മഞ്ഞിൽ വിരിഞ്ഞ ഗൗരാ

മഞ്ഞു കഥകൾ പറഞ്ഞു വാചാലനാകുന്നതിനിടക്ക് ഫോൺ വീണ്ടും ചിലക്കുന്നു. അങ്ങേ തലക്കൽ ഇന്നത്തെ നമ്മുടെ സ്ലെഡ്ജിങ്ങിന്റെ സംവിധായകൻ അനുരാജ് തന്നെ. പത്തുപേരോളം സ്ലെഡ്ജിങ്ങിനു തയ്യാറാണെന്നും എല്ലാവരും ഓസ്ലോ സെൻട്രൽ സ്റ്റേഷനിൽ നിലയുറപ്പിക്കണം എന്നും എങ്ങനെ നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തണം എന്നുമുള്ള നിർദേശങ്ങൾ അടങ്ങിയ ഒരു ലഘു പഠനക്ലാസ് ആയിരുന്നു വിളിയുടെ ഉദ്ദേശം.

sledging memory ginu samuel

മഞ്ഞു കഥകൾ പറഞ്ഞു വാചാലനാകുന്നതിനിടക്ക് ഫോൺ വീണ്ടും ചിലക്കുന്നു. അങ്ങേ തലക്കൽ ഇന്നത്തെ നമ്മുടെ സ്ലെഡ്ജിങ്ങിന്റെ സംവിധായകൻ അനുരാജ് തന്നെ. പത്തുപേരോളം സ്ലെഡ്ജിങ്ങിനു തയ്യാറാണെന്നും എല്ലാവരും ഓസ്ലോ സെൻട്രൽ സ്റ്റേഷനിൽ നിലയുറപ്പിക്കണം എന്നും എങ്ങനെ നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തണം എന്നുമുള്ള നിർദേശങ്ങൾ അടങ്ങിയ ഒരു ലഘു പഠനക്ലാസ് ആയിരുന്നു വിളിയുടെ ഉദ്ദേശം.

ഞങ്ങളുടെ യാത്ര

പാതിരാ സൂര്യന്റെ നാട്ടിൽ ശൈത്യകാല സൂര്യൻ പൊതുവെ മടിയനാണ്. താമസിച്ചു വരും നേരത്തെ സ്ഥലം കാലിയാകും. അഞ്ചു ദിവസം സായിപ്പിന്റെ കമ്പനിയിൽ കഠിനാധ്വാനം ചെയ്തു, ആറാം ദിവസം കുളിരുകോരുന്ന തണുപ്പിൽ തലയിൽ പുതപ്പും വലിച്ചിട്ടു കിടന്നുറങ്ങുമ്പോഴാണ് ഫോൺ ചിലച്ചത്. “അനുരാജ് കാളിങ് …” രാവിലെ മനുഷ്യന്റെ ഉറക്കം കളയാൻ എന്തെങ്കിലും ഉഡായിപ്പുമായിട്ടായിരിക്കും വിളിക്കുന്നത് എന്ന് മനസ്സിൽ പിറുപിറുത്തുകൊണ്ട് ഫോൺ എടുത്തു. “ഹലോ ജിനു ഉറക്കമാണോ…” എന്ന ആദ്യ ചോദ്യം തന്നെ അലോസരപ്പെടുത്തുന്നതായിരുന്നു. എന്നിരുന്നാലും “നമുക്ക് സ്ലെഡ്ജിനിങ്ങിനു പോയാലോ…?” അടുത്ത ചോദ്യം എന്നെ ഉറക്കത്തിൽനിന്നും ചാടി ഉണരാൻ നിബന്ധിതനാക്കി. കക്ഷി അതിനെ പറ്റി ഗവേഷണം ഒക്കെ നടത്തി ഒരു വലിയ  പ്രബന്ധം തന്നെ ചുരുങ്ങിയ സമയത്തിൽ പറഞ്ഞു തീർത്തു. അതൊക്കെ കേട്ടുകഴിഞ്ഞപ്പോൾ പണ്ടെങ്ങോ നിരാശയിലാക്കിയ ഒരു ആഗ്രഹത്തിന്റെ ലഡ്ഡു മനസ്സിൽ പൊട്ടിത്തെറിച്ചു.

sledging memory ginu samuel

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു മെയ് മാസം. മഞ്ഞു നേരിൽ കാണണം എന്ന അതിയായ മോഹം കാരണം കുടുംബമായി ഒരു ഹിമാലയൻ  യാത്രക്ക് ഉള്ള തയ്യാറെടുപ്പിലാണ് ഡൽഹി വഴി ചണ്ഡീഗഡ് കുളു മണാലി തിരികെ ഡൽഹി അതാണ് ഒറ്റ നോട്ടത്തിൽ ഉള്ള യാത്രയുടെ പ്ലാൻ. യാത്രയുടെ ഏക ലക്ഷ്യം ആ മഞ്ഞ് ഒന്ന് നേരിൽ കാണണം. മഞ്ഞിനോടു ചേർന്ന് നിന്ന് നാല് ചിത്രങ്ങൾ പിടിക്കണം അത്ര തന്നെ. കേട്ടറിഞ്ഞത് വെച്ച് സീസൺ അല്ലെങ്കിലും ഹിമാലയത്തിലെ റോത്താങ് പാസിൽ ചെന്ന് കഴിഞ്ഞാൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം നടക്കും.

മഞ്ഞു കാണുവാനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായി നിന്ന ഞാൻ യാത്രയിൽ ഹിന്ദിക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു ഭാര്യയുടെ വക ചില ഹിന്ദി പൊടി ക്കൈകൾ പഠിക്കാനുള്ള തിരക്കിലാണ്. ഹിന്ദി പഠിക്കാൻ ഞാൻ പാട് പെടുമ്പോഴാണ് എന്റെ ഹിന്ദിയുമായി ബന്ധപ്പെട്ട ഭൂതകാലം ഇങ്ങനെ തികട്ടി വന്നത്.

പത്താം  ക്ലാസ് വരെ മലയാളത്തിന് നല്ലരീതിയിൽ മാർക്ക് വാങ്ങിക്കൊണ്ടിരുന്ന ഞാൻ കൂടുതൽ മാർക്ക് വാങ്ങാം എന്ന അത്യാഗ്രഹം കൊണ്ട് പ്രീഡിഗ്രിക്കു ചേർന്നപ്പോൾ ഹിന്ദി തിരഞ്ഞെടുത്തു. പ്രീഡിഗ്രിയിൽ ഹിന്ദി അദ്ധ്യാപകരായ സുധാകരൻ സാറും മണ്മറഞ്ഞു പോയ ഡേവിഡ് സാറും എന്നെ ഹിന്ദി പഠിപ്പിക്കാൻ നന്നേ പാട് പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഒരു ഹിന്ദി ക്ലാസ്സിൽ പുതിയ ഒരു സാറ് വരുന്നത്. സാറിനെ പരിചയമില്ലാതിരുന്ന ഞങ്ങൾ ക്ലാസ്സിൽ എല്ലാ അലമ്പും കാണിച്ചുകൊണ്ടിരിക്കുമ്പോൾ സാറ് അക്ഷോഭ്യനായി എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. ക്ലാസ്സിലെ ശബ്ദം ഒന്ന് കുറഞ്ഞപ്പോൾ സാറ്  ബുക്ക് എടുത്തു ഉറക്കെ വായിച്ചു ഗൗരാ.. അന്നത്തെ ഹിന്ദി പാഠ്പുസ്തകത്തിൽ ഉള്ള ഒരു അധ്യായമായിരുന്നു മഹാദേവി വർമ്മ എഴുതിയ ഗൗരാ എന്ന പശുവിനെ പറ്റിയുള്ള ആ പാഠം

ഹിന്ദി സാറും ഗൗരായും 

ജി. തോമസ് എന്ന് പേരുള്ള ആ അധ്യാപകൻ കോളേജിൽ പുതിയതായി ചാർജ് എടുത്ത ഹിന്ദി അദ്ധ്യാപകൻ ആണ്. സാറിനു അപ്പോൾ തന്നെ പേര് വീണു ഗൗരാ തോമസ്. ഒരുപക്ഷെ, ചാർജ് എടുത്ത ദിവസം തന്നെ ഇരട്ടപ്പേര് വീണതിൽ ലോക റെക്കോർഡ് തോമസ് സാറിനു തന്നെയിരിക്കും. പ്രീഡിഗ്രി ഹിന്ദി എങ്ങനെയൊക്കെയോ ജയിച്ചു കഴിഞ്ഞപ്പോൾ പിന്നീട് അതെ കോളേജിൽ ബിരുദത്തിനു ചേർന്നു. അവിടെ ചെന്നപ്പോൾ ദേ കിടക്കുന്നു ഹിന്ദിയും പിന്നെ തോമസ് സാറും. പ്രീഡിഗ്രിയിൽ നിന്നും വ്യത്യസ്തമായി കണ്ട ഒരു കാര്യം തോമസ് സാർ ഒരു അധ്യാപകനില്‍ നിന്നും ഒരു നല്ല സുഹൃത്തും ആയി മാറി എന്നുള്ളതാണ്. പിന്നീട് ഞങ്ങൾ സാറിനോട് പ്രീഡിഗ്രിക്കാലത്തെ ഗൗര കഥ പറഞ്ഞു ചിരിക്കാറുണ്ടായിരുന്നു. നാട്ടിൽ ചെല്ലുമ്പോൾ ചിലപ്പോഴൊക്കെ സാറിനെ വിളിക്കാറും കാണാറുമൊക്കെയുണ്ട്.

ഞാൻ പറഞ്ഞുവരുന്നത് തോമസ് സാറിനെപോലെ പ്രഗത്ഭരായ അധ്യാപകർ തലകുത്തി നിന്ന് പഠിപ്പിച്ചിട്ടും ‘തുമാരാ നാം ക്യാ ഹേ’ എന്നതിനപ്പുറം ഹിന്ദിയിൽ യാതൊരു  വിധ പ്രാവീണ്യവും നേടാൻ ഇന്ന് ഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല. തും വെക്കുമ്പോൾ ഹോ വെക്കണോ അതോ ഓടണോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു

നാടോടിക്കാറ്റിൽ ഗഫൂർക്ക ദുബായിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് അറബി പഠിപ്പിക്കുന്നത് പോലെ ആയിരുന്നു ഭാര്യയുടെ ഹിന്ദി പഠനക്ലാസ്. ആരോട് എന്ത് ചോദിക്കണമെങ്കിലും തുടക്കത്തിൽ ഭായ് സാബ് ചേർത്ത് അങ്ങ് കാച്ചിക്കോണം എന്നാണ് നിർദേശം. ഹിന്ദിയുടെ ഇടയ്ക്കു യാത്രയെ പറ്റി പറയാൻ മറന്നു.

കൊച്ചിയിൽനിന്നു എയർ ഇന്ത്യ ഫ്ലൈറ്റ് പിടിച്ചു ഡൽഹിക്ക് അവിടെ നിന്ന് മുമ്പ് ബുക്ക് ചെയ്തിരിക്കുന്ന കാറിൽ നേരെ ഷിം. രണ്ടു ദിവസം ഷിംല സന്ദര്‍ശിച്ചതിന് കുളു മണാലി റോത്താങ് പാസ്സ് പിന്നീട് തിരികെ ചണ്ഡീഗഡ് വഴി ഡൽഹിക്ക്. എന്റെ മനസ്സിൽ പ്രധാന ഉദ്ദേശമായ മഞ്ഞ് കാണണം മഞ്ഞിൽ നിന്നുകൊണ്ട് രണ്ടു പടം പിടിക്കണം എന്നത് മാത്രം

നിർഭാഗ്യമെന്നു പറയെട്ടെ, ഞങ്ങൾ മണാലിയിൽ എത്തിയപ്പോൾ തന്നെ മനസിലായി പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ദേശീയ ഹരിത ട്രിബ്യൂണൽ വിധി മൂലം റോത്താങ് പാസ്സിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം പൂർണമായി നിരോധിച്ചിരിക്കുന്നു.

sledging memory ginu samuel
മണാലി

 
അങ്ങനെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മഞ്ഞിൽ കൊഴിഞ്ഞ പൂക്കളായി മാറിയ സന്ദർഭത്തിലാണ് ഞാൻ ജോലി സംബന്ധമായി നോർവെയിലേക്കു താമസം മാറ്റുന്നതും  മഞ്ഞു മോഹങ്ങൾക്ക് ചിറകു വിരിക്കുന്നതും. ഉഷ്ണമേഖലാ നിവാസികളായ  നമ്മൾക്ക് ആദ്യത്തെ ഒരു കൗതുകം കഴിഞ്ഞാൽ മഞ്ഞൊരു ശല്യക്കാരനാണ്. പിന്നെ വെയിൽ വരുവാനായുള്ള കാത്തിരിപ്പാണ്. എന്നാൽ നോർവീജിയൻസ് എല്ലാ കാലാവസ്ഥയും ഒരു ആഘോഷമാക്കി മാറ്റുകയാണ്. വളരെ ചെറുപ്പത്തിലേ തന്നെ ശൈത്യകാല വിനോദങ്ങളായ സ്ലെഡ്ജിങ്, സ്കീയിങ് തുടങ്ങിയവ പരിശീലിക്കുന്നതിനോടൊപ്പം ഓരോ കാലാവസ്ഥക്ക് അനുസരിച്ചുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുക എന്നത് അവരുടെ ജീവിത ശൈലിയുടെ ഭാഗമാണ്. തണുപ്പാണെന്ന കാരണം പറഞ്ഞു വീട്ടിൽ ചടഞ്ഞിരിക്കാനൊന്നും നോർവീജിയൻസിനെ കിട്ടില്ല എന്ന് സാരം.

ആകാംക്ഷയും ആവേശവുമായി സ്ലെഡ്ജിങ്

സ്ലെഡ്ജിങ്ങിന്റെ ആവേശത്തോടൊപ്പം സ്ലെഡ്ജ് ചെയ്തു കാലൊടിഞ്ഞവരുടെ കഥകളും കേട്ടതുകൊണ്ടാവാം സ്ലെഡ്ജിങ് എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു ആകാംക്ഷയും അതിലേറെ ഭയവും മനസ്സിൽ ഓടിയെത്തിയത്. പൊതുവെ സൂര്യപ്രകാശം കുറവുള്ള സ്കാന്‍ഡിനേവിയൻ രാജ്യങ്ങളിൽ വിറ്റാമിൻ D-യുടെ അഭാവം മൂലം അസ്ഥികൾ ഓടിയാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഞങ്ങൾ താമസിക്കുന്ന ഓസ്ലോയിൽ സൂര്യപ്രകാശം ശൈത്യകാലങ്ങളിൽ നാലഞ്ചുമണിക്കൂർ കിട്ടിയാലായി. എന്നിരുന്നാലും വേനല്‍ക്കാലത്തിൽ സൂര്യൻ തന്റെ സർവ ശക്തിയും പുറത്തെടുത്ത അസ്തമിക്കാത്ത ഇങ്ങനെ തെളിഞ്ഞു നിൽക്കും പാതിരാത്രിയായലും നിനക്കൊന്നും അസ്തമിച്ചുകൂടെ എന്ന് നമ്മളെകൊണ്ട് പറയപ്പിച്ചിട്ടേ പുള്ളിക്കാരൻ അസ്തമിക്കൂ.

മഞ്ഞോട് മഞ്ഞു

മഞ്ഞു കഥകൾ പറഞ്ഞു വാചാലനാകുന്നതിനിടക്ക് ഫോൺ വീണ്ടും ചിലക്കുന്നു. അങ്ങേ തലക്കൽ ഇന്നത്തെ നമ്മുടെ സ്ലെഡ്ജിങ്ങിന്റെ സംവിധായകൻ അനുരാജ് തന്നെ. പത്തുപേരോളം സ്ലെഡ്ജിങ്ങിനു തയ്യാറാണെന്നും എല്ലാവരും ഓസ്ലോ സെൻട്രൽ സ്റ്റേഷനിൽ നിലയുറപ്പിക്കണം എന്നും എങ്ങനെ നമ്മുടെ ലക്ഷ്യ സ്ഥാനത്തു എത്തണം എന്നുമുള്ള നിർദേശങ്ങൾ അടങ്ങിയ ഒരു ലഘു പഠനക്ലാസ് ആയിരുന്നു വിളിയുടെ ഉദ്ദേശം.

sledging memory ginu samuel
ഞങ്ങൾ

മുൻ ധാരണപ്രകാരം മെട്രോ ഓസ്ലോ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ Holmenkollen സ്ലെഡ്ജിങ് പോയിന്റ് ലക്ഷ്യമാക്കി രാവിലത്തെ കൊടും തണുപ്പിലൂടെ, വേഗത്തിൽ കൂകി പാഞ്ഞു. നിറമില്ലാത്ത മഞ്ഞിൽ നിരങ്ങുവാനുള്ള എന്റെ നിറമുള്ള സ്വപ്നങ്ങൾക്കു ചിറകു വിരിച്ചു.. സ്ലെഡ്ജ്, ഹെൽമെറ്റ് എന്ന് വേണ്ട പണിയാധുങ്ങൾ എല്ലാം അവിടെ വാടകക്ക് കിട്ടും.

നമ്മുടെ നാട്ടിലെ ബിവറേജേസിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ സ്ലെഡ്ജ് വാങ്ങുവാനുള്ള നീണ്ട നിര

നൂറ്റിയമ്പത് നോർവീജിയൻ ക്രൊനെർ (ഏകദേശം ആയിരത്തി മുന്നൂറു ഇന്ത്യൻ റുപ്പീസ് ) ആണ് ഒരുദിവസത്തേക്കു ഉള്ള വാടക. സ്ലെഡ്ജ് വാങ്ങാൻ ചെന്നപ്പോൾ ഞങ്ങൾക്ക് സ്ലെഡ്ജ് കിട്ടുമോ എന്ന് പോലും ശങ്കയുണ്ടാക്കുന്ന വിധത്തിൽ ഒരു നീണ്ട നിര തന്നെ കാണാമായിരുന്നു. മരം കോച്ചുന്ന ആ തണുപ്പിൽ ഏകദേശം ഒരു മണിക്കൂർ ക്യൂ നിൽക്കേണ്ടി വന്നു പണിയാധുങ്ങൾ കയ്യിൽ കിട്ടാൻ.

sledging memory ginu samuel
മഞ്ഞിൽ നിരങ്ങാനുള്ള മാപ്പ്

ഏകദേശം രണ്ടു കിലോമീറ്റർ നീളമുള്ള കുത്തനെയുള്ള ഒരു ഇറക്കത്തിലൂടെ സ്ലെഡ്ജ് ചെയ്തു താഴെ എത്തുക. താഴെയുള്ള റെയിൽവേ സ്റ്റേഷനിൽനിന്നും മെട്രോ പിടിച്ചു മുകളിൽ എത്തി വീണ്ടും താഴേക്ക് നിരങ്ങുക. വളരെ സിമ്പിൾ ആയിട്ടുള്ള കലാപരിപാടി. മനോഹരമായ മഞ്ഞ് മൂടി കിടക്കുന്ന വീടുകളും പ്രകൃതിദത്ത ദൃശ്യങ്ങളും കടന്നു വേണം താഴെ എത്താൻ. ചെറുപ്പകാലങ്ങളിൽ കവുങ്ങിന്റെ പാളയിൽ പറമ്പിൽ നിരങ്ങിയതൊഴിച്ചാൽ എനിക്കീ കലാപരിപാടി തീരെ വശമില്ലായിരുന്നു.

sledging memory ginu samuel
നിരങ്ങി നിരങ്ങി

ബെല്ലും ബ്രേക്കും ഇല്ലാത്ത ഈ നിരങ്ങൽ ആദ്യമായി ചെയ്യുന്നവർക്ക് മനസ്സിൽ ഭയപ്പെടുത്തുന്ന ഒരു അനുഭവമാണ്. ഞാൻ സ്ലെഡ്ജ്മെടുത്തു പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന് നിലവിളിച്ചു ഗോദയിലേക്കിറങ്ങി ഒറ്റ നിരങ്ങൽ ആയിരുന്നു. ചളുക്കോ പിളുക്കോന്ന് മലർന്ന് ദാ കിടക്കുന്നു ഞാനൊരിടത്തും സ്ലെഡ്ജ് വേറൊരിടത്തും. എന്നിരുന്നാലും രണ്ടുമൂന്നു തവണ ചെയ്തു കഴിഞ്ഞപ്പോൾ ടെക്നിക് പിടി കിട്ടി. പിന്നീട് സ്ലെഡ്ജ് ചെയ്യാനുള്ള ഒരു ആവേശമായിരുന്നു .

മഞ്ഞിൽ നിരങ്ങി നിരങ്ങി ആകെ മൊത്തം മഞ്ഞിൽ പൊതിഞ്ഞിരിക്കുന്നു. സ്വർണ നിറമുള്ള വെയിൽ മാഞ്ഞു തുടങ്ങി ഇനി ഇന്നൊരു സ്ലെഡ്ജിങ്ങിനു ബാല്യമില്ല എന്ന തോന്നൽ ഉണ്ടായപ്പോൾ തന്നെ സ്ലെഡ്ജിങ്ങിനോട് വിട പറഞ്ഞു. ശൈത്യകാലമായതിനാൽ തന്റെ സൂര്യൻ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ച് ചന്ദ്രന് ഡ്യൂട്ടി കൈമാറുന്നതിന് മുൻപേ തന്നെ ഞങ്ങൾ തിരികെപോകാനുള്ള ട്രെയിനിൽ സീറ്റ് പിടിച്ചിരുന്നു.