നാടോടികഥകളിലെ ട്രോൾ

ഡെക്കാൻ ക്രോണിക്കിളിനു നന്ദി

പുതിയതായി തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിൽ മെൽവിന്റെ മെസ്സേജ് . “കഠിനമായ പനിയും ദേഹ വേദനയും ..നാളെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല”

ലൂസിഫർ ഭാഷയിൽ പറഞ്ഞാൽ “മെൽവിൻ എന്ന വൻമരം പനി പിടിച്ചു വീണു പകരം ആര് ?”

ഗ്രൂപ്പിലെ മറ്റു അംഗങ്ങളായ തോമസും അഭിലാഷും ബേസിലും റെജിനയും കൂലങ്കഷമായി ചർച്ച ചെയ്തു.

നമുക്ക് ദീപക്കിനോട് ചോദിക്കാം..!! അഭിലാഷിന്റെ വക മറുപടി മെസ്സേജ്.. മിസ്സ് കാൾ അടിക്കാതെയും അംഗത്വ ഫീസ് വാങ്ങാതെയും ദീപക്കിന് ഗ്രൂപ്പിൽ അംഗത്വം കൊടുത്തു.ദീപക്കിന് സന്തോഷവും ഞങ്ങൾക്ക് ആശ്വാസവുമായി ആ തീരുമാനം ഉടൻ തന്നെ എല്ലാവരും കൈയ്യടിച്ചു പാസ്സാക്കി .. ദീപക് തയ്യാറാണ്..

നോർവേയിലെ സാഹസികമായ ട്രോൾതുങ്ക മലകയറ്റത്തിനുള്ള യാത്ര പ്ലാൻ ചെയ്തിരുന്നതിന്റെ തലേ ദിവസം യാത്രക്കായി തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു രംഗമാണ് ഇത്.. യാത്രയിലെ പ്രധാനിയും യാത്രയുടെ സൂത്രധാരനുമായ മെൽവിന് പനിയും കിടുകിടുപ്പും.. ചുരുക്കം പറഞ്ഞാൽ കിടു പനി.

എല്ലാവരും കഠിനമായ വ്യായാമ മുറകളും അഭ്യാസങ്ങളും ഒക്കെ നടത്തി നോർവീജിയൻ ട്രെക്കിങ്ങ് അസോസിയേഷൻ “അതികഠിനം “ എന്ന് തരം തിരിച്ചിരിക്കുന്ന ട്രോൾതുങ്ക മല കീഴടക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഞാനാണെങ്കിൽ ഇതിലും വലുത് ചാടി കടന്നവനാണീ കെ കെ ജോസഫ് എന്ന ലൈനിൽ മടിപിടിച്ചിരുപ്പും.

പണ്ട് പോപ്പി കുടയുടെ പരസ്യത്തിൽ പറയുന്ന പോലെ പുതിയ ഭാരം കുറഞ്ഞ ബാഗ്, പുതിയ തെന്നിയാലും വീഴാത്ത ഷൂസ് എന്ന് വേണ്ട കുത്തി നടക്കുവാനുള്ള വടി വരെയും സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു എല്ലാവരും.

അങ്ങനെയുള്ള തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞപ്പോൾ ആണ് ഇടിവെട്ട് പോലെ മേൽവിന്റെ ആ മെസ്സേജ് വന്നത്. ഇതിനെല്ലാം പുറമെ ട്രോൾതുങ്ക മുൻപ് കീഴടക്കി വെന്നിക്കൊടി പാറിച്ച ഭാവിത്തിന്റെ വക ട്രോൾതുങ്ക കീഴടക്കുവാനുള്ള പ്രായോഗീക പരിശീലനവും എല്ലാവരും കരസ്ഥമാക്കിയിരുന്നു.

അങ്ങനെ ഞങ്ങൾ ആറ് പേരുടെ കൊള്ള സംഘം കാറിൽ ട്രോൾതുങ്ക കീഴടക്കുവാനുള്ള യാത്ര തുടങ്ങി.നോർവെയുടെ തലസ്ഥാനമായ ഓസ്ലോയിൽ നിന്നും ഒഡ്ഡ എന്ന സ്ഥലത്തേക്കുള്ള ദൂരം താണ്ടുവാൻ ഞങ്ങൾക്ക് ആറേഴു മണിക്കൂർ വേണം. ഓസ്ലോയിൽനിന്നും വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ഞങ്ങൾ യാത്ര തുടങ്ങി.

നോർവേ പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച ഭൂമി 

പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച ഈ മണ്ണ് പ്രകൃതി ഭംഗി ഒട്ടും ചോരാതെ സൂക്ഷിക്കുന്നതിൽ ഇവിടുത്തുകാർരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അത്രമനോഹരമാണ് യാത്രയിലുടനീളം ഞങ്ങളുടെ കാഴ്ച. മനോഹരമായ കൃഷിയിടങ്ങളിൽ , സ്ട്രോബെറി , ആപ്പിൾ , പ്ലം തുടങ്ങിയ ഫലങ്ങൾ വിളവെടുക്കാൻ തയ്യാറായി വരുന്നു.

ശീതകാലം മാറി വേനൽക്കാലത്തെ വരവേൽക്കുവാൻ നോർവേ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഞങ്ങൾ യാത്ര തുടർന്നു.

മൂന്ന് നാല് മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ വിശപ്പു ഫ്ലൈറ്റ് പിടിച്ചെത്തി. വഴിയോരത്തു കണ്ട ഒരു കുടുംബശ്രീ തട്ട്കടയിൽ ഞങ്ങൾ വിശപ്പിനെ അടിച്ചമർത്താൻ കൊട്ടേഷൻ കൊടുത്തു.

മനോഹരമാണീ നാട് 🇳🇴 

വിശപ്പൊന്ന് കെട്ടടങ്ങിയപ്പോൾ എല്ലാവര്ക്കും ഒരേ ആഗ്രഹം. കൂട്ടത്തിലെ ‘ നിശ്ചൽ ‘ ആയ ബേസിലിന്റെ ഫോട്ടോഗ്രാഫിയിൽ ഒരു പടം പിടിക്കെണം. ബേസിൽ ടൂൾസ് എല്ലാമെടുത്തു തയ്യാറായി സ്കെച്ചിട്ടു .പണ്ടൊരു സിനിമയിൽ സൗണ്ട് റെക്കോർഡ് ചെയ്യാൻ വന്ന ഇന്ദ്രൻസ് “അതിന്റെ റെക്കോർഡിങ് വർക്ക് ചെയ്യുന്നില്ല” എന്ന് പറഞ്ഞപോലെ ബേസിലിന്റെ വക ഒരു കിടിലോസ്‌കി ഡയലോഗ് ” മെമ്മറി കാർഡില്ലാതെ ഫോട്ടോ എടുത്താൽ കുഴപ്പമുണ്ടോ..?”

ട്രോൾതുങ്ക കയറുന്നതു തന്നെ ഫോട്ടോ എടുക്കാൻ ആണ്. ഇതിപ്പോൾ നാടകത്തിനു തട്ടേൽ കയറിയപ്പോൾ നായിക വന്നില്ല എന്ന അവസ്ഥ. ഞങ്ങൾ യാത്ര തുടർന്നു. വിജനമായ ആ സ്ഥലത്തു മെമ്മറികാർഡ് വാങ്ങുക തീർത്തും അസാധ്യമായിരുന്നു. അതും പോരാത്തതിനു ഏഴുമണി കഴിഞ്ഞാൽ നോർവേയിലെ മിക്ക കടകളും ഷട്ടർ താഴ്ത്തും. ഞങ്ങൾ നിരാശയിൽ യാത്ര തുടർന്നു.

പെട്ടെന്ന് മനസ്സിൽ ഒന്നല്ല ഒരായിരം ലഡ്ഡു പൊട്ടി .airbnb യിൽ താമസിക്കാനായി ബുക്ക് ചെയ്തിരുന്ന വീടിന്റെ ഉടമസ്ഥൻ സായിപ്പിനെ ഒന്ന് മുട്ടി നോക്കാം. കാര്യം അവതരിപ്പിച്ചപ്പോൾ സായിപ്പ് പരിഹാസം കലർന്ന ഒരു ചിരിയോടുകൂടി ” troltunga without memory card “ എന്ന മറുചോദ്യം എറിഞ്ഞു. മെമ്മറി കാർഡ് സംഘടിപ്പിച്ചു തരാം എന്നും ഏറ്റു. സായിപ്പിന്റെ ആ വാക്കുകൾ ഞങ്ങൾക്ക് ഒരൊന്നൊന്നര കോൺഫിഡൻസ് ആണ് നൽകിയത്.

മെമ്മറി കാർഡ് പ്രശ്‍നം തീർപ്പാക്കിയ സന്തോഷത്തിൽ ഞങ്ങൾ ഞങ്ങളുടെ താമസ സ്ഥലത്തെ ലക്ഷ്യമാക്കി യാത്ര തുടർന്നു..

ഞങ്ങളുടെ യാത്രയുടെ രത്ന ചുരുക്കം ഇതാണ്. രാത്രി ഓഡ്ഡ്‌(odda) യിൽ താമസം. ശനിയാഴ്ച രാവിലെ ട്രോൾതുങ്ക കീഴടക്കാനുള്ള മലകയറ്റം. അതിനു ശേഷം അവിടെ തങ്ങിയിട്ടു ഞായർ രാവിലെ ഓസ്ലോയിലേക്കു മടക്ക യാത്ര.

ഞങ്ങൾ താമസിച്ച വീട് 

സമയം രാത്രി പത്തു മണിയോട് അടുക്കാറായി.airbnb വീടിന്റെ ഉടമസ്ഥൻ മെമ്മറി കാർഡുമായി ഉമ്മറപ്പടിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.മെമ്മറി കാർഡും വാങ്ങി സായിപ്പിനോട് റ്റാറ്റാ പറഞ്ഞു കട്ടിൽ ലക്ഷ്യമാക്കി നീങ്ങി.നാളെ സുപ്രഭാതം പൊട്ടി വിടരുമ്പോൾ ട്രോൾതുങ്ക കീഴടക്കുവാനുള്ള യഗ്‌ജത്തിൽ പങ്കെടുത്തു വിജയം വരിക്കാനുള്ളതാണ്.

വീടിന്റെ മുന്നിൽ നിന്നുള്ള കാഴ്ച 

ഞങ്ങളുടെ കൊള്ള സംഘത്തിലെ ബേസിൽ അതിരാവിലെ തന്നെ അങ്കത്തിനു കോപ്പു കൂട്ടി. പാചകത്തിലും ഫോട്ടോഗ്രഫിയിലും അതീവ തല്പരനായ ബേസിൽ രാവിലെ തന്നെ എല്ലവർക്കും യാത്രയിൽ കഴിക്കാനുള്ള ബ്രെഡ്ഡും പഴവും ഒക്കെ തയ്യാറാക്കി കാര്യങ്ങൾ മുന്നോട്ട് നീക്കി.

ഞങ്ങളുടെ താമസസ്ഥലത്തു നിന്നും നാലഞ്ചു കിലോമീറ്റർ ദൂരമുണ്ട് ട്രോൾതുങ്ക പാർക്കിങ്ങിലേക്കു. 14 കിലോമീറ്റർ മല കയറ്റവും 14 കിലോമീറ്റർ മല ഇറക്കവും എന്നെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്‌. എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ടു തന്നെ കാര്യം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.

ഞങ്ങൾ 

ട്രോൾതുങ്കയിലെ പാർക്കിങ്ങിനെ രണ്ടായി തിരിച്ചിരുന്നു. ആദ്യ നാലു കിലോമീറ്റർ ലാഭിക്കത്തക്ക രീതിയിലുള്ള മുപ്പതു സ്ലോട്ടുകൾ ഉണ്ടായിരുന്നു. രാവിലെ ആറുമണിക്ക് അങ്ങോട്ടേക്കുള്ള ഗേറ്റ് തുറക്കുമ്പോൾ തന്നെ അവിടെയെത്തി അതിലൊന്ന് കാരസ്ഥമാക്കേണം എന്നായിരുന്നു ഞങ്ങളുടെ മാസ്റ്റർ പ്ലാൻ.

പണി കിട്ടി – പാർക്കിങ് ഫുൾ 

നിർഭാഗ്യവശാൽ ആദ്യ മുപ്പതിൽ എത്തുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ട്രോൾതുങ്ക കീഴടക്കുവാനുള്ള നിശ്ചയദാർഢ്യത്തിനു മുൻപിൽ ആ 8 കിലോമീറ്റർ ഒന്നുമില്ലായിരുന്നു.

ഞങ്ങൾ ഒട്ടും അമാന്തിക്കാതെ നടത്തം തുടങ്ങി. ബാഗിൽ വിശപ്പിനെ ശമിപ്പിക്കുവാനുള്ള ബ്രെഡും കുറച്ചു എനർജി ബാറുകളും പിന്നെ ഒരു കാലി കുപ്പിയും. നാച്ചുറൽ വെള്ളത്തിന്റെ ഉറവിടമായ ഈ മലയിൽ വെള്ളം ഏതായാലും ചുമക്കേണ്ടി വന്നില്ല.

ആദ്യ നാല് കിലോമീറ്റർ ചെങ്കുത്തായ കയറ്റം അല്പം കഠിനമായിരുന്നു. ഒരോ കിലോമീറ്റർ താണ്ടുമ്പോഴും നമ്മൾ താണ്ടിയ ദൂരം സൂചിപ്പിക്കുന്ന ബോർഡുകൾ ഞങ്ങൾക്ക് തെല്ലൊന്നുമല്ല ആത്മവിശ്വാസം നൽകിയത്.

ഇവിടെ തുടങ്ങുന്നു 

കുത്തനെയുള്ള കയറ്റങ്ങളും , മഞ്ഞിലൂടെയും ,പാറകൂട്ടങ്ങൾക്കിടയിൽ കൂടിയും ഉള്ള നടത്തം എന്നെ സംബന്ധിച്ച് ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു.

പത്ത് വർഷങ്ങൾക്കു മുൻപ് മറ്റു പല സ്ഥലങ്ങളെ പോലെ ട്രോൾതുങ്കയും അറിയപ്പെടാതെ കിടന്ന ഒരു ഇടമായിരുന്നു. എന്നാൽ ഇന്ന് വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എൺപത്തിനായിരത്തോളം സഞ്ചാരികൾ സന്ദർശിക്കുന്ന ഒരു ഇടമായി വളർന്നു. ട്രോൾതുങ്കയുടെ പ്രകൃതിദത്ത ഭംഗി ആസ്വദിച്ചവർക്കു ഒരിക്കലും ആ വളർച്ച ഒരിക്കലും അത്ഭുതം ഉളവാക്കുന്ന ഒന്നല്ല.

ട്രോളിനൊപ്പം അഭിലാഷും ദീപക്കും(ട്രോളോട് ട്രോൾ )

സ്കാന്ഡിനേവിയൻ നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ് ട്രോളുകൾ. ഇവ ഒറ്റപ്പെട്ട പാറയിടുക്കുകളിൽ ജീവിക്കുന്നു എന്ന് ഇവിടുത്തുകാർ വിശ്വസിച്ചിരുന്നു. ഈ ഐതീഹ്യത്തെ ചുറ്റിപ്പറ്റിയാണ് ഈ സ്ഥലത്തിന് ട്രോൾതുങ്ക എന്ന പേര് ലഭിച്ചത് . ഭൂമിയിൽ നിന്നും ഒരുകിലോമീറ്റർ ഉയരത്തിൽ നാവുപോലെ നീണ്ടു നിൽക്കുന്ന ഈ പാറക്കഷ്ണം ട്രോളിന്റെ നാവു ആണെന്ന് ഇവിടുത്തുകാർ വിശ്വസിച്ചിരുന്നു.

ട്രോൾതുങ്ക കയറുവാൻ ഏറ്റവും മികച്ച സമയം ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്.നല്ലൊരു ഗൈഡിന്റെ സഹായം ഇല്ലാതെ അതിശൈത്യം അനുഭവപ്പെടുന്ന ഈ മലനിരകൾ കീഴടക്കുക അസാധ്യമാണ്. ഇവിടുത്തെ കാലാവസ്ഥയും മിക്കപ്പോഴും പ്രവചനാതീതമാണ്.

ചിത്രത്തിനു കടപ്പാട് : visitoslo

പുരാണവും നാടോടിക്കഥകളും പറയുന്നതിനിടയിൽ യാത്രയുടെ കാര്യം മറന്നു.തയ്യാറെടുപ്പുകൾ തീരെ ഇല്ലാതിരുന്ന ഞാൻ നന്നായി കിതക്കുന്നുണ്ടായിരുന്നു.എങ്ങനെയൊക്കെയോ വലിഞ്ഞു കയറി അവസാനം മുകളിൽ എത്തിയപ്പോൾ അവിടെ ഒരു ഉത്സവത്തിന്റെ പ്രതീതി.

കേരളത്തിലെ ബിവറേജസ് ഔട്ലെറ്റുകളെ ഓർമിപ്പിക്കുന്ന തരത്തിൽ അച്ചടക്കത്തോടെ ഫോട്ടോ എടുക്കുവാനായി വരി നിൽക്കുന്ന വിവിധ രാജ്യക്കാർ . ഞാനും നിന്നു ഏകദേശം ഒരു മണിക്കൂറോളം ഫോട്ടോ പിടിക്കുവാനുള്ള ആഗ്രഹത്തിൽ.

നിന്നും ഇരുന്നും ചാടിയും ഒക്കെ ഫോട്ടോ പിടിച്ചതിനു ശേഷം ഞങ്ങൾ അരമണിക്കൂറോളം വിശ്രമിച്ചു.

അങ്ങനെ ഞാനുമെടുത്തു പടം 

അതിനുശേഷം മലയിറക്കം.നന്നേ എളുപ്പം എന്ന് തോന്നിയ മലയിറക്കം പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു.

മലയിറക്കവും അതി കഠിനം 

വൈകുന്നേരം ഏഴുമണിയോടുകൂടി ഞങ്ങൾ ട്രോൾതുങ്ക കീഴടക്കി താഴെയെത്തി.

ഇനിയും ഒരങ്കത്തിന് ബാല്യമില്ല എന്ന തിരിച്ചറിവിൽ തിരികെ താമസസ്ഥലത്തെത്തി.

വാറ്റ്സാപ്പിൽ മെൽവിന്റെ മെസ്സേജ് ” പനി കുറവുണ്ട് നാളെ ഓസ്ലോയിൽ കാണാം”.

ഇനി രാവിലെ ഓസ്ലോയിക്കുള്ള മടക്കയാത്ര. അസാധ്യമെന്നു കരുതിയ ട്രോൾതുങ്ക കിഴടക്കിയ സന്തോഷത്തിൽ ഒരു കുളിയും പാസ്സാക്കി ഞങ്ങൾ നിദ്രയിലാണ്ടു.


പോസ്റ്റ് ഇഷ്ടപ്പെട്ടാൽ ഫോള്ളോ ചെയ്യാനുള്ള നൂൽ 👇👇