ശരിക്കും സ്കാനിനവിയയിൽ മതങ്ങൾ ഇല്ലേ ?

all saint’s day

ഇതായിരുന്നു എന്നെ അലട്ടിയിരുന്ന ചോദ്യം. ഓരോ ഗ്രാമത്തിലും സംരക്ഷിച്ചിരിക്കുന്ന പള്ളികൾ കാണുമ്പോൾ ആ ചോദ്യത്തിന്റെ വ്യാപ്തി കൂടും.

2022 നവംബർ മാസത്തിലെ ആദ്യ ശനിയാഴ്ച ,ഓൾ സെയിന്റ്സ് ഡേയിൽ, നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്കായി മെഴുകുതിരികൾ കത്തിച്ചു വെച്ച് തങ്ങളുടെ പ്രിയപ്പെട്ടവരേ ഓർക്കുന്നു സ്വീഡിഷ് ജനത.

മെഴുകുതിരികളിൽ നിന്നും വിളക്കുകളിൽ നിന്നുമുള്ള എണ്ണമറ്റ പ്രകാശ ബിന്ദുക്കൾ ഇരുട്ട് മൂടിയ നവംബർ മാസത്തിനു നൽകുന്നത് പ്രതീക്ഷയുടെ വെളിച്ചമാണ്.
ശൈത്യകാലത്തിന്റെ തുടക്കമായി അടയാളപ്പെടുത്തുന്ന ഈ ദിവസം സ്വീഡനിലെ എല്ലാ പള്ളികളും സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു.

സ്വീഡിഷ് ഗായക സംഘം ഒരുക്കുന്ന മനോഹര ഗാനത്തിന്റെ അകമ്പടി ഈ ദിനത്തിന് മാറ്റ് കൂട്ടുന്നു.

ഞങ്ങൾ പോകുന്നത് സ്റ്റോക്ഹോമിന് ഏതാണ്ട് മുന്നൂറു കിലോമീറ്റർ തെക്കു മാറിയുള്ള ഒരു കോച്ചു ഗ്രാമത്തിലേക്കാണ്. ഏതാണ്ട് അഞ്ഞൂറ് ആളുകൾ താമസിക്കുന്ന കൃഷി ഉപജീവനമായ മനുഷ്യർ താമസിക്കുന്ന ദേശം.

ഹസ്സെൽഫോസിലെ പഴയ പള്ളി പതിനേഴാം നൂറ്റാണ്ടിൽ പണിതതാണ്. പൂർണമായും തടിയിൽ നിർമ്മിച്ച, ഫാലൂൺ റെഡ് ചായം പൂശിയ മനോഹരമായ പള്ളി. പുതിയ പള്ളി പണിതത്തോടുകൂടി ഈ പള്ളി ഒരു സ്മാരകമായി മാറി.

പള്ളിയുടെ താക്കോൽ

പള്ളിയുടെ വാതിലിൽ കൊളുത്തി ഇട്ടിരിക്കുന്ന താക്കോൽ ഉപയോഗിച്ച് നമുക്ക് പള്ളിക്കകത്തേക്കു കയറാനുള്ള വാതിൽ തുറക്കാം. തടിയിൽ നിമ്മിച്ച ഉൾ വശവും നൂറ്റാണ്ടുകളുടെ
ചരിത്രം പേറുന്ന അൾത്താരയും എല്ലാം പള്ളിയുടെ പഴമ വിളിച്ചോതുന്നു.

പള്ളിയുടെ ഉൾവശം

പള്ളിയുടെ കാഴ്ചകളും കണ്ടു പുറത്തേക്കിറങ്ങുന്നതിനു മുന്നോടിയായി സന്ദർശകർക്കായി വെച്ചിരിക്കുന്ന ഡയറിയിൽ പേരെഴുതാനും മറന്നില്ല ഞങ്ങൾ.

ഇവർ മതമില്ലാത്തവർ ആണോ അതോ ദൈവ രഹിതരുടെ സമൂഹമാണോ ? അതിനുള്ള ഉത്തരം നമുക്ക് പിന്നെ തേടാം..

വാതിൽ പൂട്ടി താക്കോൽ തിരികെ ഇട്ടു നടന്നകലുമ്പോഴേക്കും സൂര്യൻ ഡ്യൂട്ടി അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.