കൊല്ലം മധുരൈ തീവണ്ടി യാത്ര

kollam

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നൊരു ചൊല്ല് തന്നെയുണ്ട്. കഴിഞ്ഞ കാലങ്ങളിൽ സാമൂഹീക മാധ്യമങ്ങളിൽ ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയ ഒരു സ്ഥലമാണ് കൊല്ലം.

വളരെ നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹം ആയിരുന്നു കൊല്ലത്തു നിന്ന് മധുരക്കൊരു തീവണ്ടി യാത്ര. മീറ്റർ ഗേജ് തീവണ്ടി മാറ്റി ബ്രോഡ്ഗേജ് ആക്കിയെങ്കിലും കാഴ്ചകൾക്ക് വലിയ മാറ്റം ഒന്നും വന്നിട്ടില്ല.

കഴിഞ്ഞ തവണ അവധിക്കു പോയപ്പോൾ ആ ആഗ്രഹം അങ്ങ് സാധിച്ചു.

കൊല്ലം പട്ടണത്തേയും തമിഴ്‌നാട്ടിലെ ചെങ്കോട്ടയേയും ബന്ധിപ്പിക്കുന്ന കൊല്ലം – ചെങ്കോട്ട റയിൽപാത, കേരളത്തിലെ ഏറ്റവും പഴക്കമുള്ള റയിൽ‌പാതകളിൽ ഒന്നാണ്. 92 കിലോമീറ്റർ നീളമുള്ള ഈ പാത കൊല്ലത്തെ വ്യാപാര വാണിജ്യബന്ധങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് പറയേണ്ടിവരും.

1873ലാണ് അന്നത്തെ മദ്രാസ് സർക്കാർ കൊല്ലത്തേയും ചെങ്കോട്ടയേയും ബന്ധിപ്പിച്ച് ഒരു മീറ്റർ ഗേജ് റയിൽ പാത കൊണ്ടുവരാൻ ആലോചിച്ചത്. പല എതിർപ്പുകളെയും അവഗണിച്ചു ചെലവ് കുറച്ച് തെക്കൻ കേരളത്തിലേക്ക് ഒരു പാത നിർമ്മിക്കാം എന്ന മേന്മയും കൊല്ലത്തേക്കുള്ള തീവണ്ടി പാതക്ക് വഴി തുറന്നു.

തീവണ്ടി ജാലകത്തിലൂടെയുള്ള പച്ചപ്പ്‌ പുതച്ച പ്രകൃതിയുടെ കാഴ്ചകൾ കാണാൻ തന്നെ നിരവധി ആളുകളാണ് ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നത് .

നഗരത്തിന്റെ മനം മടുപ്പിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ നിന്നും തിരക്കുകളില്‍ നിന്നു മാറി കൊല്ലത്തു നിന്നും തമിഴ്നാടിന്റെ ടെമ്പിൾ സിറ്റിയിലേക്കൊരു മനം മയക്കുന്ന യാത്രയാണ് കൊല്ലം മധുരൈ റെയിൽ യാത്ര !!