വിരമിക്കല്‍ പ്രായം 67, ജോലിക്കെത്തുന്നത് മുപ്പതും നാല്‍പ്പതും കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി…

Norway 🇳🇴

നോട്ട് ഉപയോഗിച്ചിട്ടുള്ള പണമിടപാട് വെറും പത്തുശതമാനമുള്ള നോർവേ അടുത്ത പത്തു വർഷത്തിനുള്ളിൽ പൂർണമായും ക്യാഷ്‌ലെസ്സ് ആക്കാനുള്ള തത്രപ്പാടിലാണ് ഇവിടുത്തെ ഭരണാധികാരികൾ. വഴിയരികെ ഇരുന്നു പാട്ടുപാടുന്ന ഗായകന് ടിപ്പ് കൊടുക്കണമെങ്കിൽ പോലും നമുക്ക് മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനം ഉപയോഗിക്കാം എന്ന് ചുരുക്കം.

ചരിത്രത്തിലെ ഏറ്റവും വലിയ ആ‍ണവോർജ്ജ ദുരന്തമായ ചെർണോബിൽ ആണവ ദുരന്തത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ വിരളമാണ്. 1986 ഏപ്രിലിൽ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉക്രൈനിലിനെ ആണവ റിയാക്ടർ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തിന് ഇന്നും ധാരാളം ജീവിക്കുന്ന രക്തസാക്ഷികൾ ഉണ്ട്. ആണവ വൈദ്യുതി ഉത്പ്പാദനത്തെ പടിക്കു പുറത്തു നിർത്തിയിരിക്കുന്ന നോർവേയിൽ 98 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് ജല വൈദ്യുത പദ്ധതികൾ മുഖേനയാണ്. വെള്ളത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ലോകത്തിനു തന്നെ മാതൃകയാണ് നോർവേ. മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വൈദ്യുതി നിരക്കും തീരെ കുറവാണിവിടെ.

എന്തും ഏതും പുനരുപയോഗിക്കുക എന്ന തത്വത്തെ മുറുകെ പിടിക്കുന്ന നോർവീജിയൻസ് വർഷാവർഷം ലോപെ മാർക്കറ്റുകൾ സംഘടിപ്പിക്കാറുണ്ട്. അതായത് നമ്മുടെ വീട്ടിൽ ഉപയോഗമില്ലാത്ത കിടക്കുന്ന എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്രദമായേക്കാവുന്ന സാധനങ്ങൾ ലോപെ മാർക്കറ്റ് വഴി വില്പനക്ക് വെക്കും. മിക്കവയും ഏതെങ്കിലും സ്‌കൂളിൽ ആയിരിക്കും സംഘടിപ്പിക്കുക. അതിൽ നിന്ന് കിട്ടുന്ന വരുമാനം ചാരിറ്റി അല്ലെങ്കിൽ സ്‌കൂളിലെ തന്നെ ബാൻഡ്സെറ്റ് നവീകരണം എന്നിവക്കായി മാറ്റി വെക്കും. നമ്മുടെ നാട്ടിൽ നിന്നും വ്യത്യസ്തമായി വീടുകളും മറ്റും പുതുക്കി പണിതു തലമുറകൾ കൈമാറി ഉപയോഗിക്കുന്നത് പൊതുവെ യൂറോപ്പിലെങ്ങും കാണുവാൻ കഴിയുന്ന പ്രത്യേകതയാണ്. കോൺക്രീറ്റിന്റെ ഉപയോഗം വളരെ കുറച്ചു നോർവേയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ മിക്കവയും തടികൊണ്ട് നിർമിച്ചവയാണ്.

ഡിജിറ്റൽ ഇന്ത്യ സ്വപ്നം കണ്ടു നോട്ട് നിരോധിച്ചവർ നോർവേ ഒരു പഠനവിഷയമാക്കേണ്ടതാണ്. ഡിജിറ്റൽ ഇന്ത്യ വിഭാവനം ചെയ്ത് നമ്മുടെ നാട്ടിൽ നോട്ട് നിരോധിച്ചത് ഓർമ്മയില്ലേ? ബാങ്കുകളിലും ATM -ന്റെ മുൻപിലും പണം മാറാൻ ജനങ്ങൾ വരി വരിയായി നിന്നത് ആരും മറക്കുവാൻ ഇടയില്ല. നോട്ട് നിരോധനം നടപ്പാക്കിയത് നോർവേയിൽ ആയിരുന്നെങ്കിൽ ആരും ഞെട്ടേണ്ടി വരില്ലായിരുന്നു. യുറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ക്യാഷ്‌ലെസ്സ് ഇക്കോണമിയിൽ ഒന്നാമതാണ് നോർവേ. നോട്ട് ഉപയോഗിച്ചിട്ടുള്ള പണമിടപാട് വെറും പത്തുശതമാനമുള്ള നോർവേ അടുത്ത പത്തു വർഷത്തിനുള്ളിൽ പൂർണമായും ക്യാഷ്‌ലെസ്സ് ആക്കാനുള്ള തത്രപ്പാടിലാണ് ഇവിടുത്തെ ഭരണാധികാരികൾ. വഴിയരികെ ഇരുന്നു പാട്ടുപാടുന്ന ഗായകന് ടിപ്പ് കൊടുക്കണമെങ്കിൽ പോലും നമുക്ക് മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനം ഉപയോഗിക്കാം എന്ന് ചുരുക്കം.

നോർവീജിയൻ രാജാവിന്‍റെ അംഗരക്ഷകരിൽ ഒരു പെൻഗ്വിനുമുണ്ട്. ഞെട്ടാൻ വരട്ടെ ഇതുകൂടി കേട്ടിട്ട് വേണമെങ്കിൽ ഞെട്ടിക്കോളൂ ‘ബ്രിഗേഡിയർ നിൽസ് ഒലാവ്’ എന്ന പെന്‍ഗ്വിന്‍ ഈ സ്ഥാനം അലങ്കരിക്കുന്നത് 2005 മുതൽ ആണ്. സ്കോട്ലൻഡിലെ എഡിൻബർഗ് മൃഗശാലയിലാണ് നമ്മുടെ അംഗരക്ഷകന്റെ വാസം. 1972 മുതൽ പ്രവർത്തിക്കുന്ന നമ്മുടെ ബ്രിഗേഡിയറുടെ മൂന്നാം തലമുറയാണ് ഇന്ന് കാണുന്ന ബ്രിഗേഡിയർ സർ നീൽസ് ഒലാവ് – III

രക്തം ദാനം ചെയ്യുവാനായി കേരളം മുഴുവൻ ഓടിയ സ്വർണ്ണക്കട മുതലാളിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് വേനൽ തുടങ്ങിയാൽ നോർവീജിയൻസിന്റെ ഓട്ടം. എങ്ങും എവിടെയും ഓട്ടക്കാർ. ശാരീരിക ക്ഷമത സംരക്ഷിക്കുന്നതിൽ വളരെയധികം തല്പരരാണ് ഇവിടുത്തുകാർ. നാട്ടിൽ നിന്ന് മടങ്ങിയപ്പോൾ എപ്പോഴോ കൊണ്ടുവന്ന കായ വറുത്തത് നൽകിയപ്പോൾ രണ്ടു ചോദ്യങ്ങൾ ഇങ്ങോട്ടെറിഞ്ഞു അതിശയം കലർന്ന ‘Banana Chips!!’ എന്ന ചോദ്യത്തോടൊപ്പം ‘oil fried?’ എന്ന രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കേൾക്കാൻ നിൽക്കാതെ സ്നേഹപൂർവ്വം നിരസിച്ച നോർവീജിയൻസ്, പൊതുവെ വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തോട് സ്നേഹം പ്രകടിപ്പിക്കാറില്ല. അറുപത്തിയേഴ് വയസ്സ് വിരമിക്കൽ പ്രായം ഉള്ള നോർവെയിൽ ഷഷ്ടിപൂർത്തി കഴിഞ്ഞ പലരും മുപ്പതും നാല്പതും കിലോമീറ്റർ ദിവസവും സൈക്കിൾ ചവിട്ടി ജോലിക്കെത്തുന്നത് ആശ്ചര്യം ഉളവാക്കുന്ന ഒന്നാണ്.

Pexels

ബിബ്ലിയോടെക് എന്ന് ഇവിടുത്തെ ഭാഷയിൽ പറയുന്ന ലൈബ്രറികൾ ചെറുപ്പം മുതലേ നമ്മിൽ വായനശീലം വളർത്തിയെടുക്കുന്നു. ഇവിടുത്തെ ലൈബ്രറിയുടെ സ്ഥാപിത ഉദ്ദേശം തന്നെ ‘to preserve the past for the future -ഭൂതകാലത്തെ ഭാവിയിലേക്ക് സംരക്ഷിക്കുക’ എന്നതാണ്.

Pexels

വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും സർക്കാർ തലത്തിൽ വളരെയധികം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ സാമൂഹിക സുരക്ഷ സംവിധാനം ലോകത്തിലെ തന്നെ മികച്ചതാണ്. തൊഴിൽ സാദ്ധ്യതകൾ വര്‍ധിപ്പിക്കുന്നതിനോടൊപ്പം ജനങ്ങളെ തൊഴിൽ ലഭിക്കുവാൻ സജ്ജരാക്കുന്ന പരിശീലന പരിപാടികൾ സർക്കാർ തലത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് പലായനം ചെയ്ത അഭയാർത്ഥികളെ തൊഴിൽ സജ്ജരാക്കാൻ വേണ്ടി സർക്കാർ തലത്തിൽ പല പദ്ധതികളും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. NAV എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നോർവീജിയൻ ലേബർ ആൻഡ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ ഇവിടുത്തെ തൊഴിൽ രഹിതരെ സംരക്ഷിക്കുന്നതിനും അവരെ തൊഴിൽ സജ്ജരാക്കുന്നതിനും വളരെയധികം പ്രാധാന്യം നൽകുന്നു

പൊതുഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യരംഗം ഇവിടങ്ങളിലെല്ലാം സർക്കാർ നേരിട്ടാണ് കാര്യങ്ങൾ നടത്തുന്നത്. ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ ഇവിടുത്തെ ഭരണാധികാരികൾ പ്രതിജ്ഞാബദ്ധരാണ്. വെള്ളം, വായു ഇവയുടെയെല്ലാം ഗുണമേന്മ ഉറപ്പാക്കുവാൻ ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾ രാപ്പകലില്ലാതെ പ്രയത്നിക്കുന്നു. കുടിവെള്ളം പൂർണമായും സൗജന്യമായി നൽകുന്ന ചുരുക്കം ചില ലോക നഗരങ്ങളിൽ ഒന്നാണ് നോര്‍വേ. യൂറോപ്യൻ രാജ്യങ്ങളിൽ കുടിവെള്ളത്തിന്റെ ഗുണമേന്മ അളന്നാൽ നോർവേ ഒന്നാമതോ രണ്ടാമതോ എത്തും എന്നതിന് യാതൊരു സംശയവും വേണ്ട. ജാതിയുടെയും മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ സ്വന്തം രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ചു തങ്ങളുടെ വോട്ടുബാങ്ക് നിലനിർത്തുന്ന രാഷ്ട്രീയക്കാർക്ക് ഒരു അപവാദമാണ് ഇവിടുത്തെ ഭരണാധികാരികൾ. ഇതിനെല്ലാം പുറമെ നോർവെയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന എല്ലാവരുടെയും സ്വത്തുവിവരങ്ങൾ പരസ്യമാണ്. ഒന്നും ഒളിക്കാൻ പറ്റില്ലെന്ന് ചുരുക്കം.

ടൂറിസം രംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിക്കാൻ നോർവേ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇത്ര മനോഹരമായ ഭൂപ്രകൃതി ലോകത്ത് ചുരുക്കം ചില രാജ്യങ്ങൾക്കു മാത്രമേ അവകാശപെടുവാനുള്ളൂ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ മണ്ണ് അടുത്ത തലമുറക്കുവേണ്ടി എങ്ങനെ സംരക്ഷിക്കണം എന്ന് പഠിക്കണമെങ്കിൽ തീർച്ചയായും നിങ്ങൾ നോർവേ സന്ദർശിക്കണം. നോർത്തേൺ ലൈറ്റ് പോലുള്ള പ്രകൃതിദത്ത കാഴ്ചകൾ, ട്രോൾതുങ്ക പോലുള്ള ഹൈക്കിങ് സ്പോട്ടുകൾ, നൂറ്റാണ്ടിലെ തന്നെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിൽ ഒന്നായ അറ്റ്ലാന്റിക് ഓഷ്യൻ റോഡ്, Svalbard എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന വിത്തുകളുടെ നിലവറ, ലോകത്തിലെ ഏറ്റവും വലിയ റോഡ് ടണൽ ആയ Lærdal Tunnel എന്ന് വേണ്ട… ഇതെല്ലാം ഉള്‍ക്കൊള്ളുന്ന ശരിക്കും ഒരു അഭുത രാജ്യം തന്നെയാണ് നോർവേ.

ഇത്രയൊക്കെ പറഞ്ഞപ്പോൾ ഇതുകൂടി പറഞ്ഞില്ലേൽ നോർവീജിയൻ കാഴ്ചകൾ പൂർണമാകില്ല. ആത്മഹത്യാ നിരക്കിൽ ഭാരതത്തിനേക്കാൾ മുന്‍പിലാണ് ഇത്രയേറെ സൗകര്യങ്ങൾ ഉള്ള ഈ രാജ്യം. ശൈത്യകാലത്ത് സൂര്യപ്രകാശം ഒട്ടുംതന്നെ ലഭിക്കാത്ത വടക്കൻ മേഖലകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന ജനങ്ങൾ പലരും മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടു ആത്മഹത്യയിലേക്കു വഴുതി വീഴുന്നതാണ് പ്രധാന കാരണം. ഇത്രയേറെ സന്തോഷം നൽകുന്ന ഈ രാജ്യത്തും വിഷാദ രോഗങ്ങൾക്ക് അടിമപ്പെടുന്ന ധാരാളം ജനങ്ങൾ ഉണ്ടെന്നുള്ളത് നോർവീജിയൻ ജീവിതത്തിന്‍റെ നിരാശജനകമായ ഭാഗമാണ്.

നോർവേ വാസം കഴിഞ്ഞു തിരിച്ചു നാട്ടിലേക്ക് വണ്ടി കയറുവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ഒരു ജീവിതകാലം മുഴുവൻ ഓർത്തുവെക്കാനുള്ള ഓർമ്മകൾ ഈ മനോഹര രാജ്യം സമ്മാനിച്ച് കഴിഞ്ഞു.