം ഫെയറിറ്റയിൽ അനുഭവങ്ങൾ സാന്തായുടെ ജന്മദേശം എന്ന് കരുതുന്ന ഫിൻലണ്ടിലും നോർവേയിലും കാണുവാൻ സാധിക്കും.

സ്വീഡനിലെ ക്രിസ്മസ്.

സ്വീഡനിൽ ക്രിസ്മസിന് മുൻപുള്ള പ്രധാന ആഘോഷം ഡിസംബർ പതിമൂന്നിന് സൈന്റ്റ് ലൂസിയ ദിനമാണ്. ലൂസിയ ദിനം സാഫ്രോൺ ബണ്ണുകളുടെയും ഗ്ലൊഗ്‌ (mulled wine) ഒരാഘോഷ ദിനമാണ്. ഇതുരണ്ടും കഴിക്കാതെ സ്വീഡിഷ് ലൂസിയ ദിനം പൂർണ്ണമാകില്ല. സ്കാൻഡിനേവിയൻ ചരിത്രത്തിൽ, സെന്റ് ലൂസിയയുടെ രാത്രി വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയാണെന്ന് കരുതപ്പെട്ടിരുന്നു. തിരികൾ തെളിച്ചു പാട്ട് പാടി ആണ് ഓരോ സ്വീഡിഷ് കുടുംബവും ഈ ദിനം ആഘോഷിക്കുന്നത്.

നവംബർ മാസത്തിലെ അവസാന ഞായർ സ്വീഡിഷുകാർ അഡ്‌വെന്റ് ഞായർ ആയി കൊണ്ടാടുന്നു. അന്നുമുതൽ പിന്നീട് ക്രിസ്മസ് വരെയുള്ള ഓരോ ഞായറും ഓരോ തിരി തെളിയിച്ചു ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്നു.

ക്രിസ്മസ് സ്വീഡിഷ് ജനതയെ സംബന്ധിച്ച് ഒത്തുചേരലിന്റെ നാളുകൾ ആണ്. ക്രിസ്മസ് ഒരു മത ആഘോഷം എന്നതിലുപരി സംസ്കാരത്തിന്റെ ഭാഗം ആയിട്ടാണ് ഇവിടുത്തുകാർ കാണുന്നത്.ഡിസംബർ മാസം 24 -ന് കുടുംബാംഗങ്ങൾ എല്ലാം ഒത്തുചേർന്നു ഭക്ഷണം കഴിക്കുന്നു, സ്നേഹസമ്മാനങ്ങൾ കൈമാറുന്നു.

ക്രിസ്മസ് ദിനത്തിലെ അല്പം വിചിത്രമായ ഒരു സ്വീഡിഷ് ആചാരമാണ് കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഡൊണാൾഡ് ഡക്ക് കാർട്ടൂൺ കാണുന്നത്.

“Donald Duck and his friends wish you a Merry Christmas.” 1950 മുതൽ സ്വീഡനിലെ നാഷണൽ ടെലിവിഷൻ ആരംഭിച്ച ക്രിസ്മസ് ദിന സ്പെഷ്യൽ പ്രോഗ്രാം ഇന്നും മുടങ്ങാതെ ഇവിടുത്തുകാർ എല്ലാ വർഷവും കാണുന്നു.അന്നും ഇന്നും മുടക്കമില്ലാതെ ഉള്ളടക്കത്തിൽ യാതൊരു മാറ്റവും ഇല്ലാതെ നടക്കുന്ന ഒരു ടീവീ പ്രോഗ്രാം ആണിത്.

ജനുവരി മാസം പതിമൂന്നിന് സ്വീഡിഷ് ക്രിസ്മസിന് തിരശീല വീഴുന്നു. ഈ വർഷത്തെ ക്രിസ്മസ് ട്രീയും മറ്റും അഴിച്ചു വെച്ച് ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പു തുടരുന്നു.

എല്ലാ സുഹൃത്തുക്കൾക്കും ഒരിക്കൽക്കൂടി ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു.