readmystories.in

പുസ്തകങ്ങളെ സ്നേഹിച്ച ജനത

കോവിഡ് മഹാമാരി വിതച്ച ഒറ്റപെടലുകൾ. ഡിജിറ്റൽ മീറ്റിംഗുകളും , വീശിയടിക്കുന്ന മഞ്ഞിൽ പൊതിഞ്ഞ ,കൊടും തണുപ്പ് മൂടിയ കാറ്റും ,ഇരുണ്ട കാലാവസ്ഥയും എല്ലാം ഒരു പക്ഷെ ഈ നാളുകളിലെ ജീവിതം ദുസ്സഹമാക്കുന്നു.

ഈ ഇരുണ്ട കാലാവസ്ഥയിലും എപ്പൊഴും സന്തോഷത്തോടു കൂടി കാണപ്പെടുന്ന സ്വീഡിഷ് ജനതയുടെ സന്തോഷത്തിനു പിന്നിൽ എന്താണ് ? . ലോക സന്തോഷത്തിന്റെ തന്നെ അളവുകോൽ എടുത്തു നോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്ന സ്കാന്ഡിനേവിയൻ ജനതയുടെ സന്തോഷത്തിന്റെ , ഉയർന്ന ചിന്താഗതിയുടെ പിന്നിൽ എന്തൊക്കെ കാരണങ്ങൾ ആയിരിക്കാം.

പുസ്തകങ്ങളെ സ്നേഹിച്ച ജനത. ഒരുപക്ഷെ മറ്റു ലോകരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി പുസ്തക വായന ജീവിതത്തിന്റെ ഭാഗമാക്കിയവർ.

പുസ്തകങ്ങൾ ആയിരിക്കുമോ ഇവരുടെ സന്തോഷത്തിന്റെ ,എപ്പൊഴും ചിരിച്ചുകൊണ്ട് കാര്യങ്ങളെ സമീപിക്കുന്നതിന്റെ പിന്നിലെ രഹസ്യം .. അറിയില്ല ..!!

ഒരുപക്ഷെ നമ്മുടെ നാട്ടിൽ അന്യം നിന്ന് പോകുന്ന ഒന്നാണ് വായനശാലകൾ. മുൻപ് ഓരോ ഗ്രാമങ്ങളിലും വായനശാലകൾ ഉണ്ടായിരുന്ന ഇടത്ത് ടെലിവിഷന്റെയും മൊബൈൽ ഫോണിന്റെയും ഇന്റർ നെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ഒക്കെ വരവോടുകൂടി വായനശാലകൾ ക്ഷയിച്ചു തുടങ്ങി .

ഇന്നത്തെ എന്റെ സായാഹ്‌ന യാത്ര സ്റ്റോക്ക്ഹോം സിറ്റി ലൈബ്രറിയിലേക്കാണ്. ഓറഞ്ചു നിറം പൂശി മഞ്ഞിൽ തലയെടുപ്പോടെ നിൽക്കുന്ന സിറ്റി ലൈബ്രറി സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ ലൈബ്രറി ആണ്. നൂറിൽ പരം ഭാഷകളിലായി ആയിരകണക്കിന് പുസ്തകങ്ങൾകൊണ്ട് നിറച്ച ഈ ലൈബ്രറി അക്ഷരാർത്ഥത്തിൽ നമ്മളെ ഞെട്ടിച്ചു കളയും.

സ്വീഡിഷ് ആർകിടെക്ട് ഗുന്നാർ ആസ്പ്ലണ്ട് രൂപകൽപ്പന ചെയ്ത് 1928 ൽ പൂർത്തീകരിച്ച ഈ ലൈബ്രറി, നവ-ക്ലാസിക്കൽ വാസ്തുവിദ്യയുള്ള സ്റ്റോക്ക്ഹോമിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നാണ്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറി എന്ന് വേണമെങ്കിൽ പറയാം.

ലൈബ്രറിയുടെ സെൻട്രൽ ഹാളിലേക്കുള്ള പ്രവേശനം

ലൈബ്രറിയുടെ ഏറ്റവും പ്രധാന ആകർഷണം 360 ഡിഗ്രിയിൽ വൃത്താകൃതിയിൽ ഒരുക്കിയിരിക്കുന്ന പ്രധാന കെട്ടിടം തന്നെ. എവിടെ തിരിഞ്ഞാലും പുസ്തകങ്ങൾ. കുട്ടികളിൽ വായനാ ശീലം വളർത്തുവാൻ കുട്ടികൾക്കായി പ്രത്യേക ഇടങ്ങൾ. പുസ്തകങ്ങൾ അവിടെ ഇരുന്നു വായിക്കുവാൻ പ്രത്യേകം ഇരിപ്പിടങ്ങൾ.എന്ന് വേണ്ട ഒരു പുസ്തക പ്രേമിക്കു വേണ്ട എല്ലാ കാര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്റ്റോക്ക്ഹോം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയുന്ന സിറ്റി ലൈബ്രറിയുടെ കാഴ്ചകൾക്ക് വിരാമം ഇട്ടുകൊണ്ട് പുറത്തേക്കു
ഇറങ്ങുമ്പോൾ തണുപ്പ് എല്ലിലെക്കു അരിച്ചിറങ്ങി തുടങ്ങിയിരുന്നു. തണുപ്പിനെ വകവെക്കാതെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ആ ലൈബ്രറിയുടെ മനോഹര കാഴ്ചകൾ പകർത്തി
ഞാൻ വീട് ലക്ഷ്യമാക്കി നടന്നകന്നു.