തിമിംഗലങ്ങളെ തിന്നുന്ന നാട്ടിൽ

2030 ആകുമ്പോഴേക്കും വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം 2010 നെ അപേക്ഷിച്ചു 70 ശതമാനം കുറക്കുക. ഒരു രാജ്യത്തിന്റെ പാരിസ്ഥിതിക കാഴ്ചപ്പാടാണ് ഇത്. എത്ര നല്ല നടക്കാത്ത സ്വപ്നം എന്നും പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. കാര്യങ്ങൾ ഇങ്ങനെ പോയാൽ സംഭവം നടക്കും. അതിനായിട്ടു ഇലക്ട്രിക്ക് വാഹനങ്ങൾ ഓടുമ്പോൾ തന്നെ ചാർജ് ആകുന്ന തരത്തിലുള്ള റോഡുകൾ ഒക്കെ നിർമ്മിച്ച് പരീക്ഷണ ഓട്ടം നടത്തുകയാണവർ.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ സൂചിക എടുത്താൽ ലോകത്തു ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ഏതാണ്ട് ഒരുകോടി പത്തുലക്ഷം ജനങ്ങൾ താമസിക്കുന്ന യൂറോപിയൻ രാജ്യം സ്വീഡൻ. 2030 ലെ സ്വപ്നം യാഥാർഥ്യമാക്കുവാൻ അവർ ഏതാണ്ട് രണ്ടായിരത്തോളം കിലോമീറ്റർ റോഡ് വൈധ്യുതി വൽക്കരിക്കാനുള്ള പദ്ധതികൾ തുടങ്ങി കഴിഞ്ഞു. 2016 ലോകത്തിൽ അത്തരത്തിലുള്ള ആദ്യ ഇലക്ട്രിക്ക് റോഡും അവർ ഉൽഘാടനം ചെയ്തു കഴിഞ്ഞു.

നമ്മുടെ വിനോദ സഞ്ചാര മേഖലകളിൽ ഒക്കെ ഒഴിഞ്ഞ വെള്ളക്കുപ്പികളും കോള കുപ്പികളും പ്ലാസ്റ്റിക് കവറുകളും എല്ലാം അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത് കണ്ടിട്ടില്ലേ.നമ്മുടെ ജലാശയങ്ങളും റോഡുകളും പാർക്കുകളും എല്ലാം ഇത്തരത്തിൽ മാലിന്യ കൂമ്പാരങ്ങൾ ആകുന്നത് കണ്ടു നിൽക്കാനേ പലപ്പോഴും നമുക്ക് സാധിച്ചിട്ടുള്ളു. 84 ശതമാനം പ്ലാസ്റ്റിക് ആണ് സ്വീഡൻ റീസൈക്കിൾ ചെയുന്നത്. തൊണ്ണൂറു ശതമാനം ലക്ഷ്യം .അതിനായി ചെറുകിട വില്പനക്കാരുമായി കൈ കോർത്തുകൊണ്ടു നാടെങ്ങും ബോട്ടിൽ റീസൈക്ലിങ് ചെയ്യുന്നത് കളക്ട് ചെയ്യുവാനുള്ള സംവിധാനം അതിനെല്ലാം പുറമെ വാങ്ങുന്ന ഓരോ പ്ലാസ്റ്റിക് ബോട്ടിൽ അല്ലെങ്കിൽ കാനുകൾക്കു എല്ലാം വയ്ക്കുമ്പോൾ തന്നെ അധികമായി ഒരു നിശ്ചിത തുക വാങ്ങുകയും അത് തിരികെ നിക്ഷേപിക്കുമ്പോൾ ആ തുക തിരികെ നൽകുന്ന ഏർപ്പാട് ശരിക്കും നമുക്കും ഒന്ന് പരീക്ഷിക്കാവുന്നതാണ്

ആകെ വിസ്തൃതിയുടെ എഴുപതു ശതമാനത്തോളമാണ് സ്വീഡനിലെ വനങ്ങൾ അത് മനുഷ്യർ നട്ടു പിടിപ്പിച്ചതോ അല്ലെങ്കിൽ സ്വാഭാവിക വനങ്ങളോ ആകാം. എന്നാൽ അവിടേക്കു കയറുന്നതിനോ യാത്ര ചെയ്യുന്നതിനോ യാതൊരു തടസ്സവുമില്ല. മിക്ക സ്കാന്ഡിനേവിയൻ ആളുകളുടെയും പ്രധാന ഹോബ്ബി വാരാന്ത്യത്തിൽ ഇത്തരം വനങ്ങളിൽ നടക്കുവാൻ പോകുക എന്നതാണ്. എന്നാൽ അവിടെങ്ങും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളോ പ്ലാസ്റ്റിക് കവറുകളോ കാണുവാനില്ല എന്നത് ശരിക്കും അത്ഭുതപ്പെടുത്തും.

ഉപയോഗിച്ച വസ്ത്രങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടുണ്ടോ ? നമ്മൾ എല്ലാം ഒരുപക്ഷെ മൂക്കത്തു വിരൽ വെക്കും. പുതിയത് വാങ്ങുവാൻ സാമ്പത്തികം ഉള്ളവർ ആരും നമ്മുടെ നാട്ടിൽ ഉപയോഗിച്ച വസ്ത്രങ്ങൾ അല്ലെങ്കിൽ പാദരക്ഷകൾ വാങ്ങുവാൻ മിനക്കെടാറില്ല.എന്നാൽ സ്കാന്ഡിനേവിയൻ നാടുകളുടെ സുസ്ഥിരതയിൽ ഊന്നിയ കാഴ്ചപ്പാടുകൾ നാടെങ്ങും ഉപയോഗിച്ച വസ്തുക്കൾ വിൽക്കുന്ന കടകളും മാർക്കറ്റുകളും തുടങ്ങുവാൻ അവരെ നിർബന്ധിതരാക്കി. റീസൈക്കിൾ റീയൂസ്‌ ആണ് ഇവരുടെ പോളിസി.

പൊതുഗതാഗത സംവിധാനം ഏറ്റവും മനോഹരമായി ഉപയോഗിക്കുന്ന ഇവിടുത്തുകാർ കഴിവതും സ്വന്തം വാഹനം ഉപയോഗിച്ച് ജോലിക്കു പോകാറില്ല .സൈക്കിൾ പാതകളും സൈക്കിളിന്റെ ഉപയോഗവും ചെറുപ്പം മുതൽ ഇവരുടെ ശീലങ്ങൾ ആയി മാറി.

ലോകമെമ്പാടും കോവിഡ് മഹാമാരി അലയടിക്കുമ്പോൾ ഒരു വശത്തു ആളുകളുടെ യാത്രകൾ കുറഞ്ഞിട്ടുണ്ട് എങ്കിലും മറുവശത്തു തെർമോമീറ്ററുകളും ഓക്സിമീറ്ററുകളും നമ്മൾ വാങ്ങി കൂട്ടുകയാണ്. ഒരുപക്ഷെ ഇവയൊക്കെ നമ്മുടെ ഉപയോഗശേഷം എങ്ങനെ കൈമാറ്റം ചെയ്യാം എന്നതിനെപ്പറ്റി നമ്മൾ ഇനിയും ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഓൺലൈൻ പഠനത്തിനായി വാങ്ങിയ ഗാഡ്‌ജെറ്റുകൾ വേറെ.

ഇലക്ട്രിക്ക് വാഹങ്ങളും ബയോ ഡീസൽ ബസുകളും എല്ലാം തന്നെ പരീക്ഷിച്ചു മലിനീകരണ തോത് കുറക്കുവാൻ വേണ്ട നടപടികൾ ഈ രാജ്യങ്ങൾ തുടങ്ങി കഴിഞ്ഞു.

സ്‌കൂൾ തലം മുതൽ പുനരുപയോഗം ശീലമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നു.

2045 ആകുമ്പോഴേക്കും നൂറു ശതമാനം പാരമ്പര്യേത ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഊർജം ആണ് സ്വീഡന്റെ ലക്‌ഷ്യം.

യൂറോപിയൻ യൂണിയന്റെ പഠനം സൂചിപ്പിക്കുന്നത് സ്വീഡനിൽ 40% ആളുകളും ഉപയോഗിക്കുന്നത് ഓർഗാനിക് ലേബലുകൾ ഉള്ള ഭക്ഷണ വസ്തുക്കൾ ആണ് എന്നും യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് അത്.

വർഷാവർഷം പരിസ്ഥിതി ദിനങ്ങളിൽ നടത്തുന്ന വൃക്ഷതൈ നടലിലേക്കു നമ്മുടെ പരിസ്ഥിതി സ്നേഹം ഒതുങ്ങി പോകുന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ വരും തലമുറക്കായി ഈ ഭൂമി ബാക്കി ഉണ്ടാകില്ല .


പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇