ഈ മഹാമാരിയെയും തോല്‍പ്പിച്ച് തിരികെ വരില്ലേ പ്രിയപ്പെട്ട നഗരമേ?

madrid spain

മാഡ്രിഡ് ഫുട്ബാൾ പ്രേമികളുടെ സ്വപ്‍നനഗരി ആണെങ്കിലും ഫുട്ബോളിൽ അത്ര കമ്പമില്ലാത്തതുകൊണ്ടോ എന്തോ സ്റ്റേഡിയം സന്ദർശനം തുടങ്ങിയ കലാ പരിപാടികൾക്ക് ഞാൻ മുതിർന്നില്ല. അതിന്റെ മറ്റൊരു കാരണം മാഡ്രിഡ് നഗരം ചുറ്റിനടന്നു കാണുവാൻ എനിക്ക് ആകെ ഉള്ളത് ഒരു ദിവസം മാത്രമാണ്. അതുകൊണ്ടു തന്നെ പല പ്രധാന ആകര്‍ഷണങ്ങളും കണേണ്ട എന്ന് വെക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

Madrid travelogue by Ginu Samuel

മാഡ്രിഡ് ഫുട്ബാൾ പ്രേമികളുടെ സ്വപ്‍നനഗരി ആണെങ്കിലും ഫുട്ബോളിൽ അത്ര കമ്പമില്ലാത്തതുകൊണ്ടോ എന്തോ സ്റ്റേഡിയം സന്ദർശനം തുടങ്ങിയ കലാ പരിപാടികൾക്ക് ഞാൻ മുതിർന്നില്ല. അതിന്റെ മറ്റൊരു കാരണം മാഡ്രിഡ് നഗരം ചുറ്റിനടന്നു കാണുവാൻ എനിക്ക് ആകെ ഉള്ളത് ഒരു ദിവസം മാത്രമാണ്. അതുകൊണ്ടു തന്നെ പല പ്രധാന ആകര്‍ഷണങ്ങളും കണേണ്ട എന്ന് വെക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

ലോകമെമ്പാടും കൊറോണ മരണത്തിന്റെ കണക്കെടുപ്പിലാണ് ഭരണകൂടങ്ങൾ. എങ്ങനെ ഈ മഹാമാരിയെ തുടച്ചുനീക്കും എന്ന് ഒരെത്തുംപിടിയും കിട്ടാതെ വലയുകയാണ് ലോകജനത. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ ഇരുന്ന് ഇത് കുത്തിക്കുറിക്കുമ്പോൾ വീടിന്റെ നാല് ചുവരുകൾക്കു പുറത്തു കടന്നിട്ടു നാളേറെയായി. ഇന്നല്ലെങ്കിൽ നാളെ കൊറോണ തേടിയെത്തുമെന്ന യാഥാർഥ്യത്തോട് ഏകദേശം പൊരുത്തപ്പെട്ടു കഴിഞ്ഞു.

Madrid travelogue by Ginu Samuel

ഒളിമ്പിക്സ് മെഡൽ പട്ടികയെ ഓർമിപ്പിക്കുന്ന തരത്തിലാണ് കൊറോണ വ്യാപനത്തിന്റെ ദിവസക്കണക്കുകൾ അടങ്ങുന്ന വെബ്സൈറ്റ് എന്നും പരതുന്നത്. സ്കാന്‍ഡിനേവിയൻ രാജ്യങ്ങളായ നോർവെയും സ്വീഡനും ഡെന്മാർക്കും എല്ലാം ലോക ഭൂപടത്തിൽ എങ്ങനെ ചേർന്ന് കിടക്കുന്നുവോ അതുപോലൊക്കെ തന്നെയാണ് കൊറോണ വ്യാപന പട്ടികയിലും ഇടം പിടിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും കൊറോണ മരണ നിരക്കും വ്യാപനത്തിന്റെ തോതും പരതുമ്പോൾ ആദ്യം കണ്ണുടക്കുന്നത് ഇറ്റലിയിലാണ്. കൊറോണ വ്യാപനത്തെ അലക്ഷ്യമായും ലാഘവത്തോടു കൂടിയും കൈകാര്യം ചെയ്‍ത ഒരു ജനത ഇന്ന് അനുഭവിക്കുന്ന കഷ്‍ടപ്പാടുകൾ ഒരുപക്ഷെ ലോകജനതയ്ക്ക് തന്നെ ഒരു ഓർമ്മപ്പെടുത്തൽ ആവുകയാണെന്ന് തോന്നുന്നു. പട്ടികയിൽ ഇറ്റലിയോട് ചേർന്ന് കിടക്കുന്നതും യൂറോപ്പിലെ തന്നെ കൊറോണ വ്യാപനതോത് കണക്കാക്കിയാൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും സ്പെയിൻ ആണ്.

സ്പെയിൻ എന്ന രാജ്യത്തിലേക്ക് ഞാൻ ആദ്യമായി യാത്ര ചെയ്യുന്നത് കൃത്യമായി പറഞ്ഞാൽ ഒന്നരമാസം മുൻപാണ്. സ്പെയിനിലെ മാഡ്രിഡ് നഗരത്തിൽ മൂന്നു ദിവസം ചെലവഴിക്കുവാനും ഒരു അവസരം ഉണ്ടായി. വിനോദസഞ്ചാര ഉദ്ദേശത്തോടു കൂടിയല്ല മാഡ്രിഡിൽ പോയതെങ്കിലും ഒരു ദിവസം കൊണ്ട് മാഡ്രിഡ് നഗരം ചുറ്റിനടന്നു കാണുവാൻ ഒരു അവസരവും കൈവന്നു. പൊതുവെ ഇരുട്ടും തണുപ്പും നിറഞ്ഞ സ്‍കാന്‍ഡിനേവിയൻ തണുപ്പുകാലത്തിൽ നിന്നും യാത്ര ചെയ്‍തത് കൊണ്ടാവാം മാഡ്രിഡ് നഗരം എന്നെ വളരെ അധികം അതിശയിപ്പിച്ചു. നിറഞ്ഞ സൂര്യ പ്രകാശവും സദാ ചലിച്ചുകൊണ്ടിരിക്കുന്ന തെരുവുകളും ഉണ്ടാക്കിയ പ്രസരിപ്പ് മാഡ്രിഡ് നഗരത്തോട് നന്നായി അടുപ്പിച്ചു.

മാഡ്രിഡ് നഗരത്തെ പറ്റി പറഞ്ഞാൽ ആദ്യം ആകർഷിച്ചത് അവിടുത്തെ ഭക്ഷണ രീതികളാണ്. സ്‍കാന്‍ഡിനേവിയയിൽ നിന്നും വിഭിന്നമായി പൊതുവെ താമസിച്ചു ഭക്ഷണം കഴിക്കുന്ന ഇവിടുത്തെ ലഞ്ച് സമയം മൂന്നിനും നാലിനും ഇടയിലാണ്. ഡിന്നർ ആകട്ടെ രാത്രി പത്തിനും പതിനൊന്നിനും ഇടയിൽ. ഇവിടുത്തെ ഭക്ഷണ രീതിയിൽ ഏറ്റവും ആകർഷണമായി തോന്നിയത് തപസ് ആണ്. അതായത് ഏതെങ്കിലും മെയിൻ ഡിഷിന്റെ ഒരു ചെറിയ പോർഷൻ. ഒരുപക്ഷെ നമ്മുടെ നത്തോലി വറുത്തത് ആവാം അല്ലെങ്കിൽ സ്ക്വിഡ് എണ്ണയിൽ പൊരിച്ചതാവാം എന്തുമാവട്ടെ 3-4 യൂറോ നൽകിയാൽ നമുക്ക് അത്യാവശ്യം വയറു നിറയുന്ന വിഭവങ്ങൾ ആണ് ഈ തപസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു കാലത്തു സ്‍പാനിഷ് കോളനികൾ ആയിരുന്ന പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകൾ ഇന്ന് മാഡ്രിഡ് പോലുള്ള നഗരങ്ങളിൽ ജോലി സംബന്ധമായി എത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ കഴിഞ്ഞാൽ ഒരുപക്ഷെ ലോകത്ത് ഏറ്റവും ആളുകൾ സംസാരിക്കുന്ന സ്‍പാനിഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യുന്നതാവാം അവരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

മാഡ്രിഡ് ഫുട്ബാൾ പ്രേമികളുടെ സ്വപ്‍നനഗരി ആണെങ്കിലും ഫുട്ബോളിൽ അത്ര കമ്പമില്ലാത്തതുകൊണ്ടോ എന്തോ സ്റ്റേഡിയം സന്ദർശനം തുടങ്ങിയ കലാ പരിപാടികൾക്ക് ഞാൻ മുതിർന്നില്ല. അതിന്റെ മറ്റൊരു കാരണം മാഡ്രിഡ് നഗരം ചുറ്റിനടന്നു കാണുവാൻ എനിക്ക് ആകെ ഉള്ളത് ഒരു ദിവസം മാത്രമാണ്. അതുകൊണ്ടു തന്നെ പല പ്രധാന ആകര്‍ഷണങ്ങളും കണേണ്ട എന്ന് വെക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

വേഗത്തിൽ മാഡ്രിഡ് നഗരം ചുറ്റിക്കാണുവാൻ എളുപ്പവഴി ഒരു വാക്കിങ് ടൂർ ആണെന്ന തിരിച്ചറിവിൽ അതൊരെണ്ണം മുൻകൂട്ടി തന്നെ ബുക്ക് ചെയ്‍തിരുന്നു . ഫ്രീ വാക്കിങ് ടൂർ എന്നൊക്കെ പറയപ്പെടുന്ന ഈ പരിപാടി യൂറോപ്പിലെങ്ങും പ്രചാരത്തിലുള്ളതാണ്. നമ്മളെ സ്ഥലങ്ങൾ ഒക്കെ ചുറ്റിനടന്നു കാണിച്ചതിന് ശേഷം നമുക്ക് ഇഷ്ടമുള്ള തുക ഗൈഡിന് ടിപ്പ് ആയി നൽകുന്ന ഒരു പരിപാടിയാണ് ഫ്രീ വാക്കിങ് ടൂർ.

Madrid travelogue by Ginu Samuel
ഞങ്ങളുടെ ഗൈഡ്

പ്ലാസ മേയർ എന്ന ഒരു ചത്വരത്തിന്റെ ഒത്ത നടുവിൽ ഗൈഡ് മുൻനിശ്ചയ പ്രകാരം കുടയും പിടിച്ചു സ്ഥാനം പിടിച്ചിട്ടുണ്ട്. മാഡ്രിഡ് നഗരത്തിന്റെ ഹിസ്റ്ററിയും ജോഗ്രഫിയും ഒക്കെ അരച്ചു കലക്കി കുടിച്ചിട്ടാണ് ഗൈഡിന്റെ വരവ്. അടുത്ത മൂന്ന് മണിക്കൂർ മാഡ്രിഡ് നഗരത്തെ പറ്റി ഗൈഡ് നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തള്ളി മറിക്കും. എന്നെ കൂടാതെ രണ്ടു ഡച്ചുകാരും ഒരു അമേരിക്കൻ യുവതിയും പിന്നെ ഒരു കാനഡക്കാരനും ആണ് ടൂർ അംഗങ്ങൾ.

Madrid travelogue by Ginu Samuel
പ്ലാസ മേയർ

പ്ലാസ മേയർ സ്‌ക്വയറിന്റെ വിശേഷണങ്ങൾ ആണ് ആദ്യം തുടങ്ങിയത്. യൂറോപ്പിലെങ്ങും കാണപ്പെടുന്നതാണ് ഇത്തരത്തിലുള്ള സ്‌ക്വയറുകൾ. പതിനേഴാം നൂറ്റാണ്ടിൽ ഫിലിപ്പ് മൂന്നാമന്റെ കാലത്തു പണി തീർത്ത ഈ സ്‌ക്വയർ പല തീപിടുത്തതിനും പുതുക്കി പണിയലിനും വിധേയമായി. ഒരു കാലത്ത് മാർക്കറ്റ് ആയി ഉപയോഗിച്ചിരുന്ന പ്ലാസ മേയർ ഇന്ന് മാഡ്രിഡ് സന്ദര്‍ശിക്കുന്നവരുടെ മാത്രമല്ല സ്പെയിനിലെ തന്നെ ഒരു പ്രധാന ആകർഷണ സ്ഥലങ്ങളിൽ ഒന്നാണ്. പല ഒത്തുചേരലുകൾക്കും കിരീട ധാരണ ചടങ്ങുകൾക്കും സാക്ഷ്യം വഹിച്ച ഈ സ്‌ക്വയർ നൂറ്റാണ്ടുകളായി മാഡ്രിഡിലെ ക്രിസ്‍മസ് മാർക്കറ്റിന്റെ വേദിയുമാണ്.

ഗൈഡ് ഞങ്ങളെയും കൊണ്ട് നടക്കുകയാണ്. ഒരുപക്ഷെ ഒന്നുകിൽ പറഞ്ഞിരിക്കുന്ന സമയം കഴിയണം അല്ലെങ്കിൽ നിർത്താൻ പറയണം അല്ലാതെ ഗൈഡിന്റെ ആവനാഴിയിലെ കഥകൾ തീരുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല. ഗൈഡ് ഞങ്ങളെയും കൂട്ടി ലോകത്തിലെ ഏറ്റവും പഴക്കമുള്ള റെസ്റ്റോറെന്റിന്റ മുന്നിൽ നിലയുറപ്പിച്ചു. “സോബ്രിനോ ഡി ബോട്ടൺ” റെസ്റ്റോറാന്റിന്റെ മുൻപിലാണ് ഞങ്ങൾ ഇപ്പോൾ. 1725 -ൽ ഫ്രഞ്ച്കാരനായ ജീൻ ബോട്ടിനും ഭാര്യയും ചേർന്നാണ് ഈ റെസ്റ്റോറന്റ് സ്ഥാപിച്ചത്, ഇതിനെ ആദ്യം “കാസ ബോട്ടൻ ” എന്നാണ് വിളിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മരുമകൻ കാൻഡിഡോ റെമിസ് പിന്നീട് ഇത് ഏറ്റെടുത്തു, സോബ്രിനോ ഡി ബോട്ടൺ എന്നു പേര് മാറ്റി. ലോകത്തിലെ പഴക്കമുള്ള റെസ്റ്റോറെന്‍റിനുള്ള ഗിന്നസ് ലോക റെക്കോർഡ് സോബ്രിനോ ഡി ബോട്ടണ് സ്വന്തമാണ്.

മൂന്ന് മണിക്കൂർ ആണ് ഞങ്ങളുടെ ഗൈഡഡ് ടൂർ. സാൻ മിഗെൽ മാർക്കറ്റ് ഈ റെസ്റ്റോറെന്റിനോട് അടുത്ത് തന്നെ ആയിരുന്നു. ഒരുകാലത്ത് ഒരു ക്രിസ്ത്യൻ പള്ളി ആയിരുന്ന സ്ഥലം പള്ളി തീപിടുത്തതിൽ നശിച്ചതിനുശേഷം പിന്നീട് അവിടം ഒരു മാർക്കറ്റ് ആയി മാറി. എന്നാൽ, മാഡ്രിഡ് നഗരത്തിന്റെ ടൂറിസം സാദ്ധ്യതകൾ മനസിലാക്കിയ ചില പ്രൈവറ്റ് ഇൻവെസ്റ്റേഴ്‍സ് ഈ സ്ഥലം ഒരു ഫുഡ് മാർക്കറ്റ് ആക്കി മാറ്റി. ഒരുപക്ഷേ സ്പെയിനിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന തപസ്സുകളുടെ ഒരു ശേഖരം തന്നെയാണ് അവിടെ ഒരുക്കിയിരിക്കുന്നത്. മാർക്കറ്റ് ചുറ്റിനടന്നു കണ്ടതിനുശേഷം ഗൈഡ് ഞങ്ങളെ അൽമുദേന കത്തീഡ്രലും മാഡ്രിഡിലെ രാജ കൊട്ടാരവും ചുറ്റി നടന്നു കാണിച്ചു. ഗൈഡഡ് ടൂറിൽ അതിനകത്തേക്കുള്ള പ്രവേശനം ഉൾപ്പെടുത്താത്തത് കൊണ്ട് പുറമെനിന്ന് കാഴ്‍ച കണ്ടു തൃപ്‍തിപ്പെടേണ്ടി വന്നു.

Madrid travelogue by Ginu Samuel

മാഡ്രിഡിലെ ഓപ്പറ ഹൗസിനും ഒരു പ്രത്യേകതയുണ്ട്. പണി കഴിഞ്ഞു വന്നപ്പോൾ അതിന്റെ ആകെ മൊത്തം ഷേപ്പ് ഒരു ശവപ്പെട്ടി ആകൃതി ആയി എന്നത് യാദൃശ്ചികം മാത്രം.

ഗൈഡഡ് ടൂറിന്റെ സമയം ഏകദേശം കഴിയാറായി വരുന്നു. അവസാനമായി മാഡ്രിഡ് സിറ്റിയുടെ ഔദ്യോഗിക സിംബൽ കാണുവാനാണ് ഞങ്ങളുടെ പുറപ്പാട്. സ്ട്രോബെറി മരത്തിനോട് ചേർന്ന് നിൽക്കുന്ന കരടിക്കുട്ടൻ ആണ് മാഡ്രിഡ് നഗരത്തിന്റ സിംബൽ. കഥകളെല്ലാം കേട്ട് ഗൈഡിനോട് യാത്ര പറഞ്ഞു കഴിഞ്ഞപ്പോൾ വയറ്റിൽ ഒരാനയെ തിന്നാൻ ഉള്ള വിശപ്പുണ്ട്. നേരെ സാൻ മിഗെൽ മാർക്കറ്റിലേക്ക് വെച്ച് പിടിച്ചു. ഇനിയും മാഡ്രിഡ് നഗരത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം. മുന്നിലുള്ള ഓപ്ഷൻസ് പ്രാഡോ മ്യൂസിയം അല്ലെങ്കിൽ ഈജിപ്ഷ്യൻ ടെമ്പിൾ. അങ്ങനെ ഈജിപ്‍തിനു പുറത്തുള്ള ഈജിപ്ഷ്യൻ ടെമ്പിൾ സന്ദർശിക്കുവാൻ തീരുമാനിച്ചു.

Madrid travelogue by Ginu Samuel
ഈജിപ്ഷ്യൻ ടെമ്പിൾ

ദെബോഡ് (debod) ദേവന്റെ പേരിലുള്ള ഈ ടെമ്പിൾ 1968 -ൽ ഈജിപ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തങ്ങളുടെ ചരിത്ര സ്‍മാരകങ്ങൾ സംരക്ഷിച്ചതിനു പ്രത്യുപകാരമായി സ്‍പാനിഷ് സർക്കാരിന് സമ്മാനിച്ചതാണ്. ലോകത്തിൽ ഈജിപ്‍തിന് പുറത്തു ആകെ മൊത്തം നാല് ടെമ്പിളുകൾ മാത്രമേ ഉള്ളൂ എന്നാണ് അറിയുവാൻ കഴിഞ്ഞത്. പ്രവേശനം സൗജന്യം ആണെങ്കിലും സ്ഥല പരിമിതി മൂലം മുപ്പതു പേർക്ക് മാത്രമേ ഒരേ സമയം ടെംപിളിൽ പ്രവേശനം അനുവദിക്കുകയുള്ളു. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഏകദേശം ഒരു മണിക്കൂറിലധികം ക്യൂ നിന്നാണ് അകത്തു കയറുവാൻ സാധിച്ചത്. ടെമ്പിളും കണ്ടു കഴിഞ്ഞപ്പോൾ സൂര്യൻ നാളെ വരാം എന്ന് പറഞ്ഞു ടാറ്റ തന്നു സ്ഥലം കാലിയാക്കിയിരുന്നു. തിരികെ സ്റ്റോകോമിലേക്കുള്ള വിമാനം പിടിക്കാനുള്ളതുകൊണ്ടു ഞാനും പതിയ മാഡ്രിഡ് കാഴ്ചകൾക്ക് ടാറ്റ പറഞ്ഞു.

Madrid travelogue by Ginu Samuel
പ്ലാസ മേയർ സ്ക്വയർ

ഇന്ന് മാഡ്രിഡ് നഗരത്തെ കൊറോണ വിഴുങ്ങിയിരിക്കുന്നു. മാഡ്രിഡിലിലെ ജനങ്ങൾ എല്ലാം ഏതാണ്ട് വീട്ടിനുള്ളിലാണ്. ഊർജസ്വലമായ മാഡ്രിഡ് നഗരം അക്ഷരാർത്ഥത്തിൽ ഒരു പ്രേതനഗരമായി മാറിയിരിക്കുന്നു.

സ്പെയിനിനു മാത്രമല്ല എല്ലാ ലോക രാജ്യങ്ങൾക്കും ഒരു തിരിച്ചു വരവ് ആശംസിക്കുന്നു. കാരണം നമുക്ക് പല പർവ്വതങ്ങളും നദികളും ആയിരിക്കാം, എന്നാൽ നമ്മൾ ഒരേ ചന്ദ്രനെയും സൂര്യനെയും ആകാശത്തെയും പങ്കുവെക്കുന്നു.